മ്യാൻമറിൽ പ്രതിഷേധം ശക്തിപ്പെടുന്നു;സൈന്യം അധികാരം വിടണമെന്ന് ബൈഡൻ
ന്യൂദൽഹി: മ്യാൻമറിൽ ജനാധിപത്യ സര്കാരിനെ അട്ടിമറിച്ചു സൈന്യം വീണ്ടും അധികാരം പിടിച്ചെടുത്തതിൽ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നു. മ്യാൻമറിൽ സൈന്യം ജനവിധി അംഗീകരിക്കണമെന്നും ജനാധിപത്യ പാർട്ടി നേതാവ് ഓങ് സാൻ സ്യൂകി അടക്കം തടവിലുള്ള മുഴുവൻ നേതാക്കളെയും ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ള മറ്റു ലോകനേതാക്കളും സൈനിക അട്ടിമറിയിൽ പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിച്ചു.
മ്യാൻമറിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് വിൻ മിന്റ് അടക്കം നിരവധി നേതാക്കളെയും പ്രധാന ഉദ്യോഗസ്ഥരെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. സ്യൂകി വീട്ടുതടവിൽ കഴിയുകയാണെന്നു അവരുടെ പാർട്ടിയായ എൻഎൽഡിയുടെ വെബ്‌സൈറ്റിൽ അറിയിച്ചു.
അട്ടിമറിക്കെതിരെ അധ്യാപകരും വിദ്യാർത്ഥികളും രാഷ്ട്രീയപ്രവർത്തകരും രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധ പ്രകടനം നടത്തിയതായി ബിബിസി അറിയിച്ചു. ജനങ്ങൾ വിവരങ്ങളറിയാനായി ഉപയോഗിച്ചുവന്ന ഫേസ്ബുക് പ്രവർത്തനം രണ്ടു ദിവസമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം തടുങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി. ബന്ധപ്പെട്ട കമ്പനികൾ അതിനെതിരെ മ്യാൻമർ സർക്കാറിനോട് പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.