കിഫ്‌ബി: ചോദ്യോത്തരങ്ങൾ (12)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

ചോദ്യത്തിന് ഈ പംക്തിയുടെ പ്രമേയവുമായി ബന്ധമില്ലെങ്കിൽ ക്ഷമിക്കുക– രാഷ്ട്രീയ സമ്പദ്ശാസ്ത്രം എന്നാലെന്താണ്? 

ഈ പംക്തി ആധാരമാക്കുന്ന രീതിശാസ്ത്രം പ്രത്യക്ഷമായി വിശദീകരിക്കുവാൻ ഇതുവരെ അവസരമുണ്ടായില്ല.അതിലേക്കു വഴിതുറക്കുന്ന ചോദ്യം ഉന്നയിച്ചതിന് നന്ദി. സമ്പദ്‌വ്യവസ്ഥയുടെയും അധികാരബന്ധങ്ങളുടെയും അവിഭാജ്യതയാണ് രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിന്റെ ചിന്താപരിസരം. ഏതുതരം സാമൂഹിക സാഹചര്യങ്ങളിലാണ്, ഉടമസ്ഥതാബന്ധങ്ങളുടെ ഭൂമികയിലാണ് സമ്പത്ത്  ഉല്പാദിക്കപ്പെടുന്നത്, ഏതു രീതിയിലും അനുപാതത്തിലുമാണ് അത് വ്യത്യസ്ത ജനവിഭാഗങ്ങളിൽ വിതരണം ചെയ്യപ്പെടുന്നത്, എങ്ങനെയാണ് ഭരണനയങ്ങൾ സമ്പദ് വിതരണത്തെ  സ്വാധീനിക്കുന്നത്, ഈ വീതക്രമത്തിന്റെ ഫലങ്ങളെന്താണ്, അവ സാമൂഹികനീതിക്കു നിരക്കുമോ എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് രാഷ്ട്രീയസമ്പദ്ശാസ്ത്രം തേടുന്നത്. സമ്പദ്‌വിശകലനത്തിൽ ചരിത്രപരവും സാമൂഹികവുമായ പ്രക്രിയകളോടു പുലർത്തുന്ന ജൈവബന്ധമാണ് സമ്പദ്ശാസ്ത്രത്തിലെ മറ്റു ചിന്താപദ്ധതികളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്.

കിഫ്‌ബി മസാലബോണ്ട് ഇറക്കി വിദേശവിപണിയിൽനിന്ന് കടമെടുത്തത്  നിയമവിരുദ്ധമായിരുന്നുവെന്ന് സിഎജി വിമർശിക്കുന്നു. കേരളസർക്കാർ നേരത്തെ കുടിവെള്ള പദ്ധതിക്കായി ജപ്പാനിൽ നിന്നും, ഈയടുത്തകാലത്ത് പ്രളയനാന്തര പുനർനിർമാണത്തിനായി ലോകബാങ്കിൽ നിന്നും കടമെടുത്തിരുന്നല്ലോ. അന്നില്ലാതിരുന്ന വിമർശനം ഇപ്പോഴെന്തുകൊണ്ട്?     

സംസ്ഥാനസർക്കാരുകൾ ദാരിദ്യനിർമാർജന, വികസന പദ്ധതികൾക്കായി വിദേശരാജ്യങ്ങളിൽ നിന്നും ആഗോളവികസനസംഘടനകളിൽ നിന്നും ധനസഹായം സ്വീകരിക്കാറുണ്ട്  എന്നത് ശരിയാണ്. എന്നാൽ അത് നേരിട്ടല്ല, കേന്ദ്രസർക്കാർ വഴിയാണ്. കേന്ദ്രസർക്കാർ തന്നെയാണ് കടം തിരിച്ചടക്കാനുള്ള ബാധ്യത ഏൽക്കുന്നതും അതിനുള്ള ഈട് നൽകുന്നതും. അതുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും കേന്ദ്രധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പിനാണ്. വിദേശധനസഹായത്തിനുള്ള ത്രികക്ഷികരാറിൽ സംസ്ഥാനസർക്കാർ  ഒപ്പുവെക്കുന്നത് നിർവഹണസ്ഥാപനമെന്ന നിലയിൽ മാത്രമാണ്.   

ഇപ്രകാരം ലഭിക്കുന്ന വിദേശസഹായം കേന്ദ്രം വായ്പയും സഹായധനവുമായി സംസ്ഥാനങ്ങൾക്കു കൈമാറുന്നു. കൈപ്പറ്റിയതിനേക്കാൾ ഉയർന്ന പലിശയാണ് ഈടാക്കുക. വിദേശനാണയ വിനിമയനിരക്കിലെ മാറ്റം മൂലം തിരിച്ചടവ് തുകയിൽ വന്നേക്കാവുന്ന വർദ്ധനവ്, സേവനചെലവ്, ഈടിനുള്ള പ്രതിഫലം  എന്നിവകൂടി ചേർത്താണിത്.    

കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങൾക്കും വിദേശസഹായം സ്വീകരിക്കാം. അതും കേന്ദ്രസർക്കാർ വഴിയാണ്, കേന്ദ്രസർക്കാരിന്റെ ഈടിന്മേലാണ്. 2017ലെ നയഭേദഗതി പ്രകാരം ദേശീയപ്രാധാന്യമുള്ള, വൻകിട അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി വിദേശത്തുനിന്ന് കടമെടുക്കാൻ സംസ്ഥാനസർക്കാർ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. മറ്റു വിദേശസഹായത്തിൽ നിന്നു  വ്യത്യസ്തമായി ധനകാര്യഉത്തരവാദിത്വനിയമം സംസ്ഥാനങ്ങൾക്കു അനുശാസിക്കുന്ന കടമെടുപ്പ് പരിധി ഇതിനു ബാധകമല്ല. എന്നാൽ നിബന്ധനകൾ കര്‍ശനമാണ്. പദ്ധതിക്കു ചുരുങ്ങിയത് 5000 കോടി രൂപയുടെ അടങ്കലുണ്ടാവണം. കടമെടുക്കുന്ന സ്ഥാപനം പിന്നിട്ട മൂന്നുവർഷങ്ങളിൽ പ്രതിവർഷം  ശരാശരി 1000 കോടി രൂപയുടെ വരുമാനവും 500 കോടി രൂപയുടെ ലാഭവും നേടിയിരിക്കണം. ഇത്തരം വായ്പകൾക്ക് ഈട് നൽകുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായിട്ടാവണം (കേന്ദ്രധനമന്ത്രാലയം, സാമ്പത്തികകാര്യവകുപ്പ്, ഓഫീസ് മെമ്മോറാണ്ടം നം. 1/3/2017-ജപ്പാൻ -I, 16.05.2017).

ചുരുക്കിപ്പറഞ്ഞാൽ, പദ്ധതി കേന്ദ്രത്തിന്റേതോ സംസ്ഥാനത്തിന്റേതോ  പൊതുമേഖലയുടേതോ ആവട്ടെ, വിദേശധനസഹായത്തിന്റെ കൈകാര്യചുമതല പൂർണമായും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വിദേശസർക്കാരുകളും ആഗോളവികസനസംഘടനകളും പരമാധികാര സർക്കാരുകളുമായി മാത്രമേ ഉടമ്പടികളിൽ ഏർപ്പെടുകയുള്ളു. ലോകബാങ്കിൽ നിന്നുള്ള ധനസഹായത്തിന് അന്താരാഷ്ട്രനാണയനിധിയിലും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിൽ നിന്നുള്ളതിന്  ഐക്യരാഷ്ട്രസഭയിലും അംഗത്വം നിർബന്ധമാണ്. അത് പരമാധികാര രാഷ്ട്രങ്ങൾക്കു മാത്രമേ  സാധ്യമാവുകയുള്ളൂ. രണ്ട്, സംസ്ഥാനങ്ങൾ വിദേശത്തുനിന്നു കടമെടുക്കുന്നത്  ഇന്ത്യൻ ഭരണഘടന വിലക്കിയിട്ടുണ്ട്. രാജ്യാതിർത്തിക്കുള്ളിൽ നിന്നു മാത്രമേ സംസ്ഥാനസർക്കാരുകൾക്ക് കടമെടുക്കാനാവൂ, അങ്ങനെയുള്ള കടത്തിനേ ഈടു നല്കാൻ അധികാരമുള്ളൂ.   

ഇനി കിഫ്ബിയിലേക്കു വരാം. റിസർവ്ബാങ്കിന്റെ നിർവചനപ്രകാരമുള്ള ബോഡി കോർപ്പറേറ്റ് അല്ല എന്നതിനാൽ കിഫ്ബിക്കു മസാലബോണ്ട് ഇറക്കാൻ നിയമപരമായ അർഹതയില്ലെന്ന് ഈ പംക്തിയിൽ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കിഫ്ബിയുടെ ഭരണഘടനാപരമായ വിവക്ഷകളാണ് സിഎജി റിപ്പോർട്ട് വെളിവാക്കുന്നത്. സർക്കാരിന്റെ നികുതിവരുമാനത്തിന്റെ മാറ്റിവെക്കപ്പെട്ട പങ്കാണ് കിഫ്ബിയുടെ വരുമാനം. കിഫ്ബിയുടെ കടമെടുപ്പിനു  ഈടു നൽകിയത് സംസ്ഥാനസർക്കാരാണ്. തിരിച്ചടവിന്റെ ബാധ്യതയും സംസ്ഥാനസർക്കാരിനാണ്. ഈ കാരണങ്ങളാൽ കിഫ്‌ബി സംസ്ഥാനസർക്കാരിന്റെ അവിഭാജ്യഘടകമാണ്.  സ്വേച്ഛാനുസാരം കടമെടുക്കാൻ സംസ്ഥാനസർക്കാരിന് അധികാരമില്ല. അതുകൊണ്ടുതന്നെ കിഫ്ബിക്കും അതില്ല. ”ചെയ്യാൻ അധികാരമില്ലാത്തത് ചെയ്യിക്കാനും അധികാരമില്ല”  എന്നത് നിയമസംഹിതയുടെ അടിസ്ഥാനപ്രമാണം.   

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply