കിഫ്‌ബി: ചോദ്യോത്തരങ്ങൾ (13)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

ആങ്കർ ഇൻവെസ്റ്റർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഖ്യനിക്ഷേപകൻ എന്നാണോ? കനേഡിയൻ കമ്പനിയായ സിഡിപിക്യു കിഫ്ബിയുടെ  മസാലബോണ്ടിന്റെ ആങ്കർ ഇൻവെസ്റ്റർ ആണോ?  

മുഖ്യനിക്ഷേപകൻ മാത്രമല്ല കോർണർസ്റ്റോൺ നിക്ഷേപകൻ, ഹോൾസെയിൽ നിക്ഷേപകൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ആങ്കർ നിക്ഷേപകൻ. നിക്ഷേപപത്രങ്ങളുടെ വലിയ പങ്ക് ആദ്യം തന്നെ വാങ്ങി വിപണിയിൽ അവയുടെ ആദാനം ഉറപ്പുവരുത്തുകയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആങ്കർ നിക്ഷേപകരുടെ ധർമം. കൂടാതെ ചില്ലറനിക്ഷേപകരെ നിക്ഷേപം നടത്താനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിക്ഷേപപത്രമിറക്കുന്ന സ്ഥാപനത്തിനും ചില്ലറനിക്ഷേപകർക്കും ഇടയിലെ പാലം എന്ന് അവരെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. 

താരതമ്യേന വലിയ നിക്ഷേപം നടത്തുന്നതിനാൽ സ്ഥാപനത്തെ കുറിച്ച് കഴിയുന്നിടത്തോളം വിവരം ശേഖരിക്കാൻ ആങ്കർ നിക്ഷേപകർ ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കൂടി ആവശ്യമാകയാൽ സ്ഥാപനം അവ ലഭ്യമാക്കുകയും ചെയ്യും. നിക്ഷേപവിപണിയിലെ  കൃത്രിമത്തിനു തടയിടാനും സമതുലിതാവസ്ഥ നിലനിർത്താനും ആങ്കർ നിക്ഷേപവുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ട്. നിക്ഷേപപത്രം ഇറക്കുന്ന സ്ഥാപനവുമായി  നേരിട്ടു ബന്ധമുള്ളവർക്കും വിപണനം നടത്തുന്ന ബാങ്കിനും ആങ്കർ നിക്ഷേപകരാകാൻ കഴിയില്ല. മൊത്തം നിക്ഷേപത്തിൽ ആങ്കർ നിക്ഷേപത്തിന് പരിധി  നിശ്ചയിച്ചിട്ടുണ്ട്. പൊതുവിപണിയിലെ  വിലപ്ന തുടങ്ങുന്നതിന്റെ തലേന്നാൾ മാത്രമേ സ്ഥാപനം ആങ്കർ നിക്ഷേപകർക്ക് നിക്ഷേപപത്രം വിൽക്കാൻ പാടുള്ളു. തങ്ങൾ വാങ്ങുന്ന നിക്ഷേപപത്രം പ്രത്യേക തിയ്യതിക്ക്‌ മുമ്പായി മറ്റു നിക്ഷേപകർക്ക് വിൽക്കാൻ ആങ്കർ നിക്ഷേപകർക്ക് അനുവാദമില്ല.   

കിഫ്ബിയുടെ മസാലബോണ്ടിന് ആങ്കർ നിക്ഷേപകരുണ്ടോ, ഉണ്ടെങ്കിൽ അവർ ആരാണ് എന്നീ ചോദ്യങ്ങൾ നിയമസഭയിലും ഉയർന്നിരുന്നു. ഇവയ്ക്കു സർക്കാർ നൽകിയ മറുപടികൾക്ക് നേർവിപരീതമാണ് കിഫ്ബിയുടെ രേഖകൾ വെളിവാക്കുന്ന വസ്തുതകൾ. ആദ്യം നിയമസഭാ നടപടികൾ നോക്കാം:   

ചോദ്യം: “കിഫ്‌ബി മസാലബോണ്ടുകൾ വാങ്ങിയ ആങ്കർ ഇൻവെസ്റ്ററായി ആരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്?”  

ധനമന്ത്രിയുടെ മറുപടി: “ആങ്കർ  ഇൻവെസ്റ്ററായി കിഫ്‌ബി ആരെയും തെരഞ്ഞെടുത്തിട്ടില്ല.” (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2250, 14.06.2019).  

2019 ജൂലായ് ഒന്നിനും ധനമന്ത്രി നിയമസഭയിൽ ഈ ഉത്തരം ആവർത്തിക്കുന്നുണ്ട്. (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 5278, 01.07.2019.) 

ഇനി നമുക്ക് കിഫ്‌ബി രേഖകൾ നോക്കാം. 2019 ഫെബ്രുവരിയിലെ ബോർഡ് യോഗത്തിന്റെ മിനുട്സിൽ നിന്ന്: “മസാലബോണ്ട് ഇറക്കുന്നത് സംബന്ധിച്ച പുതിയ വിവരം സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) ലഭ്യമാക്കി. വലിയൊരു പെൻഷൻഫണ്ട്  കമ്പനി ആങ്കർ നിക്ഷേപകൻ ആകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. പ്രസ്തുത കമ്പനിയുടെ പതിവനുസരിച്ചു കമ്പനിബോർഡ് അന്തിമതീരുമാനം കൈക്കൊള്ളുന്നതുവരെ ഇടപാടിന്റെ രഹസ്യസ്വഭാവം മാനിക്കണമെന്നു അവർ ആവശ്യപ്പെട്ടതായി സിഇഒ പ്രസ്താവിച്ചു.”  (കിഫ്‌ബി മിനുട്സ്, 35-മത് ബോർഡ് യോഗം, 27.02.2019). 

തുടർന്ന്, കിഫ്ബിയുടെ വാർത്താപത്രികയിൽ ഇങ്ങനെ വായിക്കാം. ”സിഡിപിക്യു മസാലബോണ്ടിന്റെ ആങ്കർ ഇൻവെസ്റ്റർ ആകുമെന്നത്  ഉറപ്പായിട്ടുണ്ട്.” (കിഫ്‌ബി ന്യൂസ്‌ലെറ്റർ, വോള്യം 2, ലക്കം 4. 2). 

2018 സപ്തംബറിലാണ് കിഫ്ബിയുടെ ഇടക്കാല കടപ്പത്രങ്ങൾ ആദ്യമായി ഓഹരിവിപണി പട്ടികയിൽ ചേർക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ, അതായത് നവംബറിൽ, സിഡിപിക്യുവിന്റെ ഉന്നതോദ്യോഗസ്ഥർ കേരളം സന്ദർശിക്കുകയും കിഫ്‌ബി അധികൃതരുമായി ആദ്യവട്ട കൂടിയാലോചന നടത്തുകയും ചെയ്തു. കിഫ്ബിയുടെ സമഗ്ര സാമ്പത്തിക വിശകലനം നടത്തിയ ശേഷം തങ്ങൾ 10 കോടി മുതൽ 20 കോടി ഡോളർ വരെ നിക്ഷേപിക്കാൻ സന്നദ്ധമാണെന്ന് അവർ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കേരളത്തിൽ വച്ചുള്ള രണ്ടാംവട്ട കൂടിയാലോചനയും നടന്നു. മാർച്ചിൽ സിഡിപിക്യുവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ നിന്ന് കടപ്പത്രനിക്ഷേപം ക്ഷണിക്കുന്ന പ്രത്യേകപത്രിക കിഫ്‌ബി ഇറക്കി (പ്രൈവറ്റ് പ്ലേസ്‌മെന്റ് ക്ഷണപത്രിക). സിംഗപ്പൂരിലെ ആക്സിസ് ബാങ്ക് ,സ്റ്റാൻഡേർഡ് ചാർട്ടഡ് ബാങ്ക് ശാഖകൾക്കായിരുന്നു വില്പനയുടെ ചുമതല. പുനർവില്പന നാലുമാസത്തേക്കു വിലക്കിയിരുന്നു.

ആങ്കർ നിക്ഷേപം, കടപ്പത്രങ്ങളുടെ സ്വകാര്യവില്പന എന്നിവയെ  സംബന്ധിച്ചു ധനമന്ത്രി നിയമസഭയിൽ നൽകിയ പല മറുപടികളും കിഫ്‌ബി രേഖകളിലെ വസ്തുതകളുമായി പൊരുത്തപ്പെടുന്നവയല്ല. ചിലതെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്.  ഒരു ഉദാഹരണം:  

“കിഫ്ബിയുടെ മസാലബോണ്ട് ഒരു പ്രൈവറ്റ് ഇഷ്യൂ അല്ല. ഇൻസ്ടിട്യുഷനൽ നിക്ഷേപകരെ ഉദ്ദേശിച്ചു കൊണ്ടുള്ള  ഒരു പബ്ലിക് ഇഷ്യൂ ആണ്… ഇത്  കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ നടത്തിയ പ്രൈവറ്റ്‌ പ്ലേസ്‌മെന്റ് അല്ല.”  

(പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 448, ധനമന്ത്രിയുടെ മറുപടി, 29.05.2019.)   

നിക്ഷേപപത്രങ്ങൾ മാധ്യമങ്ങളിൽ പരസ്യം ചെയ്ത് പൊതുവില്പനയായോ 

തെരഞ്ഞെടുത്ത നിക്ഷേപകർക്കുള്ള സ്വകാര്യവില്പനയായോ ഇറക്കാമെന്നല്ലാതെ ‘ഇൻസ്ടിട്യുഷനൽ നിക്ഷേപകർക്കുള്ള പബ്ലിക് ഇഷ്യൂ‘ എന്ന മൂന്നാമതൊരു ഗണമില്ല.  അത് സ്വകാര്യവില്പനയിൽ പെടും.  അതൊരു പ്രമാണ രീതിയാണെന്നിരിക്കെ ഇത്തരമൊരു കൂട്ടിക്കുഴക്കൽ പ്രസ്താവനയുടെ ആവശ്യമെന്തെന്നു മനസ്സിലാവുന്നില്ല.  

കിഫ്ബിയുടെ വാർത്താപത്രികയിൽ സിഡിപിക്യു മസാലബോണ്ടിന്റെ ആങ്കർ നിക്ഷേപകനാണെന്നു പ്രസ്താവിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ നിയമസഭാ സാമാജികനുള്ള മറുപടി നോക്കുക: “ലോകത്തിലെ വലിയ പെൻഷൻ ഫണ്ടുകളിൽ ഒന്നായ ഒരു സ്ഥാപനം എന്ന നിലയിലും മസാലബോണ്ടിലെ മുഖ്യനിക്ഷേപകരിൽ ഒന്നായ സ്ഥാപനം എന്ന നിലയിലും കിഫ്ബിയെയും അതിന്റെ സംവിധാനങ്ങളെയും കുറിച്ച് അറിയുവാൻ താല്പര്യം പ്രകടിപ്പിച്ച സ്ഥാപനം എന്ന നിലയിലുമാണ് ടി സ്ഥാപനത്തെക്കുറിച്ചു ന്യൂസ് ലെറ്ററിൽ  പ്രതിപാദിച്ചിട്ടുള്ളത്.”  (പതിനാലാം കേരള നിയമസഭ, പതിനഞ്ചാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 5278, ധനമന്ത്രിയുടെ മറുപടി, 01.07.2019).   

ഏതാണ് വിശ്വസിക്കേണ്ടത്? ധനമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനകളോ  അതോ കിഫ്‌ബി രേഖകളോ? ആങ്കർ നിക്ഷേപകൻ എന്ന നിലയിലല്ല സിഡിപിക്യു കടപ്പത്രം വാങ്ങിയത് എന്നാണോ ധനമന്ത്രി  ഉദ്ദേശിച്ചത്? ആങ്കർ നിക്ഷേപകർക്ക് അനുവദനീയമായ പരിധിയിൽ കവിഞ്ഞ നിക്ഷേപമാണ് സിഡിപിക്യുവിന്റേത് എന്നതാണോ കാരണം? സിഡിപിക്യു ആങ്കർ നിക്ഷേപകൻ അല്ലെങ്കിൽ കിഫ്‌ബി രേഖകളിൽ അങ്ങനെ വിശേഷിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?  സ്വകാര്യവില്പനയുടെ  കാര്യമോ? കിഫ്‌ബി ക്യൂബെക്കിലേക്കായി ഇറക്കിയ കടപ്പത്ര ക്ഷണപത്രികയിൽ പ്രൈവറ്റ്‌ പ്ലേസ്‌മെന്റ് എന്ന് എടുത്തുപറയുന്നുണ്ടല്ലോ? അതെങ്ങനെ നിഷേധിക്കാനാവും?  (ചിത്രം കാണുക).     

( തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply