Hariyana government janashakthionline

ഹരിയാന സർക്കാരിന്റെ മണ്ണിന്റെ മക്കൾ വാദം തിരിച്ചടിക്കുമെന്ന് വ്യവസായികൾ

 

ന്യൂദൽഹി: ഹരിയാന സർക്കാർ സംസ്ഥാനത്തെ  സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ 75 ശതമാനം ജീവനക്കാരും ആ സംസ്ഥാനത്തു നിന്നളളവർ ആയിരിക്കണം എന്ന് വ്യവസ്ഥപ്പെടുത്തി കൊണ്ടുവന്ന നിയമം ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചു വരുത്തുമെന്ന് വ്യവസായലോകം.

അമ്പതിനായിരം രൂപ വരെ ശമ്പളമുള്ള ജോലികളിൽ മുക്കാൽ പങ്കും തദ്ദേശീയർക്കു നൽകണം എന്ന്  നിർബന്ധമാക്കുന്ന ബില്ല് കഴിഞ്ഞയാഴചയാണ്‌ സംസ്ഥാനത്തെ ബിജെപി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയത്. ബില്ലിന് ഗവർണറുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു.

എന്നാൽ നിയമം സംസ്ഥാനത്തെ വ്യവസായികളെ വലിയ പ്രതിസന്ധിയിലാക്കും എന്ന് ഫിക്കി, സിഐഐ  തുടങ്ങിയ പ്രമുഖ വ്യവസായി സംഘടനകൾ അഭിപ്രായപ്പെട്ടു. പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുമ്പോൾ ഏറ്റവും കഴിവുള്ളയാളുകളെയാണ് ജോലിക്ക് പരിഗണിക്കുന്നത്. പ്രാദേശികമായി പറ്റിയ ജീവനക്കാരെയും തൊഴിലാളികളെയും ലഭ്യമല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുളളവരെയും പരിഗണിക്കേണ്ടിവരും. അതല്ലെങ്കിൽ ആഗോളതലത്തിൽ മത്സരിച്ചു ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ  സാധ്യമാവുകയില്ല. 

ഈ സാഹചര്യത്തിൽ ഹരിയാനയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് പറിച്ചുനടാൻ നിര്ബന്ധിക്കപ്പെടും എന്നും വിവിധ വ്യവസായ സംഘടനകൾ പറയുന്നു. നിയമത്തിന്റെ മറവിൽ നിലവിൽ സംസ്ഥാനത്തു വന്നു തൊഴിലെടുക്കുന്ന മറ്റു സംസ്ഥാനക്കാരെ ഉപദ്രവിക്കാനും തൊഴിലിൽ നിന്നു ആട്ടിപ്പുറത്താക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും  മണ്ണിന്റെ മക്കൾ വാദത്തിനു പ്രോത്സാഹനം നൽകും. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് അത്തരം നയങ്ങൾ കടുത്ത ഭീഷണി ഉയർത്തുമെന്നും വ്യവസായ ലോകം ചൂണ്ടിക്കാണിക്കുന്നു.

Leave a Reply