മ്യാൻമറിൽ പ്രക്ഷോഭം തുടരുന്നു;സ്യുചിയെ വിട്ടയക്കണമെന്നും ആവശ്യം
നായ്‌പിഡോ: ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക മേധാവികൾകെതിരെ തലസ്ഥാനം നായ്‌പിഡോ അടക്കം വിവിധ നഗരങ്ങളിൽ വമ്പിച്ച ജനകീയ പ്രതിഷേധം.
ഇന്നലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ സ്ത്രീകളും യുവജനങ്ങളും ബുദ്ധമത അനുയായികളും ബൗദ്ധഭിക്ഷുക്കളും അടക്കം സമൂഹത്തിന്റെ നാനാമേഖലയെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി അറിയിച്ചു. വിവിധ നഗരങ്ങളിൽ നടന്ന ബഹുജന സമരങ്ങളുടെ ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകി.
വെള്ളിയാഴ്ച തലസ്ഥാനത്തു പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ 20 വയസ്സുകാരിയായ മ്യാ ഥ്വട്ടെ എന്ന യുവതിയുടെ സംസ്കാര പരിപാടിയിൽ വമ്പിച്ച ജനസാന്നിധ്യമാണ് ഇന്നലെ കാണപ്പെട്ടത്. അതോടനുബന്ധിച്ചാണ് മറ്റു നഗരങ്ങളിലും ഇന്നലെ പ്രകടനങ്ങൾ നടന്നത്.
മ്യൻമർ ജനാധിപത്യ പ്രസ്ഥാന നേതാവും അട്ടിമറിക്കപ്പെട്ട സർക്കാരിന്റെ പ്രധാന നേതാവുമായ ഓങ് സാൻ സ്യു കിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ പ്രക്ഷോഭകർ ഉയർത്തിപ്പിടിച്ചിരുന്നു. മ്യാൻമറിൽ ജനാധിപത്യത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള സൈന്യത്തിന്റെ നീക്കങ്ങളെ ചെറുക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളിൽ സൈന്യവും പോലീസും പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്തതായി വാർത്തകൾ വരുന്നുണ്ട്.