കാലടിയിലെ നിയമന അട്ടിമറി;ഇടതു അനുകൂലസംഘടനകളിലും അസ്വസ്ഥത പുകയുന്നു

കോഴിക്കോട്:  സിപിഎമ്മിന്റെ യുവനേതാവും മുൻ പാലക്കാട് എംപിയുമായ എം ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വകുപ്പിൽ യോഗ്യതാ  മാനദണ്ഡങ്ങൾ അട്ടിമറിച്ചു നിയമനം നൽകിയതിൽ ഇടതു അനുകൂല അധ്യാപകസംഘടനകളിൽ പോലും അസ്വസ്ഥത പുകയുന്നു.

റാങ്കുപട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുവന്ന സ്ഥാനാർത്ഥികളെ  തഴഞ്ഞാണ് അപേക്ഷാസമയത്ത്  വെറും സ്കൂൾ അദ്ധ്യാപിക മാത്രമായിരുന്ന എംപിയുടെ ഭാര്യക്കു അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലിം സംവരണ പോസ്റ്റിൽ നിയമനം നൽകിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. റാങ്കുപട്ടികയിൽ അട്ടിമറി നടന്നതായി ഇന്റർവ്യൂ സമിതിയിൽ അംഗമായിരുന്ന കാലിക്കറ്റ് സർവ്വകലാശാലാ മലയാളം വകുപ്പിലെ അധ്യാപകൻ ഡോ .ഉമ്മർ തറമേൽ വ്യക്തമാക്കി.  റാങ്കുപട്ടിക ശീർഷാസനം നടത്തുന്ന അത്ഭുതവിദ്യയാണ്‌ കാലടിയിൽ കണ്ടതെന്ന് അദ്ദേഹം ഇന്നലെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇനിമുതൽ ഇങ്ങനെയുള്ള ഇന്റർവ്യൂ നാടകങ്ങൾക്കു പോകാൻ താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

 കാലടി സർവകലാശാലയുടെ വിസി ഡോ.ധർമരാജ് അടാട്ട് ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ റാങ്കുപട്ടികയിൽ  വന്നവർക്കു അഭിമുഖത്തിൽ കിട്ടിയ മാർക്ക് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. അതു കോടതി ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ വെളിപ്പെടുത്താനാവു എന്നാണ് സിപിഎം ഭരണകാലത്തു നിയമിതനായ ഇടതു സഹയാത്രികനായ വിസിയുടെ നിലപാട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയുടെ ഒരു ഉയർന്ന നേതാവിന്റെ പേരിൽ ഉയർന്നുവന്നിരിക്കുന്ന അഴിമതി ആരോപണം സിപിഎമ്മിന് കൂടുതൽ പ്രശ്നമുണ്ടാക്കും എന്നു വ്യക്തമാണ്.  അട്ടിമറിക്കു ഇരയായ സ്ഥാനാർത്ഥികളിൽ പലരും  ഇടതു വിദ്യാർത്ഥി, യുവജന സംഘടനകളുമായി ബന്ധമുളളവരാണ്. എന്നാൽ മുൻ എംപിയുടെ സ്വാധീനം കാരണമാണ് തങ്ങളുടെ  അവകാശം അട്ടിമറിക്കപ്പെട്ടതു എന്നു അവരിൽ പലരും ചൂണ്ടിക്കാണിക്കുന്നു.  ഇടതു അധ്യാപകനായ ഡോ.ആസാദ്,  കെ എം  ഷാജഹാൻ തുടങ്ങിയവരും വിഷയത്തിൽ ശക്തമായ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply