പിണറായി ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; മാപ്പുചോദിക്കുമെന്ന് ബെർലിൻ
കോഴിക്കോട്: കേരളം കണ്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തെ സംബന്ധിച്ചു നേരത്തെ ഉന്നയിച്ച കടുത്ത വിമർശനങ്ങളുടെ പേരിൽ മാപ്പു ചോദിക്കുമെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ.
കണ്ണൂർ നാറാത്തെ വീട്ടിൽ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്ന ബെർലിൻ കുഞ്ഞനന്തൻ നായർ ഇന്നലെ മാധ്യമങ്ങളുമായി സംസാരിക്കുന്ന അവസരത്തിലാണ് തന്റെ മുൻകാല നിലപാടുകൾ തെറ്റിപ്പോയെന്നും അതിനാൽ പിണറായി വിജയനോടു മാപ്പു പറയണമെന്ന് ആഗ്രഹമുണ്ടെന്നും വ്യക്തമാക്കിയത്. അദ്ദേഹത്തെ നേരിട്ടു കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. എന്നാൽ കണ്ണിന്റെ കാഴ്ച തീരെയില്ലാതായി. ടെലിവിഷനിൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നു. ഭരണമികവിൽ ഇഎംഎസ്, പികെ വാസുദേവൻ നായർ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നീ മുഖ്യമന്ത്രിമാരെക്കാളും മുന്നിലാണ് പിണറായിയുടെ സ്ഥാനം എന്നും കുഞ്ഞനന്തൻ നായർ പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തരഭിന്നതയുടെ കാലത്താണ് പിണറായിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. തന്റെ ആത്മകഥയായ പൊളിച്ചെഴുത്തിലും പിണറായിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിലെ ആശയപരമായ ഭിന്നതകൾ വ്യക്തിപരമായ തലത്തിലേക്ക് അധഃപതിച്ചു പോയി എന്നതിൽ തനിക്കു ദുഃഖമുണ്ട്. അതിനാൽ പിണറായിയോട് അക്കാര്യത്തിൽ മാപ്പുപറയാൻ താൻ ആഗ്രഹിക്കുന്നതായി നേരത്തെ വി എസ് അച്യുതാനന്ദന്റെ ഏറ്റവും പ്രമുഖ അനുകൂലിയായിരുന്ന കുഞ്ഞനന്തൻ നായർ പറഞ്ഞു.