എൽഡിഎഫ് റാലി കോഴിക്കോട്ട്; അണികൾ എവിടെപ്പോയെന്നു പരിഭ്രാന്തി
കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കൻ മേഖലാജാഥ ഇന്നലെ വൈകിട്ട് കോഴിക്കോടു ബീച്ചിൽ നടത്തിയ ബഹുജന റാലി കണ്ട മിക്കവാറും എല്ലാവരും ചോദിച്ച ഒരു ചോദ്യം എവിടെപ്പോയി അവരുടെ അണികൾ എന്നുതന്നെയായിരുന്നു. മലബാറിൽ പതിറ്റാണ്ടുകളായി രാഷ്‌ടീയജാഥകൾ കണ്ടുശീലിച്ച മാധ്യമപ്രവർത്തകരും വേദിയിലെ നേതാക്കളുടെ ബാഹുല്യവും താഴെ കടപ്പുറത്തു നിരത്തിയിട്ട കസേരകളിലെ ശുഷ്കിച്ച അവസ്ഥയും കണ്ടു അത്ഭുതം കൂറി.
എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ നയിക്കുന്ന ജാഥയാണ് ഇന്നലെ ബീച്ചിൽ സമ്മേളനത്തിൽ സമാപിച്ചത്. മുക്കാൽ മണിക്കൂർ നേരമാണ് അദ്ദേഹം സംസാരിച്ചത്. മുസ്ലിം വർഗീയവാദികളെയാണ് കോഴിക്കോട് നഗരത്തിലെത്തിയ അവസരത്തിൽ അദ്ദേഹം കൈകാര്യം ചെയ്തത്. അത്തരക്കാരുടെ സർട്ടിഫിക്കറ്റ് സിപിഎമ്മിനും ഇടതു സർക്കാരിനും വേണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒരിക്കൽപ്പോലും അണികളിൽ നിന്നു കാര്യമായ ഒരു പ്രതികരണവും പ്രസംഗത്തിന് ഉണ്ടായില്ല. മിക്കവാറും പകുതിയോളം കസേരകൾ അപ്പോൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഏതാനും നാളുകൾക്കു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് ജാഥ കോഴിക്കോട്ടു സമാപിച്ച അവസരത്തിൽ കാണപ്പെട്ട ജനകീയ ആവേശം ഇന്നലെ എവിടെയും കാണാനുണ്ടായിരുന്നില്ല. ലീഗ് നേതാക്കൾക്കെതിരെ വിജയരാഘവൻ സാമുദായികമായ പരാമർശം നടത്തിയതിനു തൊട്ടുപിന്നാലേയാണ് യുഡിഎഫ് ജാഥ കോഴിക്കോട്ടെത്തിയത്. ലീഗ്, കോൺഗ്രസ് അണികളിൽ നിന്ന് ആവേശം പൊട്ടിയൊഴുകുന്ന കാഴ്ചയാണ് അന്ന് നഗരം ദർശിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, എ പ്രദീപ്കുമാർ എംഎൽഎ, ഡിവൈ എഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാഥയായാണ് വിജയരാഘവനെ വേദിയിലേക്കു ആനയിച്ചത്. പൊതുവിൽ ആവേശം ചോർന്നുപോയ അന്തരീക്ഷത്തിലാണ് പരിപാടികൾ നടന്നത്.