‘അവശവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിൽ ലീഗിന്റെ പങ്ക് നിർണായകം’
കോഴിക്കോട് : സ്വാതന്ത്ര്യാനന്തര കേരളീയ സമൂഹത്തിന്റെ ജനാധിപത്യ വികസനത്തിൽ നിർണായകമായ ഭിന്നവിഭാഗങ്ങളുടെ അധികാരപങ്കാളിത്ത പ്രക്രിയയിൽ മുസ്ലിംലീഗിന്റെ പങ്ക് സുപ്രധാനമാണെന്നും സമകാല രാഷ്ട്രീയത്തിൽ ഇസ്‌ലാംഭീതിയുടെ ആശയങ്ങൾ കരുത്തു നേടുന്ന പശ്ചാത്തലത്തിൽ ഈ ചരിത്രവസ്തുതകൾ ഓർമിക്കപ്പെടേണ്ടതാണെന്നും വിലയിരുത്തൽ.
കേരളത്തിലെ മുസ്ലിംലീഗിന്റെ ചരിത്രം സംബന്ധിച്ചു മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ പി ചെക്കുട്ടി എഴുതിയ മുസ്ലിംലീഗ് കേരള ചരിത്രത്തിൽ എന്ന പുസ്തകത്തെ സംബന്ധിച്ചു ഇസ്ലാമിക് യൂത്ത് സെന്ററിൽ നടന്ന ചർച്ചയിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നുവന്നത്. ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ആണ് പുസ്തകം പ്രസാധനം ചെയ്തത്. ഐഒഎസ് കേരളാ ചാപ്റ്റർ ഡയറക്റ്റർ പ്രൊഫ. പി കോയ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം സാമുദായികരാഷ്ട്രീയവും ഇടതുപക്ഷവുമായി അമ്പതുകൾ മുതലേ അടുത്ത ബന്ധങ്ങൾ നിലനിന്നിരുന്നു എന്ന് ഇടതുപക്ഷ ചിന്തകനായ കെ എസ് ഹരിഹരൻ ചൂണ്ടിക്കാട്ടി. അറുപത്തിനാലിലെ പിളർപ്പിനുശേഷം കേരളത്തിൽ ഏറ്റവും മുഖ്യ കമ്മ്യൂണിസ്റ്റ് കക്ഷിയായി ഉയർന്നുവരാൻ സിപിഎമ്മിന് സഹായകമായത് 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗുമായി ആ പാർട്ടിക്കു മലബാറിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ ഐക്യമാണ്. സിപിഐ അതിൽ നിന്നും മാറിനിന്നു. നാല്പതോളം സീറ്റു സിപിഎം നേടി; അതേസമയം സിപിഐയ്ക്ക് കിട്ടിയത് വെറും മൂന്നുസീറ്റ്. ഈ ചരിത്രം ഇന്നും പ്രസക്തമായ ചില പാഠങ്ങൾ നൽകുന്നുണ്ടെന്ന് ഹരിഹരൻ അഭിപ്രായപ്പെട്ടു.
സാമൂഹിക വിഭാഗങ്ങൾക്ക് ന്യായമായ അധികാരപങ്കാളിത്തവും അവസരസമത്വവും ഉറപ്പാക്കാൻ ലീഗ് എന്നും മുന്നിൽനിന്നു പ്രവർത്തിച്ചിട്ടുണ്ടെന്നു ലീഗ് ചരിത്രകാരനും മുതിർന്ന പണ്ഡിതനുമായ എം സി വടകര പറഞ്ഞു. ലീഗിന്റെ ചരിത്രത്തിൽ ആദ്യകാല നേതൃത്വം മുന്നോട്ടുവെച്ച സാമുദായിക പൊതുതാല്പര്യങ്ങളുടെ അജണ്ടയിൽ പിൽക്കാലത്തു മാറ്റം വന്നതായും അതുകാരണം സമുദായത്തിനു പലപ്പോഴും ദോഷങ്ങൾ വരുത്തിവെക്കുന്ന അവസ്ഥ സമീപകാലത്തു സംജാതമായതായും മീഡിയാവൺ എക്സിക്യൂട്ടീവ് എഡിറ്റർ സി ദാവൂദ് പറഞ്ഞു. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ സജീവൻ, ഗ്രന്ഥകാരനായ എൻ പി ചെക്കുട്ടി തുടങ്ങിയവരും സംസാരിച്ചു. കെ കമാൽ സ്വാഗതവും പി സാദിഖ് നന്ദിയും പറഞ്ഞു.