ആര്‍ട്ട് ഓഫ് ലിവിംഗ്: എം വി ഗോവിന്ദന്‍ വീണ്ടും വിവാദത്തില്‍
വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദത്തെ കുറിച്ച് സഖാവ് എം വി ഗോവിന്ദൻ നൽകിയ
വികട വ്യാഖ്യാനം പാർട്ടി തിരുത്തിയശേഷം അദ്ദേഹം പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. അതാണ് ആര്‍ട്ട് ഓഫ് ലിവിംഗ് സംബന്ധിച്ച അദ്ദേഹത്തന്റെ പുതിയ മാർക്സിയൻ വ്യാഖ്യാനം. ഈ സിദ്ധാന്തത്തിന്റെ താത്വതികാചാര്യനായ ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ തിങ്കളാഴ്ച പ്രതികരിച്ചത് മാർക്സിസ്റ്റ് ചിന്തകരെപ്പോലും അത്ഭുതപ്പെടുത്തി . ശ്രീ എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും എം വി ഗോവിന്ദന്‍ ആക്ഷേപിച്ചു. എന്നാൽ ഇന്ത്യയിൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൽ അവഗാഹമായ പഠനങ്ങൾ
നടത്തിയിട്ടുള്ള പ്രഗത്ഭ മാർക്സിസ്റ്റ് ചിന്തകനും കേരളസർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ ബാലമോഹൻ തമ്പിയെപ്പോലുള്ളവർ ഇത്തരം നിലപാടുകളോട് വിയോജിക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നു.
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഗുരുനാഥനും വിശ്രുത ചിന്തകനുമായ എം എന്‍ വിജയന്‍ 2001ആഗസ്തില്‍ എഴുതിയ ലേഖനത്തിലെ ഇതുസംബന്ധിച്ച നിലപാടുകളോടെ യോജിക്കുകയാണെന്നാണ് ഡോ ബാലമോഹൻ തമ്പി ഇതുസംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റിലെ പ്രതികരണത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വിജയൻ മാഷിന്റെ ലേഖനത്തിലെ നിലപാടുകൾ അദ്ദേഹം Like ചെയ്യുന്നു.
ആ ലേഖനത്തിലെ പ്രസക്തഭാഗമാണ് ചുവടെ: കേരളത്തിലെ സിപിഎം ചിന്തകരുടെ നിലവാരം 20 വര്‍ഷം കഴിയുമ്പോള്‍ എന്താകും എന്ന് വിജയന്‍ മാഷ് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് എം വി ഗോവിന്ദന്‍ മാഷിന്റെ പുതിയകാല ചിന്തകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. എന്തായാലും ക്ഷമയോടെ വിജയന്‍ വര്‍ഷം മുമ്പെഴുതിയ ഈ ലേഖനം വായിക്കുന്നത് നല്ലതാണ്.(ശ്രി എമ്മിന് യോഗ കേന്ദ്രം നടത്താന്‍ നാല് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം.)
ആര്‍ട്ട് ഓഫ് ലിവിംഗ്
“……..മറ്റൊന്നും ചെയ്യാതെ ഇരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് യോഗം.ഇരിക്കാനുള്ള രീതികള്‍ യോഗത്തിലുണ്ട്.ഇത്തരം ആസനങ്ങളില്‍ക്കൂടി നമുക്ക് മോക്ഷം കണ്ടെത്താം എന്ന് പറയുന്നവര്‍ ഒരു വലിയ ഫാസിസ്റ്റ് വലയിലാണ് ചെന്നുപെട്ടിരിക്കുന്നത്.ഒരു നൂറ്റാണ്ടിന്റെ നവോഥാന പ്രവര്‍ത്തനം കൊണ്ട് വിമോചിതമായിട്ടുള്ള കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ നിശ്ചലമാക്കുവാന്‍ ശ്വസനക്രിയയുടെ മെറ്റാഫിസിക്സ്ക്നു കഴിയുന്നു.
ഒന്നും ചെയ്യാതിരിക്കുന്നതിനെ നാം ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന് വിളിക്കുകയും ഒന്നും ചെയ്യാതിരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി നാം ഒരുപാട് സ്ഥലം കണ്ടെത്തുകയും സ്ഥലം അങ്ങിനെയുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയുള്ളതാണെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. പട്ടിണി പിടിപെട്ട ആദിവാസിയെയും ദളിതനെയും കര്‍ഷകനെയും പാര്‍പ്പിക്കാന്‍ വേണ്ട സ്ഥലം നമ്മുടെ കൈവശമില്ലെന്നും നമ്മുടെ സ്ഥലം യോഗത്തെയും ധ്യാനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനുള്ളതാണെന്നും നാം മനസ്സിലാക്കിയിരിക്കുന്നു.അതുകൊണ്ട് കര്‍ഷകനും തൊഴിലാളിയും ദളിതനും ആദിവാസിയും സംസ്ക്കരിക്കപ്പെടാന്‍ സ്ഥലം ലഭിക്കാത്തവണ്ണം ചരിത്രത്തിലില്ലാത്തവരും മരിച്ചവരുമാണെന്ന് ശ്വസന ക്രിയക്കുവേണ്ടി നീക്കിവെക്കപ്പെട്ട സ്ഥലത്തിരുന്നുകൊണ്ട് നാം പ്രഖ്യാപിക്കുന്നു.ഇങ്ങനെയുള്ള ശ്വസന പ്രക്രിയയിലൂടെ നാം ബുദ്ധിയില്ലായ്മയുടെ സ്ഥലത്തിന്റെ അധികാരികളായിത്തീരുന്നു.എന്തിനെക്കുറിച്ചാണോ നാം ദുഖിക്കേണ്ടത് അതിനെക്കുറിച്ച് ദുഖി:ക്കാതിരിക്കാനും എന്തിനാണോ നാം സ്ഥലം കണ്ടെത്തേണ്ടാത്തത് അതിന് സ്ഥലം കണ്ടെത്താനും നാം ശീലിച്ചിരിക്കുന്നു.അതുകൊണ്ട് ആദിവാസിയെക്കുറിച്ചു,ദളിതനെക്കുറിച്ചു,സ്ത്രീയെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്,ഇടത്തരക്കാരനെക്കുറിച്ചു ,തൊഴിലാളിയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ വേണ്ട പരിശീലനം നമുക്ക് ലഭിച്ചിരിക്കുന്നു.ശ്വസനക്രിയയുടെ മെറ്റാഫിസിക്സില്‍ പ്രവൃത്തിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ പട്ടിണിമരണങ്ങളെയും ആത്മഹത്യകളെയും കുറിച്ച് അറിയിക്കാതിരിക്കാന്‍ നമുക്ക് കഴിയുന്നു.ഇത് ഒരു രാഷ്ട്രീയമായ കഴിവാണ്.ഇതിനെയാണ് നാം ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന് വിളിക്കുന്നത്….. ”
·