രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐശ്വര്യകേരള യാത്ര ഞായർ മുതൽ
കോഴിക്കോട്: കേരളത്തിൽ നിയമസഭാ തിരിഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഞായറാഴ്ച കാസർകോട്ടു നിന്നു ആരംഭിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്തു സമാപിക്കും.
യുഡിഎഫിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ പത്തംഗ തിരഞ്ഞെടുപ്പു സമിതിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച അന്തരീക്ഷത്തിൽ പാർട്ടിയിലെ ഐക്യവും നേതാക്കൾ തമ്മിലുള്ള യോജിപ്പും അണികളെ ബോധ്യപ്പെടുത്താനുള്ള സന്ദർഭം കൂടിയായി യാത്രയെ മാറ്റാനാണ് കോൺഗ്രസ്സ് പാർട്ടിയും സഖ്യകക്ഷികളും തീരുമാനിച്ചിരിക്കുന്നത്. യാത്രയുടെ സ്വീകരണകേന്ദ്രങ്ങളിൽ കോൺഗ്രസിലെ എല്ലാ വിഭാഗക്കാരുടെയും പൂർണ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
മുന്നണിയിലെ പ്രധാനസഖ്യകക്ഷിയായ മുസ്ലിംലീഗ് യാത്ര വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ മലബാർ ജില്ലകളിൽ നടത്തുന്നുണ്ട്. കാസർഗോട്ട് മുതൽ മലപ്പുറം വരെയുള്ള ജാഥ കടന്നുപോകുന്ന വടക്കൻ ജില്ലകളിൽ അതിന്റെ വിജയം ഉറപ്പാക്കാനുള്ള പ്രധാന ചുമതല കോൺഗ്രസ്സിനു പുറമെ ലീഗും ഏറ്റെടുത്തിരിക്കുകയാണ്. ലീഗിന്റെ പ്രധാനനേതാക്കൾ ജാഥയ്‌ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ അഞ്ച് ,ആറ് തിയ്യതികളിൽ സഞ്ചരിക്കുന്ന ജാഥയുടെ കൂടെ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഉണ്ടാകുമെന്നു പാർട്ടി നേതാക്കൾ അറിയിച്ചു. മലബാർ ജില്ലകളിലെ സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും അടക്കമുള്ള വിഷയങ്ങളും ജാഥയുടെ യാത്രക്കിടയിൽ തന്നെ ചർച്ചാ വിഷയമാകുകയും ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ ജാഥയുടെ യാത്രാവേളയിൽ പ്രധാന ചർച്ചയാകുന്ന ഒരു വിഷയം വടകര നിയോജകമണ്ഡലത്തിലെ ആർഎംപിഐ സഖ്യം സംബന്ധിച്ച കാര്യമാണ്. നേരത്തെ മുന്നണിയിൽ എൽജെഡി കൈവശം വെച്ച സീറ്റ് ആർഎംപിയ്ക്കു നൽകണമെന്ന ശക്തമായ ആവശ്യം ലീഗ് ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ ഒരു വിഭാഗം സീറ്റു ആർഎംപിക്ക് നൽകണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ മറ്റൊരു വിഭാഗം സീറ്റു കോൺഗ്രസ്സ് പിടിച്ചെടുക്കണം എന്നു പറയുന്നു .പാർട്ടിയിലെ ഇരുഗ്രൂപ്പുകളും മുല്ലപ്പള്ളി അനുയായികളും സീറ്റിനായി പിടിമുറുക്കുന്നു. വടകരയിൽ സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കിൽ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് അടക്കം അര ഡസൻ മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആർഎംപി വ്യക്തമാക്കിയിട്ടുണ്ട്.