Thomas Issac kifbi

കിഫ്‌ബി അധികൃതരെ ചോദ്യം ചെയ്യൽ:ഐസക്കിന് പുതിയ കുരുക്കാകുമോ?

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താനുള്ള കിഫ്‌ബി പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യങ്ങൾ  ധനമന്ത്രി ഡോ . ടി എം തോമസ് ഐസക്കിന് വലിയ  രാഷ്ട്രീയ കുരുക്കാകാനുള്ള സാധ്യത ഏറെയാണ്. കിഫ്‌ബി  ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മുൻധനകാര്യ സെക്രട്ടറി ഡോ. കെ എം  അബ്രഹാമിനോട് അഞ്ചാം തിയ്യതി ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ആസ്ഥാനത്തു എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡെപ്യൂട്ടി സിഇഒ വിക്രം ജിത് സിംഗ് നാളെ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.  കിഫ്ബിയുടെ ഉപദേശക ബാങ്കായ ആക്സിസ് ബാങ്കിന്റെ ഉദ്യോഗസ്ഥരോട് ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

കിഫ്‌ബി പദ്ധതിയുടെ നടത്തിപ്പിൽ  വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടെന്നു നേരത്തെ സിഎജി പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിദേശത്തു ബോണ്ടുകൾ ഇറക്കാനുള്ള അവകാശം   സംസ്ഥാന സർക്കാരുകൾക്കില്ല. കിഫ്‌ബി കേരളസംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം ആയതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ബോണ്ട് വില്പന നടത്തിയത് നിയമവിരുദ്ധമാണ് എന്നാണ് സിഎജിയുടെയും ഇഡി യുടെയും വിലയിരുത്തൽ. അതിനെ കൃത്യമായി നിയമപരമായ നിലയിൽ പ്രതിരോധിക്കുന്നതിന് പകരം സിഎജി റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി വിവാദമുണ്ടാക്കുകയാണ് ധനമന്ത്രി ചെയ്തത്.  ഗുരുതരമായ ചട്ടലംഘനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ധനമന്ത്രി ശ്രമം നടത്തിയത് എന്ന് അന്നുതന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

 സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അവസരത്തിൽ കിഫ്‌ബി വിവാദം ഉയർന്നുവരുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിനു എത്രമാത്രം പ്രയോജനം ചെയ്യും എന്നകാര്യം സംശയമാണ്. വികസനത്തിന്റെ പേരിൽ അമിതമായ പലിശനിരക്കിൽ വിദേശത്തു നിന്ന് പണം കടം വാങ്ങി ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്തത് എന്ന ആരോപണം ശക്തിപ്പെടുന്നുണ്ട്. അടുത്ത അഞ്ചുവർഷത്തിൽ  അതുണ്ടാക്കുന്ന കടബാധ്യത വളരെ വലുതായിരിക്കും. അതിനെ നേരിടാൻ ജനങ്ങളെ കൂടുതൽ ഞെക്കിപ്പിഴിയേണ്ടതായും വരും. 

മറ്റൊരു പ്രശ്‍നം, കിഫ്ബിയിൽ സേവനമനുഷ്ഠിക്കുന്ന ഉന്നതർ ഇനിയെന്ത്  നിലപാടെടുക്കും എന്നതാണ്. നേരത്തെ കാനഡയിലെ ലാവലിൻ കമ്പനിയുമായുള്ള  ഇടപാടിൽ പിണറായി വിജയന് എതിരെ മൊഴി കൊടുത്ത ഒരു ഉന്നതോദ്യോഗസ്ഥനെയാണ് കിഫ്ബിയിൽ ഉന്നത പദവിയിൽ സർക്കാർ നിയമിച്ചത്.  കേന്ദ്ര ഏജൻസികൾ ശക്തമായി പിടിമുറുക്കിയാൽ അവർ എന്ത് നിലപാട് സ്വീകരിക്കും എന്നതു കൗതുകകരമാണ്. കിഫബിയിലെ സേവനത്തിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു നേരത്തെ ഡോ.അബ്രഹാം സർക്കാരിനോട്  അഭ്യർത്ഥിച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ നിലപാടിന് പിന്നിലുണ്ടായിരുന്നു എന്ന് ചില നിരീക്ഷണങ്ങളുണ്ട്. നേരത്തെ ലാവലിൻ കേസിൽ മന്ത്രിയുടെ താല്പര്യങ്ങൾ  നടപ്പിലാക്കിയ വെദ്യുതി ബോർഡ് ചെയർമാൻ അടക്കമുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും കേസ് നേരിടുകയാണ്. മുൻ ചെയർമാനായിരുന്ന സിദ്ധാർത്ഥ മേനോൻ അടക്കമുള്ളവരും കേസിൽപെട്ടപ്പോൾ ഒറ്റക്കായി. ഈ സാഹചര്യതിൽ ഇന്നത്തെ സർക്കാരിലെ ഉന്നതരുമായി അനാവശ്യമായ അടുപ്പം ഭാവിയിൽ കുരിശാകുമെന്നു പല ഉദ്യോഗസ്ഥരും കാണുന്നുണ്ട്. ലാവലിൻ കേസിൽ ഉദ്യോഗസ്ഥരുടെ അനുഭവം നോക്കിയാൽ കിഫ്ബിയിൽ തങ്ങളുടെ തല വെച്ചു കൊടുക്കാൻ എത്ര ഉദ്യോഗസ്ഥർ തയ്യാറാവും എന്നതും പ്രശ്നമാണ്.

അന്തിമമായി അത് തോമസ് ഐസക്കിന് നേരെ ബൂമറാങ് മട്ടിൽ തിരിച്ചെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടന്നപ്പോൾ അതിനെ ധനമന്ത്രി ചോദ്യം ചെയ്തിരുന്നു. എന്നാൽ പത്രസമ്മേളളനത്തിൽ പരസ്യമായി ധനമന്ത്രിയെ തള്ളിപ്പറയാനാണ് മുഖ്യമന്ത്രി അന്നു തീരുമാനിച്ചത്. അതൊരു ഗുരുതരമായ സൂചനയാണ് എന്ന് മുഖ്യമന്ത്രിയെ അറിയുന്നവർക്കറിയാം. ഇപ്പോൾ കിഫ്ബിയുടെ വിഷയം വരുമ്പോൾ വിജിലൻസിനെ സംരക്ഷിച്ച പോലെ  ഒരു സമീപനം മുഖ്യമന്ത്രി സ്വീകരിച്ചാൽ ധനമന്ത്രി എന്തു ചെയ്യും എന്നതും രസകരമായ ചോദ്യമാണ്.  

Leave a Reply