Kifbi_Questions

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (14)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

മസാലബോണ്ടിന്റെ പലിശനിരക്ക് വളരെ കൂടുതലാണ് എന്ന വിമർശനമുണ്ട്. തികച്ചും ന്യായമായ  പലിശയാണത് എന്നതാണ് സർക്കാർ നിലപാട്. ഇതിന്റെ  യാഥാർഥ്യമെന്താണ്? പലിശനിരക്ക് തീരുമാനിച്ചത് എങ്ങനെയാണ്?    

രസകരമായ കാര്യം പലിശനിരക്ക് അമിതമെന്നു വിമർശിക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും അവലംബിക്കുന്നത് തെറ്റായ ഒരേ വിശകലനരീതിയാണ് എന്നതാണ്. വിമർശകർ കിഫ്ബിയുടെ മസാലബോണ്ടിനെക്കാൾ കുറഞ്ഞ  പലിശനിരക്കുള്ള കടപ്പത്രങ്ങളെ ഉദാഹരണമാക്കുമ്പോൾ അതിനെ ന്യായീകരിക്കുന്നവർ  ഉയർന്ന പലിശയുള്ളവയെ ഉദാഹരണമായി തെരഞ്ഞെടുക്കുന്നു. ലില്ലിപ്പുട്ടിൽ അതികായനായ 

ഗള്ളിവർ ബ്രോബ്ഡിങ്നാഗിൽ കുള്ളനാവുന്നു.   

ലോകമൂലധനവിപണിയിലെ പലിശനിരക്കിന്റെ അടിസ്ഥാനം ലണ്ടൻ ഇന്റർ ബാങ്ക് ഓഫർ റേറ്റ് (ലൈബൊർ)  ആണ്. ഇത്  ഹ്രസ്വകാല വായ്പാനിരക്കാണ്. വായ്പാ കാലയളവ് കൂടുന്നതനുസരിച്ചു പലിശനിരക്ക് കൂടും. കിഫ്ബിയുടെ മസാലബോണ്ടിന്റെ കാലാവധി അഞ്ചുവർഷമാണ്. ഇത് ഇടക്കാലവായ്പയുടെ ഗണത്തിൽപ്പെടും. കിഫ്‌ബി മസാലബോണ്ട് ഇറക്കുന്ന അവസരത്തിൽ  ലൈബൊർ   രണ്ടര ശതമാനമായിരുന്നു. ഇടക്കാല വായ്പാനിരക്ക് ആറു ശതമാനത്തിൽ താഴെയും. കിഫ്‌ബി ബോണ്ടിന്റെ പലിശ 9.723 ശതമാനമാണ്.  

അടിസ്ഥാന സൂചകമായ ലൈബൊറിനു ഒപ്പം ഒട്ടേറെ ഘടകങ്ങൾക്ക് പലിശനിരക്ക് നിശ്ചയിക്കുന്നതിൽ പങ്കുണ്ട്. വിപണിസാഹചര്യം, കടപ്പത്രം ഇറക്കുന്ന രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും സമ്പദ്സ്ഥിതി, കടപ്പത്ര  രക്ഷാധികാരിയുടെ വിശ്വാസ്യത, സ്ഥാപനത്തിന്റെയും കടപ്പത്രത്തിന്റെയും വിശ്വാസ്യതാശ്രേണി സ്ഥാനം, കടപ്പത്ര വിതരണരീതി, വായ്പയുടെ ഈടുറപ്പ്, പലിശയുടെ സമയക്രമം, വിദേശനാണയ നിരക്കിലെ മാറ്റം മൂലം വന്നേക്കാവുന്ന ലാഭനഷ്ടങ്ങൾ, കടപ്പത്രത്തിന്റെ പുനർവിപണന സാധ്യത എന്നിവ പ്രധാനം. ഈ ഘടകങ്ങളിലെ വ്യത്യാസങ്ങൾ പലിശനിരക്കിലും പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ഒരു  കടപ്പത്രത്തിന്റെ പലിശനിരക്ക് മറ്റൊന്നിനെ അപേക്ഷിച്ചു കൂടുതലോ കുറവോ എന്ന് കേവലമായി പ്രസ്താവിക്കുന്നത് നിരർത്ഥകമാണ്. വിഭിന്ന ഘടകങ്ങളുടെ ആപേക്ഷികപ്രാധാന്യം  വിലയിരുത്തി ഓരോന്നിനും തക്കതായ മൂല്യം നിജപ്പെടുത്തി സമീകരിച്ചു മാത്രമേ കടപ്പത്രങ്ങളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യാനാവു. 

കടപ്പത്രം ഇറക്കുന്ന സ്ഥാപനം ആദ്യം ചെയ്യേണ്ടത് വിപണിസാഹചര്യം സൂക്ഷ്‌മമായി പഠിക്കുകയാണ്. എത്ര വിലയ്ക്കുള്ള കടപ്പത്രം, ഏതു പലിശനിരക്കിന്, എപ്പോൾ ഇറക്കണമെന്നു തീരുമാനിക്കുന്നത് അതിനു ശേഷമാണ്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് വിശകലനം ചെയ്യേണ്ടത്. ഒന്ന്, കടപ്പത്ര വിപണിയിലെ കഴിഞ്ഞകാല ആദാനപ്രദാനങ്ങളുടെയും പലിശനിരക്കുകളുടെയും സ്ഥിതി വിവരക്കണക്ക്. രണ്ട്, അവയുടെ  ഭാവിപ്രവണതകൾ. മൂന്ന്, സ്ഥാപനത്തിന്റെയും ഇറക്കാൻ ഉദ്ദേശിക്കുന്ന കടപ്പത്രത്തിന്റെയും ശക്തിദൗർബല്യങ്ങൾ.  

കടപ്പത്ര വായ്പകൾ വലിയ തുകയ്ക്ക് ആയതിനാൽ പലിശനിരക്ക് കടുകിട അധികമായി നിശ്ചയിച്ചാൽപ്പോലും സ്ഥാപനത്തിന് വമ്പിച്ച നഷ്ടം സംഭവിക്കും. കൂട്ടുടമക്കമ്പനിയാണെങ്കിൽ അതിന്റെ ഭാരം ഓഹരിയുടമകൾ വഹിക്കേണ്ടിവരും. സർക്കാർ സ്ഥാപനമെങ്കിൽ നികുതിദായകരായ ജനങ്ങളും.  അതുകൊണ്ട് പലിശനിരക്ക് കണക്കുകൂട്ടുന്നത് ശതമാനത്തെക്കാൾ സൂക്ഷ്മമായ അളവായ ബേസിസ് പോയന്റ്സിലാണ് (ബിപിഎസ്). നൂറ് ബിപിഎസ് സമം ഒരു ശതമാനം. കിഫ്ബിയുടെ മസാലബോണ്ടിൻറെ പലിശ 972.300 ബിപിഎസ് അല്ലെങ്കിൽ  9.723  ശതമാനം. 

കിഫ്‌ബി മസാലബോണ്ട് വിറ്റത് തെരഞ്ഞെടുത്ത നിക്ഷേപകർക്കാണ്. നിക്ഷേപകരുമായി കൂടിയാലോചിച്ചാണ് ഇത്തരം ഇടപാടിൽ പലിശനിരക്ക് തീരുമാനിക്കുക. കൂട്ടുടമക്കമ്പനികളെ അപേക്ഷിച്ചു കുറഞ്ഞ പലിശയ്ക്ക് കടം ആവശ്യപ്പെടാൻ എടുത്തുകാട്ടാവുന്ന നിരവധി കാര്യങ്ങളുണ്ട് കിഫ്ബിക്ക്. ഒന്ന് ,കിഫ്ബിയും സർക്കാരുമായുള്ള   ഉറ്റബന്ധം. കിഫ്ബിയുടെ നയരൂപീകരണവും നിയന്ത്രണാധികാരവും പൂർണമായും സംസ്ഥാന സർക്കാരിന്റെ കൈകളിലാണ്. കിഫ്‌ബി ഭരണസമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ധനമന്ത്രിയുമാണ്. രണ്ട്, സർക്കാർ നിയന്ത്രണം കയ്യാളുന്നുവെങ്കിലും തൊഴിൽ വൈശിഷ്ട്യത്തിൽ ഊന്നുന്ന സംഘടനാരൂപമാണ് കിഫ്ബിയുടേത്. ഭരണസമിതിയിൽ ഉന്നതോദ്യോഗസ്ഥരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മാനേജ്‌മെന്റ്-ധനകാര്യ വിദഗ്ധരും അംഗങ്ങളാണ്. കൂട്ടുടമക്കമ്പനികളുടേതിന് സമാനമായി മാനേജ്മെന്റ് തലപ്പത്തു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിച്ചിട്ടുണ്ട്. മൂന്ന്, ബോണ്ടുകൾക്ക് കേരള സർക്കാർ ഈട് നൽകിയിട്ടുണ്ട്. അത് നിരുപാധികവും റദ്ദാക്കാനാവാത്തതുമാണ്. ഇപ്പറഞ്ഞ ഈടിനെ കീഴ്പ്പെടുത്തുന്ന പുതിയ ഈട് നൽകുന്ന കടബാധ്യതകൾ ഏറ്റെടുക്കുകയില്ലെന്ന ഉറപ്പും ഇതോടൊപ്പമുണ്ട്. നാല്, ബോണ്ടിന്റെ മുതൽ തിരിച്ചടവിന്റെയും അർദ്ധവാർഷിക പലിശയടവിന്റേയും ഉറവിടം കൃത്യമായി നിർവചിക്കപ്പെട്ടതാണ്–മോട്ടോർ വാഹന നികുതിയും പെട്രോളിയം സെസ്സും. അവ മതിയാകാതെ വന്നാൽ സർക്കാർ വായ്പയും സഹായധനവും നൽകുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ  വിദേശനാണയ നിരക്കിലെ അനിശ്ചിതത്വമല്ലാതെ കിഫ്ബിയുടെ മസാലബോണ്ട് വാങ്ങുന്ന വിദേശ നിക്ഷേപകർക്ക് നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാം.  

ഈ പറഞ്ഞ വസ്തുതകൾ പരിഗണിക്കുമ്പോൾ മസാലബോണ്ടിന്റെ പലിശനിരക്ക് ലൈബൊർ അടിസ്ഥാനമായുള്ള ഇടക്കാല വായ്പാനിരക്കിന്റെ ഇരട്ടിയോളമാണ് എന്നത് ആശ്ചര്യകരമാണ്. അതുകൊണ്ടുതന്നെ മസാലബോണ്ടിന്റെ പലിശ നിശ്ചയിക്കുന്നതിൽ സർക്കാർ ഉത്തരവാദിത്വപരമായാണോ  പ്രവർത്തിച്ചത്  എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്. സുതാര്യമായാണ് പലിശ നിശ്ചയിച്ചതെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അതെന്നുമാണ് സർക്കാർ നിയമസഭയിൽ ആവർത്തിച്ചു പ്രഖ്യാപിച്ചത്: “ഇതുവരെ ഇന്ത്യൻ കമ്പനികൾ ഇഷ്യൂ ചെയ്ത മസാലബോണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ നിക്ഷേപകരുമായും കിഫ്‌ബി മീറ്റിംഗ് നടത്തിയിരുന്നു” (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിട്ട ചോദ്യം നം. 43, ധനമന്ത്രിയുടെ മറുപടി, 29.05.2019). ജൂൺ 14നും ഇതേ ഉത്തരം ധനമന്ത്രി നൽകുന്നുണ്ട്. 

മസാലബോണ്ടുകൾ ഇറക്കുന്നത് ആഗോളവിപണിയിലാണ്, അവ വാങ്ങുന്നത്  ഇന്ത്യയൊഴികെ ലോകത്തു എവിടെനിന്നുമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ആകാം, കഴിഞ്ഞ ആറുവർഷങ്ങളിലായി അസംഖ്യം ഇന്ത്യൻ കമ്പനികൾ ഇത്തരം കടപ്പത്രങ്ങൾ ഇറക്കിയിട്ടുണ്ട്, അവ ആദ്യനിക്ഷേപകരിൽ നിന്ന് പലരിലേക്ക് പലവട്ടം കൈമറിഞ്ഞിട്ടുണ്ടാകാം എന്നീ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ “ഇതുവരെ ഇന്ത്യൻ കമ്പനികൾ ഇഷ്യൂ ചെയ്ത മസാലബോണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ നിക്ഷേപകരുമായും കിഫ്‌ബി മീറ്റിംഗ് നടത്തിയിരുന്നു“ എന്ന ധനമന്ത്രിയുടെ പ്രസ്താവന കേൾക്കുന്ന ആരും മൂക്കത്തു വിരൽ വെച്ചുപോകും. 

നിക്ഷേപകരുടെ ഓൺലൈൻ ബിഡ്‌ഡിങ്ങിനായി മീറ്റിംഗ് നടത്തി എന്നാവുമോ ധനമന്ത്രി ഉദ്ദേശിച്ചത്? അങ്ങനെയെങ്കിൽപ്പോലും അദ്ദേഹം ആവർത്തിച്ചു പ്രസ്താവിക്കുന്നവിധം “ഇതുവരെ ഇന്ത്യൻ കമ്പനികൾ ഇഷ്യൂ ചെയ്ത മസാലബോണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ നിക്ഷേപകരും” അതിൽ പങ്കെടുക്കുക സംഭവ്യമല്ല. മാത്രമല്ല ഓൺലൈൻ ബിഡ് മീറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിൽ അത് എന്നാണ് നടത്തിയത്, എത്രപേർ പങ്കെടുത്തു, നിക്ഷേപകർ ഉദ്ധരിച്ച പലിശനിരക്കുകൾ എത്രയായിരുന്നു തുടങ്ങിയ വിവരം  പൊതുസമൂഹത്തിൽ ലഭ്യമാക്കേണ്ടതുണ്ട്.     

.     

2019 ഫെബ്രുവരി 18 മുതൽ 28 വരെ സിംഗപ്പൂർ, ഹോങ്കോങ്, യുകെ, യുഎഇ എന്നിവിടങ്ങളിൽ നിക്ഷേപകരുടെ അഭിപ്രായം ആരായുന്നതിനു റോഡ്‌ഷോകൾ  നടത്തിയതായും ധനമന്ത്രി പ്രസ്താവിക്കുന്നു (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നം. 448, 452, ധനമന്ത്രിയുടെ മറുപടി, 29.05.2019; നക്ഷത്രചിഹ്നമിട്ട ചോദ്യം നം. 204, ധനമന്ത്രിയുടെ മറുപടി, 14.06.2019). പലിശനിരക്ക് നിശ്ചയിച്ച രീതി അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ :”സിംഗപ്പൂരിലും ഹോങ്കോങ്ങിലും ലണ്ടനിലും ദുബായ്‌യിലും വച്ച് സിഇഒയുടെ നേതൃത്വത്തിലുള്ള കിഫ്‌ബിയുടെ ഉന്നതതലസംഘം നിക്ഷേപകരുമായി നടത്തിയ നിരവധി കൂടിക്കാഴ്ചകളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു. ഇത്തരത്തിൽ സുതാര്യമായി നടന്ന പ്രക്രിയകളിലൂടെയാണ് ഇപ്പോൾ കാണുന്ന പലിശനിരക്കായ 9.723 ശതമാനത്തിൽ  എത്തിച്ചേർന്നത്” (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 455, ധനമന്ത്രിയുടെ മറുപടി, 29.05.2019). 

കിഫ്ബിയുടെ ഔദ്യോഗികരേഖകളാകട്ടെ നടപടിക്രമങ്ങളുടെ വ്യത്യസ്തമായ നാൾവഴിയും സ്ഥലചരിത്രവുമാണ് വെളിവാക്കുന്നത്. 2019  ഫെബ്രുവരിയിൽ വിദേശരാജ്യങ്ങളിൽ  നിക്ഷേപകരുമായി നടത്തിയ ചർച്ചകളിലൂടെയാണ് പലിശനിരക്ക് നിശ്ചയിച്ചത് എന്നാണല്ലോ ധനമന്ത്രി  നിയമസഭയിൽ പ്രസ്താവിച്ചത്. എന്നാൽ അതിനു മാസങ്ങൾക്കു മുമ്പേതന്നെ, 2018 നവംബറിൽ സിഡിപിക്യു കമ്പനിയുടെ പ്രതിനിധികൾ തിരുവനന്തപുരത്തെത്തി കിഫ്‌ബി അധികൃതരുമായി ചർച്ച ചെയ്തിരുന്നു. സാധാരണഗതിയിൽ കടപ്പത്രത്തിന്റെ പലിശനിരക്ക് അടക്കമുള്ള  അടിസ്ഥാന നിബന്ധനകൾ, കടപ്പത്രമിറക്കുന്ന സമയം, വിപണന രീതി, കടപ്പത്ര ക്ഷണപത്രികയിൽ ഉൾക്കൊള്ളിക്കേണ്ട വിവരം എന്നിവയാണ് സ്വകാര്യവില്പനയിൽ നിക്ഷേപകരുമായി ആദ്യവട്ടം ചർച്ച ചെയ്യുക.  

തുടർന്ന്, 2019 ജനുവരിയിൽ നടന്ന 34-മത് ബോർഡ് യോഗത്തിൽ പലിശനിരക്കിനെക്കുറിച്ചു കിഫ്‌ബി സിഇഒ ഇപ്രകാരം നിരീക്ഷിച്ചു: “വിപണി സാഹചര്യം പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളെ അപേക്ഷിച്ചു 250 മുതൽ 275 ബിപിഎസ് വരെ അധികപ്പലിശ കൊടുക്കാതെ കിഫ്ബിക്കു മസാലബോണ്ട് ഇറക്കാനാവില്ല.“ ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും  ഈ നിർദേശം സ്വീകാര്യമായില്ല. ആഗോളവിപണിയിലെ നടപ്പുനിരക്കിനേക്കാൾ കൂടുതലാണിതെന്നും പലിശനിരക്ക് നിശ്ചയിക്കുന്നത് കഴിഞ്ഞകാല സ്ഥിതിവിവരക്കണക്ക് സൂക്ഷ്മവിശകലനം ചെയ്തതിനു ശേഷമാവണമെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ആഭ്യന്തരകമ്പോളത്തിൽ പലിശനിരക്ക് കുറവാണെന്നിരിക്കെ മസാലബോണ്ട് ഇറക്കുന്നതിന്റെ  ആവശ്യമെന്തെന്നു ധനസെക്രട്ടറി സംശയം പ്രകടിപ്പിച്ചു. എന്നാൽ ബോർഡിന്റെ ഉപാധ്യക്ഷനായ ധനമന്ത്രിയും നാമനിർദേശം ചെയ്യപ്പെട്ട വിദഗ്‌ധാംഗങ്ങളും സിഇഒയുടെ അഭിപ്രായത്തെ പിന്താങ്ങി. പലിശനിരക്ക് “അല്പം“ കൂടുതലാണെങ്കിലും ആഗോളവിപണിയിൽ പ്രവേശിക്കാനുള്ള ആദ്യാവസരം വിനിയോഗിക്കണമെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ പ്രാധാന്യമർഹിക്കുന്നുവെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്‍താവനയോടെ ഇക്കാര്യത്തിൽ തീർപ്പായി. മസാലബോണ്ട് ഇടപാട് എത്രയും വേഗം പൂർത്തീകരിക്കാൻ യോഗം സിഇഒയെ അധികാരപ്പെടുത്തി (കിഫ്‌ബി മിനുട്സ്, 34-മത് ബോർഡ് യോഗം, 17.01.2019). 

2019 ഫെബ്രുവരിയിൽ സിഡിപിക്യു പ്രതിനിധികൾ വീണ്ടും തിരുവനന്തപുരം സന്ദർശിക്കുകയും കിഫ്‌ബി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. ആദ്യവട്ട ചർച്ച ഫെബ്രുവരി 19 നായിരുന്നു. വിദേശരാജ്യങ്ങളിൽ  മസാലബോണ്ട് മീറ്റിങ്ങുകൾ നടത്തിയതായി ധനമന്ത്രി പ്രസ്താവിച്ച അതേ അവസരത്തിലായിരുന്നു രണ്ടാംവട്ട ചർച്ച–ഫെബ്രുവരി 25 മുതൽ 28വരെ.  ഇടയ്ക്ക്, ഫെബ്രുവരി 27ന്, കിഫ്ബിയുടെ 35-മത് ബോർഡ് യോഗം ചേർന്നു. കേന്ദ്രസർക്കാർ കടപ്പത്രങ്ങളെക്കാൾ 250 ബിപിഎസ് അധികനിരക്കിൽ പലിശ നൽകിയാൽ 10 കോടി ഡോളറും 275 ബിപിഎസ് അധികമെങ്കിൽ 20 കോടി ഡോളറും മുടക്കാൻ നിക്ഷേപക കമ്പനി തയ്യാറാണെന്ന് സിഇഒ അറിയിച്ചു. ഏതു മാതൃക പ്രകാരമാണ് നിരക്കു കണക്കാക്കിയതെന്നു  ചീഫ് സെക്രട്ടറി ആരാഞ്ഞപ്പോൾ ഉപദേശകബാങ്കുകൾ വിപണിസാഹചര്യം വിലയിരുത്തിയതിന്റെയും നിക്ഷേപകരുമായി ചർച്ച ചെയ്തതിന്റെയും  അടിസ്ഥാനത്തിലാണെന്നായിരുന്നു മറുപടി (കിഫ്‌ബി മിനുട്സ്, 35-മത് ബോർഡ് യോഗം, 27.02.2019). തുടർന്ന്, മാർച്ചിൽ കിഫ്‌ബി കടപ്പത്ര ക്ഷണപത്രികകൾ (ക്യൂബെക്ക് പ്രവിശ്യയിലേക്കുള്ള പ്രത്യേക ക്ഷണപത്രിക അടക്കം) ഇറക്കുകയും മാസാവസാനത്തോടെ വില്പന പൂർത്തിയാക്കുകയും ചെയ്തു. 

കടപ്പത്രങ്ങൾ ഇറക്കുന്ന സ്ഥാപനം പൊതുവെ ചെയ്യുന്ന പ്രകാരം വിപണിസാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തിയും ബോണ്ടിന് സർക്കാർ നൽകുന്ന നിരുപാധികവും റദ്ദാക്കാനാവാത്തതുമായ ഈട് അടക്കമുള്ള മേന്മകൾ എടുത്തുകാട്ടിയും നിക്ഷേപകരുമായി ദൃഢമായി വിലപേശിയുമാണോ  പലിശനിരക്ക് നിർണയിച്ചത് എന്നത് വ്യക്തമല്ല. സിഡിപിക്യു പ്രതിനിധികൾ ആവശ്യപ്പെട്ട പലിശനിരക്ക് അതേപടി അംഗീകരിച്ചതായാണ് ബോർഡ് യോഗത്തിന്റെ മിനുട്സ് സൂചിപ്പിക്കുന്നത്.  

മസാലബോണ്ടിൽ നിക്ഷേപത്തിനായി സിഡിപിക്യു ആവശ്യപ്പെട്ട പലിശനിരക്ക് “അല്പം” കൂടുതലാണെന്നത് സാരമാക്കേണ്ടതില്ല എന്നതായിരുന്നല്ലോ ധനമന്ത്രിയുടെ നിലപാട്. കേന്ദ്രസർക്കാർ കടപ്പത്രങ്ങളേക്കാൾ 250 മുതൽ 275 ബിപിഎസ് (അതായത് 2.5 മുതൽ 2.75 ശതമാനം) വരെ അധികമെന്നത് പലിശഭാരത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടാക്കുന്നത്. ബോർഡ് ഈ തീരുമാനമെടുത്ത 2019 ജനുവരിയിൽ കേന്ദ്രസർക്കാരിന്റെ പത്തുവർഷത്തേക്കുള്ള കടപ്പത്രത്തിന്റെ ശരാശരി പലിശനിരക്ക് 7.35 ശതമാനമായിരുന്നു (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വീക്കിലി സ്റ്റാറ്റിസ്റ്റിക്കൽ  ബുള്ളറ്റിൻ, 01.02.2019). ഈ അവസരത്തിലാണ് കിഫ്‌ബി അഞ്ചുവർഷത്തേക്കു മാത്രമുള്ള കടപ്പത്രത്തിന്റെ പലിശനിരക്ക് പത്തുശതമാനത്തിനടുത്തു നിജപ്പെടുത്തിയത്. ഇതിനു പുറമെയാണ് വിദേശവിപണിയിൽ കടപ്പത്രം  ഇറക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചെലവ്. ആഭ്യന്തര കടമെടുപ്പിൽ നിന്ന് വ്യത്യസ്തമായി മസാലക്കടം രാജ്യത്തിനു പുറത്തേക്കു സൃഷ്ടിക്കുന്ന സമ്പദ്‌ചോർച്ച ദേശീയ സമ്പദ്‌വ്യവസ്ഥ നൽകേണ്ട അധികവിലയാണ്. ഏതുനിലക്കു നോക്കിയാലും ‘ഇമ്മിണി വല്യ ഒന്നാ’ണ് ധനമന്ത്രിയുടെ  “അല്പം”.

 (തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply