റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിനാട്ടിലെത്തി; കസ്റ്റഡിയിലായി

മോസ്കോ: റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനും റഷ്യയിലെ ഏറ്റവും പ്രശസ്തനായ പ്രതിപക്ഷ നേതാവുമായ അലക്സി നവൽനി വിഷബാധയേറ്റു ദീർഘമായ  ചികിത്സയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടു.

ജർമനിയിൽ നിന്നുള്ള വിമാനത്തിൽ ഭാര്യ യൂലിയ നവൽനി, വിവിധ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളുടെ ഡസൻ കണക്കിന് പ്രതിനിധികൾ തുടങ്ങിയവരുടെ അകമ്പടിയോടെയാണ് നവൽനി മോസ്കോയിലേക്കു പുറപ്പെട്ടത്.  തിരിച്ചെത്തിയാൽ ഉടനെ അറസ്റ്റ് ചെയ്യപ്പെടുമെന്നും നവൽനിയുടെ ജീവനു ഭീഷണിയുണ്ടെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചെത്തിയത്.  

കഴിഞ്ഞ വർഷം ആഗസ്റ്റിൽ സൈബീരിയയിൽ നിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയിൽ കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച നവൽനിയെ ഓംസ്‌ക് നഗരത്തിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നവൽനിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം റഷ്യൻ സർക്കാരിന്റെ  രഹസ്യഏജന്റുമാർ അദ്ദേഹത്തിനുമേൽ വിഷവസ്തുക്കൾ പ്രയോഗിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. കടുത്ത അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് നവൽനിയെ ബെർലിനിലെ ആശുപത്രിയിലേക്കു  മാറ്റാൻ  ഏതാനും ദിവസത്തിനുശേഷം റഷ്യൻ സർക്കാർ അനുമതി നൽകി. ജർമനിയിൽ മാസങ്ങൾ നീണ്ട ചികിത്സയിലാണ് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തത്. ജർമനിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഉന്നത ലബോറട്ടറികളിൽ നടന്ന പരിശോധനയിൽ നവൽനിയുടെ ഗുരുതരമായ രോഗത്തിനു കാരണമായത് നോവിച്ചോക്ക് എന്ന രാസവസ്തുവാണെന്നു കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത ഒരു രാസപദാർത്ഥമാണത്. നേരത്തെയും പലതവണ പുടിന്റെ എതിരാളികളെ വകവരുത്താൻ റഷ്യൻചാരന്മാർ വിവിധ രാജ്യങ്ങളിൽ നോവിച്ചോക്ക് പ്രയോഗിച്ചിട്ടുണ്ട്.
നവൽനിക്കെതിരെ നേരത്തെയുള്ള ഒരു കേസിലാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ  അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.  മുൻ നിശ്ചയപ്രകാരം മോസ്‌കോ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം നഗരത്തിന്റെ മറ്റേ അതിരിലുള്ള ഒരു താവളത്തിലേക്ക്‌ അവസാനനിമിഷം തിരിച്ചുവിടുകയായിരുന്നു. അതേത്തുടർന്ന് പോലീസും  നവൽനി അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. നവൽനിയെ മോസ്കോയിലെ ഒരു പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നു ബിസിസി അടക്കമുള്ള മാധ്യമങ്ങൾ അറിയിച്ചു. 

Leave a Reply