ആരാണ് റോണാ വിത്സന്റെ കമ്പ്യൂട്ടറിൽ കടന്നുകയറിയ ക്ഷുദ്രജീവി?

പ്രത്യേക പ്രതിനിധി 

ന്യൂദൽഹി: ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി മനുഷ്യാവകാശ പ്രവർത്തകൻ റോണാ വിൽസൺ ഉപയോഗിച്ച കമ്പ്യൂട്ടറിൽ കടന്നുകയറി വ്യാജസന്ദേശങ്ങൾ അതിനകത്തു നിക്ഷേപിച്ച നിഗൂഢശക്തികൾ ആരാണെന്ന ചോദ്യം ഇനിയുള്ള നാളുകളിൽ രാജ്യത്തെ പിടിച്ചുകുലുക്കും.  ഭീമകോരേഗവ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ് റോണാ വിൽസൺ. പ്രസിദ്ധ കവി  വരവര റാവു, പത്രപ്രവർത്തകൻ  ഗൗതം നവ്‌ലാഖ, ദളിത് ചിന്തകൻ ആനന്ദ് തെൽതുംബ്‌ടെ അടക്കം ഒരു ഡസനിലേറെ  മനുഷ്യവകാശ പ്രവർത്തകരും  എഴുത്തുകാരും മറ്റു പ്രമുഖ സാമൂഹികപ്രവർത്തകരും കേസിൽ പ്രതികളായി ജയിലിലുണ്ട്.

 കേസിൽ വ്യാജതെളിവുകൾ സൃഷ്ടിക്കാനായി റോണാ വിത്സന്റെ കമ്പ്യൂട്ടറിൽ കടന്നുകയറി നിരവധി വ്യാജരേഖകൾ അതിൽ നിക്ഷേപിച്ചതായാണ് അമേരിക്കൻ ഡിജിറ്റൽ തട്ടിപ്പ്‌അന്വേഷണ ഏജൻസിയായ ആർസെനാൽ കൺസൾട്ടിങ് കണ്ടെത്തിയിരിക്കുന്നത്. 2016 ജൂൺ 13നു വൈകിട്ട് 3.07 നാണ്  കടന്നുകയറ്റ പദ്ധതികൾ ആരംഭിച്ചത്. റാണയുടെ  പരിചയത്തിലുള്ള കവി വരവര റാവുവിന്റെ ഇമെയിൽ വിലാസം ഉപയോഗിച്ചു ഒരു സന്ദേശം ആ സമയത്താണ് റോണയുടെ കംപ്യൂട്ടറിലെത്തുന്നത്. അതിൽ അറ്റാച്ച് ചെയ്ത രേഖ 6.18നു തുറക്കാൻ വിൻസൻ ശ്രമിക്കുന്നു. അതോടെയാണ് അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ വിദൂരത്തു നിന്ന് നിയന്ത്രിക്കപ്പെടുന്ന  പ്രക്രിയ ആരംഭിക്കുന്നത്. മൊത്തം 22 മാസക്കാലം റോണ വിത്സനറിയാതെ  ഹാക്കർമാർ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ നിയന്ത്രിക്കുകയുണ്ടായി. അതിനിടയിലാണ് രാജീവ് ഗാന്ധി മോഡലിൽ നരേന്ദ്ര മോദിയെ കൈകാര്യം ചെയ്യും എന്നതടക്കമുള്ള സന്ദേശങ്ങൾ അതിൽ എത്തിയത്. കമ്പ്യൂടറിൽ രഹസ്യമായി നിക്ഷേപിക്കപ്പെട്ട ഈ രേഖകൾ ഒന്നും റോണാ വിൽസൺ തുറ ക്കുകയുണ്ടായില്ലെന്നും കമ്പ്യൂട്ടർ ഹക്കർമാരുടെ നിയന്ത്രണത്തിലാണെന്നു അദ്ദേഹം ആ സമയത്തു അറിഞ്ഞതായി ലക്ഷണമില്ലെന്നും ആർസെനിൽ കൺസൾട്ടൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ നിക്ഷേപിക്കപെട്ട  രേഖകളാണ് അദ്ദേഹത്തിനെതിരെ  യുഎപിഎ പ്രകാരം കേസെടുക്കാൻ തുടക്കത്തിൽ മഹാരാഷ്ട്ര പോലീസും പിന്നീട് എൻഐഎയും ഉപയോഗിച്ചത്.

തന്റെ കമ്പ്യൂട്ടറിൽ ഹാക്കർമാർ  കടന്നുകയറി വ്യാജരേഖകൾ നിക്ഷേപിച്ചതായി റോണാ വിൽസൺ ആരോപണമുന്നയിച്ചിരുന്നു. ബിജെപി സർക്കാരിന്റെ കാലത്തു മഹാരാഷ്ട്ര  പോലീസ് ആണ് അതു ചെയ്തതെന്ന ശക്തമായ സാഹചര്യതെളിവുകളും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തു ശിവസേന- കോൺഗ്രസ്സ് സർക്കാർ വന്നതോടെ കേസന്വേഷണം തിടുക്കത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കുയായിരുന്നു.  അതിനുശേഷമാണ് ഗൗതം നവ്‌ലാഖയെയും ആനന്ദ് തെൽതുംബ്‌ഡെയെയും കേസിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തത്.

ഭീമകോരേഗാവ് കേസിൽ ഗുരുതരമായ പിഴവുകൾ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്കു സംഭവിച്ചതായി തുടക്കം മുതലെ ആരോപണമുണ്ട്. അതിനു  ശക്തി പകരുന്നതാണ് അമേരിക്കൻ അന്വേഷണ ഏജൻസി ഇപ്പോൾ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ. കമ്പനി  കണ്ടെത്തിയ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചു അമേരിക്കയിലെ പ്രസിദ്ധമായ വാഷിംഗ്ടൺ പോസ്റ്റ് പത്രം ചില സൈബർ വിദഗ്ധരോട് അഭിപ്രായം തേടിയിരുന്നു. കൃത്യവും വിശ്വസനീയവുമായ റിപ്പോർട്ടാണ് ആർസെനാൽ കൺസൾട്ടിങ് നൽകിയതെന്ന് അവർ അഭിപ്രായപ്പെട്ടതായി പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തു. ആരാണ് ഈ രഹസ്യ കടന്നുകയറ്റം നടത്തിയതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

 എന്നാൽ അതിനായി ഉപയോഗിച്ച  സോഫ്ട്‍വെയർ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. നെറ്റ്‌വയർ  റിമോട്ട് ആക്സസ് ട്രോജൻ അഥവാ റാറ്റ് എന്നാണ് അതു അറിയപ്പെടുന്നത്.  ഒരു ഇസ്രായേൽ കമ്പനി വികസിപ്പിച്ച ഇത്തരം സോഫ്ട്‍വെയർ ഇന്ത്യൻ അന്വേഷണ ഏജൻസികൾ വാങ്ങിയതു സംബന്ധിച്ച വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ  വ്യാജതെളിവുകൾ ഉണ്ടാക്കാൻ അതു ഉപയോഗിച്ചതായ ആരോപണവും അന്നുതന്നെ ഉയർന്നുവന്നിരുന്നു. 

കേസിൽ കൂടുതൽ അന്വേഷണം നടക്കുകയും  സർക്കാർ ഏജൻസികൾ പ്രതിക്കൂട്ടിലാവുകയും ചെയ്താൽ നരേന്ദ്രമോദി സർക്കാരിന് അതു അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്കൻ .തിരഞ്ഞെടുപ്പിൽ റഷ്യൻ  ഏജൻസികൾ ഇടപെട്ടു എന്ന ആരോപണവും തുടർന്നു അമേരിക്കയിൽ റോബർട്ട് മുള്ളർ കമ്മീഷൻ നടത്തിയ അന്വേഷണവും വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഭീമകോരേഗാവ് കേസിലെ ഹാക്കർ ഇടപെടൽ കൂടുതൽ അന്തരാഷ്ട്ര  ശ്രദ്ധ കേസിലേക്ക് കൊണ്ടുവരും എന്നും തീർച്ചയാണ്.  

Leave a Reply