മ്യാൻമാർ നേതാവ് സ്യൂകി വീട്ടുതടങ്കലിൽ; വിദേശശക്തികൾ ഇടപെടരുതെന്ന് ചൈന

ന്യൂദൽഹി : മ്യാൻമറിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ പ്രതീകവും ഭരണ  കക്ഷിയായ എൻഎൽഡിയുടെ നേതാവുമായ ഓങ് സാൻ സ്യൂകി തലസ്ഥാനനഗരിയിലെ അവരുടെ വീട്ടിൽ പട്ടാളത്തിന്റെ തടവിലാണെന്നു എൻഎൽഡി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ നടന്ന പട്ടാള അട്ടിമറിക്കു ശേഷം തടവിലാക്കപ്പെട്ട രാജ്യത്തിൻറെ പ്രസിഡണ്ട് വിൻ  മിന്റ്, പാർട്ടി നേതാവ് സ്യൂകി  തുടങ്ങിയ പ്രമുഖ നേതാക്കളുടെ സ്ഥിതിഗതികൾ സംബന്ധിച്ചു പുതിയ ഭരണകൂടം ഒരു വിവരവും നൽകിയിരുന്നില്ല. തലസ്ഥാനമായ  നായ്‌പിഡോയിലും മറ്റു നഗരങ്ങളിലും പട്ടാളം സായുധമായി തെരുവുകളിൽ റോന്ത് ചുറ്റുകയാണ്. ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. നിരവധി പൗരവകാശ പ്രവർത്തകരെയും ഭരണകക്ഷിയായ എൻഎൽഡിയുടെ നേതാക്കളെയും തടവിലാക്കിയിട്ടുണ്ട്.

സ്യൂകിയും മറ്റു നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടശേഷം പുറംലോകവുമായി  ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും പട്ടാള അട്ടിമറിക്കെതിരെ  പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രസ്താവന സൂകിയുടേതായി പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിനു തൊട്ടുമുമ്പ് തയ്യറാക്കിയതാണ് പ്രസ്താവനയെന്നു എൻഎൽഡി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സ്യൂകിയെയും മറ്റു നേതാക്കളെയും ഉടൻ വിട്ടയക്കണമെന്ന് പാർട്ടിയുടെ ഫേസ്‌ബുക് അകൗണ്ടിൽ വന്ന പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്യൂകിഅവരുടെ വീടിന്റെ മുറ്റത്തു നടക്കുന്നതായി കണ്ടെന്നു ഒരു   അയൽവാസിയെ ഉദ്ധരിച്ചു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത് .

മ്യാൻമാറിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തും. എന്നാൽ സ്ഥിതിഗതികൾ വഷളാക്കുന്ന  നടപടികളിൽ നിന്ന് ലോകരാജ്യങ്ങൾ പിന്മാറ ണമെന്നു ചൈന ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  മ്യാൻമർ നേരത്തെ സൈനിക ഭരണത്തിൽ ഇരുന്ന കാലം മുതലേ അവിടത്തെ ഭരണകൂടവുമായി അടുത്ത ബന്ധമാണ് ചൈനക്കുള്ളത്.

വീണ്ടും പട്ടാളം  ഭരണം ഏറ്റെടുത്ത സാഹചര്യത്തിൽ മ്യാൻമറിലെ റോഹിൻഗ്യൻ മുസ്ലീം സമൂഹത്തിന്റെ ഭാവി സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്.  റോഹിൻഗ്യൻ വംശജരെ അവരുടെ ഗ്രാമങ്ങളിൽ നിന്നു പട്ടാളം ആട്ടിയോടിക്കുകയായിരുന്നു.  ലക്ഷക്കണക്കിന് റോഹിൻഗ്യരാണ് ബംഗ്ലാദേശിൽ അഭയം തേടിയത്. അവരുടെ തിരിച്ചുവരവിന് ശ്രമങ്ങൾ നടക്കുന്ന അവസരത്തിലാണ് മ്യാൻമറിലെ ജനകീയ ഭരണം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇതു  ഇന്ത്യയ ടക്കമുള്ള അയൽരാജ്യങ്ങൾക്കു വലിയ പ്രതിസന്ധികൾ ഉയർത്തുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 

Leave a Reply