എം ലീലാവതി

ലോകാന്ത്യമോ? രോഗാന്ത്യമോ?

“ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍
ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന
ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ
ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.
അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ
കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു.”

ചരിത്രത്തിലെന്നല്ല, ഐതിഹ്യങ്ങളിലോ മിത്തോളജികളിലോ പോലും, അറിയപ്പെട്ടിട്ടില്ലാത്ത ഒരു ആഗോള വിപത്തിനെയാണ് മാനുഷ്യകം നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യന്‍ അവന്‍റെ ബുദ്ധിശൂന്യതയുടെ പാരമ്യം കൊണ്ട് ഉണ്ടാക്കി വെച്ച ഏറ്റവും വലിയ ആഗോള വിപത്ത് ന്യൂക്ലിയര്‍ ആയുധങ്ങളാണ്. അവയോടു തുല്യമായ ഒരു ആപത്താണ് അണുശക്തി പോലെത്തന്നെയുള്ള അണുജീവിശക്തിയുടെ മാരക വ്യാപനം. അണ്വായുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാവുന്ന ഉപോത്പന്നങ്ങളും, ന്യൂക്ലിയര്‍ ഗാര്‍ബേജ് എന്നറിയപ്പെടുന്ന മാലിന്യങ്ങളും ഇന്നത്തെ മനുഷ്യവംശത്തെ മാത്രമല്ല, വരാനിരിക്കുന്ന അഞ്ചുലക്ഷം വര്‍ഷങ്ങളോളം മാനുഷ്യകത്തെ ബാധിച്ചുകൊണ്ടേയിരിക്കും എന്ന് ഫ്രിറ്റ്ജ്യോഫ് കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞന്‍മാര്‍ കിടിലം കൊള്ളിക്കുന്ന മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും അണുശക്തിയുത്പാദനത്തില്‍ നിന്ന് ലോകം പിന്തിരിഞ്ഞിട്ടില്ല. ഒരു റാത്തല്‍ പ്ലൂട്ടോണിയത്തില്‍ നിന്നുള്ള അണുശക്തി പ്രസരം (റേഡിയേഷന്‍) തുല്യമായി വീതിച്ചാല്‍ ഇന്നു ലോകത്തുള്ള മനുഷ്യര്‍ക്കൊട്ടാകെ ലങ് കാന്‍സര്‍ (ശ്വാസകോശാര്‍ബുധം) ഉണ്ടാക്കാന്‍ അതു ശക്തമാകുമെന്നാണ് “ദ റ്റേണിംഗ് പോയ്ന്ന്‍റ് ” (The Turning Point) എന്ന പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്നത്. ശത്രു രാജ്യത്തിന്‍റെ ആക്രമണത്തിനെതിരായ തടയല്‍ ശക്തിയായി അണ്വായുധങ്ങള്‍ (deterrent) നിലകൊള്ളണമെന്നാണ് അണ്വായുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിടത്തോളം അര്‍ത്ഥശക്തിയും ശാസ്ത്ര വിജ്ഞാനശക്തിയും ഉള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അന്ധമായി വിശ്വസിക്കുന്നത്. അണ്വായുധ പ്രയോഗത്തിന്‍റെ അന്തമറ്റ സംഹാര ശക്തിയുടെ ഇരയായിത്തീര്‍ന്ന ജപ്പാന്‍ മാത്രമാണ് വന്‍ശക്തികളില്‍ ഈ അന്ധവിശ്വാസത്തിന്നൊരപവാദമായി വര്‍ത്തിക്കാന്‍ ധൈര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. ജനങ്ങളെ മുഴുവന്‍ പട്ടിണിയില്‍ നിന്നു മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത രാജ്യങ്ങള്‍ പോലും ഈ അന്ധവിശ്വാസം പുലര്‍ത്തുന്നു. കാപ്രയെപ്പോലുള്ള ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പുകളെ അവര്‍ ഗൗരവത്തോടെ കാണുന്നില്ല.

“പരിസ്ഥിതി സന്തുലിതത്വത്തെ നശിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ ദാരുണമായ തിരിച്ചടികള്‍ക്കു
ഹേതുവാകുമെന്ന് പ്രവചിച്ചത്
യാഥാര്‍ത്ഥ്യമായിത്തീരുന്നു.”

ഭൗതികശാസ്ത്രഞ്ജന്‍ ഫ്രിറ്റ്ജ്യോഫ് കാപ്ര

The Turning Point എന്ന പുസ്തകത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്ന ഒരു ദശാസന്ധിയിലാണ് നാം എത്തിപ്പെട്ടിരിക്കുന്നത്. (ആ പുസ്തകത്തിലെ ആശയങ്ങളുടെ ഒരു സംഗ്രഹം ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. അതിനു പ്രേരകമായത് അതിലെ പ്രവചനങ്ങള്‍ ഒരു “സ്യൂഡോ ശാസ്ത്രജ്ഞന്‍റെ”യല്ല (Pseudo Scientist) ഭൗതികശാസ്ത്രങ്ങളെ സംഹാരാത്മകമായി ഉപയോഗിക്കത്തക്കവണ്ണം വികസിപ്പിക്കാന്‍ പ്രേരകമായ ആഗോള ഭരണശക്തികളെ എതിര്‍ക്കുന്ന ഒരു ശരിയായ ശാസ്ത്രജ്ഞന്‍റെയാണ് എന്ന വിശ്വാസമാണ്. ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഫിസിക്സ് പ്രൊഫസര്‍ – ഭര്‍ത്താവും ഞാനും കൂടി അതു വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു – 20 കൊല്ലം മുമ്പ് അദ്ദേഹം യാത്രയായതോടെ ചിറകൊടിഞ്ഞുപോയ ഞാന്‍ ഒറ്റക്ക് അതു വിവര്‍ത്തനം ചെയ്യാന്‍ ശക്തയല്ലാതായി. അതുകൊണ്ട് മനസ്സിലായിടത്തോളം ആശയങ്ങള്‍ സംഗ്രഹിക്കാന്‍ ഈയിടെ നിശ്ചയിച്ചു. ഒട്ടൊക്കെ ചെയ്തു കഴിഞ്ഞു)

അണുജീവി മനുഷ്യ വംശത്തോടു പ്രഖ്യാപിച്ചിട്ടുള്ള യുദ്ധത്തെപ്പറ്റി ചിലതു കുറിക്കുന്നതിന് ആമുഖമായി ഇക്കാര്യം സൂചിപ്പിക്കുന്നത്, പരിസ്ഥിതി സംരക്ഷണത്തിനെതിരായി ഭൂവിഭവങ്ങള്‍ മുഴുവന്‍ സുഖഭോഗാസക്തിയില്‍ പ്രേരിതരായി കൈയടക്കാന്‍ വെമ്പുന്ന മനുഷ്യര്‍ വരാനിരിക്കുന്ന തലമുറകളോടു ചെയ്യുന്ന അനീതിയെപ്പറ്റി അതിഗാഢമായ അന്തസ്താപത്തോടെയുള്ള വിചിന്തനങ്ങള്‍ ആ ഗ്രന്ഥത്തില്‍ ഉണ്ടെന്നതിനാലാണ്. അണുശക്ത്യുത്പാദനം – (ആയുധ നിര്‍മ്മാണം മാത്രമല്ല) മനുഷ്യര്‍ ഉപേക്ഷിച്ചേ തീരൂ എന്നും വൈദ്യുതിക്കു വേണ്ടി സോളാര്‍ (സൗര) ശക്തിയെ ആശ്രയിക്കുന്ന പദ്ധതികള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം ശക്തിയായി വാദിക്കുന്നു. പരിസ്ഥിതി സന്തുലിതത്വത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദാരുണമായ തിരിച്ചടികള്‍ക്കു ഹേതുവാകുമെന്ന് പ്രവചിച്ചത് യാഥാര്‍ത്ഥ്യമായിത്തീരുന്നു എന്നാണ് ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നത്.

കാപ്രയുടെ ദ റ്റേണിംഗ് പോയ്ന്ന്‍റ്

ബഹു സഹസ്രം വര്‍ഷങ്ങള്‍ നീണ്ട മനുഷ്യ ചരിത്രത്തിലൊന്നും ലോക വ്യാപകമായി ഇതുപോലൊരു മഹാമാരിയുണ്ടായതായ സൂചനയില്ല. ചരിത്രാതീതകാലത്തിന്‍റെ അനുഭവങ്ങള്‍, അനുഭവങ്ങളെ ആധാരമാക്കിയുള്ള സങ്കല്പങ്ങള്‍ എന്നിവ കൂടിക്കലര്‍ന്നുണ്ടാകുന്ന മിത്തുകളില്‍ ലോക വ്യാപകമായി സംഭവിച്ച അത്യാപത്തുകളായി കാണുന്നതു വെള്ളപ്പൊക്കവും(പ്രളയം) അതുപോലുള്ള പ്രകൃതിക്ഷോഭങ്ങളും മറ്റുമാണ്. രോഗാണുക്കളുടെ വ്യാപനം ഒരേ സമയത്തു ലോകമൊട്ടാകെ ഉണ്ടായെന്ന് ഊഹിക്കത്തക്ക മിത്തുകളോ ഐതിഹ്യങ്ങളോ കാണുന്നില്ല. വസൂരി, കോളറ, ക്ഷയം, ജ്വരങ്ങള്‍ മുതലായവയ്ക്കെല്ലാം പ്രാദേശിക കഥകളേ കാണുന്നുള്ളൂ.

“മാനവ ചരിത്രത്തില്‍ കുറച്ചു നൂറ്റാണ്ടുകളുടെ
ദൈര്‍ഘ്യം മാത്രമുള്ള
ഭൗതിക ശാസ്ത്ര വികാസം അനിയന്ത്രിതമായി
തുടരുന്നതിനെതിരായ ചിന്തകളുടെ പ്രസക്തി വര്‍ധിക്കുന്നു.”

പലതരം വൈറസ്സുകളുണ്ടെങ്കിലും അവ ഇത്രവേഗം ലോകമൊട്ടാകെ വ്യാപിക്കത്തക്കവണ്ണം ഗതിവേഗത്തോടുകൂടിയ സഞ്ചാരങ്ങള്‍ വ്യോമയാനത്തിന്‍റെ പ്രചാരമില്ലാത്ത പഴയ കാലത്ത് ഉണ്ടാകുമായിരുന്നില്ല. വ്യോമയാനം പോലുള്ള സഞ്ചാരസൗകര്യങ്ങളാണ് രോഗവ്യാപ്തിയുടെ ഗതിവേഗത്തിലും പ്രവര്‍ത്തിക്കുന്നതെന്നു കരുതേണ്ടിയിരിക്കുന്നു. ഇതിന്നര്‍ത്ഥം യന്ത്ര സൗകര്യങ്ങള്‍ മാനുഷ്യകത്തിന്‍റെ സുഖങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രം ഉതകുന്നവയല്ല; ദുഃഖങ്ങള്‍ വര്‍ധിപ്പിക്കാനും ഹേതുക്കളാണെന്നു തന്നെയാണല്ലോ. ഏതു നിലയ്ക്കും, മാനവ ചരിത്രത്തില്‍ കുറച്ചു നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യം മാത്രമുള്ള ഭൗതിക ശാസ്ത്ര വികാസം അനിയന്ത്രിതമായി തുടരുന്നതിനെതിരായ ചിന്തകളുടെ പ്രസക്തി വര്‍ധിക്കുന്നു.

കൊടുങ്കാറ്റിന്‍റെ വേഗത്തെ വെല്ലുന്ന ഇന്നത്തെ ഈ കൊടിയ രോഗാണു പ്രകൃതി സൃഷ്ടി തന്നെയാണെങ്കില്‍ മനുഷ്യ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലാത്തത് ഒരു പ്രഹേളികയാണ്. മനുഷ്യര്‍ കാടുകളെ കൊന്നൊടുക്കുന്ന യുദ്ധം തുടങ്ങിയപ്പോള്‍, കാടുകള്‍ മനുഷ്യര്‍ക്കെതിരെ പ്രഖ്യാപിച്ച യുദ്ധമാണോ ഇത്? കാട്ടുജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചതാണോ? വവ്വാലുകളില്‍ നിന്നാണെങ്കില്‍, തുല്യമായ വ്യാപന സാധ്യത പണ്ടും ഉണ്ടായിരുന്നില്ലേ? ഈ രോഗാണുവിന്‍റെ ഉത്ഭവത്തിനു പിന്നില്‍ മനുഷ്യരുടെ കൈയുണ്ടോ എന്ന ആശങ്ക തീരെ അസ്ഥാനത്തല്ല. Germ warfare എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിരിക്കുന്നു. ശത്രുരാജ്യത്തെ നശിപ്പിക്കാന്‍, ന്യൂക്ലിയര്‍ ആയുധ നിര്‍മാണം പോലെ ചെലവേയറിയതല്ലാത്തതും സംഹാര ശക്തിയില്‍ ഒട്ടും താഴെയല്ലാത്തതുമായ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഗവേഷണ പരിശ്രമങ്ങള്‍ക്കിടയ്ക്ക് ചോര്‍ന്നുപോയി. സംഹാര താണ്ഡവത്തിലേര്‍പ്പെട്ടിരിക്കുന്നവനാണോ രക്തബീജാസുരനെപ്പോലുള്ള വൈറസ് എന്നുള്ള വൈരി? ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കുന്നത് നിയമപരമായി കുറ്റമാണോ എന്നറിഞ്ഞുകൂടാ. പക്ഷേ ആശങ്കകള്‍ മനുഷ്യ മനസ്സില്‍ കയറിക്കൂടുന്നതിനു കാരണം “സ്റ്റേ വാര്‍ഫെയര്‍” പോലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ളതാണ്.

ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളില്‍ വമ്പിച്ച പുരോഗതിയുണ്ടാക്കിയ രാഷ്ട്രങ്ങളൊന്നും തന്നെ ഈ കരാള രാക്ഷസീയ സംഹാരശക്തിയോടുള്ള പോരില്‍ ഉടനടി വിജയസാധ്യമാക്കുന്ന ഒരു പ്രത്യസ്ത്രം തൊടുക്കുന്നതില്‍ സമര്‍ത്ഥമായിക്കാണുന്നില്ല. ഇസ്രായേല്‍ മരുന്നു കണ്ടെത്തിയെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതു സത്യമാകട്ടെ എന്നും എല്ലാ രാജ്യങ്ങളിലും രോഗമുക്തിയുണ്ടാകത്തക്കവണ്ണം സമൃദ്ധമായ ഉത്പാദനം സാധ്യമാകട്ടെ എന്നും മനംനൊന്ത് ലോകമൊട്ടാകെ പ്രാര്‍ത്ഥിക്കുമാറാകട്ടെ. മരുന്നു കണ്ടുപിടിക്കുന്നതില്‍ വിജയിക്കുന്നത് ഏതു രാഷ്ട്രമായാലും വര്‍ണ, വര്‍ഗ, മതഭേദങ്ങളൊന്നുമില്ലാതെ അത് മനുഷ്യവംശത്തെ മുഴുവന്‍ സംരക്ഷിക്കത്തക്കവണ്ണം ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കുക. രോഗാണു ഒരു വശത്തും മനുഷ്യവര്‍ഗം മുഴുവന്‍ മറുവശത്തും നിന്നുകൊണ്ടുള്ള ഒരു യുദ്ധമാണിത്. “നമ്മളൊന്ന്” എന്നു മനുഷ്യവംശം ചിന്തിക്കാന്‍ ഈ പൊതുശത്രുവിന്‍റെ ആക്രമണമെങ്കിലും പ്രേരകമാവുമോ? ഇനിയെങ്കിലും വര്‍ണ്ണത്തിന്‍റെയും മതത്തിന്‍റെയും മറ്റും പേരിലുള്ള ശത്രുതകള്‍ക്കു വിരാമമിടാന്‍ വേണ്ടുന്ന സദ്ബുദ്ധി മനുഷ്യര്‍ക്ക് മനസ്സില്‍ ഉദയം കൊള്ളുമോ? മതത്തിന്‍ പേരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഇല്ലാതാകും എന്നു ഉറപ്പിക്കാന്‍ വേണ്ടുന്ന ശുഭാപ്തിവിശ്വാസം കുറച്ചു ശുദ്ധാത്മാക്കള്‍ക്കു മാത്രമുണ്ടാകാവുന്ന ഒരു വ്യാമോഹമായി പരിണമിക്കുമോ?

മഹാമാരിയായ ഈ ശത്രു അന്തിമ പരാജയമടയാന്‍ ഏറെക്കാലം വേണ്ടിവരില്ല എന്നു വന്നാല്‍ത്തന്നെ ഇതിന്‍റെ പിന്നാലെ വരാവുന്ന ലോകവ്യാപകമായ ക്ഷാമകാലം ഇതുപോലെത്തന്നെ ഭയാനകമായിരിക്കില്ലേ? സമ്പത്തു മുഴുവന്‍ കയ്യടക്കിവെച്ചിരിക്കുന്ന കുറച്ചുശതമാനം മനുഷ്യര്‍, പട്ടിണി കിടന്നു ചാവുന്ന ബഹുഭൂരിപക്ഷത്തോടു കരുണ കാട്ടത്തക്കവണ്ണം സമ്പത്തു തുല്യമായി വീതിക്കാന്‍ സ്വയം സന്നദ്ധരാകുന്ന ഒരു കാലം വരുമോ? വരുമെന്നു പ്രതീക്ഷിക്കാമെങ്കില്‍ ഇപ്പോള്‍ത്തന്നെ സമ്പത്ത് നിഷ്കിഞ്ചതര്‍ക്ക് വിതരണം ചെയ്യാനുള്ള സന്നദ്ധത അവരില്‍ നിന്ന് സ്വയം ഉണ്ടാകുന്നതിന്‍റെയോ, അധികാരത്തിലിരിക്കുന്നവര്‍ അവര്‍ക്ക് അതു ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിന്‍റെയോ ലക്ഷണങ്ങള്‍ കാണേണ്ടതല്ലേ? നമ്മുടെ രാജ്യത്തിന്‍റെ കാര്യം മാത്രമെടുക്കുക – രണ്ടു ശതമാനം ആളുകളുടെ കയ്യില്‍ സമ്പത്തു കുന്നുകൂടുകയും ബാക്കിയുള്ളവര്‍ അന്നന്നത്തെ ആഹാരത്തിനു വഴി കാണാതുഴലുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ വേണ്ടുന്ന നിയമ നിര്‍മാണത്തിന് ജനപ്രതിനിധികള്‍ സന്നദ്ധരാകേണ്ടുന്ന കാലം ഇതല്ലേ? ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍ ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.

അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു – ഇതുപോലെ പാര്‍ലമെന്‍റില്‍ എല്ലാവരും ഒത്തുചേര്‍ന്ന് നിയമനിര്‍മാണത്തിലൂടെ സമ്പത്ത് സമാഹരിക്കാന്‍ ഉദ്യമിക്കേണ്ടത് കേന്ദ്ര ഭരണകൂടത്തിന്‍റെ ധാര്‍മികമായ ചുമതലയല്ലേ? വിദേശങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള സമ്പത്തു പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും ഓരോ പൗരന്‍റെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തുമെന്നും 2014 ലെ തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനം ചെയ്തവര്‍ അതു പാലിക്കാന്‍ ശക്തരായില്ലെന്നതുപോലും രണ്ടാം തവണയും അവരെ തെരഞ്ഞെടുക്കുന്നതിനെതിരായില്ല എന്നുള്ള യാഥാര്‍ത്ഥ്യം ചൂണ്ടുന്നത്. ജനഗണത്തിന്‍റെ ബുദ്ധിശക്തിയിലേക്കു തന്നെയാണോ? ഓരോ ആവശ്യക്കാരനും വര്‍ഷത്തില്‍ 72000 രൂപ അക്കൗണ്ടില്‍ ഉണ്ടാകുമെന്ന പരിമിതമായ വാഗ്ദാനം മുന്നോട്ടുവെച്ച രാഷ്ട്രീയകക്ഷി അതിനുവേണ്ടുന്ന മൂലധനം അതിസമ്പന്നരില്‍ നിന്നു പിടിച്ചെടുക്കുമെന്നും കൂടി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം സാധുവാക്കുമോ എന്ന് പരീക്ഷിക്കാനൊരവസരം ജനഗണം അവര്‍ക്കു നല്കിയില്ല. ഓരോ പൗരനും 15 ലക്ഷം വീതം അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനം വളരെ വലുതായിരുന്നു. 72000 രൂപ അത്ര അവിശ്വസനീയമായ വലിയ സംഖ്യയല്ല. പിന്നത്തെ തെരഞ്ഞെടുപ്പില്‍ 15 ലക്ഷത്തിന്‍റെ കടം ഓര്‍മയിലുണ്ടെന്നതിനൊരു തെളിവും അതു നല്കിയ കക്ഷി മുന്നോട്ടു വെച്ചില്ല. അത്തരത്തിലൊരു വാഗ്ദാനം ഉണ്ടായിരുന്നതിന്‍റെയോ ഇപ്പോഴും അത് സാക്ഷാത്കരിക്കുന്നതിന്‍റെ പ്രസക്തി റദ്ദായിക്കഴിഞ്ഞിട്ടില്ലെതിന്‍റെയോ ഒരു ലക്ഷണവും ദിനംതോറും ഉണ്ടാകുന്ന ആശ്വാസന വചസ്സുകളില്‍ കാണുന്നില്ല. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പരമദരിദ്രരോടു കാരുണ്യമുണ്ടെന്നതിനു മൂര്‍ത്തിമത്തായ തെളിവായി അന്നന്നത്തെ അന്നത്തിനുള്ള വക അവരുടെ കയ്യിലെത്തിക്കുക? വിശന്നു കരയുന്ന കുഞ്ഞുങ്ങളും അവരെ ആശ്വസിപ്പിക്കാന്‍ വഴിയില്ലാത്ത രക്ഷിതാക്കളായ തൊഴില്‍ രഹിതരും (തൊഴിലാളികളില്‍ വലിയൊരു വിഭാഗം “തൊഴിലില്ലാളി”കളായി മാറിക്കഴിഞ്ഞ ഘട്ടമാണിത്) അനുഭവിക്കുന്ന കൊടിയ ദുഃഖമെന്തന്ന് അനുഭവത്തില്‍ നിന്ന് അറിഞ്ഞവരാണ് ഓരോ രാജ്യത്തും ഭരണാധികാരികളായി വരേണ്ടത്. അതിനുപകരം അതിസമ്പന്നന്‍മാരാണ് ജനപ്രതിനിധികളിലെ ഭൂരിപക്ഷം എന്നതാണ് സമകാലാവസ്ഥ.
ദാരിദ്ര്യമെന്തെന്നതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളൂ എന്നത് സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ കാലത്തെന്നപോലെ ഇന്നും പരമ സത്യമാണ്. കോവിഡിന്‍റെ കാലത്തും അധികാരികളായിരിക്കുന്ന നരേന്ദ്രന്‍മാരും കോവിന്ദ (ഗോവിന്ദ)ന്‍മാരും എല്ലാവരും ഇതറിഞ്ഞേ തീരൂ.

ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍
ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന
ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ
ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.
അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ
കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു.

കോവിഡിന്‍റെ കാളിയ വിഷബാധയില്‍ നിന്ന് ലോക ജനതയൊട്ടാകെ മോചനം നേടുമെന്ന ശുഭപ്രതീക്ഷ യാഥാര്‍ത്ഥ്യമായിത്തിരുകയാണെങ്കില്‍ പോലും, പട്ടിണിപ്പേമാരിയാണ് ബാക്കി വരുന്ന മനുഷ്യര്‍ക്കു ഉടനടി നേരിടേണ്ടി വരിക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വേണ്ടതിലേറെ ഈ കെടു ലോകത്ത് ജീവിക്കാനര്‍ഹതയുള്ളവര്‍ക്ക് കിട്ടേണ്ടുന്ന ഭക്ഷണം അപഹരിച്ചും കൊണ്ട് ജീവിച്ചു കഴിഞ്ഞിട്ടും മൃതിയുടെ അനുഗ്രഹഹസ്തങ്ങള്‍ക്കുള്ള തണുപ്പില്‍ ആശ്വാസം കിട്ടാതെ എരിപൊരിക്കൊള്ളുന്നവരാണ് പരക്ലേശ വിവേകമുള്ള വൃദ്ധസമൂഹം എന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ അനുഭവം അതാണ്. പട്ടിണി കിടന്നു ചാവാനുള്ള ധീരത കിട്ടുന്നുമില്ല. കിട്ടിയാലും പ്രിയപ്പെട്ടവര്‍ അതിന് അനുകൂലമാവില്ല. എന്തിനുവേണ്ടി ഇങ്ങനെ ജീവിതം നീളുന്നു എന്ന് ഓരോ ദിനവും ജഗത്പിതാവിനോടു ചോദിച്ചു കൊണ്ടിരിക്കയാണ്. ബധിരതയില്ലാത്ത അത്തരം ഒരു ശക്തി ഇല്ലെന്നും വേണം കരുതാന്‍ – ഗതിമുട്ടി ഒരു നാള്‍ ആത്മഹതിക്കുള്ള ധൈര്യം സംഭരിച്ചെന്നു വന്നാല്‍ അതിനെ ഭീരുതയെന്ന് ആരും വിശേഷിപ്പിക്കാതിരിക്കട്ടെ.

“കോവിഡിന്‍റെ കാളിയ വിഷബാധയില്‍ നിന്ന്
ലോക ജനതയൊട്ടാകെ മോചനം നേടുമെന്ന ശുഭപ്രതീക്ഷ
യാഥാര്‍ത്ഥ്യമായിത്തിരുകയാണെങ്കില്‍ പോലും,
പട്ടിണിപ്പേമാരിയാണ് ബാക്കി വരുന്ന മനുഷ്യര്‍ക്കു ഉടനടി
നേരിടേണ്ടി വരിക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.”

കാപ്രയുടെ ‘വഴിത്തിരിവ്’ എന്ന (The Turning Point) പുസ്തകത്തെപ്പറ്റി തുടക്കത്തില്‍ പരാമര്‍ശിച്ചല്ലോ. The Systems View of Life എന്നൊരധ്യായം അതിലുണ്ട്. ജൈവപ്രപഞ്ച ഒരു വലിയ വ്യൂഹ ശൃംഖലയാണെന്നും ഓരോ വ്യൂഹവും (System) മറ്റ് ഏതിനോടും ബന്ധപ്പെട്ടിരിക്കുന്നവെന്നും ഉള്ള ആശയത്തെപ്പറ്റി അതില്‍ സൂക്ഷ്മമായി നിരീക്ഷണങ്ങളുണ്ട്. അണുജീവി വ്യൂഹത്തെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പ്രപഞ്ചത്തില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു സത്തയായി, ‘കോഗ്നിറ്റോ എര്‍ഗോസം’ എന്ന മന്ത്രവാക്യം പ്രചരിപ്പിച്ച ഡേയ്കാര്‍ട്ടെ മനുഷ്യനെ കണ്ടു ആ “കാര്‍ട്ടീസിയന്‍” ചിന്താഗതിയുടെ ദ്വയാത്മകത ഭൗതികശാസ്ത്രത്തിന്‍റെ പാശ്ചാത്യ രീതിയിലുള്ള വികാസത്തിന് ഉപോദ്ബലകമായി വര്‍ത്തിച്ചുവെന്നും, ആ വികാസം ശാസ്ത്രീയതയുടെ അനുക്ഷണവികസ്വരതയ്ക്കും ഉത്തുംഗവിജയത്തിന്നും ഹേതുവായും പ്രേരകമായും തീര്‍ന്നെന്നും പുസ്തകത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്‍റെ ഈ പരമവിജയം, മനുഷ്യന്‍റെ ചിന്താഗതിക്കുള്ള അഹന്തയെ വിജൃംഭിച്ചുകൊണ്ടിരിക്കുന്നത് അവനെ ദുരന്തത്തിലേക്കു ക്രമേണ നയിക്കുമെന്ന വിഷാദമാണ് ഗ്രന്ഥത്തിലെ ചിന്താശൈലിക്കുള്ള സ്ഥായിഭാവം – മനുഷ്യന്‍ പ്രപഞ്ചത്തില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു സത്തയല്ല എന്നും മറ്റെല്ലാ ജൈവ സത്തകളെയും പോലെ അതിന്‍റെ ഒരു അംശമാണെന്നുമുള്ള പൗരസ്ത്യചിന്താ പദ്ധതിയാണ് കാപ്ര കൈക്കൊള്ളുന്നത്. ഒരു പരമാണു ജീവി മനുഷ്യന്‍റെ അഹന്തയിലേല്പിച്ചു കൊണ്ടിരിക്കുന്ന അപ്രതിരോധ്യമെന്നു തോന്നിക്കുന്ന പ്രഹരങ്ങള്‍ കാപ്രയുടെ ചിന്താശക്തിക്കുള്ള യുക്തിയുക്തതയ്ക്കും ശാസ്ത്രീയതയ്ക്കും അടിവരയിടുന്നു. പരിണാമ പ്രക്രിയയിലെ കനിഷ്ഠ സന്തതിയായ മനുഷ്യന് മുന്‍ദശകളില്‍പ്പെട്ട എല്ലാത്തിനേയും അടക്കി ഭരിക്കാനും സ്വന്തം സുഖഭോഗത്തിനുള്ള ഉപകരണങ്ങളായി ഉപയുക്തമാക്കാനും വിശേഷാധികാരവും അവകാശവും ഉണ്ട് എന്ന അവബോധത്തെയും അഹന്തയെയും തകര്‍ക്കുന്ന നിയതിപ്രതികരണമായി, ലോക വ്യാപകമായ അഗ്നിപര്‍വതപ്രക്ഷോഭം പോലെയുള്ള ഇന്നത്തെ അത്യാപത്തിനെ നാം ഉപദര്‍ശിക്കേണ്ടതുണ്ട്. അണ്വായുധങ്ങളുടെ അധിപന്‍ അണുജീവിയുടെ അധിപനു മുന്നില്‍ അടിയറവു പറയുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ ശത്രുവിനെ നേരിടാന്‍ വന്‍ രാഷ്ട്രങ്ങള്‍ അവരുടെ നിലവറകളില്‍ ഉപ്പുമാങ്ങാഭരണികളെന്നപോലെ സൂക്ഷിച്ചുവെച്ചിട്ടുള്ള അണുബോംബുകള്‍ പര്യാപ്തമാവുമോ?

കൊറോണ വൈറസ്

മനുഷ്യന്‍റെ ചിന്താഗതിക്കുള്ള അഹന്തയെ വിജൃംഭിച്ചുകൊണ്ടിരിക്കുന്നത് അവനെ ദുരന്തത്തിലേക്കു ക്രമേണ നയിക്കുമെന്ന വിഷാദമാണ് ഗ്രന്ഥത്തിലെ ചിന്താശൈലിക്കുള്ള സ്ഥായിഭാവം – മനുഷ്യന്‍ പ്രപഞ്ചത്തില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു സത്തയല്ല എന്നും മറ്റെല്ലാ ജൈവ സത്തകളെയും പോലെ അതിന്‍റെ ഒരു അംശമാണെന്നുമുള്ള പൗരസ്ത്യചിന്താ പദ്ധതിയാണ് കാപ്ര കൈക്കൊള്ളുന്നത്. ഒരു പരമാണു ജീവി മനുഷ്യന്‍റെ അഹന്തയിലേല്പിച്ചു കൊണ്ടിരിക്കുന്ന അപ്രതിരോധ്യമെന്നു തോന്നിക്കുന്ന പ്രഹരങ്ങള്‍ കാപ്രയുടെ ചിന്താശക്തിക്കുള്ള യുക്തിയുക്തതയ്ക്കും ശാസ്ത്രീയതയ്ക്കും അടിവരയിടുന്നു. പരിണാമ പ്രക്രിയയിലെ കനിഷ്ഠ സന്തതിയായ മനുഷ്യന് മുന്‍ദശകളില്‍പ്പെട്ട എല്ലാത്തിനേയും അടക്കി ഭരിക്കാനും സ്വന്തം സുഖഭോഗത്തിനുള്ള ഉപകരണങ്ങളായി ഉപയുക്തമാക്കാനും വിശേഷാധികാരവും അവകാശവും ഉണ്ട് എന്ന അവബോധത്തെയും അഹന്തയെയും തകര്‍ക്കുന്ന നിയതിപ്രതികരണമായി, ലോക വ്യാപകമായ അഗ്നിപര്‍വതപ്രക്ഷോഭം പോലെയുള്ള ഇന്നത്തെ അത്യാപത്തിനെ നാം ഉപദര്‍ശിക്കേണ്ടതുണ്ട്. അണ്വായുധങ്ങളുടെ അധിപന്‍ അണുജീവിയുടെ അധിപനു മുന്നില്‍ അടിയറവു പറയുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ ശത്രുവിനെ നേരിടാന്‍ വന്‍ രാഷ്ട്രങ്ങള്‍ അവരുടെ നിലവറകളില്‍ ഉപ്പുമാങ്ങാഭരണികളെന്നപോലെ സൂക്ഷിച്ചുവെച്ചിട്ടുള്ള അണുബോംബുകള്‍ പര്യാപ്തമാവുമോ?

“ഗള്‍ഫ് രാജ്യങ്ങളിലും മറ്റും തൊഴിലെടുത്ത് ധനം സമ്പാദിച്ചവരില്‍
വലിയൊരു വിഭാഗം മണിമാളികകള്‍ പണിയിക്കാന്‍ അതു വ്യയം ചെയ്തു.
കെട്ടിടങ്ങള്‍ മൃതനിക്ഷേപങ്ങളാണ്.
പണം മുടക്കിയത് വ്യവസായ മേഖലയിലായിരുന്നെങ്കില്‍
തിരിച്ചുവരവ് ഏറെക്കുറെ ശൂന്യതയിലേക്കാവുമായിരുന്നില്ല.”

വീണ്ടും വീണ്ടും പറയട്ടെ മനുഷ്യ വംശത്തിന്‍റെ സ്വയംരക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അണ്വായുധങ്ങളോ, മതവിശ്വാസങ്ങളോ, വംശീയാഭിമാനങ്ങളോ ഒന്നുമല്ല; പ്രകൃതിശക്തികളെ വെല്ലുവിളിച്ചു തോല്പിച്ചു വാഴാമെന്ന അഹന്തയുപേക്ഷിച്ച്, ജീവത്തായ ഏതിനും ഈ വസുന്ധരയിലെ വിഭവങ്ങളില്‍ തുല്യാവകാശമുണ്ടെന്നംഗീകരിച്ച്, അഥവാ അവയുടെ ഉടമ എന്ന വിശേഷാവകാശം മനുഷ്യന് ഇല്ലെന്നു തിരിച്ചറിഞ്ഞ്, ഉടലും ഉയിരും കാക്കാന്‍ വേണ്ടതിലേറെ കയ്യടക്കാനുള്ള അത്യാഗ്രഹം വെടിഞ്ഞ്, കഴിഞ്ഞു കൂടാനുള്ള സന്നദ്ധതയാണ് രക്ഷാകവചം. നമ്മുടെ ശാസ്ത്രയുഗത്തിലും ഈ സന്നദ്ധത കൂടിയേ തീരൂ എന്നു മഹാത്മാഗാന്ധി അന്ത്യശ്വാസം വരെ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു; ദയയോടെ, സ്നേഹത്തോടെ. ആ പാഠം തന്നെയാണ് നിയതി ഇപ്പോള്‍ കൊടിയ ക്രൂരതയോടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷിത മേഖലയിലിരുന്നു കൊണ്ടു, വിശപ്പടക്കാനൊന്നുമില്ലാത്തതിന്‍റെ വേദനയെന്തെന്നറിയാതെ, ഇങ്ങനെയെല്ലാം തത്ത്വശാസ്ത്രം വിളമ്പുന്നതെളുപ്പമാണ്. പക്ഷേ, തന്‍റെയും തനിക്ക് ഉറ്റവരുടെയും വിശപ്പാറ്റാനൊന്നുമില്ലാതെ അവരില്‍ നിന്ന് അകന്നു കഴിയേണ്ടുന്ന ആയിരമായിരം മനുഷ്യ ജീവികളുടെ ആരും കേള്‍ക്കാനില്ലാത്ത നിലവിളികള്‍ മുഴങ്ങുന്ന ഈ കാലത്തിന്‍റെ അവസ്ഥ തത്ത്വവിചിന്തനങ്ങള്‍ക്കു നിരക്കുന്നതല്ല. ഈ രാജ്യം ഒന്നാണ് എന്ന ചിന്തയില്‍ അന്യസംസ്ഥാനങ്ങളിലേക്കു തൊഴില്‍ തേടിപ്പോയവരും ഈ ലോകം ഒന്നാണ് എന്ന വിശ്വാസത്തില്‍ അന്യരാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയവരും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മരണ ഭീതിയേക്കാള്‍ കൂടുതല്‍ കഠോരമാണ് (ഇത് എഴുതിക്കഴിഞ്ഞതിനു ശേഷം ആണ് സ്വന്തം നാട്ടിലേക്ക് ബഹുദൂരം കാല്‍നടയായി യാത്ര ചെയ്തു തളര്‍ന്ന തൊഴിലാളികള്‍ റെയില്‍പാളത്തില്‍ കിടന്നു വണ്ടിക്കടിയില്‍പെട്ട് ചതഞ്ഞരഞ്ഞു പോയ കഠോരവാര്‍ത്ത വന്നത്, പാളത്തില്‍ നിന്ന് മാറിക്കിടക്കാന്‍ പോലും തോന്നാത്ത വിധം നടന്ന് തളര്‍ന്നു ഉറങ്ങി വീണ് കിടന്നതാകണമല്ലോ. മരണം ഒരു മോചനമാണ്; അതോടെ അതിന്‍റെ ഇരയുടെ കഷ്ടപ്പാടുകള്‍ ഒടുങ്ങുന്നു. ഉറ്റവരുടെ ദുഃഖങ്ങളാകട്ടെ ഒടുങ്ങുന്നില്ല. അപ്പോള്‍ നരക വേദനകളനുഭവിച്ചു കൊണ്ട് ഉഴലുകയാണ്. കേരളത്തിന്‍റെ സ്ഥിതിയില്‍ ഒരുപക്ഷേ, മറ്റൊരിടത്തുമില്ലാത്ത ഒരു വൈരാഗ്യമുണ്ട്. തൊഴിലിന്നു വേണ്ടി വിദേശങ്ങളിലേക്കു അടിഞ്ഞുകൂടിയവരുടെ എണ്ണവും തൊഴിലിന്നു വേണ്ടി വിദേശത്തു നിന്നു വന്നടിഞ്ഞു കൂടിയവരുടെ എണ്ണവും ഒരുപോലെ വലുതാണ്. ഇവിടെ നിന്ന് വിദേശത്തുപോയി തൊഴില്‍ ചെയ്തു പണമുണ്ടാക്കിയവരാണ്, അന്യദേശങ്ങളിലെ തൊഴിലില്ലാളികള്‍ കേരളത്തെ സ്വര്‍ഗമായി കണ്ട് ഇങ്ങോട്ടൊഴുകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും തൊഴിലെടുത്ത് ധനം സമ്പാദിച്ചവരില്‍ വലിയൊരു വിഭാഗം മണിമാളികകള്‍ പണിയിക്കാന്‍ അതു വ്യയം ചെയ്തു. കെട്ടിടങ്ങള്‍ മൃതനിക്ഷേപങ്ങളാണ്. പണം മുടക്കിയത് വ്യവസായ മേഖലയിലായിരുന്നെങ്കില്‍ തിരിച്ചുവരവ് ഏറെക്കുറെ ശൂന്യതയിലേക്കാവുമായിരുന്നില്ല. കേരളത്തില്‍ പണികളില്ലാത്ത നിലയില്‍ ഉടനെ തിരിച്ചു പോകേണ്ടിവരുന്നവരുടെയും, ഇങ്ങോട്ടു തിരിച്ചെത്താന്‍ പാടുപെടുന്നവരുടെയും ദുരിതങ്ങള്‍ ഇങ്ങനെ ഒരേ സമയം കത്തിക്കാളുമെന്ന് ആര്‍ക്കും മുന്‍കൂട്ടിക്കാണാനാവുമായിരുന്നില്ലല്ലോ. ഇവിടെ സുരക്ഷിതമായിക്കഴിയുന്നവര്‍ക്കും വിദേശങ്ങളില്‍ കഴിയേണ്ടിവരുന്ന ഉറ്റവരുടെ അവസ്ഥയെപ്പറ്റിയുള്ള ഭയാശങ്കകള്‍ പെരുകിക്കൊണ്ടിരിക്കുന്നു. വിദേശങ്ങളില്‍ കഴിഞ്ഞു കൂടുന്ന ഉറ്റവരില്ലാത്തവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് നിനക്കേണ്ടിവരുന്നു – ഇന്നലെ വരെ ഭാഗ്യവാന്‍മാരായി കരുതപ്പെട്ടവര്‍ ഇന്ന് മറിച്ചായിത്തീര്‍ന്നു.

ജെം വാര്‍ഫെയര്‍

കൊറോണയെച്ചൊല്ലി വിറകൊള്ളേണ്ടതില്ലാത്ത ഒരു പ്രഭാതം എത്ര അകലെയാണെന്നാര്‍ക്കറിയാം? അഥവാ, ഉദിച്ചാല്‍ത്തന്നെ കഠോരക്ഷാമത്തിന്‍റെ മരുഭൂവിലേക്കാവില്ലേ ആ ഉണര്‍ച്ച? അങ്ങനെയാകാതിരിക്കണമെങ്കില്‍ സമ്പത്തു മുഴുവന്‍ കയ്യടക്കി വെച്ചവരെ ത്യാഗപാഠം പഠിപ്പിക്കാന്‍ കഴിവുള്ള ഭരണ കര്‍ത്താക്കളുണ്ടാകണം – കുബേരനോടു യുദ്ധം ചെയ്യാന്‍ സന്നദ്ധനായ രഘുരാജാവിനെപ്പോലെ കുബേരവര്‍ഗത്തിന് മനഃപരിവര്‍ത്തനമുണ്ടാക്കാന്‍ കഴിവുറ്റ ഭരണകര്‍ത്താക്കളുണ്ടാവുമോ? ട്രംപിനെപ്പോലുള്ള കുബേര വര്‍ഗാംഗങ്ങള്‍ തന്നെ ഭരണകര്‍ത്താക്കളായിരിക്കെ, അത്തരം ഒരു വിപ്ലവം സങ്കല്പിക്കാനാവുമോ? നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കളുടെ പശ്ചാത്തലം വ്യത്യസ്തമാണെന്ന് പറയപ്പെടുന്നുണ്ടല്ലോ? ഇവിടെയെങ്കിലും ഒരു അഴിച്ചു പണിയും പൊളിച്ചെഴുത്തും സാധ്യമാവുമോ? അതോ സംരക്ഷിക്കപ്പെടേണ്ടുന്നവരാണ് ദേവന്‍മാര്‍ എന്ന മിഥ്യാബോധത്താല്‍ ദേവാലയങ്ങള്‍ പണിയുന്നതിനും, സംരക്ഷിക്കപ്പെടേണ്ടുന്നതില്‍ ഏറ്റവും വലുത് മതമൂല്യമാണെന്ന അന്ധവിശ്വാസത്താല്‍ മതപാഠങ്ങള്‍ പഠിപ്പിക്കുന്നതിനും മുന്‍ഗണന നല്കുന്ന നയം നടപ്പാക്കപ്പെടുമോ?

കൊറോണയെച്ചൊല്ലി വിറകൊള്ളേണ്ടതില്ലാത്ത ഒരു പ്രഭാതം എത്ര അകലെയാണെന്നാര്‍ക്കറിയാം? അഥവാ, ഉദിച്ചാല്‍ത്തന്നെ കഠോരക്ഷാമത്തിന്‍റെ മരുഭൂവിലേക്കാവില്ലേ ആ ഉണര്‍ച്ച? അങ്ങനെയാകാതിരിക്കണമെങ്കില്‍ സമ്പത്തു മുഴുവന്‍ കയ്യടക്കി വെച്ചവരെ ത്യാഗപാഠം പഠിപ്പിക്കാന്‍ കഴിവുള്ള ഭരണ കര്‍ത്താക്കളുണ്ടാകണം – കുബേരനോടു യുദ്ധം ചെയ്യാന്‍ സന്നദ്ധനായ രഘുരാജാവിനെപ്പോലെ കുബേരവര്‍ഗത്തിന് മനഃപരിവര്‍ത്തനമുണ്ടാക്കാന്‍ കഴിവുറ്റ ഭരണകര്‍ത്താക്കളുണ്ടാവുമോ? ട്രംപിനെപ്പോലുള്ള കുബേര വര്‍ഗാംഗങ്ങള്‍ തന്നെ ഭരണകര്‍ത്താക്കളായിരിക്കെ, അത്തരം ഒരു വിപ്ലവം സങ്കല്പിക്കാനാവുമോ? നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കളുടെ പശ്ചാത്തലം വ്യത്യസ്തമാണെന്ന് പറയപ്പെടുന്നുണ്ടല്ലോ? ഇവിടെയെങ്കിലും ഒരു അഴിച്ചു പണിയും പൊളിച്ചെഴുത്തും സാധ്യമാവുമോ? അതോ സംരക്ഷിക്കപ്പെടേണ്ടുന്നവരാണ് ദേവന്‍മാര്‍ എന്ന മിഥ്യാബോധത്താല്‍ ദേവാലയങ്ങള്‍ പണിയുന്നതിനും, സംരക്ഷിക്കപ്പെടേണ്ടുന്നതില്‍ ഏറ്റവും വലുത് മതമൂല്യമാണെന്ന അന്ധവിശ്വാസത്താല്‍ മതപാഠങ്ങള്‍ പഠിപ്പിക്കുന്നതിനും മുന്‍ഗണന നല്കുന്ന നയം നടപ്പാക്കപ്പെടുമോ? അതോ, ബോധോദയത്തിന്‍റെ ഒരു പുതുയുഗം പുലരുമോ? കനിഷ്ഠ സന്തതിയുടെ ബുദ്ധിശൂന്യതയ്ക്കു മാപ്പുകൊടുക്കാത്ത നിയതി സംവിധാനം ചെയ്യാന്‍ പോകുന്നത് ലോകാന്ത്യമോ? അതോ രോഗാന്ത്യമോ?

Leave a Reply