ചൈന വീണ്ടും കുതിക്കുന്നു;കോവിഡിനിടയിലും 2.3 ശതമാനം സാമ്പത്തിക വളർച്ച
ലണ്ടൻ: കോവിഡ് മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയ 2020ൽ ചൈന തുടക്കത്തിൽ ഏറ്റ പ്രതിസന്ധിയെ മറികടന്നു 2.3 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞവർഷം ആദ്യത്തെ മൂന്നുമാസങ്ങളിൽ ചൈനീസ് സമ്പദ്ഘടന 6.8 ശതമാനം കൂപ്പുകുത്തിയിരുന്നു. എന്നാൽ അവസാന മൂന്നുമാസങ്ങളിൽ ചൈന വളർച്ച തിരിച്ചുപിടിച്ചു. ഈ കാലയളവിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 6.5 ശതമാനമായിരുന്നു എന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഇതോടെ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ കഴിഞ്ഞ വർഷം വളർച്ച കാണിച്ച ഒരേയൊരു രാജ്യമാണ് ചൈന എന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
എന്നാൽ ചൈനയുടെ വളർച്ച സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഒരുപോലെ പ്രതിഫലിക്കുന്നില്ലെന്നു വിദഗ്ദ്ധർ പറയുന്നു. സർക്കാർ എടുത്ത ശക്തമായ നടപടികളും വൻതോതിലുള്ള ധനസഹായവുമാണ് ചൈനയുടെ വളർച്ചക്ക് കാരണമായത്. വ്യാവസായിക ഉല്പാദനത്തിൽ ഏഴര ശതമാനത്തോളം വളർച്ച ചൈന നേടിയിട്ടുണ്ട്. ആഗോളവിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതിനാൽ കയറ്റുമതിയും കൂടി. അതേസമയം ചൈനയുടെ ആഭ്യന്തരകമ്പോളത്തിൽ വലിയ ഉണർവ് ഇനിയും പ്രത്യക്ഷമായിട്ടില്ല. സർക്കാർ പ്രോത്സാഹനവും വിദേശകമ്പോളവും മാത്രം മതിയാവില്ല ദീർഘകാലടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് എന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനും ജപ്പാനും ഇന്ത്യയും അടക്കമുളള പ്രധാന സാമ്പത്തികശക്തികൾ നെഗറ്റീവ് വളർച്ച കാണിക്കുന്ന പോയവർഷം ചൈനയുടെ മുന്നേറ്റം വളരെ പ്രധാനമായ സൂചനകൾ നൽകുന്നതായി ധനകാര്യ വിദഗ്ദ്ധർ പറയുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈന ആഗോള സമ്പദ്ഘടനകളിൽ അമേരിക്കയെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തും എന്നാണ് നിരീക്ഷണം. അതു 2028 ആവുമ്പോഴക്കും സംഭവിക്കും എന്നാണ് വിലയിരുത്തൽ.