ലീഗിനു ഇത്തവണ മൂന്നു സീറ്റു കൂടുതൽ; മതേതര പ്രതിച്ഛായക്ക് ശ്രമം നടത്തും
കോഴിക്കോട്: മുസ്ലിംലീഗിന് ഇത്തവണ മത്സരിക്കാൻ മൂന്നു സീറ്റ് കൂടുതൽ നൽകിയാണ് യുഡിഎഫിൽ സീറ്റു വിഭജന ചർച്ചകൾ മുന്നേറുന്നത്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച 24 സീറ്റുകൾക്കുപുറമെ തൃശ്ശൂരിലെ ചേലക്കരയും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുന്നമംഗലം സീറ്റുകളുമാണ് ഇത്തവണ ലീഗ് അധികമായി മത്സരിക്കുന്നത്.
സ്ഥാനാർഥിനിർണയം ലീഗിൽ പുരോഗമിക്കുമ്പോൾ പ്രധാനമായി പാർട്ടി പരിഗണിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് ലീഗിനെ വർഗീയ സ്വഭാവമുള്ള ഒരു മുസ്ലിംസമുദായ പാർട്ടി എന്ന നിലയിൽ എതിരാളികൾ ചിത്രീകരിക്കുന്നതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ്. അതേസമയം, മുസ്ലിം സമുദായ താല്പര്യങ്ങൾ കൈവിട്ടു കളിക്കാനും ലീഗിന് സാധ്യമല്ല. അതിനാൽ തങ്ങളുടെ മുസ്ലിംസമുദായ മുഖം നിലനിർത്തിക്കൊണ്ടുതന്നെ മതേതര സമൂഹത്തിലെ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയകക്ഷി എന്ന പ്രതിച്ഛായ നിർമ്മിച്ചെടുക്കാനാണ് ലീഗ് പരിശ്രമിക്കുന്നത്. സമീപകാലത്തു ഒരു വശത്തു ബിജെപിയും മറുവശത്തു സിപിഎമ്മും ഒരേപോലെ ലീഗിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്ന സാഹചര്യതിൽ അതിനെ ഫലപ്രദമായി പ്രതിരോധിക്കേണ്ടത് പ്രധാനമാണ് എന്ന് നേതൃത്വം വിലയിരുത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പാർട്ടിയിലെ മറ്റു നേതാക്കളും ഉയർത്തിയ സമുദായികതയുടെ ആരോപണം ഒരു പരിധിവരെ ലീഗിന് സംഘടനാപരമായി ഗുണം ചെയ്തിട്ടുണ്ട്. ഒരു ഭീഷണിയുടെ അന്തരീക്ഷമുണ്ടെന്നു അണികളെ ബോധ്യപ്പെടുത്തി ശക്തമായി പാർട്ടിക്കു പിന്നിൽ അണിനിരത്താൻ അത് നേതൃത്വത്തിന് സഹായകമായി. സ്ഥാനാർത്ഥിനിർണയ വേളയിൽ പലപ്പോഴും പാർട്ടിയിൽ അപസ്വരങ്ങൾ ഉയരാറുണ്ട്. ഇത്തവണ അതൊന്നും കാര്യമായി ഉണ്ടായില്ല. അതിനു ഒരുകാരണം ലീഗിനെ ഒറ്റതിരിച്ചു നിർത്തി ബിജെപിയും സിപിഎമ്മും നടത്തിയ ആക്രമണമാണ്.

ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രൻ ലീഗിനെതിരെ വ്യാജമായ ആരോപണങ്ങൾ നിരന്തരമായി ഉന്നയിക്കുന്നത് സിപിഎം അജണ്ടയുടെ ഭാഗമായാണ് എന്നു ലീഗ് നേതാക്കൾ തിരിച്ചടിക്കുന്നു അദ്ദേഹം നിരന്തരമായി പറയുന്ന ഒരു കാര്യം മലബാർ സംസ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു എന്നാണ്. സത്യത്തിൽ അങ്ങനെയൊരു ആവശ്യം ലീഗെന്നല്ല മലബാറിലെ ഒരു പാർട്ടിയും ഉന്നയിച്ചിട്ടില്ല. ഐക്യകേരളം വന്നപ്പോൾ വികസനകാര്യത്തിൽ മലബാർ പിന്നിലായി എന്ന പരാതിയുണ്ടായിരുന്നു. പിന്നാക്കാവസ്ഥയെ നേരിടാൻ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ബിജെപിയുടെ മുൻകാല രൂപമായ ജനസംഘം അതിനെതിരെ സമരം നടത്തിയിരുന്നു. ഇന്ന് മലപ്പുറം ജില്ലക്കെതിരെ പ്രദേശത്തെ ഒരാൾപോലും പരാതി പറയുന്നില്ല.
എന്നാൽ ഭൂരിപക്ഷ സമുദായത്തിൽ സംശയങ്ങൾ ഉയർത്താൻ ഇത്തരം വ്യാജപ്രചാരണങ്ങൾ കാരണമാകും എന്നും ലീഗ് തിരിച്ചറിയുന്നുണ്ട്. അതിനെ ചെറുക്കാനായി കഴിഞ്ഞദിവസം മുതൽ ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും മാനവ ഐക്യസന്ദേശവുമായി പാർട്ടി യാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. ചെറുഗ്രാമങ്ങളിൽ പോലും അതിന്റെ ഭാഗമായി സെമിനാറുകളൂം മറ്റു പരിപാടികളും നടത്തുന്നുണ്ട്. മതസൗഹാർദ്ദമാണ് ഈ സമ്മേളനങ്ങളിലെ പ്രധാന ചർച്ചാവിഷയം.
ഇതിന് തുടർച്ചയായി ലീഗ് ഇത്തവണ തങ്ങളുടെ ചില സീറ്റുകളിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നിർത്താനും ആലോചിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ശക്തമായ ക്രൈസ്തവ സാന്നിധ്യമുള്ള തിരുവമ്പാടിയിൽ സിഎംപിയിലെ സി പി ജോണിനെ നിർത്തി സീറ്റു വെച്ചുമാറാനുള്ള നീക്കവും ലീഗ് നടത്തുന്നുണ്ട്. കുന്നംകുളത്തു ചുരുങ്ങിയ വോട്ടിനാണ് സി പി ജോൺ കഴിഞ്ഞതവണ പരാജയപ്പെട്ടത്. പിൻതുണ തേടി താമരശ്ശേരി ബിഷപ്പിനെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ടത് ഇത്തരം നീക്കങ്ങളുടെ ഭാഗമായാണ്. സി പി ജോണിനെ നിയമസഭയിലെത്താൻ സഹായിക്കുന്നത് നിലവിൽ പാർട്ടിക്കു വലിയ തലവേദനയുണ്ടാക്കുന്ന ക്രൈസ്തവ വിഭാഗത്തിന്റെ അകൽച്ചയെ തടയാൻ സഹായിക്കും എന്നാണ് കണക്കുകൂട്ടൽ. ജോൺ സിഎസ്‌ഐ വീഭാഗത്തി ലുള്ള ആളാണെങ്കിലും മലബാറിലെ മലയോര മേഖലയിലെ കത്തോലിക്കാ സഭയുമായി ദീർഘകാല ബന്ധം ഉള്ളയാളാണ്. നേരത്തെ കോഴിക്കോട്ടു വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തിയ കാലം മുതലുള്ള വ്യക്തിബന്ധങ്ങളും സീറ്റു തിരിച്ചുപിടിക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.