എം ശിവശങ്കർ ജയിൽ മോചിതനായി
കൊച്ചി : 98 ദിവസമായി ജയിലിൽ കഴിഞ്ഞ എം ശിവശങ്കർ ഇന്ന് ജാമ്യത്തിലിറങ്ങി. ഡോളർ കടത്തു കേസിൽ എറണാകുളം ചീഫ് മജിസ്‌ട്രേട് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഇന്ന് ജയിൽ മോചിതനായത്. കസ്റ്റംസ് ജാമ്യ അപേക്ഷ എതിർത്തില്ല.നേരത്തെയുള്ള കേസുകളിലെ അതേ ജാമ്യ വ്യവസ്ഥ തന്നെയാണ് ഇവിടെയും . എല്ലാ ഞായറാഴ്ചയും കസ്റ്റംസിന് മുന്നിൽ ഹാജരാകണം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണം ഉള്ളത് കൊണ്ട് അന്വേഷണം ശക്തമായി തുടരണം എന്ന് കോടതി നിർദേശിച്ചു.
എന്നാൽ ബിജെപിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു, എം ശിവശങ്കറിന് ജാമ്യം കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ചു ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഏറെ കൗതുകകരമായി. ശിവശങ്കർ നിരപരാധിയാണെന്നും ആരോപണങ്ങൾ തള്ളിപ്പോകുമെന്നും മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും വേണു കുറ്റപ്പെടുത്തി. ശിവശങ്കറിന് ജാമ്യം ലഭിച്ച വാർത്ത പുറത്തു വന്നുടനെയാണ് വേണുവിന്റെ ഈ പരസ്യ പ്രതികരണം.