കിഫ്‌ബി: ചോദ്യോത്തരങ്ങൾ (11)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

കിഫ്ബിയുടെ കടമെടുപ്പിനെ ചൊല്ലിയുള്ള സിഎജിയുടെ വിമർശനത്തിനും അതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനും മറുപടിയായി ധനമന്ത്രി പ്രസ്താവിച്ചത് ബോഡി കോർപ്പറേറ്റ് എന്നനിലയിൽ കിഫ്ബിയ്ക്ക് മസാലബോണ്ട് ഇറക്കി ആഗോള മൂലധനവിപണിയിൽ നിന്ന് കടമെടുക്കാൻ നിയമപരമായ അർഹതയുണ്ടെന്നും റിസർവ്ബാങ്കിന്റെ അനുമതിയോടെയാണ്  ഇപ്രകാരം ചെയ്തതെന്നുമായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താമോ? 

റിസർവ്ബാങ്കിന്റെ വ്യവസ്ഥകൾ പ്രകാരം മൂന്നുതരം സ്ഥാപനങ്ങൾക്കാണ് മസാലബോണ്ട് ഇറക്കാൻ അർഹതയുള്ളത്. ഒന്ന്, 1956ലെ കമ്പനിനിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ (കോർപ്പറേറ്റ് ബോഡി). രണ്ട്, പാർലമെന്റ് പാസ്സാക്കിയ പ്രത്യേകനിയമത്തിലൂടെ നിലവിൽവന്ന സ്ഥാപനങ്ങൾ (ബോഡി കോർപ്പറേറ്റ്). മൂന്ന്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2014ൽ ഏർപ്പെടുത്തിയ വ്യവസ്ഥകൾക്കു വിധേയമായി രൂപവത്കരിക്കപ്പെട്ട നിക്ഷേപക ട്രസ്റ്റുകൾ. 

ഇപ്പറഞ്ഞവയിൽ ഒന്നിലും പെടുന്ന സ്ഥാപനമല്ല കിഫ്‌ബി. ബോഡി കോർപ്പറേറ്റ് എന്ന് കിഫ്‌ബി സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി സ്വന്തം അസ്തിത്വമുള്ള സ്ഥാപനമെന്ന സാമാന്യമായ അർത്ഥമേ അതിനുള്ളൂ.1956ലെ കമ്പനിനിയമം ബോഡി കോർപ്പറേറ്റ്  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്ത വിദേശകമ്പനികളെയാണ്. 2013ലെ കമ്പനിനിയമ ഭേദഗതി, കേന്ദ്രസർക്കാർ പ്രത്യേക അറിയിപ്പിലൂടെ ബോഡി കോർപ്പറേറ്റ് എന്നു പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളെയും നിർവചനത്തിൽ ഉൾപ്പെടുത്തി. നേരത്തെ പറഞ്ഞതുപോലെ പാർലമെന്റ് പാസ്സാക്കിയ പ്രത്യേകനിയമത്തിലൂടെ നിലവിൽവന്ന സ്ഥാപനങ്ങളെയാണ് ബോഡി കോർപ്പറേറ്റുകളായി റിസർവ്ബാങ്ക് മസാലബോണ്ട് വ്യവസ്ഥകളിൽ അംഗീകരിക്കുന്നത്. കിഫ്‌ബി സ്ഥാപിക്കപ്പെട്ടതാകട്ടെ സംസ്ഥാനനിയമസഭ പാസാക്കിയ നിയമപ്രകാരമായിരുന്നു.    

അങ്ങനെയെങ്കിൽ എന്തടിസ്ഥാനത്തിലാണ് റിസർവ്ബാങ്ക് കിഫ്ബിയെ  മസാലബോണ്ട് ഇറക്കാൻ അനുവദിച്ചത്? ഈ സംഭാഷണപംക്തിയുടെ അഞ്ചാംഭാഗത്തിൽ സൂചിപ്പിച്ചതുപോലെ റിസർവ്ബാങ്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരൊറ്റ രേഖ മാത്രമേ സർക്കാർ നിയമസഭയിൽ പോലും ഹാജരാക്കിയിട്ടുള്ളു. കിഫ്ബിയുടെ മസാലബോണ്ടിൻറെ കൈകാര്യക്കാരായ ആക്സിസ് ബാങ്ക് 22.05.2018നു അയച്ച കത്തിന് 01.06.2018ൽ റിസർവ്ബാങ്ക് നൽകിയ മറുപടിയാണത് (കോപ്പി കാണുക). 

ഈ കത്തിൽനിന്ന് വെളിവാകുന്നത് വിദേശനാണയനിർവഹണ നിയമത്തിന്റെ വകുപ്പുകൾ മാത്രം കണക്കിലെടുത്താണ് റിസർവ്ബാങ്കിന്റെ തീരുമാനമെന്നാണ്. കിഫ്‌ബി  മസാലബോണ്ട് ഇറക്കുന്നതിൽ പ്രസ്തുത നിയമപ്രകാരം തങ്ങൾക്കു എതിർപ്പില്ലെന്ന് റിസർവ്ബാങ്ക് വ്യക്തമാക്കുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റേയോ മറ്റേതെങ്കിലും അധികാരസ്ഥാപനത്തിന്റെയോ പ്രസക്തമായ നിയമങ്ങളോ വ്യവസ്ഥകളോ പ്രകാരമുള്ള അംഗീകാരമായി തങ്ങളുടെ കത്തിനെ വ്യാഖ്യാനിക്കാൻ പാടില്ലെന്നും ഓർമിപ്പിക്കുന്നു. അത്തരം അനുമതി ആവശ്യമെങ്കിൽ ബോണ്ട് ഇറക്കുന്നതിനു മുമ്പായി അത് നേടിയിരിക്കണമെന്ന് അനുശാസിക്കുന്നു. ഇതനുസരിച്ചു വിദഗ്ധനിയമോപദേശം തേടിയിരുന്നുവോ എന്നത്  സംസ്ഥാനസർക്കാർ വെളിപ്പെടുത്തിയിട്ടില്ല. 

ഗൗരവമേറിയ മറ്റൊരു കാര്യമുണ്ട്. കത്തിൽ സോപാധികമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. റിസർവ്ബാങ്കിന്റെ വ്യവസ്ഥകൾ പ്രകാരം തന്നെ മസാലബോണ്ട് ഇറക്കാൻ നിയമപരമായ അർഹത കിഫ്ബിക്കില്ല. അങ്ങനെയിരിക്കെ റിസർവ്ബാങ്ക് സോപാധികമായി അനുമതി നൽകിയത് ഏതു സാഹചര്യത്തിലാണ്? ആക്സിസ് ബാങ്കിനു നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് കിഫ്ബിയെ കമ്പനിയെന്നാണ് വിശേഷിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കമ്പനിനിയമ പ്രകാരം രൂപവത്കരിക്കപ്പെട്ട സ്ഥാപനമാണ് കിഫ്‌ബി എന്ന് തെറ്റിദ്ധരിച്ചാണോ റിസർവ്ബാങ്ക് അനുമതി നൽകിയത്? അതോ റിസർവ്ബാങ്ക് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവോ? ബന്ധപ്പെട്ട മൂന്നുസ്ഥാപനങ്ങളുടെയും രേഖകൾക്കു മാത്രമേ ഇതിലേക്ക് വെളിച്ചം വീശാൻ കഴിയൂ.     

സുതാര്യതയുടെ അഭാവം തന്നെയാണ് പ്രാഥമികപ്രശ്‍നം. കിഫ്ബിയുടെ വരവ്-ചെലവ് ബജറ്റിന്റെ ഭാഗമല്ല. ബജറ്റിനൊപ്പം നിയമസഭയിൽ വെക്കുന്നത് പോയവർഷത്തെ കണക്കാണ്. അതിനാൽ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചു അറിയാനോ അഭിപ്രായം പറയാനോ സാമാജികർക്ക് അവസരം ലഭിക്കുന്നില്ല. ചുരുക്കം പദ്ധതികൾ മാത്രമേ മന്ത്രിസഭയുടെ പരിഗണനയിൽ പോലും വരുന്നുള്ളു. എല്ലാ അധികാരവും കിഫ്ബിയുടെ ഭരണസമിതിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ സമിതിയിലെ ശേഷം അംഗങ്ങൾ വകുപ്പ് തലവന്മാരും വിഷയനിപുണന്മാരുമാണ്. പൊതുമരാമത്തുമന്ത്രി പോലും ഭരണസമിതിയിൽ അംഗമല്ല. 

ഇന്ന് സംസ്ഥാനവരുമാനത്തിന്റെ വലിയൊരു ഭാഗം കിഫ്ബിക്കായി മാറ്റിവെച്ചിരിക്കുന്നു. തങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് അവരോടു പറയാൻ സർക്കാരിന് ബാധ്യതയുമുണ്ട്. കിഫ്‌ബി ഭരണസമിതിയുടെ യോഗങ്ങളുടെ മിനുട്സ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഒരു നിയമസഭാംഗം ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാമെന്ന് ധനമന്ത്രി സമ്മതിച്ചതുമാണ് (പതിനാലാം കേരള നിയമസഭ, പതിനാറാം സമ്മേളനം, നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2313, 05.11.2019). ഇതുകഴിഞ്ഞു ഒരു വർഷത്തിലേറെയായിട്ടും ഒരൊറ്റ യോഗത്തിന്റെ മിനുട്സും കിഫ്‌ബി വെബ്‌സൈറ്റിൽ  ഇന്നും ലഭ്യമല്ല. 

കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൂർണമായ വ്യക്തത കൈവരിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുസമൂഹത്തിനോ നിയമസഭാ സാമാജികർക്കു തന്നെയോ ലഭ്യമല്ലെന്ന് ചുരുക്കം. കിഫ്‌ബി ഭേദഗതിനിയമം നിലവിൽവന്ന 2016നു ശേഷം ചേർന്ന ഭരണസമിതിയുടെയും നിർവഹണസമിതിയുടെയും എല്ലാ   യോഗങ്ങളുടെയും മിനുട്സ് കിഫ്‌ബി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറുണ്ടോ? ചുരുങ്ങിയപക്ഷം ഈ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും മുമ്പെങ്കിലും? ധനമന്ത്രി എന്തുപറയുന്നു? 

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply