തിരഞ്ഞെടുപ്പു ഇത്തവണ ഒരുമാസം മുമ്പേ; അണിയറയിൽ ഒരുക്കങ്ങൾ തകൃതി
തിരുവനന്തപുരം: കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ ഒരുമാസം മുമ്പേ നടക്കുമെന്നു വ്യക്തമായി. തിരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാന സർക്കാരിനു മുന്നിൽ വെച്ച പദ്ധതി പ്രകാരം ഏപ്രിൽ ആദ്യവാരത്തിൽ വരുന്ന ഈസ്റ്ററിനും രണ്ടാം വാരത്തിൽ ആരംഭിക്കുന്ന റംസാൻ നോമ്പിനും ഇടയിൽ തിരഞ്ഞെടുപ്പു നടത്താനാണ് പരിപാടി. വൈകിയാൽ സിബിഎസ്ഇ പരീക്ഷയടക്കമുള്ള കാര്യങ്ങൾക്കു തിരഞ്ഞെടുപ്പു വിഘാതമാവും എന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഏപ്രിൽ അഞ്ചിനും പത്തിനും ഇടയിൽ രണ്ടുഘട്ടമായി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കാനാണ് നീക്കം.
അതിനാൽ പാർട്ടികളിലും മുന്നണികളിലും പ്രവർത്തനങ്ങൾ സജീവമായി മാറിക്കഴിഞ്ഞു. എൽഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കേരളപര്യടനം ആദ്യറൗണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. സമുദായനേതാക്കൾ, സാമൂഹികപ്രവർത്തകർ, എഴുത്തുകാർ തുടങ്ങി സമൂഹത്തിൽ രാഷ്ട്രീയേതര മണ്ഡലങ്ങളിൽ പ്രധാനപങ്കു വഹിക്കുന്ന വിവിധ വിഭാഗങ്ങളുമായുള്ള കൂടികാഴ്ച്ചക്കാണ് അദ്ദേഹം സമയം ചെലവഴിച്ചത്. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിലെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് അദ്ദേഹം യാത്രയിൽ കാര്യമായി ശ്രമിച്ചതെങ്കിലും അതു വേണ്ടത്ര ഫലപ്രദമായില്ല എന്നാണ് വിലയിരുത്തൽ.
മറുഭാഗത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പരിപാടികളും ആസൂത്രണം ചെയ്തുകഴിഞ്ഞു. വിവിധ ജില്ലകളിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ജാഥ പ്രധാനമായും കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താനും ചെന്നിത്തലയെ ഭാവിമുഖ്യമന്ത്രി എന്നനിലയിൽ ഉയർത്തിക്കാട്ടാനുമാണ് പ്രധാനമായി ശ്രമിക്കുക.
അതിനിടയിൽ എഐസിസിയുടെ നേതൃത്വത്തിൽ ഇത്തവണ സംസ്ഥാനത്തു തിരഞ്ഞെടുപ്പു പ്രവർത്തനം നയിക്കാൻ ഉമ്മൻചാണ്ടി കൺവീനറായി പത്തംഗ സമിതിയും വന്നുകഴിഞ്ഞു. യുഡിഎഫ് മുന്നണിയെ ഒറ്റക്കെട്ടായി നയിക്കാൻ അത്തരമൊരു സംവിധാനം വേണമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ പാർട്ടി താല്പര്യങ്ങളെ അട്ടിമറിച്ചാൽ അതു കോൺഗ്രസ്സിനു അന്ത്യം കുറിക്കുമെന്നും ദേശീയനേതൃത്വം മനസ്സിലാക്കുന്നു. അതിനാൽ എല്ലാവരെയും ഉൾക്കൊള്ളുകയും മുന്നണിക്കു പുറത്തു യുഡിഎഫുമായി സഹകരിക്കുന്നവരെ കൂടി യോജിപ്പിച്ചു നിർത്തുകയും ചെയ്യുന്ന വിശാലമായ ഒരു സംവിധാനമായാണ് പുതിയ സമിതിയെ ഹൈക്കമാൻഡ് വിഭാവനം ചെയ്യുന്നത് .
ബിജെപിയിൽ പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ പരിപാടികളും പൂർത്തിയായി. എന്നാൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് കാലത്തു പരസ്യമായി പുറത്തുവന്ന ആഭ്യന്തര ഭിന്നിപ്പുകൾ അതേപോലെ നിലനിൽക്കുന്നു. അതു പരിഹരിക്കാനുള്ള ഒരുനീക്കവും സുരേന്ദ്രന്റെ ഭാഗത്തുനിന്നു ഇതുവരെ ഉണ്ടായിട്ടില്ല.
അതേപോലെ ചെറുകിട കക്ഷികളും പല കൂട്ടികിഴിക്കലുകളും നടത്തുന്നുണ്ട്. യുഡിഎഫുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂട്ടുകെട്ടുണ്ടാക്കിയ വെൽഫേർ പാർട്ടി തങ്ങളെ സംബന്ധിച്ചു പൊതുസമൂഹത്തിൽ പ്രചരിക്കുന്ന അപവാദങ്ങളെ നേരിടാനായി ഗൃഹ സന്ദർശന പരിപാടിയിലാണ്. അവർ ഇത്തവണയും യുഡിഎഫിനെ പിന്തുണക്കാൻ തന്നെയാണ് നീക്കം. മറുഭാഗത്തു എസ്‌ഡിപിഐ തങ്ങളുടെ വോട്ടുകൾ തന്ത്രപരമായി എല്‍ഡിഎഫിന് അനുകൂലമായി നൽകിയേക്കും എന്ന ധാരണ നിലനിൽക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ അത്തരം നീക്കുപോക്കുകൾ രഹസ്യമായി നിലനിർത്താനും അവർക്കു കഴിഞ്ഞു. അതേസമയം അതിന്റെ നേട്ടങ്ങൾ സിപിഎമ്മും എസ്‌ഡിപിയേയും കൊയ്തെടുക്കുകയും ചെയ്തിട്ടുണ്ട്. വടകര ഭാഗത്തു യുഡിഎഫുമായി ജനകീയ മുന്നണി സംവിധാനം കെട്ടിപ്പടുത്ത ആർഎംപിഐയ്ക്ക് ഇത്തവണ വടകര സീറ്റു നൽകുമെന്നു സൂചനയുണ്ടെങ്കിലും അതു സംബന്ധിച്ച ചർച്ചയൊന്നും ഇതുവരെ യുഡിഎഫ് നേതൃത്വം അവരുമായി നടത്തിയിട്ടില്ല.