ഐക്യ ആഹ്വാനം നൽകി ബൈഡൻ സ്ഥാനമേറ്റു
വാഷിംഗ്ടൺ ഡിസി: നാലുവർഷമായി കടുത്ത സംഘർഷത്തിലും ഏറ്റുമുട്ടൽ രാഷ്ട്രീയത്തിലും അഭിരമിച്ച ഡൊണാൾഡ് ട്രംപ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടു ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ ബുധനാഴ്ച അമേരിക്കയുടെ 46മത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ഇതു ജനാധിപത്യത്തിന്റെ വിജയമുഹൂർത്തമാണെന്ന് ബൈഡൻ ആവർത്തിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പു പ്രക്രിയയെ അസ്ഥിരപ്പെടുത്താനും ബൈഡന്റെ അധികാരത്തിലേക്കുള്ള വരവിനെ തടയാനും മുൻ പ്രസിഡണ്ട് നടത്തിയ ശ്രമങ്ങളെ അദ്ദേഹം നേരിട്ടു പരാമർശിച്ചില്ല. വോട്ടെണ്ണൽ തടയാനായി ഏതാനും ആഴ്ചകൾക്കുമുമ്പ് ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്തമായ അഴിഞ്ഞാട്ടത്തിനു സാക്ഷിയായ കാപിറ്റോൾ ഹില്ലിലെ അതേവേദിയിൽ പുതിയ പ്രസിഡണ്ട് നടത്തിയ പ്രസംഗം അമേരിക്ക അത്തരമൊരു ദുരന്തകാലത്തിൽ നിന്നു പുറത്തുകടക്കാനുള്ള തീവ്രശ്രമം നടത്തുമെന്ന സൂചനയാണ് നൽകിയത്. രാജ്യത്തിൻറെ ഐക്യത്തിനാണ് താൻ പരമപ്രാധാന്യം കല്പിക്കുന്നതെന്നു ബൈഡൻ പ്രസംഗത്തിൽ പല തവണ ആവർത്തിക്കുകയുണ്ടായി.
അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് പുതിയ പ്രസിഡണ്ടിനു സത്യവാചകം ചൊല്ലിക്കൊടുത്തു. അതിനുമുമ്പ് വൈസ് പ്രസിഡണ്ടായി കമലാഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി സീനിയർ അംഗം ജസ്റ്റിസ് സോണിയ സോട്ടോമേയെരാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കർശനമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയ അധികാര ആരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുത്തത്. ജനങ്ങൾ തിങ്ങിക്കൂടുന്ന നാഷണൽ മാൾ വേദിയിൽ ഒന്നരലക്ഷത്തിലധികം അമേരിക്കൻ പതാകകൾ പാറി. പുറത്തു നഗരത്തിൽ വലിയ ജനക്കൂട്ടം ചടങ്ങു വീക്ഷിച്ചു.
പരിപാടിയിൽ പ്രശസ്ത ഗായിക ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. ജെന്നിഫർ ലോപസ് അടക്കമുള്ള ഏതാനും പ്രമുഖ കലാപ്രവർത്തകരും പങ്കെടുത്തു.
അധികാരമേറ്റശേഷം ആദ്യദിവസം തന്നെ പ്രസിഡണ്ട് ബൈഡൻ 17 എക്സികുട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തിരിച്ചു പ്രവേശിക്കുന്നതും അമേരിക്കയിൽ ഫെഡറൽ സ്ഥാപനങ്ങളിൽ മുഖാവരണം നിർബന്ധമാക്കുന്നതും പരിസ്ഥിതിക്ക് ആഘാതമാകുന്ന ചില പദ്ധതികൾ നിർത്തലാകുന്നതും അടക്കമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിവാദ തീരുമാനങ്ങൾ റദ്ദാക്കുന്ന ഉത്തരവുകളാണ് ആദ്യദിവസം ബൈഡൻ പുറപ്പെടുവിച്ചത്.