കേരളാ ബജറ്റ് 2021: സ്വാശ്രയത്വത്തിൽ നിന്ന്”കിറ്റ്” ആശ്രിതത്വത്തിലേക്ക്

(ജനശക്തി പുതിയ ലക്കം മുഖപ്രസംഗം)

പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാനായി മൂന്നര മണിക്കൂറോളമാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചെലവഴിച്ചത്.   നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ടുപോയ ബജറ്റ് അവതരണം. മൂന്ന് മണിക്കൂറിലേറെ ബജറ്റവതരണം നീണ്ടപ്പോൾ അധ്യക്ഷവേദിയിൽ ഇരുന്ന സ്പീക്കർ പോലും ഇതു  വെള്ളിയാഴ്ചയാണെന്നും ചട്ടപ്രകാരം ഉച്ചക്കു 12.30നു സഭ പിരിയേണ്ടതാണെന്നും മന്ത്രിയെ ഓർമിപ്പിക്കേണ്ടിവന്നു.

അതാണ് ഈ ബജറ്റിന്റെ സവിശേഷത: അതു കേരളത്തെ മറക്കുന്നു, അതിന്റെ ചരിത്രത്തെയും സംസ്കാരത്തെയും മറക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടുകൾ സ്വാതന്ത്ര്യത്തിനും  സ്വാശ്രയത്വത്തിനുമായി ഇന്നാട്ടിലെ  ജനകോടികൾ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളാണെന്നു മറക്കുന്നു. സ്വാശ്രയത്വത്തിനു  പകരം ഈ ബജറ്റ് അവർക്കു നൽകുന്നത് കിഫ്ബി വഴിയുള്ള വികസനത്തിന്റെ പേരിലുള്ള കടക്കെണിയും റേഷൻകട വഴി മാസംതോറും നൽകുന്ന കിറ്റിലൂടെയുള്ള രാഷ്ട്രീയ ആശ്രിതത്വ സംസ്കാരവുമാണ്. ഒരു കാലത്തു അധ്വാനിച്ചു ജീവിക്കാനായി മലയാളി ആവശ്യപ്പെട്ടത് തൊഴിലും ഭൂമിയുമാണ്‌. ഈ സർക്കാർ അവർക്കു വാഗ്‌ദാനം ചെയ്യുന്നത് പ്രതിമാസക്കിറ്റുകളും ആശ്രിത പെൻഷനുമാണ്.

ഒറ്റനോട്ടത്തിൽ അത്യാകർഷകമാണ്  ഈ ബജറ്റ്. അതിന്റെ പരിഗണനയിൽ  പെടാതെ പോകുന്ന ഒരു കുഞ്ഞുജീവിയും ഭൂമിമലയാളത്തിലില്ല. വോട്ടുള്ള മനുഷ്യരും ഭാവിവോട്ടർമാരായ വിദ്യാർത്ഥികളും മാത്രമല്ല നാല്കാലികൾ പോലും ബജറ്റിന്റെ കാരുണ്യപ്രവാഹത്തിന്റെ പരിരക്ഷയിൽ വരുന്നുണ്ട്. കോവിഡ് വന്നപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഇന്ത്യയിലെ  മിക്ക സംസ്ഥാനസർക്കാരുകളും കണ്ണിൽച്ചോരയില്ലാതെ കൈവിട്ടപ്പോൾ അവർക്കുവേണ്ടി സമൂഹ അടുക്കളയും ഉത്തരേന്ത്യൻ ഭക്ഷണവും ഏർപ്പെടുത്തിയ  സംസ്ഥാനമാണ് കേരളം. അതിനു നേതൃത്വം കൊടുത്തത് പിണറായി വിജയൻ നയിച്ച സർക്കാർ തന്നെയായിരുന്നു. അതിനാൽ ഇത്തവണ ബജറ്റിൽ ആരോഗ്യപരിരക്ഷയുടെ വിഷയം പരിഗണിക്കുന്നതിനിടയിൽ മൃഗങ്ങൾക്കു അസുഖം വന്നാൽ ആംബുലൻസ്‌ സേവനം ലഭ്യമാക്കും എന്ന പ്രഖ്യാപനത്തിൽ അത്ഭുതമില്ല. സാധാരണ ജനങ്ങളുടെയും പ്രകൃതിയുടെയും പക്ഷിമൃഗാദികളുടെയും താല്പര്യങ്ങൾ കൂടി കണക്കിലെടുത്തുള്ള ഒരു വിശാല കാഴ്ചപ്പാട് ഈ ബജറ്റിലുണ്ട്.

മാത്രമല്ല കേരളത്തിന്റെ ഇന്നത്തെ അടിയന്തിര ആവശ്യങ്ങളെയും കടമകളെയും സംബന്ധിച്ച കൃത്യമായ ഒരു അവബോധവും ഈ ബജറ്റിൽ ഉടനീളം നമുക്ക് വായിച്ചെടുക്കാനാവും. നമ്മുടെ സമൂഹം ഇന്ത്യയിൽ പലനിലയിലും സമുന്നതമായ ഒരു സാമൂഹികപദവി നേരത്തെതന്നെ നേടിയെടുത്തിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും മെച്ചപ്പെട്ട പൊതുസേവനങ്ങൾ ഉറപ്പുവരുത്തുന്നതിലും കേരളം ഇന്ത്യക്കു മാതൃകയാണ് . ദാരിദ്ര്യനിർമ്മാർജ്ജനത്തിലും ശിശുക്കളും ഗർഭിണികളും അടക്കമുള്ള വിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷയിലും നമ്മൾ ഏറെ മുന്നിലാണ്. ഇനി വേണ്ടത്‌ ഈ നേട്ടങ്ങൾ സുസ്ഥിരവും ശക്തവുമായി നിലനിർത്താനുള്ള സംരംഭങ്ങളാണ്. തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും  ഉറപ്പുവരുത്തലാണ് പ്രധാനം. അതിനായി പരമ്പരാഗത തൊഴിൽമേഖലകളായ  കൃഷിയും ചെറുകിടവ്യവസായങ്ങളും സർക്കാർസർവീസും ഐ ടി പോലുള്ള നവസംരംഭങ്ങളും മാത്രം മതിയാവില്ല. ഗിഗ് എക്കണോമി എന്നറിയപ്പെടുന്ന പുതിയ തൊഴിൽമേഖലകളും സ്വയംതൊഴിൽ സംരംഭങ്ങളും നവീനമായ  ശാസ്ത്രസാങ്കേതിക മേഖലകളും അതിനായി പ്രയോജനപ്പെടുത്തണം.

അതിനുപറ്റിയ തരത്തിൽ സമൂഹത്തിലെ നൈപുണ്യവികസന പ്രവർത്തനങ്ങളിൽ സർക്കാർ ഊന്നൽ കൊടുക്കണം. ഉന്നതവിദ്യാഭ്യാസം ആധുനികസമൂഹത്തിന്റെ ആവശ്യങ്ങൾക്കു അനുസരിച്ചു പരിഷ്കരിക്കണം. ലോകം  നവംനവങ്ങളായ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും തൊഴിൽസംരംഭങ്ങളുമായി മുന്നോട്ടുകുതിക്കുമ്പോൾ നമുക്ക് അതിൽ നിന്ന് മാറിനിൽക്കാനാവില്ല. അതിനാൽ ഓരോ വീട്ടിലും കമ്പ്യൂട്ടർ, ഒരോ ഗ്രാമത്തിലും ഹൈസ്പീഡ്  ഇന്റർനെറ്റ് എന്നൊക്കെയുള്ള വാഗ്‌ദാനം ധനമന്ത്രി മുന്നോട്ടുവെക്കുമ്പോൾ പണ്ടു നിങ്ങൾ ട്രാക്ടറിനെ എതിർത്തവരല്ലേ, കമ്പ്യൂട്ടറിനെ കെട്ടുകെട്ടിക്കാൻ ശ്രമിച്ചവരല്ലേ എന്നൊക്കെ പറഞ്ഞു വിമർശനം ഉന്നയിക്കുന്നതിൽ അർത്ഥമില്ല. സമൂഹം മാറുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കമുള്ള സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാറ്റത്തിനു വിധേയമാകും എന്നുമാത്രമേ അതിനർത്ഥമുള്ളു. മാറ്റമില്ലാത്ത ഒരേയൊരു കാര്യം മാറ്റമെന്ന യാഥാർഥ്യം മാത്രമാണ് എന്ന് ആചാര്യന്മാർ പണ്ടേ പറഞ്ഞു  വച്ചിട്ടുമുണ്ട്.

എന്നാലതിനപ്പുറം, അത്രയെളുപ്പത്തിൽ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിക്കാൻ സാധ്യമല്ലാത്ത  മറ്റു ചില യാഥാർഥ്യങ്ങളുണ്ട്. അതിൽ പ്രധാനം സാമ്പത്തികതാല്പര്യങ്ങളും സാമ്പത്തികബന്ധങ്ങളിൽ അന്തർലീനമായ വർഗപരമായ സംഘർഷങ്ങളുമാണ്. കൊളോണിയലിസത്തിന്റെ തകർച്ചയ്ക്ക് ശേഷം ലോകം പുതിയൊരു നവകൊളോണിയൽ ശൃംഖലകളാൽ ബന്ധിതമാണ്. അതിനാൽ വികസനത്തിനായാലും  മറ്റെന്തു ആവശ്യത്തിനായാലും ധനപരമായ കെട്ടുപാടുകൾ സൃഷ്ടിക്കുമ്പോൾ അത് നമ്മുടെ സമൂഹത്തെ ഭാവിയിൽ എങ്ങനെ ബാധിക്കും എന്ന തുറന്ന ചർച്ച നടത്താനുള്ള ഉത്തരവാദിത്വം രാഷ്ട്രീയനേതൃത്വങ്ങൾക്കുണ്ട്. അത്തരം വിഷയങ്ങളിൽ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിൽ ഒരിക്കലും ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത പ്രസ്ഥാനമാണ് ആഗോളതലത്തിൽ തന്നെ ഇടതുപക്ഷ ശക്തികൾ.

അവിടെയാണ് ഈ ബജറ്റിലെ ഏറ്റവും വലിയ വാരിക്കുഴി എന്നാണ് സംശയിക്കേണ്ടത്. ഒരിക്കലും അവസാനിക്കാത്ത  തിരമാലകൾ പോലെ വികസനാവശ്യങ്ങൾ നാട്ടിലെങ്ങും ഉയർന്നുവരികയാണ്. വികസിത രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക  അവസ്ഥക്ക് തുല്യമായ സൗകര്യങ്ങൾ ഇവിടെ വേണം എന്നാണ് ആഗോളവത്കൃതമായ മധ്യവർഗം ആർത്തലച്ചു ആവശ്യപ്പെടുന്നത്. മാധ്യമങ്ങളും അതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.  ജനപ്രതിനിധികൾക്കും മറ്റൊന്നും പറയാനില്ല. എല്ലാവരും കണ്ണഞ്ചിക്കുന്ന വികസനത്തിന്റെ കാലാൾപ്പടയാണ്. ഇതൊക്കെ നമുക്കു താങ്ങാൻ കഴിയുന്ന ചെലവിനങ്ങളാണോ എന്ന ചോദ്യംപോലും ആരും ഉന്നയിക്കുന്നില്ല.

കേരളത്തിലെ സാമ്പത്തികപണ്ഡിതരിൽ അദ്വിതീയസ്ഥാനമുള്ള നമ്മുടെ ധനമന്ത്രി ഡോ. തോമസ് ഐസക്കും അക്കാര്യങ്ങളെപ്പറ്റി ഒരുവാക്കു പോലും ഈ നീണ്ട ബജറ്റ് പ്രഭാഷണത്തിൽ ഒരിടത്തും സൂചിപ്പിക്കുന്നില്ല എന്നത് അത്ഭുതകരമാണ്; ആശങ്കാജനകവും. ഇത് മറവിയല്ല, ബോധപൂർവമായ തമസ്കരണമാണ്. കടംവാങ്ങിയുള്ള വികസനം നമ്മെ എവിടെ കൊണ്ടെത്തിക്കും എന്ന് സമൂഹത്തിൽ ഒരു തുറന്നചർച്ച അനിവാര്യമാണ്.  കിഫ്‌ബിബോണ്ടുകൾ വഴി അടുത്ത അഞ്ചുവർഷത്തിൽ 60,000 കോടി രൂപയുടെ വികസനപദ്ധതികൾ എന്ന മോഹനവാഗ്‌ദാനമാണ്‌ ബജറ്റിൽ ധനമന്ത്രി മുന്നോട്ടുവെക്കുന്നത്. എവിടെനിന്നാണ് ഇത്രയും ധനം വരുന്നത്? സംസ്ഥാനത്തിന്റെ ധനക്കമ്മിയും വരുമാനക്കമ്മിയും കുതിച്ചുയരുകയാണ്. ധനക്കമ്മി മൊത്തം സംസ്ഥാന ഉല്പാദനത്തിന്റെ (എസ്‌ജിഡിപി) മൂന്നര ശതമാനവും കടന്നുപോയിക്കഴിഞ്ഞു എന്ന് ബജറ്റ് രേഖയുടെ അവസാനപേജിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുക്കടം ചരിത്രത്തിലെ ഏറ്റവും വർധിച്ച അവസ്ഥയിലാണ്. നികുതിവരുമാനം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ല. ജിഎസ്‌ടി വഴിയുള്ള വരുമാനം പ്രതീക്ഷിച്ചതിലും എത്രയോ കുറവാണ് എന്നു മന്ത്രിതന്നെ പറയുന്നു. കിഫ്ബിയും കേരളാ ബാങ്കിലെ 60,000 കോടിയിൽ അധികം വരുന്ന നിക്ഷേപവുമാണ് കറവപ്പശുക്കൾ. അതിനുപുറമെ സഹകരണസംഘങ്ങളിൽ നിക്ഷേപമായി ഒന്നരലക്ഷം കോടിയിലധികം കിടപ്പുണ്ടെന്നും മന്ത്രി പറയുന്നു. 

എന്നാൽ  വിദേശത്തുനിന്നും കിഫ്‌ബി വഴിയും അല്ലാതെയും വൻപലിശയ്‌ക്കു വാങ്ങിക്കുന്ന കടം എങ്ങനെ വീട്ടും? വികസനം വരുമാനം വർധിപ്പിക്കും എന്ന ഒറ്റവാക്കിൽ മറുപടി ഒതുക്കുകയാണ് ധനമന്ത്രി. കേരളത്തിന്റെ ഭാവിയെപ്പറ്റി  ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന ഒരു സമീപനമല്ല അത് എന്നു പറയാതെവയ്യ. തിരഞ്ഞെടുപ്പു വിജയം പ്രധാനമാണ്; [പക്ഷേ അതിനേക്കാൾ  പ്രധാനമാണ് നമ്മുടെ സമൂഹത്തിന്റെ ഭാവി സുരക്ഷയും ഭാവി തലമുറകളുടെ  സ്വാശ്രയത്വവും എന്നകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിച്ചുകൂടാ.  

Leave a Reply