‘ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യമിടുന്നത് പൗരത്വ സങ്കല്പത്തെ ഇല്ലാതാക്കാൻ’
കോഴിക്കോട്: സംഘപരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ യാഥാർത്ഥലക്ഷ്യം ജനാധിപത്യത്തിൽ ഊന്നിയ പൗരത്വ സങ്കല്പത്തെ നിരാകരിച്ചു ഫ്യൂഡൽ സാമൂഹിക സംവിധാനമായ പ്രജാസങ്കല്പത്തിലേക്കു രാജ്യത്തെ മാറ്റലാണെന്നു കരവാൻ വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടു.
ഇന്നലെ വൈകിട്ട് കോഴിക്കോട്ടു നടന്ന ഐ വി ബാബു അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രജാസങ്കല്പത്തിൽ ജനാധിപത്യമില്ല, അവകാശങ്ങളില്ല . മാധ്യമങ്ങൾക്കും പൗരസമൂഹതിനും അതിൽ പ്രസക്തിയില്ല. അത്തരമൊരു ഭരണരീതിയിലേക്കു തിരിച്ചുപോകാനാണ് ഹിന്ദുത്വ രാഷ്ട്രീയം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് വിമർശകരെയും യുവജനങ്ങളെയും മാധ്യമങ്ങളെയും കാരാഗൃഹത്തിലടക്കുന്ന നയം നിലവിലെ സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ഇതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുകയാണെന്നും ഡൽഹിയിലെ കർഷകസമരം അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചെറുത്തുനിൽപ് പലനിലയിൽ രാജ്യമെങ്ങും ശക്തിപ്പെടാനാണ് പോകുന്നത്.
യോഗത്തിൽ വി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ.ദാമോദർ പ്രസാദ് പൗരസമൂഹം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചു പ്രഭാഷണം നടത്തി. ഡോ. ആസാദ് ഐ വി ബാബു അനുസ്മരണം നടത്തി . ഐ വി ബാബുവിന്റെ ലേഖനങ്ങൾ സമാഹരിച്ച ഐവി ബാബു: വാക്കും പ്രയോഗവും എന്ന പുസ്തകം യോഗത്തിൽ പ്രകാശിപ്പിച്ചു. സിദ്ധാർത്ഥൻ പരുത്തിക്കാട് പുസ്തകം ഏറ്റുവാങ്ങി. കെ എസ് ഹരിഹരൻ പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട്ടെ പുതിയ പ്രസാധകരായ റെഡ് ഇങ്ക് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.