ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് ഇന്ത്യ സന്ദർശിക്കും
ന്യൂദൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ അതിർത്തി സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും സൈനികതലത്തിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ഈ വർഷം പകുതി കഴിഞ്ഞാൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് ഇന്ത്യയിലെത്തുമെന്നു ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
ജൂൺ മാസത്തിനുശേഷം നടക്കുന്ന ബ്രിക്സ് (ബ്രസീൽ,റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) സഖ്യത്തിന്റെ സമ്മേളനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുക. വർഷം പകുതി പിന്നിടുന്നതോടെ കോവിഡ് പ്രശ്നങ്ങൾ നിയന്ത്രണവിധേയ മാകുമെന്നും അന്താരാഷ്ട്ര സമ്മേളനങ്ങൾ നേരിട്ടു നടത്താൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ ഉയർന്ന അതിർത്തി പ്രശ്നത്തിനുശേഷം ഉഭയ ബന്ധങ്ങൾ പലതലത്തിലും വഷളായിരുന്നു. ചൈനയുടെ പ്രധാനപ്പെട്ട ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു. ചൈനീസ് നിക്ഷേപം ഇന്ത്യൻ കമ്പനികളിൽ നിരുത്സാഹപ്പെടുത്തി. ഈ സാഹചര്യത്തിൽ ബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുത്താനുള്ള ചൈനയുടെ താല്പര്യം കൂടി സന്ദർശനത്തിൽ ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. നേരത്തെ നരേന്ദ്രമോദി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ചൈനയുമായുള്ള ബന്ധങ്ങൾക്കായിരുന്നു. അതിലാണ് സമീപകാലത്തു വലിയ തിരിച്ചടിയുണ്ടായത്.
കോവിഡ് പ്രതിസന്ധി കാലത്തു വിദേശയാത്രകൾ നടത്തുന്നത് ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ബംഗ്ലാദേശ് സന്ദർശിക്കുമെന്നും വിവരമുണ്ട്. മെയ് മാസത്തിൽ പോർത്തുഗലിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ സമ്മേളനത്തിലും തുടർന്നു ബ്രിട്ടനിൽ നടക്കുന്ന ജി ഏഴ് സമ്മേളനത്തിലും നേരിട്ടു അദ്ദേഹം പങ്കെടുക്കുമെന്നാണ് അറിയുന്നത്.