ട്രമ്പ് യുഗത്തിന് തിരശ്ശീല; ജോ ബൈഡൻ ഇന്ന് പ്രസിഡണ്ടായി ചുമതലയേൽക്കും

വാഷിംഗ്‌ടൺ ഡിസി: ട്രമ്പ് യുഗത്തിനു അന്ത്യം കുറിച്ച് അമേരിക്കൻ പ്രസിഡണ്ടായി ഇന്ന് ജോ ബൈഡൻ സ്ഥാനമേൽക്കുന്നു. അമേരിക്കയുടെ 46മത്  പ്രസിഡന്റാണ് അദ്ദേഹം. അമേരിക്കൻ കോൺഗ്രസ്സിന്റെ ആസ്ഥാനമായ  കാപിറ്റോൾ ഹില്ലിൽ ഇന്ന് നടക്കുന്ന ഉത്ഘാടന ചടങ്ങുകൾ പലനിലയിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. 

സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് അധികാരകൈമാറ്റ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന സംഭവം രാജ്യത്തിൻറെ ചരിത്രത്തിൽ 150 വർഷത്തിനിടയിൽ ആദ്യമാണ്. ഡൊണാൾഡ് ട്രംപ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാധാരണനിലയിൽ ലക്ഷക്കണക്കിന് പൗരന്മാർ   ചടങ്ങു വീക്ഷിക്കാൻ തലസ്ഥാനത്തെത്തും. ഇത്തവണ ചുരുങ്ങിയ ക്ഷണിതാക്കൾ മാത്രമാണ് ചടങ്ങിന് സാക്ഷിയാകുക. കോവിഡ് വ്യാപനം രാജ്യത്തു അതിരൂക്ഷമായതും കഴിഞ്ഞയാഴ്ച  കോൺഗ്രസ്സിന് നേരെയുണ്ടായ ആക്രമണവുമാണ് ചടങ്ങിൽ ആളുകളെ കുറയ്ക്കാൻ അധികൃതർ തീരുമാനിക്കാൻ കാരണം. 

പതിവിനു വിപരീതമായി നാഷണൽ ഗാർഡ് സേനകളാണ് പ്രധാനമായും കാപിറ്റോൾ ഹിൽ പ്രദേശത്തു നിലയുറപ്പിക്കുക. 25,000 സൈനികരെ അതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ 12 പേരെ കഴിഞ്ഞദിവസം പിൻവലിച്ചു. തീവ്രവലതുപക്ഷ രാഷ്ട്രീയനിലപാടുകളും ബന്ധങ്ങളും സംബന്ധിച്ച അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് അത്രയും പേരെ ഒഴിവാക്കിയത്. 

ചടങ്ങിന്റെ  തലേന്ന് ബൈഡനും നിയുകത വൈസ് പ്രസിഡണ്ട് കമലാ ഹാരിസും കടുംബങ്ങളും പ്രധാന നേതാക്കളും കോവിഡ് ബാധ കാരണം മരണം വരിച്ച നാലുലക്ഷത്തിലേറെ അമേരിക്കക്കാരെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിൽ ട്രംപ് ഭരണകൂടം വരുത്തിയ കടുത്ത പിഴവുകളും അശ്രദ്ധയുമാണ് ലോകത്തു ഏറ്റവും കൂടുതൽ രോഗവ്യാപനവും മരണവും സംഭവിച്ച രാജ്യമായി അമേരിക്കയെ മാറ്റിയതെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

ബൈഡൻ അധികാരത്തിൽ വരുന്നതോടെ ട്രംപ് സർക്കാർ നടപ്പിലാക്കിയ നിരവധി വിവാദനടപടികൾ അവസാനിപ്പിക്കാനാണ് നീക്കം. അമേരിക്കയെ ലോകരംഗത്തു ഒറ്റപ്പെടുത്തിയ നടപടികളിൽ നിന്ന് പിന്തിരിയുമെന്നും ആഗോള ജനാധിപത്യസമൂഹത്തിന്റെ തലപ്പത്തു രാജ്യം തിരിച്ചെത്തുമെന്നും നിയുക്ത വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു. ഒബാമയുടെ കാലത്തു ഒപ്പുവെച്ച കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച  പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിൻവാങ്ങൽ, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് തുടങ്ങിയ ട്രംപിന്റെ നടപടികൾ ആദ്യദിവസങ്ങളിൽ തന്നെ തിരുത്താനാണ് ബൈഡൻ ഭരണകൂടം ശ്രമിക്കുക. ഒബാമയുടെ  പ്രധാനനേട്ടങ്ങളിൽ ഒന്നായി വിവരിക്കപ്പെട്ട ഇറാനുമായുള്ള ആണവകരാറിൽ നിന്നും ട്രംപ് [ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു. എന്നാൽ കരാർ വീണ്ടും നടപ്പിലാക്കാനും ബൈഡൻ ഭരണകൂടം ശ്രമിക്കും. ചൈനയും മറ്റുരാജ്യങ്ങളുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണലാണ് മറ്റൊരു പ്രധാന വെല്ലുവിളി. ട്രംപിനെതിരെ  ആരംഭിച്ചിരിക്കുന്ന രണ്ടാം ഇമ്പീച്മെന്റ് നടപടികളും വലിയ കടമ്പയാണ്. അമേരിക്കയിലേക്ക് പുതുതായി വരുന്നവരെ തടയാനായി ട്രംപ്  നടപ്പിലാക്കിയ അതിർത്തിയിലെ മതിൽ അടക്കമുള്ള പദ്ധതികൾ ഉപേക്ഷിക്കുമെന്നും മാധ്യമങ്ങൾ പറയുന്നു.  

Leave a Reply