Indian Republicday and 2 pareds Janashakthionline

ഒരു റിപ്പബ്ലിക് ദിനവും രണ്ടു പരേഡുകളും കാണിക്കുന്നത് സമകാല ഇന്ത്യയുടെ ചിത്രം

ഇത്തവണ രാജ്യം അതിന്റെ റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോൾ സമകാല ഇന്ത്യയുടെ കൃത്യമായ ഒരു പരിഛേദമാണ് അതു വീക്ഷിക്കുന്ന ആഗോളസമൂഹത്തിനു നൽകുക. പഴയ  കൊളോണിയൽ പ്രൗഡിയുടെ പകിട്ടിൽ തിളങ്ങുന്ന രാജ്‌പഥിൽ ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വവും ഭരണാധികാരികളും സൈനിക-സർക്കാർ മേധാവികളും സേനാവ്യൂഹങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. അവർക്കു  പോർവിമാനങ്ങളും  കവചിതവാഹനങ്ങളും മിസൈലുകളും ടാങ്കുകളും അകമ്പടി സേവിക്കും. രാജ്യത്തിൻറെ സൈനികശക്തിയെപ്പറ്റിയും സാമ്പത്തികവിജയത്തെക്കുറിച്ചും ഭരണാധികാരികൾ വീമ്പടിക്കും. അതു കാണാനും കേൾക്കാനുമായി ക്ഷണിച്ച പഴയ കൊളോണിയൽ മേലാവിയുടെ ഇന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവസാനനിമിഷം യാത്ര റദ്ദാക്കിയതു മാത്രമായിരിക്കും ഒരേയൊരു അലോസരമായി ഈ “തിളങ്ങുന്ന ഇന്ത്യയുടെ’ രാജപ്രതിനിധികൾക്കു അനുഭവപ്പെടുക.

എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു ഇന്ത്യയുടെ – ഗ്രാമീണ ഭാരതത്തിന്റെ – റിപ്പബ്ലിക് ദിനപരേഡും ഇത്തവണ തലസ്ഥാനനഗരിയിൽ അരങ്ങേറുന്നു എന്നത് ഒരു സുപ്രധാന രാഷ്ട്രീയ സംഭവവികസമാണ്‌.  നഗരവത്കൃത, ആഗോളവത്കൃത ഇന്ത്യയും ഈ രാജ്യത്തിൻറെ നട്ടെല്ലായി എന്നും അടിയുറച്ചുനിന്ന ഗ്രാമീണ ഭാരതവും എന്നും തങ്ങളുടെ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ കറങ്ങുകയായിരുന്നു. രണ്ടും പരസ്പരം അകലം പാലിച്ചു. നഗരങ്ങളിലിരുന്ന് രാജ്യഭരണം നടത്തിയ കൂട്ടർ ‘ജയ്ജവാൻ ജയ്കിസാൻ’ എന്നൊക്കെ ഭംഗിവാക്ക് പറഞ്ഞു. ഒരു പരിധിവരെ ഗ്രാമങ്ങളെയും  അതിലെ മനുഷ്യരെയും അവരുടെ വഴിക്കു വിടുകയും ചെയ്തു.

 തൊണ്ണൂറുകളിൽ അരങ്ങേറിയ ആഗോളവത്കരണമാണ് അതിനു മാറ്റം  വരുത്തിയത്. തങ്ങൾ ബ്രിട്ടീഷ്  ഭരണാധികാരികളിൽ നിന്നു കയ്യേറ്റു വാങ്ങിയതിനേക്കാൾ എത്രയോ വലിയ സമ്പത്തു ഗ്രാമങ്ങളിലും വനങ്ങളിലും ആദിവാസി സമൂഹം അധിവസിക്കുന്ന വിദൂരപ്രദേശങ്ങളിലെ ഭൂമിക്കടിയിലും കിടപ്പുണ്ട് എന്നവർ തിരിച്ചറിയുന്നു. അതിനെ ചൂഷണം  ചെയ്താൽ ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകശക്തികളിൽ മുമ്പിലെത്തും എന്നവർ പകൽക്കിനാവ് കാണുന്നു.

അതാണ് സമീപകാല ഇന്ത്യയിലെ അടിസ്ഥാനപരമായ നയംമാറ്റം സൂചിപ്പിക്കുന്നത്. അത്തരം നയംമാറ്റങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് കർഷകരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയ കാർഷിക നിയമങ്ങൾ. ഖനിജങ്ങൾ സ്വകാര്യകുത്തകകളുമായി കൂട്ടുചേർന്ന് ചൂഷണം ചെയ്യാനുള്ള പദ്ധതികൾ നേരത്തെതന്നെ തയ്യാറാക്കി. കുടിയിറക്കലിനെതിരെ ചെറുത്തുനിന്ന ആദിവാസി -ഗ്രാമീണജനതയെ സായുധശക്തിയുപയോഗിച്ചു ആട്ടിയോടിക്കുന്ന അനുഭവങ്ങൾ പതിവായി. അവരോടു അനുഭാവം പ്രകടിപ്പിച്ച ചിന്തകരും ബുദ്ധിജീവികളും സാമൂഹികപ്രവർത്തകരും ദേശവിരുദ്ധരായി മുദ്രകുത്തപ്പെട്ടു തടവറയിലായി. മാധ്യമങ്ങളെ വിലകൊടുത്തു വാങ്ങി. വഴങ്ങാത്തവരെ തകർത്തു. ഇന്ത്യയുടെ  ഖനിജവിഭവങ്ങൾ ലോകകമ്പോളത്തിന്റെ ഭാഗമായി.

കർഷകർ ഈ  ആഗോളവ്യവസ്ഥയുടെ ഭാഗമാകാൻ വിസമ്മതിച്ചു. ആഗോള കമ്പോളത്തിന്റെ പുളപ്പും വാഗ്ദാനങ്ങളും എത്രമാത്രം പൊള്ളയാണെന്ന് അനുഭവത്തിലൂടെ പഠിച്ച ഒരു കർഷകസമൂഹമാണ് ഇന്ത്യയിലുള്ളത്. ചമ്പാരനിൽ തങ്ങളുടെ പാരമ്പര്യവിളകളെ  പിഴുതെറിഞ്ഞു ബ്രിട്ടീഷ് കമ്പനികൾക്കായി നീലംകൃഷി ചെയ്ത മുൻതലമുറയുടെ  അനുഭവം ഇന്നും ഇന്ത്യൻ കർഷകന്റെ സ്മൃതിപഥത്തിലുണ്ട്.  ചമ്പാരനിലും ഖേദയിലും തെലുങ്കാനയിലും മലബാറിലും ഇത്തരം സാമ്രാജ്യത്വ -ആഗോള വിപണിയുടെ നിബന്ധനകൾക്കെതിരെ ഇന്ത്യൻ കർഷകന്റെ  മുൻതലമുറകൾ ജീവൻ  ത്യജിച്ചു പോരാടിയിട്ടുണ്ട്. അന്നു കൊളോണിയൽ  ഭരണവുമായി കൂട്ടുകൂടി കർഷകരെ അടിച്ചമർത്തിയ പഴയ ജന്മി-ജമീന്ദാരി വിഭാഗങ്ങളുടെ പ്രതിനിധികളെയാണ് ഇന്നും അധികാരി-ഭരണവർഗ നേതൃത്വത്തിൽ അവർ കണ്ടുമുട്ടുന്നത്.

ഇതാണ് ഇന്നത്തെ ഇന്ത്യയുടെ പ്രധാന വൈരുദ്ധ്യം. രാജ്യത്തിൻറെ ഭരണകൂട  നിയന്ത്രണം കൈവശം വച്ചിരിക്കുന്ന കൂട്ടരും രാജ്യത്തിൻറെ ദൈനംദിന ജീവിതചക്രം സ്വന്തം തോളെല്ലുകൾ കൊണ്ടു ഉന്തി മുന്നോട്ടുനീക്കുന്ന ഗ്രാമീണ ജനതയും തമ്മിൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷമാണ് ഇത്തവണ ഡൽഹിയിൽ നടക്കുന്ന രണ്ടു റിപ്പബ്ലിക് ദിന പരിപാടികളിൽ പ്രതിഫലിക്കുന്നത്. ഒരുഭാഗത്തു  ഫാൻസിന്റെ റഫാൽ പോർ വിമാനങ്ങൾ, സ്വീഡന്റെ  ഹൊവിറ്റ്റ്റ്‌സർ പീരങ്കികൾ, ഇസ്റായേലിന്റെ ചാരഉപഗ്രഹങ്ങൾ – അതിന്റെ കരുത്താണ് ഇന്ത്യയുടെ കരുത്തെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടം. മറുഭാഗത്തു  തങ്ങളുടെ ട്രാക്ടറുകളും കൊയ്ത്തരിവാളുകളും കലപ്പകളുമായി കർഷകർ. അവരിരുവരും നേർക്കുനേർ അഭിമുഖീകരിക്കുകയാണ്. ഇങ്ങനെയൊരു ചരിത്ര മുഹൂർത്തത്തിന്റെ പ്രാധാന്യം ഒരുപക്ഷേ തിരിച്ചറിയുന്ന അധികംപേർ ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ നഗരങ്ങളെ ഗ്രാമങ്ങൾ വളയുന്ന ഒരു പുത്തൻ  രാഷ്ട്രീയത്തിന്റെ  മുദ്രാവാക്യവുമായി യെനാനിൽ നിന്നും പുറപ്പെട്ട മാവോസേതുങ്ങിനു അതു മനസ്സിലായി എന്നുവരാം. ലോങ്ങ് മാർച്ച് ചൈനയുടെ ചരിത്രത്തിലെ ഒരു നിർണായക മുഹൂർത്തമായിരുന്നു എന്ന് ഇന്നു ലോകം തിരിച്ചറിയുന്നു. ഈ റിപ്പബ്ലിക് ദിനം ഇന്ത്യയുടെ ചരിത്രത്തിലും അത്തമൊരു ദീർഘകാല പരിവർത്തനത്തിന്റെ സൂചനയാണെന്നു വരാം.  

Leave a Reply