യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈറിനെ പുറത്താക്കി

കോഴിക്കോട്: യൂത്ത് ലീഗിന്റെ  ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കി. സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ  തുടർന്നു ഇന്നലെ വൈകിട്ടാണ് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രാജി എഴുതി വാങ്ങിയത്.  

യൂത്ത്‌ലീഗിന്റെ ഏറ്റവും  അറിയപ്പെടുന്ന നേതാക്കളിൽ ഒരാളാണ് കോഴിക്കോട് വാണിമേൽ സ്വദേശിയായ സുബൈർ. ഡൽഹി ജവഹർലാൽ  നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥിനിയായ സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണമാണ് ഉയർന്നത്.  വിഷയത്തിൽ പരാതി ഉയർന്നതോടെ ശക്തമായ നടപടി വേണമെന്ന് എംഎസ്എഫ് ജെഎൻയു ഘടകം നിലാപടെടുത്തു. തുടർന്നാണ് സുബൈറിനോട്  രാജിവെക്കാൻ ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ആഴ്ചകളിൽ യൂത്ത് ലീഗ്  നേരിടുന്ന രണ്ടാമത്തെ പ്രതിസന്ധിയാണ് സുബൈറിന്റെ സ്ഥാനനഷ്ടം. കത്വ, ഉന്നാവോ  കേസിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ പള്ളികളിൽ പിരിവു നടത്തി ശേഖരിച്ച ഒരുകോടിയോളം രൂപയിൽ തട്ടിപ്പു നടത്തി എന്ന ആരോപണം യൂത്ത് ലീഗിന്റെ മുൻ നേതാവ് യുസുഫ് പടനിലം ഉന്നയിച്ചിരുന്നു. എന്നാൽ നാല്പതു ലക്ഷത്തോളം രൂപയാണ് പിരിച്ചതെന്നും അതിൽ അവിഹിതമായ ഇടപെടൽ ഉണ്ടായില്ലെന്നും സുബൈറും മറ്റു നേതാക്കളും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നത്. പാർട്ടിയിലെ  ആഭ്യന്തരപ്രശ്നങ്ങളുടെ ഭാഗമായി ചില കേന്ദ്രങ്ങൾ യുവനേതാക്കൾക്കെതിരെ ബോധപൂർവം ആരോപണം അഴിച്ചുവിടുകയാണെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

Leave a Reply