ജനറൽ‌ ‌മോട്ടോർസ്‌ ‌പൂർണമായും‌ ‌വൈദ്യുതി‌ കാറുകളിലേക്കു‌ ‌മാറുന്നു

ന്യൂയോർക്ക്:ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാണകമ്പനിയായ ജനറൽ മോട്ടോർസ് 2035നകം പൂർണമായും വാതക-എണ്ണ ഇന്ധനങ്ങൾ ഒഴിവാക്കി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറുകളിലേക്കു  മാറുമെന്ന് പ്രഖ്യാപിച്ചു.

അമേരിക്കയിൽ പുതുതായി അധികാരമേറ്റ ജോ ബൈഡൻ ഭരണകൂടത്തിന്റെ പരിസ്ഥിതി അനുകൂല നയങ്ങളുടെ ഭാഗമായാണ് കാർ നിർമാണ രംഗത്തു വിപ്ലവകരമായ പ്രഖ്യാപനവുമായി ജിഎം കമ്പനി രംഗത്തുവന്നത്. ട്രംപ്  ഭരണകൂടം എണ്ണയും കൽക്കരിയും ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രോത്സാഹനം നല്കാൻ ശ്രമിച്ചപ്പോൾ ബൈഡൻ സർക്കാർ പരിസ്ഥിതി സൗഹൃദ നയങ്ങൾക്കാണ് പിന്തുണ നൽകുന്നത്. ട്രംപ് ഭരണത്തിൽ പാരീസ്  കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു പിന്മാറിയ തീരുമാനം ഉപേക്ഷിക്കുകയാണെന്നും  തങ്ങൾ വീണ്ടും ആഗോള കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമാകുമെന്നും അധികാരമേറ്റു ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒപ്പിട്ട ഉത്തരവിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു. പുതിയ നയത്തിനു അമേരിക്കൻ വ്യവസായ ലോകത്തു വൻപിന്തുണ ലഭിക്കുന്നതിന്റെ ഉദാഹരണമാണ് ജിഎം കമ്പനിയുടെ പുതിയ പ്രഖ്യാപനം.

അമേരിക്കൻ  കാർ വിപണിയിൽ കഴിഞ്ഞ വർഷം മാത്രം 2.55 ദശലക്ഷം   വാഹനങ്ങൾ ജനറൽ മോട്ടോർസ് വിറ്റഴിച്ചിരുന്നു. ടെസ്‌ല തുടങ്ങിയ പുതുതലമുറ വാഹന നിർമ്മാണകമ്പനികൾ വൈദ്യുതിവാഹന രംഗത്ത് കുതിച്ചുകയറ്റം  നടത്തിയതോടെ ജിഎം, ഫോർഡ്, ജർമനിയിലെ ഫോക്സ്‌വാഗൺ, ബിഎംഡബ്ലിയു  തുടങ്ങിയ മുൻനിര കമ്പനികളും ഈ രംഗത്തേക്കു തിരിഞ്ഞിരുന്നു. വരും വർഷങ്ങളിൽ  പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വികസനത്തിനുള്ള ഗവേഷണത്തിനു വൻ തുക ലഭ്യമാക്കുമെന്ന് ജിഎം അധികൃതർ അറിയിച്ചു.  

Leave a Reply