ജി 7 സമ്മേളനം: കോവിഡ് പ്രതിരോധം;പ്രധാന അജണ്ട

പ്രധാന  അജണ്ട

ലണ്ടൻ: ഇന്ന് ആരംഭിക്കുന്ന ജി ഏഴ് വൻശക്തി രാജ്യങ്ങളുടെ സമ്മേളനത്തിൽ മുഖ്യഅജണ്ടയായി ചർച്ച ചെയ്യുന്നത് ആഗോളതലത്തിൽ കോവിഡ് പ്രതിരോധം സംബന്ധിച്ച അടിയന്തിരനടപടികളാണെന്നു പ്രധാന വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഡൊണാൾഡ് ട്രംപ് അധികാരം വിട്ടശേഷം നടക്കുന്ന ആദ്യ ജി 7 നമ്മേളനമാണ് ഇന്ന് ഓൺലൈനായി നടക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ അമേരിക്ക മുന്നിൽ നയത്തിന്റെ  കാലത്തു ജി 7 സമ്മേളനങ്ങളിൽ അമേരിക്കയും അടുത്ത സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നതകൾ പ്രധാന വാർത്തയായിരുന്നു. ജർമൻ ചാൻസലർ ആൻജെല മെർക്കൽ, കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടിഷ്  പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങി സഖ്യത്തിലെ പല പ്രധാന നേതാക്കളെയും ട്രംപ് പരസ്യമായി അപമാനിക്കുകയുണ്ടായി.  ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തുടങ്ങിയവർ ട്രംപുമായി സഹകരിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. 

അതേത്തുടർന്ന് നാലുവർഷമായി അന്താരാഷ്ട്ര തലത്തിൽ ജി 7 സഖ്യത്തിനു കാര്യമായ ഇടപെടൽ സാധ്യമായിരുന്നില്ല. കോവിഡ് പ്രതിസന്ധി വന്നപ്പോൾ അന്താരാഷ്ട്ര സഹകരണത്തിന്റെ അഭാവം പ്രശ്നങ്ങൾ വഷളാക്കിയതായി യുഎൻ അടക്കമുള്ള ആഗോള സംഘടനകൾ ചുണ്ടിക്കാട്ടിയിരുന്നു. അമേരിക്കയുടെ  ഏകപക്ഷീയമായ നിലപാടുകളാണ് പ്രശ്നങ്ങൾ  വഷളാക്കിയത്. എന്നാൽ  ബൈഡൻ അധികാരത്തിൽ വന്നതോടെ അമേരിക്കയുടെ ആഗോള സഹകരണ നയം പുനഃസ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നു നടക്കുന്ന സമ്മേളനത്തിൽ കോവിഡ് പ്രതിരോധത്തിനു ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.  

കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളെയും സഹായിക്കുന്നതിന് പകരം വാക്‌സിൻ കുത്തകയാക്കി വെക്കുന്ന നയമാണ് അമേരിക്കയും മറ്റു വൻശക്തികളും സ്വീകരിച്ചത്. അതോടെ ദരിദ്ര  രാജ്യങ്ങളെ സഹായിക്കുന്ന ചുമതല ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഏറ്റെടുത്തു. ബ്രസീൽ അടക്കം പല രാജ്യങ്ങൾക്കും വാക്‌സിൻ നൽകിയത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ്. ഇന്ത്യയിൽ നിന്നുള്ള കോവിഷീൽഡ്‌ വാക്‌സിനെ ബ്രസീൽ പ്രസിഡണ്ട് ജൈർ ബോൾസനാരോ വിശേഷിപ്പിച്ചത് മൃതസഞ്ജീവനി എന്നായിരുന്നു. ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ സ്വീകരിച്ച  മറ്റൊരു രാജ്യമായ ശ്രീലങ്ക  പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവരുടെ പാർലമെന്റിൽ പ്രസംഗിക്കാനുള്ള പരിപാടി റദ്ദാക്കി. ഇതെല്ലം സൂചിപ്പിക്കുന്നത്   വൻശക്തി രാജ്യങ്ങളുടെ അന്താരാഷ്ട്ര സ്വാധീനത്തിൽ വന്ന ഇടിവു ആണെന്ന്  ജി 7 vവിലയിരുത്തിയിട്ടുണ്ട്. അതിനാൽ ലോക സാധീനവും നേതൃത്വവും തിരിച്ചുപിടിക്കാനുള്ള നയങ്ങളാണ് അമേരിക്കയും മറ്റു രാജ്യങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുകയെന്ന് മാധ്യമങ്ങൾ പറയുന്നു.

Leave a Reply