ഷ്ഡാനോവിന്‍റെ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ സമയമായി

“സ്റ്റാലിനെയും അദ്ദേഹത്തിന്‍റെ തത്വസംഹിതകളെയും സോവിയറ്റ്നാട്ടില്‍പ്പോലും വിമര്‍ശനത്തിന് വിധേയമാക്കുന്ന കാലത്തു കേരളത്തില്‍ അങ്ങനെയൊരു പൊളിച്ചെഴുത്തു നടക്കുകയുണ്ടായില്ല.”

എൻ പി ചെക്കുട്ടി

മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിനു വിരാമം വന്നില്ലെങ്കിലും ശബരിമല വിവാദത്തിനു താല്‍ക്കാലികമായെങ്കിലും വിരാമമായി. കുടത്തിലടച്ച ഭൂതത്തെ സുപ്രീംകോടതി വീണ്ടും തുറന്നുവിട്ടാല്‍ കേരളത്തിലെ പുരോഗമന സര്‍ക്കാര്‍ ഇനിയെന്തു നിലപാട് സ്വീകരിക്കും എന്ന് കാണാനിരിക്കുന്നതേയുള്ളു. എന്നാല്‍ ശബരിമല വിവാദം കേരള നവോത്ഥാനത്തെ സംബന്ധിച്ച ചില പുനരാലോചനകള്‍ക്കു വഴി തുറന്നു. കേരളത്തില്‍ വലതുപക്ഷത്തിന്‍റെ ദീര്‍ഘകാല മുന്നേറ്റത്തിനു സാദ്ധ്യതകള്‍ തുറക്കുന്ന ചില മിഥ്യാധാരണകള്‍ ഇടതുപക്ഷം പുലര്‍ത്തിവരുന്നുണ്ടെന്നു സമീപകാല വിവാദം ചൂണ്ടിക്കാട്ടി. അതിനാല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ നവോത്ഥാന സങ്കല്പം തന്നെ ഒരു പുനഃപരിശോധനക്കു വിധേയമാക്കാന്‍ സമയമായി. സംസ്കാരവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളുടെ സവിശേഷപ്രശ്നങ്ങള്‍ ഇനിയും അവഗണിച്ചു തള്ളാവുന്നതല്ല.

ശബരിമല വിവാദകാലത്തു നിയമസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പറഞ്ഞ ഒരു കാര്യം ചിന്തനീയമായിരുന്നു. അദ്ദേഹം പറഞ്ഞത്, നവോത്ഥാനത്തെക്കുറിച്ചു പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ ഓര്‍ക്കേണ്ട ഒരു കാര്യം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് അടിത്തറയായി നിന്നത് ഭൗതികവാദ പ്രസ്ഥാനങ്ങളല്ല, മറിച്ചു ആദ്ധ്യാത്മികമായ മുന്നേറ്റങ്ങളാണ് എന്നാണ്. കേരളീയ നവോത്ഥാനത്തിന്‍റെ നേരവകാശികളാണ് തങ്ങളെന്ന ഇടതുപക്ഷ അവകാശവാദത്തിനുള്ള മറുപടിയാണ് ബിജെപി നേതാവ് പറഞ്ഞത്. അതിനാല്‍ ശബരിമലയിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്താണ് കേരളീയ നവോത്ഥാനത്തിന്‍റെ അടിസ്ഥാന ധാരകളെന്നും അതിനു പ്രചോദനം നല്‍കിയ ശക്തികള്‍ ഏതൊക്കെയെന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്. കേരളീയ നവോത്ഥാനം ഇടതുപക്ഷ ആശയങ്ങള്‍ക്കു മാത്രം വളരാനിടം നല്‍കിയ ഒരു ഏകവിളത്തോട്ടമായിരുന്നു എന്ന മട്ടിലുള്ള ചില ഇടതു സൈദ്ധാന്തികന്മാരുടെ നിലപാടുകള്‍ ഇനിയെങ്കിലും തിരുത്തുകയാവും ബുദ്ധി. മുന്‍കാല കമ്മ്യൂണിസ്റ്റ് ശക്തിദുര്‍ഗങ്ങളില്‍ പലേടത്തും ഇന്ന് കാവിക്കൊടി പാറുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനും അപ്പോള്‍ ഉത്തരം കണ്ടെത്താനാവും.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് കോട്ടകളിലുണ്ടായ വിള്ളലുകള്‍ നോക്കുക

പ്രസ്ഥാനത്തിന്‍റെ നെടുംകോട്ടകളായി നിന്ന പല ദേശങ്ങളിലും ഇന്ന് പ്രതിസന്ധി നിലനില്‍ക്കുന്നു. കമ്മ്യൂണിസ്റ്റല്ലാത്ത കാക്ക പോലും പ്രവേശിക്കാന്‍ ധൈര്യപ്പെടാതെ നിന്ന പ്രദേശങ്ങളില്‍ പലേടത്തും ചെങ്കൊടിയെ വണങ്ങുന്നവര്‍ പോലും, വേണ്ടിവന്നാല്‍ പാര്‍ട്ടിയെ കൈവിടാനും തങ്ങള്‍ മടിക്കുകയില്ല എന്ന സന്ദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്.

“കേരളീയ നവോത്ഥാനം ഇടതുപക്ഷ ആശയങ്ങള്‍ക്കു മാത്രം വളരാനിടം നല്‍കിയ ഒരു ഏകവിളത്തോട്ടമായിരുന്നു എന്ന മട്ടിലുള്ള ചില ഇടതു സൈദ്ധാന്തികന്മാരുടെ നിലപാടുകള്‍ ഇനിയെങ്കിലും തിരുത്തുകയാവും ബുദ്ധി. മുന്‍കാല കമ്മ്യൂണിസ്റ്റ് ശക്തിദുര്‍ഗങ്ങളില്‍ പലേടത്തും ഇന്ന് കാവിക്കൊടി പാറുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനും അപ്പോള്‍ ഉത്തരം കണ്ടെത്താനാവും.”

ഷ്‌ഡാനോവ്

അതിനാല്‍ എന്താണ് തങ്ങളുടെ ശക്തിദുര്‍ഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് — അതായത് ഇന്ന് അതിന്‍റെ കൈവശാവകാശം നിലനിര്‍ത്തുന്ന സിപിഎം എന്ന കക്ഷിക്ക് — സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ചോദിക്കാന്‍ സമയമായി. അണികള്‍ പ്രസ്ഥാനത്തെ വിട്ടുപോകുകയാണോ, അതല്ല പ്രസ്ഥാനം ജനങ്ങളെ വിട്ടുപോകുകയോ? പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിടവുകള്‍ക്കു ആരാണ് ഉത്തരവാദി?ശബരിമല വിഷയത്തില്‍ അണികള്‍ പാര്‍ട്ടിയെ കൈവിട്ടപ്പോള്‍ നേതൃത്വം പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ എതിരാളികള്‍ വിജയിച്ചു എന്നാണ്. അപ്പോഴുള്ള ചോദ്യം, എന്തേ അണികളുടെ മനോഗതം നേതാക്കള്‍ക്കും നേതാക്കളുടെ വിശകലനരീതി അണികള്‍ക്കും ബോധ്യമാകാതെ പോയത്? അതിനൊരു കാരണം നവോത്ഥാനത്തെ സംബന്ധിച്ച വിലയിരുത്തലില്‍ വന്ന പാളിച്ചകള്‍ കൂടിയാണെന്ന് സംശയിക്കണം. രാഷ്ട്രീയ എതിരാളിയാണെങ്കിലും രാജഗോപാല്‍ പറഞ്ഞതില്‍ ചില കാര്യമുണ്ട് എന്ന് തന്നെയാവാം അതിനര്‍ത്ഥം. ഇത് മനസ്സിലാക്കണമെങ്കില്‍ സാംസ്കാരികരംഗത്തെ കമ്മ്യൂണിസ്റ്റ് ഇടപെടലിന്‍റെ ചരിത്രം പരിശോധിക്കണം.

കേരളീയ നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ മനസ്സിലാക്കിയ രീതിയില്‍ അടിസ്ഥാനപരമായ ചില പിശകുകളുണ്ട് എന്നുതന്നെയാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതെന്തൊക്കെ എന്ന് ചിന്തിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരികരംഗത്തെ ഇടപെടലുകള്‍ ആവിര്‍ഭവിച്ച കാലത്തെ സ്വാധീനധാരകള്‍ ഏതൊക്കെയെന്നും നോക്കണം. അപ്പോള്‍ കാണാവുന്ന ഒരു നീണ്ട നിഴല്‍ സഖാവ് ഷ്ഡാനോവിന്‍റെതാണ്. സ്റ്റാലിനെ വിമര്‍ശിക്കാന്‍ മടിച്ചുനിന്ന ലോകത്തെ ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഎം. സ്റ്റാലിന്‍ മാത്രമല്ല, ഷ്ഡാനോവും അതിനാല്‍ ഇവിടെ എവിടെയോ പതുങ്ങി നില്പുണ്ട്. സ്റ്റാലിന്‍റെ കാലത്തില്‍ നിന്നുമുള്ള ആ പ്രേതം ഇന്നും പാര്‍ട്ടിയെ വേട്ടയാടുന്നുണ്ടാവണം.

ലെനിനും സ്റ്റാലിനും

ഷ്ഡാനോവ് സ്റ്റാലിന്‍റെ വലംകയ്യായിരുന്നു മരിക്കും വരെയും. 1948ലാണ് ഷ്ഡാനോവ് മരിക്കുന്നത്; സ്റ്റാലിന്‍റെ മരണത്തിനു അഞ്ചുവര്‍ഷം മുമ്പ്. ആള്‍ വലിയ മദ്യപാനിയായിരുന്നു എന്നും അമിതമദ്യപാനത്തിന്‍റെ പേരില്‍ സ്റ്റാലിന്‍ അദ്ദേഹത്തെ ശകാരിച്ചിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. സ്റ്റാലിന്‍റെ പിന്‍ഗാമിയാകുമെന്നു പലരും പ്രതീക്ഷിച്ചിരുന്ന ഷ്ഡാനോവിന്‍റെ ആകസ്മിക മരണത്തിനു റഷ്യന്‍ വോഡ്കയോട് നന്ദി പറയണം.പോളിറ്റ്ബ്യുറോയില്‍ സ്റ്റാലിന്‍റെ വിശ്വസ്തനായ ഈ മനുഷ്യനായിരുന്നു പാര്‍ട്ടിയുടെ സാംസ്കാരിക കമ്മിസ്സാര്‍. മനുഷ്യഹൃദയങ്ങളുടെ എന്‍ജിനീയര്‍മാരാണ് എഴുത്തുകാര്‍ എന്ന സ്റ്റാലിന്‍ വചനത്തിന്‍റെ ഉപജ്ഞാതാവ് അദ്ദേഹമായിരുന്നുവത്രെ.

എഴുത്തുകാരെയും കലാകാരന്മാരെയും നേര്‍വഴിക്കു നടത്തുന്ന പണിയും അക്കൂട്ടര്‍ക്കിടയിലെ കീടങ്ങളെ നശിപ്പിക്കുന്ന ചുമതലയും സ്റ്റാലിന്‍ അദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്.സാംസ്കാരിക കമ്മിസ്സാര്‍ ശരിക്കും പണിതു എന്നതിന് തെളിവ് സ്റ്റാലിന്‍റെ കാലത്തെ റഷ്യന്‍ സാഹിത്യത്തിന്‍റെ അവസ്ഥ തന്നെയാണ്. എഴുത്തുകാര്‍ പലരും ആത്മഹത്യ ചെയ്തു, ചിലരൊക്കെ രഹസ്യമായി നാടുവിട്ടു. മറ്റു പലരും സൈബീരിയന്‍ ഗുലാഗുകളില്‍ അപ്രത്യക്ഷരായി. മയക്കോവ്സ്കി മുതല്‍ അന്നാ അഖ്മറ്റോവ വരെയുള്ള കവികളുടേയും എഴുത്തുകാരുടെയും കഥ അതായിരുന്നു.

“ഷ്ഡാനോവ് സ്റ്റാലിന്‍റെ വലംകയ്യായിരുന്നു മരിക്കും വരെയും. 1948ലാണ് ഷ്ഡാനോവ് മരിക്കുന്നത്; സ്റ്റാലിന്‍റെ മരണത്തിനു അഞ്ചുവര്‍ഷം മുമ്പ്. ആള്‍ വലിയ മദ്യപാനിയായിരുന്നു എന്നും അമിതമദ്യപാനത്തിന്‍റെ പേരില്‍ സ്റ്റാലിന്‍ അദ്ദേഹത്തെ ശകാരിച്ചിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. സ്റ്റാലിന്‍റെ പിന്‍ഗാമിയാകുമെന്നു പലരും പ്രതീക്ഷിച്ചിരുന്ന ഷ്ഡാനോവിന്‍റെ ആകസ്മിക മരണത്തിനു റഷ്യന്‍ വോഡ്കയോട് നന്ദി പറയണം.”

സോഷ്യലിസ്റ്റ് സാഹിത്യവും കലയും അന്യവര്‍ഗ്ഗചിന്തകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും വിമുക്തമാക്കി ശുദ്ധീകരിക്കാന്‍ ഷ്ഡാനോവ് നടത്തിയ പോരാട്ടങ്ങള്‍ ഇന്നും ഞെട്ടലോടെയേ ഓര്‍ക്കാന്‍ കഴിയു. 1947ല്‍ അന്നാ അഖ്മറ്റോവയെയും മിഖയില് സോഷ്ചെന്‍കോവിനെയും വിമര്ശിച്ചു സോവിയറ്റ് എഴുത്തുകാരുടെ സംഘടനാ യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം കുപ്രസിദ്ധമാണ്. അഖ്മറ്റോവയുടെ കവിതകളില്‍ ബൂര്‍ഷ്വാസ്വാധീനമാണ് പ്രകടമാകുന്നത്.

മഹത്തായ സോഷ്യലിസ്റ്റ് മാനവസങ്കല്പം അവര്‍ക്കു അന്യമാണ്; സോവിയറ്റ് യൂണിയന്‍റെ ഐതിഹാസിക നേട്ടങ്ങള്‍ അവരെ ഉത്തേജിപ്പിക്കുന്നില്ല. അവര്‍ പോയ കാലത്തിന്‍റെ ജീര്‍ണമൂല്യങ്ങളെ പുല്‍കുന്ന കവിയാണ്. ഇതായിരുന്നു വിമര്‍ശനത്തിന്‍റെ രത്നച്ചുരുക്കം.

സോഷ്ചെങ്കോയുടെ കുറ്റം അതിലും കഠിനമാണ്. സോവിയറ്റ് സമൂഹത്തെ കരിതേച്ചു കാണിക്കാനും കളിയാക്കാനുമാണ് എഴുത്തുകാരന്‍ തയ്യാറാകുന്നത്. അതിനു തെളിവായി കമ്മിസ്സാര്‍ ഹാജരാക്കുന്നത് ഈ എഴുത്തുകാരന്‍റെ അഡ്വെഞ്ചേഴ്സ്സ് ഓഫ് എ മങ്കി (ഒരു വാനരന്‍റെ സാഹസികതകള്‍) എന്ന കഥയാണ്. നാട്ടിലിറങ്ങിയ വാനരന്‍റെ അനുഭവങ്ങളാണ് കഥയില്‍ വര്‍ണിക്കുന്നത്. ഒട്ടും മാന്യതയില്ലാതെയാണ് നാട്ടുകാര്‍ വാനരസഞ്ചാരിയോട് പെരുമാറുന്നത്. ഒടുവില്‍ കക്ഷി മനുഷ്യരുടെ മര്യാദകേടില്‍ പ്രതിഷേധിച്ചു കാട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നു.

ഇത് സോവിയറ്റ് മാനവനെ അപമാനിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്‍റെ ഭാഗമായാണ് ഷ്ഡാനോവ് കാണുന്നത്. വിമര്‍ശനം നടത്താനായി വാനരനെയാണ് എഴുത്തുകാരന്‍ കണ്ടെത്തുന്നത് എന്നതുതന്നെ ദുരുദ്ദേശത്തിനു തെളിവ്. വെറുമൊരു വാനരനെ മുന്നില്‍ നിര്‍ത്തി നടത്തുന്ന വിമര്‍ശനത്തിലൂടെ മഹത്തായ സോഷ്യലിസ്റ്റ് മാനവരാശിയെയും അതിന്‍റെ നേട്ടങ്ങളെയും അപമാനിക്കാനും താഴ്ത്തിക്കെട്ടാനുമാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. ഇത്തരം എഴുത്തുകാരുടെ കൃതികള്‍ പ്രകാശിപ്പിച്ച സ്വെസ്ദ, ലെനിന്‍ഗ്രാഡ് എന്നീ സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരെ കമ്മിസ്സാര്‍ ശക്തമായി താക്കീതു ചെയ്യുന്നുണ്ട്. തങ്ങളുടെ സര്‍ഗാത്മകഭാവനയുടെ അപഥസഞ്ചാരങ്ങള്‍ക്കു രണ്ടു എഴുത്തുകാരും വലിയ വില കൊടുക്കേണ്ടി വന്നു. അഖ്മറ്റോവ (1889 -1966) പോലീസ് നിരീക്ഷണത്തിലായി; അവരുടെ ഭര്‍ത്താവ് രഹസ്യപ്പോലീസിന്‍റെ പിടിയില്‍ കൊല്ലപ്പെട്ടു; മകന്‍ തടവറയില്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ചെറുപ്പകാലത്തു സോവിയറ്റ് ചെമ്പടയില്‍ സേവനമനുഷ്ഠിച്ചു കീര്‍ത്തിമുദ്രകള്‍ നേടിയ സോഷ്ചെങ്കോ(1894-1958)യും പീഡനങ്ങള്‍ക്കു ഇരയായി. അദ്ദേഹത്തിന്‍റെ പെന്‍ഷന്‍ തടയപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം, ജീവിതാന്ത്യകാലത്താണ് ചെമ്പടയിലെ പഴയ പോരാളിക്ക് പെന്‍ഷന്‍ വീണ്ടു കിട്ടിയത്.

അക്കാലത്തു കെ പി ജി നമ്പൂതിരിയും ചെറുകാടും ഒക്കെയാണ് പാര്‍ട്ടി സാഹിത്യകാരന്മാര്‍. പാര്‍ട്ടിയുടെ വിധിനിഷേധങ്ങള്‍ക്കനുസരിച്ചു തൂക്കമൊപ്പിച്ചായിരുന്നു അവരുടെ സാഹിത്യരചന. സോവിയറ്റെന്നൊരു നാടുണ്ടെന്നും അത് സ്വര്‍ഗതുല്യമായ സമൃദ്ധിയുടെയും സമത്വത്തിന്‍റെയും കേദാരഭൂമിയാണെന്നും കെ പി ജി നീട്ടിപ്പാടി. ചെങ്കൊടി പിടിച്ചാല്‍ എല്ലാ ചൂഷണങ്ങളും അവസാനിക്കുമെന്നും ഒടുക്കം ജന്മിപോലും കുടിയാന്‍റെ പ്രസ്ഥാനത്തില്‍ അണിനിരക്കുമെന്നും കെ ദാമോദരന്‍ പാട്ടബാക്കിയില്‍ ഉല്‍ഘോഷിച്ചു. “

സിപിഎം ജനറല്‍സെക്രട്ടറി സിതാറാം യെച്ചുരി

ലെനിന്‍റെ കാലശേഷം, മുപ്പതുകള്‍ മുതല്‍ ക്രൂഷ്ചേവ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1956) സ്റ്റാലിനെ വിമര്‍ശിക്കുന്നത് വരെയുള്ള കാല്‍നൂറ്റാണ്ട് കാലത്തു സോവിയറ്റ് യൂണിയനിലും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സാഹിത്യം, കല, സംസ്കാരം തുടങ്ങിയ മേഖലകളില്‍ ഷ്ഡാനോവ് തന്നെയായിരുന്നു അവസാന വാക്ക്. ആ കാലത്താണ് കേരളത്തില്‍ കമ്മ്യൂണിസം പച്ചപിടിച്ചത്.

നാല്പതുകളില്‍ കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ നാട്ടിലെങ്ങും പടര്‍ന്നുപിടിച്ചു; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒളിവിലും തെളിവിലും ശക്തിപ്പെട്ടു.അന്നത്തെ വളര്‍ച്ചയെ നാട്ടുകാര്‍ താരതമ്യപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പച്ച (മലബാറില്‍ കമ്മ്യൂണിസ്റ്റ് അപ്പ) എന്ന പേരില്‍ അറിയപ്പെട്ട ചെടിയോടാണ്. നാടനല്ല ഈ ചെടി; പറമ്പിലും പാടത്തും വലിയ ശല്യമാണ്. എത്ര പറിച്ചു മാറ്റിയാലും പിന്നെയും കിളിര്‍ത്തുവന്നു പടര്‍ന്നുപിടിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതേമട്ടില്‍ തന്നെയാണ് വളര്‍ച്ച നേടിയത്. പ്രമാണിമാര്‍ക്ക് അതൊരു ശല്യമായി തോന്നിയെങ്കിലും പാവപ്പെട്ടവര്‍ക്ക് അത് തങ്ങളുടെ സ്വന്തം പ്രസ്ഥാനമായാണ് അനുഭവപ്പെട്ടത്.

കമ്മ്യൂണിസ്റ്റു പ്രസ്ഥാനം വലിയ ഉത്സാഹമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയത്. പാര്‍ട്ടിയായിരുന്നു അവര്‍ക്കു എല്ലാം. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാര്‍. മലബാറില്‍ പിന്നാക്കക്കാരായ തിയ്യരും പട്ടികജാതിക്കാരും പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരന്നു. പടപ്പാട്ടുകള്‍ പലതും പാടി. വയലേലകളില്‍ കൊയ്യുമ്പോള്‍ “നമ്മള് കൊയ്യും വയലെല്ലാം നമ്മടെയാകും പൈങ്കിളിയേ” എന്ന പ്രതീക്ഷ പരസ്പരം പങ്കുവെച്ചു. പാര്‍ട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും മടിച്ചില്ല. അങ്ങനെ വര്‍ഗശത്രുക്കളെ അരുക്കാക്കി വര്‍ഗരഹിതവും സമത്വസുന്ദരവുമായ സോഷ്യലിസ്റ്റ് സ്വപ്നലോകം കെട്ടിപ്പടുക്കാനായി അവര്‍ ജീവിതം സമര്‍പ്പിച്ചു.

അക്കാലത്തു കെ പി ജി നമ്പൂതിരിയും ചെറുകാടും ഒക്കെയാണ് പാര്‍ട്ടി സാഹിത്യകാരന്മാര്‍. പാര്‍ട്ടിയുടെ വിധിനിഷേധങ്ങള്‍ക്കനുസരിച്ചു തൂക്കമൊപ്പിച്ചായിരുന്നു അവരുടെ സാഹിത്യരചന. സോവിയറ്റെന്നൊരു നാടുണ്ടെന്നും അത് സ്വര്‍ഗതുല്യമായ സമൃദ്ധിയുടെയും സമത്വത്തിന്‍റെയും കേദാരഭൂമിയാണെന്നും കെ പി ജി നീട്ടിപ്പാടി. ചെങ്കൊടി പിടിച്ചാല്‍ എല്ലാ ചൂഷണങ്ങളും അവസാനിക്കുമെന്നും ഒടുക്കം ജന്മിപോലും കുടിയാന്‍റെ പ്രസ്ഥാനത്തില്‍ അണിനിരക്കുമെന്നും കെ ദാമോദരന്‍ പാട്ടബാക്കിയില്‍ ഉല്‍ഘോഷിച്ചു.

ലെനിന്‍റെ കാലശേഷം, മുപ്പതുകള്‍ മുതല്‍ ക്രൂഷ്ചേവ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1956) സ്റ്റാലിനെ വിമര്‍ശിക്കുന്നത് വരെയുള്ള കാല്‍നൂറ്റാണ്ട് കാലത്തു സോവിയറ്റ് യൂണിയനിലും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സാഹിത്യം, കല, സംസ്കാരം തുടങ്ങിയ മേഖലകളില്‍ ഷ്ഡാനോവ് തന്നെയായിരുന്നു അവസാന വാക്ക്. ആ കാലത്താണ് കേരളത്തില്‍ കമ്മ്യൂണിസം പച്ചപിടിച്ചത്.

കെ ദാമോദരന്‍

എം എസ് ദേവദാസ്

കെ പി ജി നമ്പൂതിരി

ആദ്യകാലത്തു ജീവല്‍സാഹിത്യ പ്രസ്ഥാനവും പിന്നീട് പുരോഗമനസാഹിത്യ പ്രസ്ഥാനവുമാണ് സാംസ്കാരികരംഗത്ത് ഇടതുപക്ഷനയങ്ങള്‍ പ്രചരിപ്പിച്ചതും കൊണ്ടാടിയതും. അക്കാലത്തു ഈ പ്രസ്ഥാനങ്ങളുടെ ദാര്‍ശനികമായ നിലപാടുകള്‍ വിശദീകരിച്ചതും വിരുദ്ധനിലപാടുകള്‍ സ്വീകരിച്ച സാംസ്കാരിക പ്രവര്‍ത്തകരെ നേരിട്ടതും ഇ എം എസ് നമ്പൂതിരിപ്പാടും എം എസ് ദേവദാസും അടക്കമുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ആയിരുന്നു. കടുത്ത ആശയഭിന്നതകള്‍ പ്രസ്ഥാനത്തിനകത്തു ഉണ്ടായിരുന്നു. പില്‍ക്കാലത്തു ഇ എം എസ് അടക്കമുള്ള പലരും അന്ന് തങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ പലതും തെറ്റായിരുന്നു എന്നും രാഷ്ട്രീയമായ നിലപാടുകള്‍ സാംസ്കാരിക രംഗത്തു പ്രയോഗിക്കുന്ന വേളയില്‍ തങ്ങള്‍ക്കു പല തെറ്റുകളും പറ്റി എന്നും സ്വയംവിമര്‍ശനം നടത്തിയിട്ടുണ്ട്. കേസരി ബാലകൃഷ്ണപിള്ളയെ ബൂര്‍ഷ്വ പണ്ഡിതമൂഡന്‍ എന്ന് കളിയാക്കിയതും സി ജെ തോമസിനെ സി ഐ എ ഏജന്‍റായി ചിത്രീകരിച്ചതും ഈ കാലത്തെ കമ്മ്യൂണിസ്റ്റ് താര്‍ക്കികന്മാരുടെ സാംസ്കാരിക ഇടപെടലുകളില്‍ ചിലതിന്‍റെ ഉദാഹരണം മാത്രം. ഏതായാലും അതില്‍ പല നിലപാടുകളും തെറ്റായിരുന്നു എന്ന് അവര്‍ തന്നെ പിന്നീട് സമ്മതിക്കുകയും ചെയ്തു.

ചെറുകാട്

അതിനപ്പുറം, ഈ തെറ്റുകള്‍ക്ക് കാരണമായ തങ്ങളുടെ സൈദ്ധാന്തിക നിലപാടുകളിലെ അയുക്തികളും അപര്യാപ്തതകളും തിരിച്ചറിയാന്‍ അവര്‍ക്കു പറ്റിയതായി തോന്നുന്നില്ല. അതിനവര്‍ മെനക്കെട്ടിട്ടുമില്ല. ഇ എം എസ് അടക്കമുളളവര്‍ നടത്തിയ സ്വയംവിമര്‍ശനങ്ങളില്‍ ഒരിടത്തും തങ്ങളുടെ തെറ്റുകള്‍ക്ക് കാരണമായ നിലപാടുതറയുടെ പോരായ്മകളെ പരിശോധിക്കാന്‍ ശ്രമിക്കുകയുണ്ടായില്ല. മാര്‍ക്സിസം സംബന്ധിച്ച തങ്ങളുടെ ധാരണകളില്‍ അടിസ്ഥാനപരമായ പിശകുകള്‍ ഉണ്ടായിരുന്നു എന്ന് അവര്‍ സമ്മതിക്കുകയുണ്ടായില്ല. അതായതു സ്റ്റാലിനെയും അദ്ദേഹത്തിന്‍റെ തത്വസംഹിതകളെയും സോവിയറ്റ്നാട്ടില്‍പ്പോലും വിമര്‍ശനത്തിന് വിധേയമാക്കുന്ന കാലത്തു കേരളത്തില്‍ അങ്ങനെയൊരു പൊളിച്ചെഴുത്തു നടക്കുകയുണ്ടായില്ല.

സാംസ്കാരിക രംഗത്തെ സ്റ്റാലിനിസ്റ്റ് പ്രവണതകളുടെ ആചാര്യന്‍ ഷ്ഡാനോവ് ആയിരുന്നുവെങ്കില്‍ ശാസ്ത്രരംഗത്ത്, പ്രത്യേകിച്ച് ജീവശാസ്ത്രരംഗത്ത്, ലൈസെങ്കോ ആയിരുന്നു പ്രജാപതി. രണ്ടുപേര്‍ക്കും അന്ന് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ക്കിടയില്‍ വലിയ സ്വാധീനവും ഉണ്ടായിരുന്നു.

നാല്പതുകളിലും അമ്പതുകളിലും നമ്മുടെ നാട്ടില്‍ മാര്‍ക്സിസം എത്തിച്ചേരുന്നത് സോവിയറ്റ് യൂണിയന്‍ വഴിയാണ്. അന്ന് ആ നാടിനെയും അവിടത്തെ പാര്‍ട്ടിയെയും നയിച്ചത് സ്റ്റാലിനും അദ്ദേഹത്തിന്‍റെ അനുയായികളായ ഷ്ഡാനോവിനെയും കിറിലോവിനെയും ലൈസെങ്കോയെയും പോലുള്ള ആളുകളുമാണ്.

ഇക്കൂട്ടര്‍ മാര്‍ക്സിസത്തെ യാന്ത്രികമായ ഒരു ദാര്‍ശനികപദ്ധതിയായി വ്യാഖ്യാനിച്ചു അതിനനുസരിച്ചു സമൂഹത്തെ മാറ്റിയെടുക്കാന്‍ യത്നിച്ചു. സാംസ്കാരിക രംഗത്തെ സ്റ്റാലിനിസ്റ്റ് പ്രവണതകളുടെ ആചാര്യന്‍ ഷ്ഡാനോവ് ആയിരുന്നുവെങ്കില്‍ ശാസ്ത്രരംഗത്ത്, പ്രത്യേകിച്ച് ജീവശാസ്ത്രരംഗത്ത്, ലൈസെങ്കോ ആയിരുന്നു പ്രജാപതി. രണ്ടുപേര്‍ക്കും അന്ന് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ക്കിടയില്‍ വലിയ സ്വാധീനവും ഉണ്ടായിരുന്നു.

കമ്മ്യൂണിസം എന്തെന്ന് അക്കാലത്തു നേതാക്കളും അണികളും പഠിച്ചത് സോവിയറ്റ് നേതൃത്വത്തില്‍ നിന്നാണ്. സ്റ്റാലിന്‍റെ സി പി എസ് യു (ബി ) ചരിത്രം പോലുള്ള കൃതികളാണ് പ്രധാന പാഠപുസ്തകങ്ങളായി അറിയപ്പെട്ടത്. ഷ്ഡാനോവിന്‍റെ സ്വാധീനം പരസ്യമായി അത്ര അറിയപ്പെട്ടില്ലെങ്കിലും സാംസ്കാരികരംഗത്തെ അന്നത്തെ ഇടപെടലുകള്‍ക്ക് മാതൃകയായത് അദ്ദേഹം റഷ്യയിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളും തന്നെയാണ്.

അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ പലതും യഥാര്‍ത്ഥത്തില്‍ വളരെ മാരക സ്വഭാവമുള്ളതായിരുന്നു. അവ സോവിയറ്റ് സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതം എത്രമാത്രം ദീര്‍ഘകാല നിഷേധഫലങ്ങള്‍ക്കു കാരണമായി എന്ന് തിരിച്ചറിയാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. ഉദാഹരണത്തിന് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം അന്നാടുകളില്‍ തീവ്രമതാഭിമുഖ്യവും ആഭിചാരം അടക്കമുള്ള ഏര്‍പ്പാടുകളും പ്രതികാരബുദ്ധിയോടെ തിരിച്ചുവരുന്നത് കാണാം. തിരിച്ചുവരവ് എന്ന് പറയുന്നത് ശരിയല്ല; കാരണം ഏഴു പതിറ്റാണ്ടായി ഇതെല്ലാം അവിടെത്തന്നെ പതുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സമയം ഒത്തുവന്നപ്പോള്‍ വീണ്ടും പുറത്തേക്കു വന്നു എന്നുമാത്രം. അതിനൊരു കാരണം മനുഷ്യമനസ്സിന്‍റെ എന്‍ജിനീയര്‍മാര്‍ നടത്തിയ വേലത്തരങ്ങള്‍ തന്നെയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളില്‍ സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചു ഉടനുടന്‍ സാംസ്കാരിക-ചിന്താ മണ്ഡലങ്ങളില്‍ മാറ്റമുണ്ടാവില്ല. അത് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്. ഇക്കാര്യം അവര്‍ തിരിച്ചറിഞ്ഞില്ല. സത്യത്തില്‍ സോവിയറ്റ് യൂണിയന്‍റെ തുടക്കകാലത്തു ഇക്കാര്യങ്ങള്‍ സംബന്ധിച്ച സംവാദങ്ങള്‍ അന്നാട്ടിലെ സാംസ്കാരിക, ചിന്താ മണ്ഡലങ്ങളില്‍ നിലനിന്നിരുന്നു. പ്ലെഖാനോവ്, ലൂണാചാര്‍സ്കി തുടങ്ങിയ ആദ്യകാല റഷ്യന്‍ മാര്‍ക്സിസ്റ്റുകളുടെ രചനകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ ലെനിന്‍റെ കാലശേഷം അവരെല്ലാം ഒന്നടങ്കം ബഹിഷ്കൃതരായി.

ഇന്ത്യയെപ്പോലെ പാരമ്പര്യത്തിലും വിശ്വാസാചാരങ്ങളിലും ആണ്ടുമുങ്ങിയ സമൂഹങ്ങളില്‍ അവയെല്ലാം ഒറ്റയടിക്ക് തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കും എന്ന് തീര്‍ച്ചയാണ്. മതപരവും സാംസ്കാരികവുമായ മണ്ഡലങ്ങളിലാണ് ശക്തമായ തിരിച്ചടിയുടെ രൂപത്തില്‍ അതു പ്രത്യക്ഷപ്പെടുന്നത്. ഈ രണ്ടു ഘടകങ്ങളും ഒരേപോലെ ഉള്‍ച്ചേരുന്ന ഒരു മത-സാംസ്കാരിക പ്രതിസന്ധിയാണ് സത്യത്തില്‍ ശബരിമല വിവാദത്തില്‍ സി പി എം പോലുള്ള ഒരു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. അതില്‍ പിശക് പറ്റി എന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. പിശകിന്‍റെ പിന്നിലെ ചരിത്രപരവും ദാര്‍ശനികവുമായ അടിയൊഴുക്കുകള്‍ പക്ഷേ തിരിച്ചറിയപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല.

അതിനാല്‍ വീണ്ടും നമുക്ക് ഷ്ഡാനോവിലേക്കു തന്നെ തിരിച്ചു പോകേണ്ടിയിരിക്കുന്നു. ഷ്ഡാനോവിന്‍റെ ദര്‍ശനങ്ങളില്‍, അദ്ദേഹത്തിന്‍റെ വിധിവിലക്കുകളില്‍ ഭക്തിയും ആത്മീയതയും പാരമ്പര്യങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് പരിശോധിക്കുന്നത് പ്രയോജനപ്രദമാണ്. കാരണം ഷ്ഡാനോവിന്‍റെ കാലത്തില്‍ നിന്നും ലോകം മുന്നോട്ടുപോയെങ്കിലും നമ്മുടെ ഇടതുപക്ഷ സാംസ്കാരികമണ്ഡലം അതില്‍നിന്നു ഇനിയും വിമുക്തമായതായി തോന്നുന്നില്ല. അങ്ങനെയൊരു പ്രേതം ഇപ്പോഴും നമുക്കിടയില്‍ ചുറ്റിത്തിരിയുന്നുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമല്ലേ അതിനെ പിടിച്ചു മരത്തില്‍ കെട്ടി ആണിയടിക്കാനാവൂ!

നേരത്തെ സൂചിപ്പിച്ച പ്രസംഗത്തില്‍ ഷ്ഡാനോവ് ആത്മീയതയെ നാശോന്മുഖമായ ജീര്‍ണസമൂഹത്തിന്‍റെ ശേഷിപ്പായി വിശേഷിപ്പിക്കുന്നുണ്ട്. ആധ്യാത്മികത, മതപരത, ആചാരവിശ്വാസങ്ങള്‍ ഒക്കെ അത്തരം പ്രതിലോമസ്വാധീനങ്ങളുടെ ഭാഗമാണ്; എഴുത്തുകാരും കലാകാരന്മാരും അതിനെ ചെറുക്കണം. സമകാല സോവിയറ്റ് എഴുത്തുകാരില്‍ പലരും അതില്‍ പരാജയപ്പെട്ടു എന്നാണ് ഷ്ഡാനോവിന്‍റെ വിലയിരുത്തല്‍. അതേസമയം, സോവിയറ്റ് ജനത മഹത്തായ സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ പാതയിലാണ്; അവരുടെ ഭൗതികജീവിതത്തില്‍ മാത്രമല്ല, ചിന്താമണ്ഡലത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആശയസമരങ്ങളിലൂടെ തങ്ങളുടെ ജീര്‍ണപരമ്പര്യങ്ങളില്‍ നിന്നും അവര്‍ മുക്തരായി കഴിഞ്ഞിരിക്കുന്നു. ഈ ആശയങ്ങള്‍ സോവിയറ്റ് ദാര്‍ശനിക പ്രവര്‍ത്തകരുടെ സമ്മേളനത്തിലും (1947) സംഗീതപ്രവര്‍ത്തകരുടെ സമ്മേളനത്തിലും (1948) ഷ്ഡാനോവ് ആവര്‍ത്തിക്കുന്നുണ്ട്. ജീര്‍ണതയുടെ വക്താക്കളെ നേതാവ് ചൂണ്ടിക്കാട്ടിക്കഴിഞ്ഞാല്‍ പിന്നെ അമാന്തമില്ലാതെ അത്തരക്കാരെ തുടച്ചുനീക്കുന്ന പണി രഹസ്യപ്പോലീസുകാരുടേതാണ്; അവര്‍ അത് കിറുകൃത്യമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയില്‍ മാത്രമല്ല, സോവിയറ്റ് നിയന്ത്രണത്തില്‍ വന്ന മറ്റു നാടുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അധികാരികളും ഈ പ്രക്രിയ വിനാവിളംബം നടപ്പിലാക്കുകയുണ്ടായി. ചെക്കോസ്ലോവാക്യയില്‍ അതിന്‍റെ ഇരകളില്‍ ഒരാള്‍ മിലന്‍ കുന്ദേരയായിരുന്നു. കുന്ദേരയുടെയും സോള്‍ഷെനിറ്റ്സിന്‍ അടക്കമുള്ള മറ്റു എഴുത്തുകാരുടെയും കൃതികളില്‍ അത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത്. ഭരണതലത്തില്‍ ആ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങളും പഠനങ്ങളും പലതും വന്നെങ്കിലും സാംസ്കാരികതലത്തിലെ ഇടപെടലുകളുടെ പൂര്‍ണരൂപം ഇനിയും പരിശോധനാവിഷയമായിട്ടില്ല. മതപരവും സാംസ്കാരികവുമായ തലങ്ങളില്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടന്നിരുന്നു എന്നതിന് തെളിവ് അക്കാലത്തുണ്ടായ ശബരിമല തീപ്പിടുത്തവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്.

സത്യത്തില്‍ കേരളീയ നവോത്ഥാനത്തിന്‍റെ സുപ്രധാനമായ പല ഏടുകളും നമുക്ക് വീണ്ടുകിട്ടുന്നത് സോവിയറ്റ് തകര്‍ച്ചക്ക് ശേഷമുള്ള പുതിയ വെളിപാടുകളുടെ കാലത്താണ് എന്ന് മനസ്സിലാക്കണം.

ശബരിമലയടക്കം കീഴാളസമൂഹങ്ങള്‍ക്ക് ഇടമുണ്ടായിരുന്ന ക്ഷേത്രങ്ങളിലും കാവുകളിലും അവിടങ്ങളിലെ ആചാരങ്ങളിലും ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. മലബാറില്‍ ഇത് വളരെ വ്യാപകമായിത്തന്നെ നടന്നു.

ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന സഹോദരന്‍ അയ്യപ്പന്‍റെ യുക്തിവാദി പ്രമാണം പ്രായോഗികമായി പലേടത്തും നടപ്പിലായി. അമ്പലങ്ങളില്‍ അന്തിത്തിരി കത്തിക്കുന്നതു പോലും അയിത്തമായി. അമ്പലത്തില്‍ പോക്കും നെറ്റിയില്‍ കുറിതൊടലും മരിച്ചുപോയ അച്ഛനമ്മമാര്‍ക്ക് ബലിയിടലും ഗുരുകാരണവന്മാര്‍ക്കു നേര്‍ച്ചകൊടുക്കലും അനാചാരങ്ങളായി; കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതൊക്കെ നിഷിദ്ധവുമായി. അതിന്‍റെ ഒരു ഫലം, തദ്ദേശജനങ്ങളുടെ മേല്‍കയ്യില്‍ നടന്നുവന്ന ആചാരങ്ങളിലും മറ്റുമുണ്ടായ കൈകടത്തലുകളാണ്. കാവുകളില്‍ തെയ്യവും തിറയും അടക്കമുള്ള ആചാരങ്ങള്‍ മുന്നോട്ടുപോയി; അതേസമയം ആത്മീയമായ അന്വേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തപ്പെട്ടു. തെക്ക് നാരായണഗുരുവിനെപ്പോലെ മലബാറില്‍ ഉയര്‍ന്നു വന്ന ആത്മീയ നേതാവാണ് വാഗ്ഭടാനന്ദന്‍. പക്ഷേ വാഗ്ഭടാനന്ദനും അയ്യങ്കാളിയും അടക്കമുള്ള കീഴാളദാര്‍ശനികര്‍ കേരള ചരിത്രത്തില്‍ ഒരു അടിക്കുറിപ്പായി പോലും അക്കാലത്തു പ്രത്യക്ഷപ്പെട്ടില്ല. പിന്നീട് എണ്‍പതുകളില്‍ ദേശീയതലത്തില്‍ കീഴാളസമൂഹ പ്രസ്ഥാനങ്ങള്‍ ശക്തമായി ഉയര്‍ന്നു വന്നപ്പോഴാണ് ഇത്തരം സമുദായങ്ങളില്‍ നിന്നുയര്‍ന്നുവന്ന ആത്മീയാചാര്യന്മാരില്‍ പലര്‍ക്കും കേരളത്തിലും മോക്ഷം കിട്ടിയത്. സത്യത്തില്‍ കേരളീയ നവോത്ഥാനത്തിന്‍റെ സുപ്രധാനമായ പല ഏടുകളും നമുക്ക് വീണ്ടുകിട്ടുന്നത് സോവിയറ്റ് തകര്‍ച്ചക്ക് ശേഷമുള്ള പുതിയ വെളിപാടുകളുടെ കാലത്താണ് എന്ന് മനസ്സിലാക്കണം.

സമൂഹത്തിലെ ഈ ശൂന്യതയില്‍ ചില ബദലുകള്‍ കൊണ്ടുവന്നത് സംഘപരിവാരമാണ്; ദീര്‍ഘമായ ഒരു കാലത്തിനിടയില്‍ അവര്‍ കീഴാള സമൂഹങ്ങളില്‍ പോലും തങ്ങളുടെ വേരുകള്‍ ആഴ്ത്തുന്ന പ്രക്രിയ തുടരുകയായിരുന്നു. അഷ്ടമിരോഹിണിക്കു ശോഭായാത്രയും കര്‍ക്കടകത്തില്‍ രാമായണ മാസാചരണവും അതിന്‍റെ ഭാഗമായി അവര്‍ പ്രചരിപ്പിച്ചതാണ്. അത് കേരളീയസമൂഹം വ്യാപകമായി സ്വീകരിക്കാന്‍ ഒരു കാരണം തങ്ങള്‍ അനുഭവിച്ചുവന്ന ആത്മീയമായ ദാരിദ്ര്യത്തെക്കുറിച്ചു അവര്‍ക്കുള്ള അവബോധം തന്നെയായിരിക്കണം. അത് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയാന്‍ കാലം ഒരുപാടു വൈകി. ഗുപ്തമായ ആത്മീയതയുടെ അശാന്തികള്‍ തങ്ങളുടെ അണികളെ അലട്ടുന്നതായി അവര്‍ക്കു കണ്ടറിയാന്‍ കഴിഞ്ഞില്ല. ഷ്ഡാനോവിന്‍റെ ബോധ്യങ്ങള്‍ അവരെ ഇരുട്ടില്‍ നിര്‍ത്തി.

വിവേകാനന്ദന്‍ മുതല്‍ നാരായണഗുരുവും വാഗ്ഭടാനന്ദനും അയ്യങ്കാളിയും വരെയുള്ള നിരയിലെ മിക്കവരും കീഴാളസമൂഹത്തിന്‍റെ ഉത്ഥാനത്തെ നവോത്ഥാനത്തിന്‍റെ അഭേദ്യഭാഗമായാണ് ദര്‍ശിച്ചത്.

ശബരിമലയുടെ പേരില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധിയുടെ അടിയൊഴുക്കുകള്‍ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുക തന്നെ വേണം.

സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ

എന്തുകൊണ്ടാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ശിക്ഷയ്ക്കു പാത്രമാക്കാന്‍ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി പ്രവര്‍ത്തിച്ചു വന്ന കീഴാളരും ദളിതരും ഒക്കെയായ സമുദായങ്ങള്‍ പോലും തയ്യാറായത്? എന്തുകൊണ്ടാണ് വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും പിണറായി വിജയനും ഒന്നിച്ചു ആഞ്ഞു ശ്രമിച്ചിട്ടും പുത്തന്‍ നവോത്ഥാനത്തിന്‍റെ അമിട്ടുകള്‍ കേരളത്തിന്‍റെ ആകാശത്തു പൊട്ടിവിടരാതെ പോയത്? അതിനൊരു കാരണം, നവോത്ഥാനത്തെ സംബന്ധിച്ച കേരളീയ സങ്കല്‍പ്പങ്ങള്‍ക്ക് ആത്മീയമായ ഒരു പരിവേഷമുണ്ട് എന്നതുതന്നെയാണ്. നവോത്ഥാനത്തെ സംബന്ധിച്ച കമ്മ്യൂണിസ്റ്റ് വ്യാഖ്യാനങ്ങളെയാണ് സമൂഹം തള്ളിക്കളഞ്ഞത്. കേരളീയ നവോത്ഥാനത്തിന്‍റെ നേരവകാശികള്‍ കമ്മ്യൂണിസ്റ്റുകളാണ് എന്ന അവകാശവാദമാണ് അവര്‍ തിരസ്കരിക്കുന്നത്. കാവിയുടുത്തവരും പീതാംബരധാരികളും നെറ്റിയില്‍ ചന്ദനപ്പൊട്ട് ചാര്‍ത്തിയവരും നവോത്ഥാനധാരയില്‍ ഉണ്ടായിരുന്നു എന്ന് അവര്‍ തിരിച്ചറിയുന്നുണ്ടാകണം. വിവേകാനന്ദന്‍ മുതല്‍ നാരായണഗുരുവും വാഗ്ഭടാനന്ദനും അയ്യങ്കാളിയും വരെയുള്ള നിരയിലെ മിക്കവരും കീഴാളസമൂഹത്തിന്‍റെ ഉത്ഥാനത്തെ നവോത്ഥാനത്തിന്‍റെ അഭേദ്യഭാഗമായാണ് ദര്‍ശിച്ചത്. അത്തരം ആത്മീയമായ പരികല്പനകളെ ബോധപൂര്‍വം ഒഴിവാക്കി കീഴാളസമൂഹത്തിന്‍റെ പാരമ്പര്യങ്ങളെ ആചാരബദ്ധമായ അനുഷ്ടാനങ്ങളില്‍ തളച്ചിടാന്‍ നോക്കി എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറ്റിയ തെറ്റ്. അതിനു കാരണം രണ്ടാണ്: ഒന്ന്, അണികള്‍ കീഴാളരും നേതൃനിരയില്‍ വരേണ്യകുടുംബങ്ങളില്‍ നിന്നുള്ളവരും എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അവസ്ഥ. രണ്ട്, ഈ നേതാക്കള്‍ സ്റ്റാലിനില്‍ നിന്നും ഷ്ഡാനോവില്‍ നിന്നും പഠിച്ച കമ്മ്യൂണിസത്തിന്‍റെ പാഠങ്ങള്‍ മറക്കാന്‍ സ്റ്റാലിന്‍റെ കാലശേഷവും അവര്‍ക്കു കഴിഞ്ഞില്ല എന്ന ദുരന്തം. സ്റ്റാലിന്‍ മരിച്ചു അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം സി പി എം നേതൃത്വത്തിന് പ്രിയങ്കരനായിരുന്നു. അതിനാല്‍ അക്കാലത്തെ തെറ്റുകളെപ്പറ്റി തുറന്ന ചര്‍ച്ചക്ക് അവര്‍ ഒരിക്കലും തയ്യാറായില്ല. പക്ഷേ ഇപ്പോള്‍ അതിന്‍റെ നിഷേധഫലങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. അണികള്‍ തങ്ങളുടെ സ്വന്തം നിലയില്‍ ചില പ്രത്യയശാസ്ത്ര അന്വേഷണങ്ങള്‍ തുടങ്ങിയിരിക്കുന്നു. തൊണ്ണൂറുകളില്‍ സോവിയറ്റ് യൂണിയന്‍റെ പതനത്തിനു ശേഷം പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കണം എന്ന് പാര്‍ട്ടിയില്‍ ചിലരെങ്കിലും ആവശ്യപ്പെട്ടിരുന്നു. പക്ഷേ നേതൃത്വം അത് തിരസ്കരിച്ചു. എന്തിന്, 1984ലെ ടിയാനെന്‍മെന്‍ ചത്വരത്തില്‍ നടന്ന കൂട്ടക്കൊലയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ കറുത്തപുള്ളിയെന്നു വിശേഷിപ്പിച്ച പി ഗോവിന്ദപിള്ളയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറംതള്ളി. ആശയപരമായ ഭിന്നതകളെ സ്റ്റാലിന്‍റെയും ഷ്ഡാനോവിന്‍റെയും ശൈലിയില്‍ നേരിടാനാണ് പാര്‍ട്ടി തയ്യാറായത്.

എന്തുകൊണ്ടാണ് വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും പിണറായി വിജയനും ഒന്നിച്ചു ആഞ്ഞു ശ്രമിച്ചിട്ടും പുത്തന്‍ നവോത്ഥാനത്തിന്‍റെ അമിട്ടുകള്‍ കേരളത്തിന്‍റെ ആകാശത്തു പൊട്ടിവിടരാതെ പോയത്?

അത് അഭംഗുരം തുടരുകയുമാണ്. ഷ്ഡാനോവിന്‍റെ പ്രേതം ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുന്നു. അതിനു പരിഹാരക്രിയ വേണമെങ്കില്‍ ഒരു ആത്മപരിശോധനയ്ക്കു ഇടതുപക്ഷം തയ്യാറാകണം.

ഇന്ന് ഇടതുപക്ഷമണ്ഡലത്തിലെ അടിയിളക്കങ്ങളില്‍ കാണുന്നത് കീഴാളസമൂഹത്തിന്‍റെ അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധത്തിന്‍റെ ഒരു തിരിച്ചുവരവു കൂടി ആയിക്കൂടെന്നില്ല.ശബരിമലയും അയ്യപ്പനും ഒരു നിമിത്തമായി എന്നുമാത്രം. ഒരുപക്ഷേ പഴയ കാവുകളിലേക്കും അവിടെ നിലനിന്ന പാരമ്പര്യങ്ങളിലേക്കും ഒരു തിരിച്ചുപോക്കിനും കേരളീയ സമൂഹം തയ്യാറാവുകയാവാം. ഗുളികനും ചാമുണ്ഡിയും മറുതയും കുട്ടിച്ചാത്തനും കുടിയിരുന്ന വൃക്ഷങ്ങള്‍ അന്ധവിശ്വാസത്തിന്‍റെ കൂടാരങ്ങള്‍ എന്ന് പറഞ്ഞു വെട്ടിമാറ്റിയെങ്കിലും അവരാരും ജനമനസ്സുകളില്‍ നിന്നും ഒഴിഞ്ഞുപോയില്ല എന്നതായിരിക്കണം സത്യം. കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ മനസ്സുകളില്‍ നിന്നും ഷ്ഡാനോവ് ഒഴിഞ്ഞു പോകാതിരുന്ന പോലെത്തന്നെ. രണ്ടും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഷ്ഡാനോവും സ്റ്റാലിനും നാടിനും സമൂഹത്തിനും വരുത്തിയ ആപത്തുകള്‍ ചെറുതല്ല. ഗുളികനും മറുതയുമാകട്ടെ, കാവുകളില്‍ വന്മരങ്ങളില്‍ കുടിയിരുന്ന് പക്ഷികള്‍ക്കും മനുഷ്യര്‍ക്കും പ്രകൃതിക്കും തണലേകി.

കൊല്‍ക്കത്തയില്‍ സിപിഎം സംഘടിപ്പിച്ച മുമ്പ് സംഘടിപ്പിച്ച പടുകൂറ്റന്‍ റാലി

Leave a Reply