ടാഗോറിന്റെ കസേരയിൽ അമിത് ഷായ്ക്കെന്തുകാര്യം എന്നു ബംഗാൾ നേതാക്കൾ

 

ന്യൂദൽഹി: രബീന്ദ്രനാഥ ടാഗോറിന്റെ സർവ്വകലാശാലയായ വിശ്വഭാരതിയിൽ കവി ജീവിച്ചിരുന്ന കാലത്തു ഉപയോഗിച്ചിരുന്ന കസേരയിൽ  ആഭ്യന്തരമന്ത്രി അമിത് ഷാ കേറിയിരുന്നതായുള്ള ആരോപണമാണ് ഇപ്പോൾ ബംഗാളിൽ അരങ്ങുനിറഞ്ഞു നിൽക്കുന്നത്.

അടുത്തു നടക്കുന്ന ബംഗാൾ നിയമസഭാ  തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിനെ അട്ടിമറിച്ചു സംസ്ഥാനം പിടിച്ചെടുക്കാനാണ് അമിത് ഷായും കൂട്ടരും പഠിച്ച പണി പതിനെട്ടും പയറ്റുന്നത്. അതിനായി ബിജെപിയുടെ നേതാക്കൾ  നിരന്തരം ബംഗാളിലെത്തി പ്രചാരണം കൊഴുപ്പിക്കുകയാണ്. കിഴക്കൻ ഇന്ത്യ എന്നും ബിജെപിക്കു  ബാലികേറാമല ആയിരുന്നു. എന്നാൽ ആസാമും ത്രിപുരയും പിടിച്ചതോടെ ബംഗാളും  കൈവശമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര ഭരണകക്ഷി.

 അതിനിടയിലാണ് ആഭ്യന്തരമന്ത്രി ബംഗാളിന്റെ വിശ്വകവിയോടു അനാദരവ്  കാണിച്ചതായി ആരോപണം വന്നത്. ഈയിടെ  സര്‍വകലാശാല സന്ദർശിച്ച അമിത് ഷാ സന്ദർശകപുസ്തകത്തിൽ ഒപ്പിടാനായി ഇരുന്ന സന്ദർഭത്തിൽ ഉപയോഗിച്ചത് കവിഗുരുവിന്റെ കസേരയാണെന്നു ആരോപണമുണ്ടായി. ബംഗാളി മാധ്യമങ്ങളിൽ ഇതു പടർന്നുകയറി. കഴിഞ്ഞതവണ  നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ കൊൽക്കത്താ  സർവകലാശാലയിൽ പാഞ്ഞുകേറിയ ബിജെപി പ്രവർത്തകർ അവിടെയുള്ള ബംഗാളി നവോത്ഥാന നായകൻ ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമക്കു കേടുപാടുകൾ വരുത്തിയിരുന്നു. അതു വാർത്തയായതോടെ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ബംഗാളി സംസ്കാരത്തെ ബിജെപിയുടെ ഉത്തരേന്ത്യൻ നേതാക്കൾ അപമാനിച്ചു എന്ന ആരോപണമാണ് കത്തിപ്പിടിച്ചത്.

കവിയുടെ കസേരയിൽ മന്ത്രി കേറിയിരുന്ന വിഷയത്തിൽ സമാനമായ പ്രതികരണം  മണത്ത ബിജെപി നേതൃത്വം അതിനെ പ്രതിരോധിക്കാൻ കരുക്കൾ നീക്കുകയാണ്. ഇന്നലെ ലോക്സഭയിൽ പ്രസംഗിച്ച അമിത്ഷാ താൻ ഇരുന്നത് കവിയുടെ കസേരയിലല്ല, മറിച്ചു വേറൊരു കസേര കൊണ്ടുവന്നു അതിലിരുന്നാണ് പുസ്തകത്തിൽ ഒപ്പിട്ടതെന്നു തെളിയിക്കാൻ വൈസ് ചാൻസലറുടെ കത്ത് ഹാജരാക്കി. ആഭ്യന്തരമന്ത്രിയുടെ സന്ദർശന സമയത്തു  അദ്ദേഹത്തിനു ഇരിക്കാൻ പ്രത്യേകം കസേര തയ്യാറാക്കിയിരുന്നു എന്നാണ് ബിജെപി നോമിനിയായി വൈസ് ചാൻസലർ പദവിയിൽ എത്തിയ രാഷ്ട്രീയ ചരിത്രകാരൻ ബിദ്യുത്‍ ചക്രവർത്തിയുടെ കത്തിൽ പറയുന്നത്.

സഭയിൽ  വിഷയം ഉന്നയിച്ചത് ബംഗാളിൽ നിന്നുള്ള കോൺഗ്രസ്സ് അംഗവും ലോക്സഭയിലെ പാർട്ടി നേതാവുമായ അധിർ രഞ്ജൻ ചൗധുരിയാണ്. സംഭവം  സംബന്ധിച്ചു ചൗധുരി നേരത്തെ വിസിയ്‌ക്കു എഴുതിയ പ്രതിഷേധ കുറിപ്പിനുള്ള മറുപടിയാണ് ആഭ്യന്തരമന്ത്രി സഭയിൽ ഹാജരാക്കിയത്.  ടാഗോറിന്റെ കസേരയിൽ താൻ ഇരുന്നിട്ടില്ലെന്നും എന്നാൽ കോൺഗ്രസ്സിന്റെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും രാജീവ് ഗാന്ധിയും വിശ്വഭാരതിയിൽ എത്തിയപ്പോൾ ടാഗോറിന്റെ കസേര ഉപയോഗിച്ചതായും പഴയ ഫോട്ടോഗ്രാഫുകൾ ഹാജരാക്കി അമിത് ഷാ വാദിച്ചു. ടാഗോറിന്റെ ആത്മസുഹൃത്തും സഹപ്രവർത്തകനുമായ നെഹ്‌റുവിനേയും തന്നേയും താരതമ്യപ്പെടുത്തുന്ന അമിത് ഷായുടെ വാദമുഖങ്ങൾ ബംഗാളിജനത അംഗീകരിക്കുമോ എന്ന വിഷയം തിരഞ്ഞെടുപ്പിനുശേഷം അറിയാം. 

Leave a Reply