ന്യൂസ്‌ക്ലിക്ക് പോർട്ടലിലെ മാരത്തൺ റെയ്ഡ് മൂന്നുദിവസം പിന്നിട്ടു
ന്യൂഡൽഹി: സ്വതന്ത്ര വാർത്താ -വിശകലന പോർട്ടൽ ന്യൂസ്‌ക്ലിക്ക് ഓഫിസിലിൽ എൻഫോഴ്സ്മെന്റ്റ് ഡയറക്റ്ററേറ്റ് ചൊവ്വാഴ്ച ആരംഭിച്ച പരിശോധന വെള്ളിയാഴ്ചയും തുടർന്നുവെന്നു പോർട്ടൽ അധികൃതർ പസ്താവനയിൽ പറഞ്ഞു.
പോർട്ടലിന്റെ ഡൽഹി ഓഫീസിലിലും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത ,എഡിറ്റർ പ്രജ്ഞൽ എന്നിവരുടെ വസതികളിലും മൂന്നു ദിവസത്തിലേറെയാണ് കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ പരിശോധന തുടർന്നത്. റെയ്ഡ് തുടരുന്നതിനാൽ സ്ഥാപനത്തിലെ പ്രമുഖ എഡിറ്റർമാരെയും എഴുത്തുകാരി ഗീത ഹരിഹരനെയും വീട്ടിൽ തടഞ്ഞു വെച്ചിരിക്കുകയാണെന്നും വെബ്സൈറ്റ് പുറത്തിറക്കിയ പ്രസ്താവ നയിൽ പറഞ്ഞു.
ഇന്ത്യയിലെ കാർഷിക മേഖലയിലെ ഗുരുതരമായ അവസ്ഥയടക്കം പൊതുവിൽ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വാർത്താ പോർട്ടലാണിത്. പ്രമുഖ മാധ്യമപ്രവർത്തകനും ഇക്കോണോമിക് &പൊളിറ്റിക്കൽ വീക്കിലിയുടെ മുൻഎഡിറ്ററുമായ പ്രൻജോയ് ഗുഹ ഥാക്കൂർതാ, ഹിന്ദുവിന്റെ മുൻ ഗ്രാമീണകാര്യ എഡിറ്റർ പി സായ്‌നാഥ് തുടങ്ങിയവർ അതിൽ സ്ഥിരമായി എഴുതുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. മൂന്നുമാസമായി നടക്കുന്ന കർഷക സമരത്തിനു പോർട്ടൽ വലിയ പിന്തുണ നൽകുകയുണ്ടായി.
പോർട്ടലിനു അനധികൃതമായി വിദേശ സംഭാവന ലഭിക്കുന്നുണ്ട് എന്നു ആരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത്.അമേരിക്കയിലെ ഒരു സ്ഥാപനത്തിൽ നിന്നും ന്യൂസ്‌ക്ലിക്കിനു 30 കോടി രൂപ ലഭിച്ചു എന്നും ആരോപണമുണ്ട്.എന്നാൽ തങ്ങളുടെ സ്ഥാപനം ഒരു തരത്തിലുമുള്ള നിയമലംഘനം നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ന്യൂസ്‌ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അവർ അറിയിച്ചു . റെയ്ഡിന്റെ ഭാഗമായി തങ്ങളുടെ പല ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തതിനാൽ വാർത്താ പോർട്ടലിനു പ്രവർത്തിക്കാൻ തന്നെ അസാധ്യമാകുന്ന അവസ്ഥയുണ്ടെന്നു പ്രസ്താവന പറഞ്ഞു.
വർത്തപോർട്ടലിലെ റെയ്ഡ് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണെന്നു ഡൽഹി യൂണിയൻ ഓഫ് ജേർണ ലിസ്റ്സ് (ഡിയുജെ) പ്രസ്താവനയിൽ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകർക്കു എതിരെപ്പോലും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സർക്കാരിന്റെ വിമർശകരുടെ വായടക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു.