ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ:സ്കോട്ട്ലൻഡ് സ്വാതന്ത്ര്യം തേടുമെന്ന് നേതാക്കൾ
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായും വിടുതൽ നേടി ഒരു മാസം കഴിയുമ്പോൾ ബ്രിട്ടൻ ആഭ്യന്തരവും അന്തർദേശിയവുമായ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇ യു വ്യാപാരസംവിധാനങ്ങളിൽ നിന്നു വിട്ടതോടെ മറ്റു പ്രധാന വ്യാപാര പങ്കാളികളുമായി സ്വതന്ത്ര വാണിജ്യകരാറുകൾ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സർക്കാരും ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ആഗോള അന്തരീക്ഷം അതിനു മുന്നിൽ കൂടുതൽ ഗുരുതരമായ തടസ്സങ്ങൾ വലിച്ചിടുകയാണെന്ന് നിരീക്ഷകർ പറയുന്നു. ബ്രിട്ടനിൽ കൊറോണാ വൈറസ് ബാധ വീണ്ടും ശക്തിപ്പെട്ടതും കൂടുതൽ മാരകമായ പുതിയ ഒരിനം വൈറസ് അവിടെ കണ്ടെത്തിയതും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. ബ്രിട്ടനിൽ നിന്നുമുള്ള സന്ദർശകർക്കു മിക്ക രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്നുള്ള വിമാനങ്ങൾക്കും മിക്ക രാജ്യങ്ങളും നിരോധനം പ്രഖ്യാപിച്ചു.
കൊറോണയെ നേരിടുന്നതിൽ ബോറിസ് ജോൺസന്റെ സർക്കാർ പരാജയമാണ് എന്ന വിലയിരുത്തലാണ് ബ്രിട്ടനിൽ തന്നെ പൊതുവായുള്ളത്. കൊറോണയെ നേരിടുന്നതിൽ സ്കോട്ട്ലൻഡ് നേതാവ് നിക്കോള സ്റ്റർജൻ മെച്ചമാണെന്ന് 66 ശതമാനം ഒരു അഭിപ്രായ വോട്ടെടുപ്പിൽ പറഞ്ഞപ്പോൾ ജോൺസണു അനുകൂലമായി വെറും 22 ശതമാനം മാത്രമാണ് വോട്ടു ചെയ്തത്.
ബ്രെക്സിറ്റ് നീക്കങ്ങൾക്കു ഇംഗ്ലണ്ടിൽ പൊതുവിൽ പിന്തുണ നിലനിൽക്കുന്നുണ്ടെങ്കിലും ഗ്രേറ്റ് ബ്രിട്ടനിലെ മറ്റു ഘടകങ്ങളായ സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ പിന്തുണയിൽ ഇടിവുണ്ട്. സ്കോട്ട്ലൻഡിൽ ഭരിക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി ബ്രെക്സിറ്റിനു തുടക്കം മുതലേ എതിരായിരുന്നു. അതിനാൽ അടുത്ത മാസങ്ങളിൽ നടക്കുന്ന സ്കോട്ട്ലൻഡ് തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് വീണ്ടും പ്രധാന വിഷയമാകുമെന്നു പ്രതീക്ഷിക്കുന്നു. ബ്രിട്ടനിൽ നിന്ന് വിട്ടുപോരാനും വീണ്ടും യൂറോപ്യൻ യൂണിയന്റെ ഭാഗമാകാനുമാണ് അവിടെ ഭരണകക്ഷി ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ തങ്ങൾ വീണ്ടും വിജയിക്കുകയാണെങ്കിൽ അതിനായി ഹിതപരിശോധന നടത്തുമെന്ന് സ്കോട്ട്ലൻഡ് ഒന്നാം മന്ത്രി സ്റ്റർജൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2014ൽ ഇതുസംബന്ധിച്ചു നടന്ന ഹിതപരിശോധനയിൽ 55 ശതമാനം ആളുകൾ വിട്ടുപോരുന്നതിനു എതിരായിരുന്നു. എന്നാൽ അഭിപ്രായസർവേകളിൽ ഭൂരിപക്ഷം പേരും ബ്രിട്ടനിൽ നിന്നു വിടാനും ഇയു സഖ്യത്തിന്റെ ഭാഗമാകാനും അനുകൂലമായാണ് ഇപ്പോൾ വോട്ടു രേഖപ്പെടുത്തുന്നത്. സ്കോട്ട്ലൻഡ് വിട്ടുപോകൽ നയം സ്വീകരിക്കുകയാണെങ്കിൽ ബ്രിട്ടിഷ് പാർലമെന്റ് അതിനെ ചെറുക്കുമെന്ന് ജോൺസൺ നിലപാട് വ്യക്തമാക്കി. അടുത്ത മാസങ്ങളിൽ ഇതുസംബന്ധിച്ച തർക്കം ബ്രിട്ടനെ വീണ്ടും പ്രതിസന്ധിയിലേയ്ക്ക് തള്ളുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.