Kifbi_Questions

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (16)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്‌ബി പദ്ധതികൾക്ക് കൺസൾട്ടൻസി എജൻസികളുടെ സേവനം അനിവാര്യമാക്കുന്ന സാഹചര്യം വിശദീകരിച്ച് ദേശാഭിമാനി പത്രത്തിൽ ‘എന്തുകൊണ്ട് കൺസൾട്ടൻസികൾ?‘ എന്നൊരു ലേഖനം ധനമന്ത്രി എഴുതിയിരുന്നത് കണ്ടിരിക്കുമല്ലോ. താങ്കളുടെ പ്രതികരണം?  

ലേഖനം വായിച്ചിരുന്നു. കൺസൾട്ടൻസികളെ ആശ്രയിക്കുന്നതിന് ധനമന്ത്രി അക്കമിട്ട് നിരത്തിയ കാരണങ്ങൾ പരിശോധിക്കാം. ഒന്ന്, കിഫ്‌ബി വലിയ മുതൽമുടക്കുള്ള നിർമാണപദ്ധതികളാണ് നടപ്പാക്കുന്നത്; അവയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാനും പദ്ധതി യഥാസമയം പൂർത്തിയാക്കാനും “ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ.” രണ്ട്, വൻകിട പദ്ധതികൾക്ക് പ്രത്യേകവായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ധനകാര്യസ്ഥാപനങ്ങൾക്കു സമർപ്പിക്കേണ്ട “വിശദമായ രൂപരേഖ തയ്യാറാക്കാൻ പ്രാവീണ്യം ഇത്തരം കൺസൾട്ടൻസി ഏജൻസികൾക്ക് ഉണ്ട്.”  മൂന്ന്, കേന്ദ്രസർക്കാർ പോലും പദ്ധതി രൂപരേഖ തയ്യാറാക്കാൻ കൺസൾട്ടൻസികളെ നിയോഗിക്കുന്നു. നാല്, ലോകബാങ്ക് പദ്ധതികളുടെ രൂപരേഖയും കൺസൾട്ടൻസികളുടേതാണ്. അഞ്ച്, യുഡിഎഫ് ഭരണകാലത്തും കൺസൾട്ടൻസികളാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നത്.   

ധനമന്ത്രി ഊന്നുന്ന അഞ്ചു കാരണങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം മാത്രമാണ് പരിശോധനാർഹമായിട്ടുള്ളത്. ശേഷം മൂന്നും പ്രത്യക്ഷത്തിൽ തന്നെ തീർത്തും  ദുർബലമാണ്. ലോകബാങ്കോ കേന്ദ്രസർക്കാരോ കഴിഞ്ഞ സംസ്ഥാന സർക്കാരോ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് കൺസൾട്ടൻസികളെ നിയോഗിക്കുന്നു അല്ലെങ്കിൽ നിയോഗിച്ചിരുന്നു എന്നതുകൊണ്ട് ഈ സർക്കാരും അതു ചെയ്യുന്നു എന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്?  

പദ്ധതി രൂപരേഖ, എസ്റ്റിമേറ്റ്, വായ്പാ അപേക്ഷ എന്നിവ തയ്യാറാക്കുവാനും പദ്ധതികൾ സമയബന്ധിതമായി തീർക്കുവാനും “ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ “ എന്നതുകൊണ്ട് ധനമന്ത്രി ഉദ്ദേശിക്കുന്നത് ഉദ്യോഗസ്ഥരുടെ എണ്ണം മതിയാവില്ല എന്നായിരിക്കുമോ? അതോ അവർക്ക് അതിനുള്ള കഴിവില്ലെന്നാവുമോ? ധനമന്ത്രിയുടെ തുടർവിശദീകരണം ഇങ്ങനെ: “കൂടുതൽ ആളുകളെ സർക്കാരിലെടുത്ത് അവരെയൊക്കെ പരിശീലിപ്പിച്ച് ഈ പ്രോജക്ടുകൾ തയ്യാറാക്കാൻ തീരുമാനിച്ചാൽ അവയൊന്നും അടുത്ത കാലത്തൊന്നും നടപ്പാവാൻ പോകുന്നില്ല.” 

ഭരണകക്ഷികളും കരാറുകാരും ഉദ്യോഗസ്ഥരും ഒന്നുചേരുന്ന അഴിമതിയുടെ  ബലതന്ത്രമാണ് പലപ്പോഴും പദ്ധതികളുടെ നിർമാണവേഗതയും ഗുണനിലവാരവും നിർണയിക്കുന്നത് എന്നത് ധനമന്ത്രി അറിയാതിരിക്കാൻ വഴിയില്ല. അതിരിക്കട്ടെ. നിർമാണപദ്ധതികളുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരുടെ പതിവുജോലിയല്ലേ? സംസ്ഥാനത്തിന്റെ റവന്യു ചെലവിന്റെ വലിയൊരു ഭാഗം ഉദ്യോഗസ്ഥരുടെ ശമ്പളത്തിനാണ് എന്നിരിക്കെ അവരുടെ സേവനം കഴിയുന്നത്ര ഉപയോഗിക്കുകയല്ലേ വേണ്ടത്?  

പദ്ധതികളുടെ വലിപ്പവും എണ്ണക്കൂടുതലും കാരണം കൂടുതൽ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ നിശ്ചിത കാലയളവിലേക്കു പ്രത്യേക വേതനം നിശ്ചയിച്ച് അവരെ നിയമിക്കുന്നതിന് തടസ്സമെന്ത്? പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതും കിഫ്ബിയുടേത് പോലുള്ള വലിയ മുതൽമുടക്കിന്റെ ലക്ഷ്യമാവേണ്ടതുണ്ട്. സർക്കാർ വളരെയധികം പണം  ചെലവഴിച്ച് സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യാഭ്യാസ  സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെപ്പേർ ഇന്ന് തൊഴിൽരഹിതരാണ്. പലരും തങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലവുമായി  പൊരുത്തമില്ലാത്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. കിഫ്‌ബി വഴി കിട്ടുമായിരുന്ന  പ്രായോഗിക പരിശീലനം തുടർന്നുള്ള തൊഴിൽതേടലിൽ അവരെ സഹായിച്ചേനെ.  

വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാനുള്ള പ്രാവീണ്യം കൺസൾട്ടൻസികൾക്കാണ്  ഉള്ളത് എന്ന് പറയുക വഴി ധനമന്ത്രി സാങ്കേതിക-മാനേജ്മെന്റ്  വൈദഗ്ധ്യത്തെ നിഗൂഢവൽക്കരിക്കുകയാണ് ചെയ്യുന്നത്.  അസാധാരണമാംവിധം ഉയർന്ന വൈദഗ്ധ്യം ആവശ്യപ്പെടുന്നവയല്ല കിഫ്ബിയുടെ നിർമാണപദ്ധതികൾ. കൺസൾട്ടൻസികൾ തയ്യാറാക്കിയ രൂപരേഖകൾ ഇത് വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥർക്കും നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ചെറുസംഘ ങ്ങൾക്കും  തയ്യാറാക്കാൻ കഴിയുന്നവയാണ് ഇത്തരം രൂപരേഖകൾ. അവരെ കൂട്ടായി ഈ പണി ഏല്പിക്കുന്നതിനു പകരം കൺസൾട്ടൻസികളെ  നിയോഗിച്ച് പണം പുറത്തേക്ക് ഒഴുക്കുന്നത് എന്തിനാണ്?  

നഷ്ടാവസരവില (ഓപ്പർച്യുണിറ്റി കോസ്റ്റ്) എന്ന സമ്പദ്ശാസ്ത്ര സങ്കല്പത്തെക്കുറിച്ചു ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. ഒന്ന് തിരഞ്ഞെടുക്കുമ്പോൾ മറ്റൊന്ന് ഒഴിവാക്കേണ്ടിവരുന്നതു മൂലമുള്ള നഷ്ടമാണ് നഷ്ടാവസരവില. സംസ്ഥാനത്തു 170-ലേറെ എൻജിനീയറിങ് കോളേജുകളും 70-നു മേൽ പോളിടെക്നിക്കുകളും അസംഖ്യം ഐടിഐകളുമുണ്ട്. കിഫ്‌ബി    അധികൃതർ ഭാവനാശേഷിയോടെ  അദ്ധ്വാനാസൂത്രണം നടത്തിയിരുന്നുവെങ്കിൽ  നിർമാണപ്രവർത്തികളിൽ ഈ സ്ഥാപനങ്ങളെ കണ്ണിചേർക്കാമായിരുന്നു. പുതിയ മുതൽമുടക്കില്ലാതെ സംസ്ഥാനത്തു ഒട്ടാകെയുള്ള സാങ്കേതിക വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിനുള്ള ഒരു ബൃഹത്പദ്ധതി ആയേനെ അത്. നിലവിലുള്ള വികേന്ദ്രീകൃത അധികാരസംവിധാനം ഇത്തരമൊരു അദ്ധ്വാനാസൂത്രണത്തിനു അനുയോജ്യമാണുതാനും. തുടർന്നുള്ള പദ്ധതി നടത്തിപ്പിലെങ്കിലും ഈയൊരു സാധ്യത സർക്കാർ പരിഗണിക്കുന്നത് നന്നാവും.   

പൊതുമേഖലാ കൺസൾട്ടൻസികളുടെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല എന്നതാണ് നഷ്ടാവസരവിലയുടെ മറ്റൊരു ഘടകം. പദ്ധതി അവലോകനത്തിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) എന്ന കേരളസർക്കാർ സ്ഥാപനത്തിന് ഭാഗികമായ ചുമതല നൽകിയിരുന്നു. എന്നാൽ പദ്ധതി അവലോകനത്തിനായി കിഫ്‌ബി ആദ്യനാളുകളിൽ നേരിട്ടു നിയോഗിച്ച ടെറനസ് കൺസൾട്ടിങ് എന്ന സ്വകാര്യ സ്ഥാപനത്തിന് തന്നെ സിഎംഡി ഉപകരാർ നൽകുകയാണ് ചെയ്തത് (പതിനാലാം കേരള നിയമസഭ, പതിനാറാം സമ്മേളനം, നക്ഷത്രചിഹ്നമിട്ട ചോദ്യം നം. 482, ധനമന്ത്രിയുടെ മറുപടി 19.11.2019). കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്‌ഐഇ), കേരളാ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) തുടങ്ങിയ  സ്ഥാപനങ്ങളുടെ സേവനവും പരിമിതമായേ സ്വീകരിച്ചിട്ടുള്ളു (പതിനാലാം കേരള നിയമസഭ, പതിനാലാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത  ചോദ്യം നം. 398, ധനമന്ത്രിയുടെ മറുപടിയും അനുബന്ധരേഖയും, 29.01.2019).

“പ്രാവീണ്യമുള്ള കൺസൾട്ടൻസി ഏജൻസികൾ” എന്ന സർക്കാർ നിർവചനത്തിൽ  സ്വകാര്യ സ്ഥാപനങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളോ? കിറ്റ്‌കോ പോലുള്ള പൊതുമേഖലാ  കൺസൾട്ടൻസികൾക്ക് പ്രാവീണ്യമില്ലെന്നോ? 1972ൽ കേരള സർക്കാർ, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ്ഇന്ത്യ (ഐഡിബിഐ), ദേശസാൽകൃത ബാങ്കുകൾ എന്നിവ മുൻകയ്യെടുത്തു സ്ഥാപിച്ച കിറ്റ്‌കോ ഇതിനകം  3500-ലേറെ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്; 1000-ലേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഒട്ടുമുക്കാലും കിഫ്‌ബി പദ്ധതികളെ അപേക്ഷിച്ചു  പതിന്മടങ്ങു മുതൽമുടക്കുള്ളവയാണ് ഈ പദ്ധതികൾ . 

കിറ്റ്‌കോ ഭാഗികമായോ മുഴുവനായോ ഏറ്റെടുത്തു നടപ്പാക്കിയ ഏതാനും പദ്ധതി കൾ  നോക്കാം: 

(ഒന്ന്) വിമാനത്താവളങ്ങൾ– ജിദ്ദ; ക്വാൺ അലാറം, ഒമാൻ; ഇംഫാൽ; രാജമന്ത്രി; ബംഗളുരു; മംഗളൂരു; കൊച്ചി; കണ്ണൂർ.   

(രണ്ട്) തുറമുഖങ്ങൾ — കൊൽക്കത്ത; കാട്ടുപ്പള്ളി (ചെന്നൈ ); കൊച്ചി; വിഴിഞ്ഞം.  

(മൂന്ന്) റോഡുകളും പാലങ്ങളും — കൊച്ചി എയർപോർട്ട്-സീപോർട്ട് റോഡ്, സ്റ്റേഷൻകടവ് പാലം എന്നിവയടക്കം സംസ്ഥാനത്തെ ഒട്ടേറെ പശ്ചാത്തല സൗകര്യ പദ്ധതികൾ.  

(നാല്) വ്യവസായശാലകളും സമുച്ചയങ്ങളും — ഭാരത് ഇലക്ട്രോണിക്സ് ഡിഫൻസ് സിസ്റ്റംസ് ഇന്റിഗ്രേഷൻ കോംപ്ലെക്സ്, അനന്തപുരം (ആന്ധ്രപ്രദേശ്);  ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് എയ്റോ എൻജിൻ റിസർച് ആൻഡ് ഡെവലപ്മെന്റ് സെന്റർ, ബംഗളുരു; കൊച്ചി സ്പെഷ്യൽ എക്സ്പോർട്ട് സോൺ,കാക്കനാട്; കേരളാ ഫീഡ്സ്,കരുനാഗപ്പള്ളി;കെഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്, ചവറ. 

(അഞ്ച്) കായികവിനോദവും വിനോദസഞ്ചാരവും — ഖാലാ ഗോൾഫ് കോഴ്സ്, ഒമാൻ; ഇന്റർനാഷണൽ മറൈൻ, കൊച്ചി; ഹോട്ടൽ ടീ കൗണ്ടി, മൂന്നാർ.  

(ആറ്)  ആരോഗ്യരക്ഷ –മെഡിക്കൽ കോളേജുകൾ (ഇടുക്കി, കളമശ്ശേരി, മഞ്ചേരി, കാസർഗോഡ്);  ആശുപത്രി,സീഷെൽസ് റിപ്പബ്ലിക്. 

അരനൂറ്റാണ്ടോളം പ്രവർത്തനചരിത്രമുള്ള കിറ്റ്‌കോ പോലുള്ള ഒരു പൊതുമേഖലാ കൺസൾട്ടൻസിയെ അരികിലേക്കു മാറ്റിനിർത്തി ഇന്നലെ കിളിർത്ത സ്വകാര്യ സ്ഥാപനങ്ങളെ ചുമതല ഏല്പിക്കുവാൻ കിഫ്ബിയെ പ്രേരിപ്പിച്ചത്  എന്തായിരിക്കും?  

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply