മരുന്നുമായി വിമാനങ്ങൾ പറക്കുന്നു; വാക്‌സിൻ നയതന്ത്രത്തിൽ ഇന്ത്യക്കു മുന്നേറ്റം

ന്യൂദൽഹി: കോവിഡ് പ്രതിരോധരംഗത്തെ അന്താരാഷ്ട്ര വാക്‌സിൻ   നയതന്ത്രത്തിൽ ഇന്ത്യയുടെ വമ്പിച്ച മുന്നേറ്റം വ്യക്തമാക്കിക്കൊണ്ട് പൂനെയിൽ നിന്നുള്ള കോവിഷീൽഡ്‌ മരുന്നുകളുമായി ഈയാഴ്ച വിവിധ വികസ്വര രാജ്യങ്ങളിലേക്ക് വിമാനങ്ങൾ പറന്നുയർന്നു.

അയൽരാജ്യങ്ങളായ മ്യാൻമർ, സെയ്‌ഷെൽസ്, മൗറിഷ്യസ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും കോവിഡ് പ്രതിരോധനമരുന്നുമായി വെള്ളിയാഴ്ച പ്രത്യേക വിമാനങ്ങൾ പറന്നതായി വിദേശകാര്യവക്താവ് അറിയിച്ചു. ഈയാഴ്ചയാണ് ഇന്ത്യയിൽ നിർമിച്ച കോവിഡ് പ്രതിരോധ മരുന്നുകൾ അതു അത്യാവശ്യമായ മറ്റു രാജ്യങ്ങൾക്കു ഇന്ത്യ നല്കാൻ ആരംഭിച്ചത്. സൗദി അറേബ്യ, മൊറോക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ  ഈയാഴ്ച പുറപ്പെടുമെന്നും വക്താവ് അറിയിച്ചു.

അന്താരാഷ്ട്രരംഗത്തു വൻശക്തി രാജ്യങ്ങൾ നിർമിക്കുന്ന  കോവിഡ് പ്രതിരോധ മരുന്നുകൾ മറ്റു രാജ്യങ്ങൾക്കു നൽകാതെ സ്വന്തം ആവശ്യത്തിനു മാത്രമായി കുത്തകയാക്കി വെക്കുന്ന പ്രവണത വലിയ ഉത്കണ്ഠക്കും പരാതികൾക്കും കാരണമായതാണ്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും അതിൽ  ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ ഫൈസർ കമ്പനിയും മോഡേണ കമ്പനിയും ആദ്യഘട്ടത്തിൽ പുറത്തിറക്കിയ വാക്‌സിനുകൾ പൂർണമായും ധനികരാഷ്ടങ്ങൾ കയ്യടക്കുകയായിരുന്നു. അതിനാൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും വികസ്വര രാജ്യങ്ങൾക്കു തങ്ങളുടെ പൗരന്മാരെ സംക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് യാതൊരു പിന്തുണയും കിട്ടാത്ത സാഹചര്യമാണ് ഉയർന്നത്. ട്രംപിന്റെ അമേരിക്കൻ ഭരണകൂടം വാക്‌സിൻ കുത്തകയാക്കി  വെക്കുക മാത്രമല്ല, അത്തരം മരുന്നുകൾ ഉല്പാദിപ്പിക്കുന്ന കമ്പനികളെപ്പോലും വിലക്കുവാങ്ങാൻ ശ്രമം നടത്തിയിരുന്നു. 

അമേരിക്കൻ-യൂറോപ്യൻ കമ്പനികൾ  ഉല്പാദിപ്പിക്കുന്ന വാക്‌സിനുകൾ ഉപയോഗിക്കാൻ മറ്റു തടസ്സങ്ങളും  വികസ്വര രാജ്യങ്ങൾക്കുണ്ട്. അവയുടെ വില അന്തരാഷ്ട്ര കമ്പോളത്തിൽ അവർക്കു താങ്ങാവുന്നതിലും അധികമാണ്. രണ്ടാമത്, ഫൈസർ, മോഡേണ വാക്‌സിനുകൾ മൈനസ് 70 ഡിഗ്രിയിൽ കൂടിയ തണുപ്പിൽ സൂക്ഷിക്കണം. അത്തരം സംവിധാനങ്ങൾ മിക്കരാജ്യങ്ങളിലും ലഭ്യമല്ല.

അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ്‌ സാധാരണ  റെഫ്രിജറേറ്റർ ഉപയോഗിച്ചു സൂക്ഷിക്കാൻ കഴിയും. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച ഈ വാക്‌സിൻ ആസ്ട്രസേനക കമ്പനിയുടെ സഹായത്തോടെയാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്. വാക്‌സിൻ നിർമാണത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിൽ ഈ മരുന്ന് 200 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. പതിനഞ്ചു   ഡോളറിൽ താഴെ മാത്രം വിലവരുന്ന ഇന്ത്യൻ വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്കു മൃതസഞ്ജീവനിയാണ്. 

അതുകൊണ്ടാണ് കോവിഡ്  മരണങ്ങൾ കുതിച്ചുയരുന്ന രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സഹായാഭ്യർത്ഥന പ്രവഹിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബ്രസീലിലെ പ്രസിഡണ്ട് ജൈർ  ബോൾസനാരോ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടു തങ്ങൾക്കു അടിയന്തിരമായി വാക്‌സിൻ നൽകി സഹായിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വൻശക്തി രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ കൈവിട്ട കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് അവർക്കു സഹായം എത്തിക്കുന്നത്. ചൈനയിൽ നിന്നുള്ള സിനോവാക് എന്ന കോവിഡ് പ്രതിരോധവാക്‌സിനും  വികസ്വര രാജ്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  

Leave a Reply