പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; സോളാറും ശബരിമലയും വീണ്ടും രംഗത്ത്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ വിപണന സാധ്യതയുള്ള പഴയ വിഷയങ്ങൾ തപ്പിയെടുത്തു വീണ്ടും രംഗത്തവതരിപ്പിക്കുന്ന തിരക്കിലാണ് വിവിധ മുന്നണികൾ. ഒരുതവണ പൊട്ടിയ പടക്കം വീണ്ടും പൊട്ടുമോ അതോ ചീറ്റിപ്പോകുമോ എന്നകാര്യം തിരിച്ചറിയാൻ പക്ഷേ വോട്ടെടുപ്പു കഴിയുംവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഭരണത്തിലുള്ള ഇടതുമുന്നണി സർക്കാരാണ് പഴഞ്ചരക്കുകളുടെ വിറ്റഴിക്കൽ വില്പന ആദ്യം ആരംഭിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു കത്തിനിന്ന സോളാർ തട്ടിപ്പു വിവാദവും അതിന്റെ ഭാഗമായി ഉയർന്ന ലൈംഗിക ആരോപണങ്ങളുമാണ് സംഭവം സംബന്ധിച്ച സിബിഐ അന്വേഷണ ഉത്തരവിലൂടെ സിപിഎം സർക്കാർ വീണ്ടും ഉയർത്തിയത്. സോളാർ സംഭവത്തിലെ വിവാദനായിക സരിതാനായർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുവിജയത്തിനു വലിയ സഹായമാണ് നൽകിയത്. യുഡിഎഫ് സർക്കാരിനും അതിലെ വിവിധ മന്ത്രിമാർക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ ആരോപണങ്ങൾ ഉയർന്നു. സംഭവമന്വേഷിക്കാൻ ഉമ്മൻചാണ്ടി തന്നെ നിശ്ചയിച്ച ശിവരാജൻ കമ്മീഷനു മുന്നിൽ ഒരു ദിവസം മുഴുക്കെ മൊഴി നൽകാനായി മുഖ്യമന്ത്രി ചെലവഴിച്ചു. എന്നാൽ ഉമ്മൻചാണ്ടിയടക്കം ആരോപണവിധേയർക്കെതിരെ പോലീസ് കേസടുത്തു അന്വേഷിക്കണമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞത്. ഹൈക്കോടതി പക്ഷേ ആ നിർദേശം തള്ളുകയായിരുന്നു .
വേങ്ങരയിൽ തന്റെ നിയമസഭാ സീറ്റ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നു ഉപതിരഞ്ഞെടുപ്പു നടക്കുന്ന ദിവസമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തു സോളാർ വീണ്ടും അരങ്ങത്തെത്തിയത്. കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുത്തത് വേങ്ങരയിൽ വോട്ടർമാർ ബൂത്തിലേക്ക് നീങ്ങിത്തുടങ്ങിയ അവസരമാണ്. ലീഗിന്റെശക്തികേന്ദ്രമായ വേങ്ങരയിൽ പോലും സോളാർശക്തി ഇടതുരാഷ്ട്രീയത്തിനു ഇന്ധനമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു എന്നാണ് അതു തെളിയിച്ചത്.
പക്ഷേ വേങ്ങരയിൽ സോളാർ ഏറ്റില്ല. അതിനാൽ നാലുകൊല്ലമായി സോളാറും സരിതയും എൽഡിഎഫിന്റെ ശീത സംഭരണിയിൽ കഴിഞ്ഞുകൂടി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ സരിത വീണ്ടും തലപൊക്കി. സിബിഐ അന്വേഷണം വേണമെന്ന ഇരയുടെ അഭ്യർത്ഥന സർക്കാർ സർവാത്മനാ സ്വീകരിച്ചു. ഉത്തരവും പുറപ്പെടുവിച്ചു.
സോളാറിനെ നേരിടാൻ യുഡിഎഫ് കണ്ടെത്തിയത് ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ദിവ്യശക്തിയാണ്. സോളാറിൽ പൊള്ളലേറ്റ ഉമ്മൻചാണ്ടി തന്നെയാണ് ശബരിമല ശാസ്താവിനെ അഭയം പ്രാപിച്ചത്. യുഡിഎഫ് നേതൃത്വത്തിലുള്ള ഐശ്വര്യകേരളയാത്ര പുറപ്പെടുന്ന ദിവസം തന്നെയാണ് ശബരിമലയിൽ എൽഡിഎഫ് സർക്കാർ ആചാരലംഘനം നടത്തിയെന്ന വിഷയവുമായി അദ്ദേഹം ഇറങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനു അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിൽ ശബരിമല വലിയ പങ്കാണ് വഹിച്ചത് എന്ന് ഉമ്മൻചാണ്ടിയും സംഘവും കാണുന്നു. വിഷയത്തിൽ സർക്കാർ അന്നെടുത്ത നിലപാടുകളെ വീണ്ടും ന്യായീകരിക്കാൻ രണ്ടാം നവോത്ഥാന നായകനായി അന്നു സംസ്ഥാനത്തു അവതരിച്ച പിണറായി വിജയൻ പോലും തയ്യാറാവുകയില്ല എന്നും അവർ കണക്കുകൂട്ടുന്നു. അതോടെ മണ്ഡലകാലം കഴിഞ്ഞിട്ടും യൂഡീഎഫ് വേദികളിൽ അയ്യപ്പഭക്തിഗാനങ്ങൾ നിറഞ്ഞൊഴുകുന്നു.
അതോടെ സിപിഎം അല്പം പതറിയ മട്ടിലാണ്. ശബരിമല വിഷയത്തിൽ നവോത്ഥാന വേഷംകെട്ടൽ നാട്ടുകാരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തും എന്നവർക്കു അറിയാം. എന്നാൽ പുരോഗമനവേഷം പൂർണമായും അഴിച്ചുവെക്കാനും വയ്യ. അതിനാൽ പഴയ ആചാര്യൻ മാർക്സിനെ തന്നെ ശീർഷാസനത്തിൽ നിർത്താനാണ് സൈദ്ധാന്തികനുംമുൻകാല കായികാധ്യാപകനുമായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ തയ്യാറായിരിക്കുന്നത്. മാർക്സിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യൻ മണ്ണിനു പറ്റിയതല്ല എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. ഇന്നാട്ടിൽ പഴയ ഫ്യൂഡൽ അന്ധവിശ്വാസവും അനാചാരങ്ങളും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതിനാൽ നാടോടുമ്പോൾ നടുവേ ഓടണം, മണ്ഡലകാലത്തു ഇരുമുടിക്കെട്ടു ആചാരാനുഷ്ടാനങ്ങളോടെ തലയിലേറ്റണം എന്നാണ് മാസ്റ്ററുടെ നിഗമനം. അതിനായി സാധിക്കുന്നവരൊക്ക നാല്പത്തൊന്നു ദിവസം വ്രതമെടുക്കണം. സ്ത്രീസംസർഗവും പാടില്ല. അയ്യപ്പപ്രസാദം ലഭിക്കാൻ ഭക്തിമാർഗം മാത്രമാണ് ശരണം എന്നു പുതിയ ആചാര്യൻ പറയുന്നു. ഇനി പുലർകാലങ്ങളിൽ രക്തസാക്ഷി മണ്ഡപങ്ങളിൽ പ്രഭാതഭേരിക്കൊപ്പം അയ്യപ്പ ശരണമന്ത്ര ധ്വനികളും പ്രതീക്ഷിക്കാം എന്നു ചില സഖാക്കൾ പറയുന്നു.