Kifbi_Questions

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (15)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

ജനപക്ഷ രാഷ്ട്രീയമാണ് കിഫ്‌ബി മുന്നോട്ടുവെക്കുന്നത് എന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടിനെ എങ്ങനെ കാണുന്നു? 

പ്രത്യേക രാഷ്ട്രീയകക്ഷിയോടുള്ള വിധേയത്വം ഔപചാരികമായി സ്വതന്ത്രമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നതിന്റെ ഉദാഹരണമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കിഫ്ബിയെ സംബന്ധിച്ച് എടുത്തിട്ടുള്ള നിലപാട്. ആഗോളമൂലധന വിപണിയിൽ നിന്ന് കടമെടുത്ത്, അതും വലിയ സമ്പദ്‌ചോർച്ചയ്ക്കു കാരണമാവുന്ന രീതിയിൽ ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് ഉയർന്ന പലിശയ്ക്ക് നിക്ഷേപം സ്വീകരിച്ച്, സ്വകാര്യ കൺസൾട്ടൻസികളുടെയും സംരംഭകരുടെയും സഹായത്തോടെ, ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള വൻകിട നിർമാണ പദ്ധതികൾ, കേന്ദ്രീകൃതമായ തീരുമാനത്തിലൂടെ നടപ്പാക്കുന്നത് പരിഷത്ത് ശരിവെക്കുന്നത് മറ്റെങ്ങനെയാണ് വിശദീകരിക്കുക?  

കിഫ്‌ബി മാതൃകയ്ക്ക് പരിഷത്ത് നൽകുന്ന പിന്തുണ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക്  വിരുദ്ധമാണെന്ന വിമർശനം ആദ്യകാല പരിഷത്ത് പ്രവർത്തകനും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ ഡോ. കെ പി കണ്ണനും ശക്തമായി ഉന്നയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നവസാമൂഹിക മാധ്യമത്തിലെ  അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കൂ: “ഹരിതബദലുകളുടെ നവകേരളം സൃഷ്ടിക്കാനുള്ള സുവർണാവസരം കിഫ്‌ബി കളഞ്ഞുകുളിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അല്ലെങ്കിൽ നിലകൊണ്ടിരുന്നുവോ, അതിനൊക്കെ 

വിരുദ്ധമാണ് കിഫ്‌ബി. ഒരുപക്ഷേ കിഫ്‌ബി മാതൃകയുടെ നിയോലിബറൽ കെണി മനസ്സിലാവാതെയാവണം എന്റെ ചില സുഹൃത്തുക്കളും അതിനെ പരസ്യമായി ന്യായീകരിച്ചത്.”        

 (തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply