രാജ കുടുംബത്തിൽ താൻ ആത്മഹത്യയുടെ വക്കിലായിരുന്നു വെന്നു മേഗൻ
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരനായ ഹാരിയെ വിവാഹം കഴിച്ചശേഷം കുടുംബത്തിൽ താൻ കടുത്ത അപമാനങ്ങൾക്കു വിധേയയായി എന്നും പല അവസരത്തിലും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു എന്നും മേഗൻ മാർക്കിൽ വെളിപ്പെടുത്തി.
അമേരിക്കൻ നടിയായ മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹത്തെ തുടർന്നു രാജകുടുംബത്തിൽ ഉണ്ടായ അലോസരങ്ങൾ ഓപ്രാ വിൻഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും വെളിപ്പെടുത്തിയ ത്. സിബിഎസ് ടെലിവിഷൻ ഇന്നലെ രാത്രി പ്രക്ഷേപണം ചെയ്ത രണ്ടു മണിക്കൂർ അഭിമുഖം കോടിക്കണക്കിനു പ്രേക്ഷകരാണ് കണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ അഭിമുഖം വൻ തരംഗമാണ് സൃഷ്ടിച്ചത്.
അഭിമുഖത്തിൽ തന്റെ പിതാവ് ചാൾസ്, മൂത്ത സഹോദരൻ വില്യം എന്നിവരെക്കുറിച്ചു ഹാരി വിമർശനം ഉയർത്തുന്നു. അദ്ദേഹം തന്റെ പിതാവാണ്, പക്ഷേ തന്റെ വികാരങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമ്മ – അന്തരിച്ച ഡയാന രാജകുമാരി -അനുഭവിച്ച വേദനകൾ അദ്ദേഹത്തിന് അറിവുള്ളതാണ്. തന്റെയും മെഗാന്റെയും കാര്യത്തിൽ അതേ അനുഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അതു കണ്ടതില്ലെന്നു നടിച്ചു. പിതാവുമായുള്ള ബന്ധം വളരേയേറെ മോശമായി. അത് നന്നാക്കാൻ താൻ ഇനിയും ശ്രമിക്കുമെന്നും ഹാരി പറഞ്ഞു.
തന്റെ മകൻ ആർച്ചി ജനിച്ചപ്പോൾ കുടുംബത്തിലുണ്ടായ ഒരു ചർച്ച അവൻ കറുത്തിട്ടോ വെളുത്തിട്ടോ എന്നതായിരുന്നു എന്നും ഹാരി വെളിപ്പെടുത്തി. മേഗൻ കറുത്ത വർഗക്കാരിയാണ്. എന്നാൽ വംശീയമായ ഇത്തരം ചർച്ചകൾ കുടുംബത്തിൽ വന്നപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി. എന്നാൽ ആരാണ് ഇത്തരം വാക്കുകൾ ഉപയോഗിച്ചതെന്ന് ഒരിക്കലും വെളിപ്പെടുത്തുകയില്ലെന്നും ഹാരി പറഞ്ഞു .
തനിക്കു രാജകുടുംബത്തിൽ എത്തിയപ്പോൾ എങ്ങോട്ടു പോകണം, എന്തുചെയ്യണം എന്നതിനൊക്കെ നിയന്ത്രണമുണ്ടായിരുന്നു എന്ന് മേഗൻ പറഞ്ഞു. ഒരു തടവറയിൽ പെട്ട അനുഭവമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ പല തവണ തോന്നി. ഹാരി രാജകുടുംബം വിടാൻ തീരുമാനിച്ചതു വഴി തന്നെയും കുട്ടികളെയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു. തങ്ങൾക്കു ഒരു മകൾ ജനിക്കാൻ പോകുന്നുണ്ടെന്നും അവർ വെളിപ്പടുത്തി.
രാജകുടുംബം തന്നെ സമ്പത്തികമായി തകർക്കാൻ ശ്രമിച്ചതായും ഹാരി വെളിപ്പെടുത്തി. തനിക്കു അമ്മയിൽ നിന്ന് കിട്ടിയ സ്വത്തു മാത്രമാണുള്ളത്. രാജകുടുംബം വിട്ടശേഷം സുരക്ഷയ്ക്കായി പോലും സ്വയം പണം കണ്ടെത്തേണ്ടിവന്നു. അതിനാലാണ് നെറ്റ്ഫ്ലിക്സ്,സ്പോട്ടിഫ്യ തുടങ്ങിയ പല നിർമ്മാണകമ്പനികളുമായും കരാറിൽ എത്തേണ്ടിവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.