കോവിഡ് പ്രതിരോധത്തിന് രണ്ടു പുതിയ വാക്‌സിൻ കൂടി

ന്യൂയോർക്ക്: കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി രണ്ടു പുതിയ മരുന്നുകൾ കൂടി വൈകാതെ കമ്പോളത്തിലെത്തുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലെ ജോൺസൺ & ജോൺസൺ കമ്പനി തയ്യാറാക്കിയ ഒറ്റഡോസ് പ്രതിരോധ വാക്‌സിനും അമേരിക്കയിലെ തന്നെ മറ്റൊരു പ്രമുഖ കമ്പനി നോവാവാക്സ് വികസിപ്പിച്ച മരുന്നുമാണ് കോവിഡിനെതിരെ -ഫലപ്രദമാണെന്നു രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിൽ കണ്ടെത്തിയത്.  ജോൺസൺ & ജോൺസൺ വാക്‌സിൻറെ പ്രതിരോധശേഷി ആഗോളതലത്തിൽ 66 ശതമാനമാണെന്നു കമ്പനി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. ഈ വാക്‌സിൻ ഒറ്റ ഡോസ് നൽകിയാൽ പൂർണ പ്രതിരോധ ശേഷി കൈവരിക്കാം എന്നതാണ് അതിന്റെ പ്രത്യേകത. മരുന്ന് സാധാരണ താപനിലയിൽ സൂക്ഷിക്കാനും വിതരണം ചെയ്യാനും കഴിയും. നിലവിൽ അമേരിക്കയിലും മറ്റും ഉപയോഗിക്കുന്ന ഫൈസർ, മോഡേണ മരുന്നുകൾക്ക് മൈനസ് 70 ഡിഗ്രി താപനില അനിവാര്യമാണ്. സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന ഒരേയൊരു മരുന്ന് ഇതുവരെ ലഭ്യമായിരുന്നത് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചു അസ്ത്ര സെനിക കമ്പനി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന വാക്‌സിൻ മാത്രമാണ്. ഇന്ത്യയിൽ  കോവിഷീൽഡ്‌ എന്നപേരിൽ നിർമിച്ചു വിതരണം ചെയ്യുന്നത് ഈ വാക്‌സിനാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും ഡിമാൻഡും ഈ വാക്‌സിനാണ്. അതിന്റെ കുറഞ്ഞ ചെലവും കൈകാര്യം ചെയ്യാനുള്ള  സൗകര്യവുമാണ് അതിനു കാരണം.

 നോവാവാക്സ് കമ്പനിയുടെ പുതിയ മരുന്നും ഉയർന്ന പ്രതിരോധ ശേഷിയുള്ളതാണ്.  ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെതിരെ 60 ശതമാനം പ്രതിരോധ ശേഷി അതിനുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ കാണുന്ന സാധാരണ  വൈറസിനെതിരെ 89 ശതമാനം വരെ പ്രതിരോധ ശേഷിയുണ്ടെന്നു കമ്പനി അറിയിച്ചു. ഈ മരുന്ന് ഇന്ത്യയിൽ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുമെന്നു  അധികൃതർ വ്യക്തമാക്കി.  വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വാക്‌സിൻ ഇപ്പോൾ വിതരണം ചെയ്യുന്നത് ഇന്ത്യയാണ്‌. വികസിത രാജ്യങ്ങൾ തങ്ങൾ ഉല്പാദിപ്പിക്കുന്ന വാക്‌സിൻ കയറ്റുമതി നിരോധിക്കുന്ന അവസരത്തിൽ മറ്റു രാജ്യങ്ങൾക്കുകൂടി മരുന്നു ലഭ്യമാക്കുന്ന ഇന്ത്യയുടെ നയത്തെ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം പുകഴ്ത്തുകയുണ്ടായി. 

Leave a Reply