ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചാല്‍ ജനം എന്തു ചെയ്യണം?
“ഇന്നലെ തെറ്റ് ചെയ്തവരെ തോല്‍പ്പിച്ച്
ഇന്നുള്ളവരെ ഭരണത്തില്‍ കൊണ്ട് വന്നത് തെറ്റ് ആവര്‍ത്തിക്കാനല്ല.
മാത്രവുമല്ല രണ്ട് പേരും ചെയ്യുന്ന തെറ്റിന്‍റെ ഫലങ്ങളും
അനുഭവിക്കേണ്ടത് ഞങ്ങള്‍ എന്ന ജനം ആണ്.”
ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു മാസം കൊണ്ട് പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ച വ്യാപകമായത്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കോവിഡ് ബാധകൊണ്ടുമാത്രം ഉണ്ടായ ഒന്നാണോ എന്നതായിരുന്നു പ്രധാന ചോദ്യം. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് കേരളത്തിന്‍റെ ചില പ്രത്യേകതകള്‍ വിലയിരുത്തേണ്ടതുണ്ട്. കേരള വികസനമാതൃക എന്നതിന്‍റെ പേരില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും അവകാശവാദം ഉന്നയിക്കുന്നു. കോവിഡിനെ തടഞ്ഞു നിര്‍ത്താന്‍ സഹായിച്ചത് ആ വികസനമാതൃകയാണെന്ന വാദത്തിനു പ്രസക്തിയുണ്ട്. പക്ഷെ അതിന്‍റെ നേരവകാശികള്‍ ഈ സര്‍ക്കാരാണോ?
ഒന്നരനൂറ്റാണ്ടിലേറെക്കാലം കീഴാളജനതയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളല്ലേ കേരളത്തെ മാറ്റി മറിച്ചത്? അരുവിപ്പുറത്തെ പ്രതിഷ്ഠയും മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടിയും ചാന്നാര്‍ കലാപവും മറ്റും നടക്കുമ്പോള്‍ ഇന്നാട്ടില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെന്നല്ല കോണ്‍ഗ്രസ് പോലും ഇല്ലായിരുന്നു എന്നതല്ലേ സത്യം? ജനാധിപത്യ കേരളം വന്നതിനു ശേഷം ആ ചലനം മുന്നോട്ടു പോയോ എന്നും പോയെങ്കില്‍ എത്രയെന്നും പറയാന്‍ മാറി മാറി ഭരിച്ചവര്‍ക്കു ഉത്തരവാദിത്തമുണ്ട്. ഇടതുപക്ഷം അങ്ങനെ പറഞ്ഞാല്‍ മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി അവര്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എന്തുകൊണ്ട് ഈ അവസ്ഥ ഉണ്ടായില്ല എന്ന് പറയേണ്ടി വരും. കേരളത്തില്‍ കൃത്യമായും ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമുന്നണിയെ മാറ്റുന്ന രീതിയാണുള്ളത്. തന്നെയുമല്ല ഈ വികസനമാതൃക ഇന്നും പുറത്ത് നിര്‍ത്തിയ വിഷയങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്കും മറുപടി വേണ്ടി വരും. അതെന്തായാലും തല്‍ക്കാലം വിടുന്നു. ഇന്നുള്ള കേരള മാതൃകക്ക് എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും അത് മറ്റേതു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട ഒരു സാമൂഹ്യവികസന സൂചകം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീര്‍ച്ച. പക്ഷെ അങ്ങനെ വരുമ്പോള്‍ അതിനു ഒരു സാമ്പത്തികബാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളിലും പൊതുവിതരണം തുടങ്ങിയ സാമൂഹ്യ സുരക്ഷാമേഖലകളിലും അധികവിഭവം മുടക്കേണ്ടതായി വരും. അങ്ങനെ വിലയിരുത്തുമ്പോള്‍ എന്തെല്ലാമാണ് കേരളത്തിന്‍റെ വിഭവസാധ്യതകള്‍ എന്ന് കണക്കാക്കേണ്ടി വരും. ഒരു ഫലിതമെന്ന രീതിയില്‍ പറയുന്നതാണ് “കേരളത്തിലെ ജനങ്ങള്‍ ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരുമാണ്” എന്നത്. നമ്മള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ നല്ല വസ്തുക്കളും, (കൂടിയ ഇനം കാപ്പി, തേയില, ചെമ്മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, കുരുമുളക് തുടങ്ങി നമ്മുടെ നല്ല കുട്ടികള്‍ വരെ) കയറ്റി അയക്കാന്‍ വേണ്ടി തയ്യാറാക്കപ്പെടുന്നതാണ്, എക്സ്പോര്‍ട് ക്വാളിറ്റിയാണ്. നമ്മള്‍ ഉപയോഗിക്കുന്നവയെല്ലാം (ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ്ങി എല്ലാം ) നമുക്ക് പുറത്തു നിന്നും കൊണ്ട്വരേണ്ടതുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ട്രക്കുകള്‍ വരാതിരുന്നാല്‍ നമുക്ക് ഓണമോ പെരുനാളോ ക്രിസ്തുമസോ വിവാഹമോ ഉത്സവങ്ങളോ ഒന്നും സാധ്യമല്ല. നമ്മള്‍ തൊഴില്‍ശേഷി കയറ്റി അയക്കുമ്പോള്‍ അത്രയുമോ അതിലധികമോ തൊഴിലാളികള്‍ ഇങ്ങോട്ടു വരുന്നുമുണ്ടല്ലോ. ഈ അവസ്ഥ ഉണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്. പക്ഷെ ഇവിടെ തല്‍ക്കാലം ആ വിഷയത്തിലേക്കു കടക്കുന്നില്ല.

കേരളം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍
എന്നാല്‍ ഇതിന്‍റെ സാമ്പത്തിക പ്രത്യാഘാതം ഇവിടെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും വില നിശ്ചയിക്കുന്നത് ഇവിടെയല്ല എന്നതാണ് പ്രധാന പ്രശ്നം. നമ്മുടെ കമ്പോളം പുറത്തു നിന്നും നിയന്ത്രിക്കപ്പെടുന്നതിനാല്‍ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ സ്റ്റിയറിങ് പുറത്താണ് എന്ന് പറയാം.
ഈ പരിമിതി നമ്മള്‍ മറികടന്നത് ഉത്പാദനവുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത വിധത്തില്‍ പ്രവാസികളുടെ പണം ഇവിടേക്ക് ഒഴുകി വരുന്നതിനാലാണ്. കുറച്ചു കാലം മുമ്പുവരെ നാണ്യവിളകളില്‍ നിന്നുള്ള വരുമാനവും ഗണ്യമായിരുന്നു. റബ്ബര്‍ വില ഗണ്യമായി ഇടിഞ്ഞതോടെ അതും ഇല്ലാതായി . ഇന്നാട്ടിലേക്കു വരുന്ന തൊഴില്‍ ശക്തിക്കും ഉയര്‍ന്ന കൂലി നിരക്ക് നല്‍കാന്‍ നമ്മള്‍ നിര്‍ബന്ധിതരായി. അങ്ങനെയും വലിയ തോതില്‍ നമ്മുടെ പണം പുറത്തേക്കൊഴുകുന്നു. ഈ അവസ്ഥയില്‍ സര്‍ക്കാരിന്‍റെ വരുമാനം എന്താണ്? കമ്പോളവ്യവസ്ഥയില്‍ നിന്നും കിട്ടുന്ന വില്പന നികുതിയാണ് നേരിട്ടുള്ള വരുമാനം. കേന്ദ്രം പിരിക്കുന്ന നികുതികളുടെ വിഹിതവും കിട്ടും. വില്പന നികുതി വാറ്റായി, ഇപ്പോള്‍ ജിഎസ്ടി ആയി. കേന്ദ്രം പങ്കു നല്‍കുന്നതായി. മദ്യത്തിലും ഇന്ധനത്തിലുമാണ് സംസ്ഥാനത്തിന് നേരിട്ട് കിട്ടുന്ന പ്രധാന നികുതികള്‍. നമ്മള്‍ ലോട്ടറിയെയും ഒരു വലിയ വരുമാനസ്രോതസ്സായി വളര്‍ത്തിയിരുന്നു. ഉത്പാദനം നിലക്കുന്നതിനാല്‍ നമ്മുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. എന്നാല്‍ വ്യാപാരം നിലച്ചാല്‍ സ്ഥിതി ഗുരുതരമാകും. പ്രത്യേകിച്ചും മദ്യവ്യാപാരം.
“ലോക്ക് ഡൗണ്‍ വന്നത് മാര്‍ച്ചിലാണ്. അതിനു മുമ്പുള്ള കേരളത്തിന്‍റെ
സാമ്പത്തികസ്ഥിതി എന്തായിരുന്നു?
50,000 രൂപയില്‍ കൂടുതലുള്ള
ഒരു ബില്ലും മാറുവാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം
നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം.”
ലോക്ക് ഡൗണ്‍ വന്നത് മാര്‍ച്ചിലാണ്. അതിനു മുമ്പുള്ള കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി എന്തായിരുന്നു? 50,000 രൂപയില്‍ കൂടുതലുള്ള ഒരു ബില്ലും മാറുവാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോണ്‍ട്രാക്റ്റര്‍മാരുടെ ബില്ലുകള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികകള്‍…. ഉത്തരവാദി കോവിഡാണോ? ഈ അവസ്ഥ എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കപ്പെടേണ്ടതില്ലേ? കോവിഡ് ബാധ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെയാണ് കോടതി സമ്മതിച്ചതും. കോവിഡിന് മുമ്പുള്ള പ്രതിസന്ധി പരിഹരിക്കാനാണെങ്കില്‍ ഇത് സാധ്യമല്ല. കോവിഡ് ബാധ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരെ വിമര്‍ശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്. അതില്‍ തെറ്റുമില്ല. പക്ഷെ അതില്‍ നിന്നും കിട്ടുന്ന അധികവരുമാനം കൊണ്ട് പ്രതിസന്ധിയുടെ വക്കു പോലും തൊടാന്‍ കഴിയില്ല. പ്രതിസന്ധിയുടെ കാരണങ്ങള്‍ നാം പരിശോധിക്കേണ്ടതല്ലേ?
ആഗോളതലത്തിലും നമ്മുടെ രാജ്യത്തും മാന്ദ്യം ഉണ്ടെന്നത് ഒരു രഹസ്യമല്ല. അത് മറികടക്കാന്‍ തന്നെ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിവേചനപരമായ പെരുമാറുന്നു എന്ന് മന്ത്രിയും പറയുന്നില്ല. എന്നാല്‍ ഗുരുതരമായ പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യമായ സഹായം ചെയ്യുന്നില്ല എന്നതാണ് പരാതി. ജിഎസ്ടി ഏര്‍പ്പെടുത്തുമ്പോള്‍ വരുമാനത്തില്‍ കുറവുണ്ടായാല്‍ അത് നികത്താനുള്ള പണം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. അത് കിട്ടാന്‍ കാലതാമസം വരുന്നു എന്ന പരാതി അംഗീകരിക്കാം. പക്ഷെ ഈ ജിഎസ് ടി നടപ്പാക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്കെതിരാണ് എന്ന് പറഞ്ഞവരെ കളിയാക്കുകയും അതിനെ പിന്താങ്ങുകയും ചെയ്തയാളാണ് സാമ്പത്തികവിദഗ്ധനായ നമ്മുടെ ധനമന്ത്രി. ഇതൊരു കുറ്റാരോപണമല്ല, പക്ഷെ അവിടെ ഗുരുതരമായ പിഴവുണ്ടായി. കേന്ദ്രത്തില്‍ നിന്നും കിട്ടാവുന്നതിന്‍റെ പരമാവധി നേടിയെടുക്കുക തന്നെ വേണം. പക്ഷെ ആഭ്യന്തരവിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ ഈ സര്‍ക്കാരിന് മാത്രമല്ല മാറി മാറി ഭരിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും പിഴവ് പറ്റി എന്ന സത്യം ഇനി മറച്ചു പിടിക്കാന്‍ കഴിയില്ല. ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട എസ്റ്റേറ്റ് ഉടമകളോട് സര്‍ക്കാരുകള്‍ കാണിക്കുന്ന സൗജന്യം വലിയ നഷ്ടം ഖജനാവിനുണ്ടാക്കുന്നു. അതുപോലെ തന്നെ കരിങ്കല്ലടക്കമുള്ള പ്രകൃതിവിഭവക്കൊള്ള നടത്തുന്നവരില്‍ നിന്നും ന്യായമായ ഫീസ് പിരിച്ചെടുക്കാന്‍ തയ്യാറായാല്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ മുന്നോട്ടു പോകാം. പക്ഷെ അങ്ങനെ ചെയ്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നതാണ് സത്യം. ഇതുപോലെ നിരവധി സാധ്യതകള്‍ ഉണ്ട്. അതിലേക്കൊന്നും ഇവരുടെ ശ്രദ്ധ തിരിയുകയേയില്ല.
” ജിഎസ് ടി നടപ്പാക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്കെതിരാണ്
എന്ന് പറഞ്ഞവരെ കളിയാക്കുകയും
അതിനെ പിന്താങ്ങുകയും ചെയ്തയാളാണ് നമ്മുടെ ധനമന്ത്രി.
ഇതൊരു കുറ്റാരോപണമല്ല, പക്ഷെ അവിടെ ഗുരുതരമായ പിഴവുണ്ടായി.”
ഇതിന്‍റെ ഫലമായി കേരളത്തിന്‍റെ സമ്പദ്ഘടന തകര്‍ച്ചയുടെ നെല്ലിപ്പടിയിലാണ് എത്തിനില്‍ക്കുന്നത്. മൂലധന ചിലവിലേക്കു നീക്കിവെക്കാന്‍ കാര്യമായ വരുമാനം ഒരു സര്‍ക്കാരിന്‍റെ കയ്യിലും ഉണ്ടാകാറില്ല. നിത്യച്ചിലവ് നടത്താന്‍ തന്നെ കടം വാങ്ങേണ്ട അവസ്ഥയാണുള്ളത്. സംസ്ഥാനത്തിന്‍റെ പൊതുകടം ഒരു നിയന്ത്രണവുമില്ലാത്ത വിധത്തില്‍ ഉയരുകയാണ്. ഇതൊന്നും നാട്ടില്‍ എന്തെങ്കിലും ഉത്പാദനപ്രവര്‍ത്തനങ്ങള്‍ക്കായി മൂലധനനിക്ഷേപം നടത്തിയതുകൊണ്ടുണ്ടായതല്ല. 2012-13 ല്‍ സംസ്ഥാനത്തിന്‍റെ മൊത്തം പൊതുകടം 1,03,560 കോടി രൂപയായിരുന്നു. 2015-16 ല്‍ അത് 1,57,370 കൂടിയായി ഉയര്‍ന്നു. നടപ്പുവര്‍ഷം ( 2020 – 21 ) അത് മൂന്ന് ലക്ഷം കോടിക്കടുത്താകുമെന്നു എക്കണോമിക് റിവ്യൂ പറയുന്നു. ഇത് ഓരോ മലയാളിക്കും മേല്‍ ജന്മനാ തന്നെ വരുത്തിവെക്കുന്ന കടബാധ്യത എത്ര വലുതാണ്? തന്നെയുമല്ല ഓരോ ബജറ്റിലും ഈ കടങ്ങളുടെ ഒരു ഭാഗം മുതലും പലിശയും അടക്കാന്‍ തന്നെ വീണ്ടും കടം എടുക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ബജറ്റില്‍ കാണിക്കാത്ത ബാധ്യതകളും കൂടി വരുന്നു. വിവിധ പദ്ധതികള്‍ക്കായി എടുക്കുന്ന വായ്പകള്‍ ബജറ്റില്‍ വരില്ല. പക്ഷെ അതും സംസ്ഥാനത്തിന്‍റെ ബാധ്യതയാകുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ധനമന്ത്രി പറയുന്ന ഒരു മാന്ത്രിക വാക്കാണ് കിഫ്ബി. ഏതു മേഖലയിലെ പദ്ധതിയായാലും ഉടനെ പറയും കിഫ്ബി എന്ന്. അങ്ങനെ പറഞ്ഞാല്‍ പിന്നെ ചര്‍ച്ചയോ ഓഡിറ്റോ വേണ്ട. പക്ഷെ ഇതിനായുള്ള പണം കൊടുക്കാന്‍ ജനങ്ങള്‍ക്ക് തന്നെയാണ് ബാധ്യത. ചട്ടങ്ങള്‍ പലതും ലംഘിച്ചുകൊണ്ട് നിര്‍മ്മാണം നടത്താന്‍ കഴിയും എന്ന സൗകര്യവും ഉണ്ട്. നമ്മുടെ നികുതിപ്പണം തന്നെ വേണം കടം വീട്ടാന്‍. കൊച്ചി മെട്രോക്ക് വേണ്ടി എടുത്ത കടം പെരുകുന്നു. കാരണം മെട്രോ അടുത്ത കാലത്തൊന്നും ലാഭത്തില്‍ വരില്ല. ആറായിരം കോടി വരുന്ന ആ പദ്ധതി ഇത്ര വലിയ ദുരന്തമാണെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആവേശത്തോടെ മുന്നോട്ടു വയ്ക്കുന്ന തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിക്കായി അറുപതിനായിരത്തിലധികം കോടി കടമെടുത്താലുള്ള അവസ്ഥ എന്താകും? അതും ഒരിക്കലും ലാഭത്തിലാകാന്‍ വഴിയില്ല. സ്ഥലം ഏറ്റെടുക്കാന്‍ തന്നെ കഴിയില്ല. പക്ഷെ ഈ കടബാധ്യത ഓരോ കേരളീയനും മേല്‍ വരും.
“കേരളത്തിന്‍റെ സമ്പദ്ഘടന തകര്‍ച്ചയുടെ
നെല്ലിപ്പടിയിലാണ് എത്തിനില്‍ക്കുന്നത്.
മൂലധന ചിലവിലേക്കു നീക്കിവെക്കാന്‍ കാര്യമായ വരുമാനം
ഒരു സര്‍ക്കാരിന്‍റെ കയ്യിലും ഉണ്ടാകാറില്ല.”

കെ എം എബ്രഹാം
ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഈ സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. ഈ സര്‍ക്കാരിന്‍റെ ചെലവുകള്‍ക്ക് പിന്നിലെ യുക്തിരാഹിത്യം ചോദ്യം ചെയ്തുകൊണ്ട് ഒരു തുറന്ന കത്ത് ധനമന്ത്രിക്ക് ഈയുള്ളവന്‍ എഴുതി. അതെന്തോ മഹാപരാധമായിപ്പോയി എന്നും അങ്ങനെ ചെയ്യുന്നവര്‍ കോവിഡ് ബാധയെ സഹായിക്കുകയാണെന്നുമടക്കം തെറി പറഞ്ഞുകൊണ്ട് സൈബര്‍ പോരാളികള്‍ രംഗത്തു വന്നു. അല്പം യുക്തിപൂര്‍വ്വം മറുപടി പറയാന്‍ ശ്രമിച്ചവരാകട്ടെ ഞാന്‍ എഴുതിയ കണക്കില്‍ എന്തെങ്കിലും പിഴവുണ്ടെന്നു പറഞ്ഞുമില്ല. അതിനെ അവര്‍ നേരിട്ടത് പലരീതിയിലാണ്. മൊത്തം സംസ്ഥാനത്തിന്‍റെ വരുമാനം നോക്കുമ്പോള്‍ ഈ പത്തോ നൂറോ കോടി എന്നത് വളരെ ചെറിയ സംഖ്യയാണ് എന്നതാണ് മന്ത്രി പറഞ്ഞ ഒരു ന്യായം. ജനങ്ങള്‍ യാതൊരു വരുമാനവുമില്ലാതെ നട്ടം തിരിയുന്നു. കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ നരകിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത അവരുടെ ഉത്പന്നങ്ങള്‍ക്കുള്ള പണം നല്‍കാന്‍ കാശില്ല. അഞ്ചോ പത്തോ കോടി കൊണ്ട് ആയിരക്കണക്കിന് കര്‍ഷകരുടെ കണ്ണീരൊപ്പാം.
മറ്റൊരു പ്രധാനവാദം മുന്‍ യു ഡി എഫ് സര്‍ക്കാരും ഇതിനേക്കാള്‍ കൂടുതല്‍ ധൂര്‍ത്തു നടത്തിയിരുന്നു എന്നതാണ്.
എം എന്‍ കാരശ്ശേരി മാഷ് പറഞ്ഞതാണ് ശരി. ‘എക്സ് എന്ന കക്ഷി ചെയ്ത ഒരു തെറ്റിനെക്കുറിച്ചു ചോദിച്ചാല്‍ വൈ എന്ന കക്ഷി ചെയ്ത തെറ്റിനെക്കുറിച്ചു മറുപടി പറയുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സംവാദങ്ങള്‍’. ഇത്തരം മറുപടികള്‍ കേവല കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ഗുണമായേക്കാം. പക്ഷെ ഒരു പൗരന്‍ എന്ന നിലയില്‍ ഇന്നലെ തെറ്റ് ചെയ്തവരെ തോല്‍പ്പിച്ച് ഇന്നുള്ളവരെ ഭരണത്തില്‍ കൊണ്ട് വന്നത് തെറ്റ് ആവര്‍ത്തിക്കാനല്ല. മാത്രവുമല്ല രണ്ട് പേരും ചെയ്യുന്ന തെറ്റിന്‍റെ ഫലങ്ങളും അനുഭവിക്കേണ്ടത് ഞങ്ങള്‍ എന്ന ജനം ആണ്.
ഇനി ചില വിഷയങ്ങളില്‍ ഇവര്‍ നല്‍കിയ മറുപടികള്‍ അഥവാ ന്യായീകരണങ്ങള്‍ നോക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ശമ്പളം നല്‍കാന്‍ ബാധ്യസ്ഥരാണ് എന്നത് അംഗീകരിച്ചു കൊണ്ട് തന്നെയാണ് ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള ഒരു കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം നിഷേധിക്കാന്‍ കഴിയുമോ?. മുണ്ട് മുറുക്കി ഉടുക്കണം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന സര്‍ക്കാരോ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും അതിന് തയ്യാറായിട്ടുണ്ടോ? നാം കൊറോണയെക്കുറിച്ച് അറിഞ്ഞത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്. അതിനു മുമ്പ് മാര്‍ച്ച് ഒന്നിന് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് ആദ്യം പരിശോധിക്കാം….
50,000 രൂപയില്‍ കൂടുതലുള്ള ഒരു ബില്ലും മാറുവാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന അവസ്ഥ നേരത്തെ പറഞ്ഞു. ഉത്തരവാദി കോവിഡാണോ ? ഇനി കൊറോണയുടെ പേരില്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതില്‍ 14, 000 കോടി കോണ്‍ട്രാക്റ്റര്‍മാര്‍ക്കു കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക. 2,000 കോടി രൂപ കുടുംബശ്രീ വായ്പ (ഇത് 9% പലിശക്ക് ബാങ്കുകള്‍ നല്‍കുന്നതാണ്.) 2, 000 കോടി രൂപ തൊഴില്‍ ഉറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചിലവില്ല. ഇത് കേന്ദ്രം നല്‍കേണ്ടത്.) സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1, 300 കോടി രൂപ. (കോവിഡിനു മുമ്പേ കൊടുക്കാന്‍ ഉള്ള അഞ്ചുമാസത്തെ കുടിശ്ശികയടക്കം ). 20 രൂപക്ക് ഊണ് കൊടുക്കാന്‍ 50 കോടി രൂപ. ആകെ 19,350 കോടി രൂപ.
ഇതിനുള്ള മറുപടിയായി പറഞ്ഞത് കൊവിഡ് കാലത്തു കമ്പോളത്തില്‍ പണം എത്തിക്കാനുള്ള വഴി എന്ന രീതിയില്‍ ഇതിനെ കാണണം എന്നാണു. പക്ഷെ ഇതിനുള്ള പണം എവിടെ നിന്ന് കിട്ടും? കഴിഞ്ഞ വര്‍ഷത്തെ കടം വീട്ടാന്‍ ഈ വര്‍ഷത്തെ പണം ഉപയോഗിക്കുന്ന രീതി മാത്രം. അപ്പോള്‍ ഈ വര്‍ഷം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയില്ല. കോവിഡ് ബാധ ഇല്ലെങ്കിലും ചെയ്യാവുന്ന ഒരു കാര്യമാണിത്. ആകെയുള്ളത് കൊവിഡിന്‍റെ പേരില്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിരിച്ച പണം മാത്രം. കേരള സര്‍ക്കാരിന്‍റെ മറ്റു ചില ധൂര്‍ത്തുകള്‍ കാണുക:
മന്ത്രിസഭാ സത്യപ്രതിജ്ഞാ ചിലവ് 3.71 കോടി രൂപ
നൂറാം ദിവസം ആഘോഷം ചിലവ് 2.24 കോടി രൂപ.
ഒന്നാം വാര്‍ഷികം ആഘോഷം ചിലവ് 18.6 കോടി രൂപ
ആയിരം ദിനം ആഘോഷം ചിലവ് 10.27 കോടി രൂപ
സി പി എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അഴിമതിയും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി റബ്കോ 238 കോടി രൂപ. മാര്‍ക്കറ്റ്ഫെഡ് 27 കോടി രൂപ. റബര്‍ മാര്‍ക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ ( ചെറിയ തുകയല്ലേ? ഇതിനൊന്നും ഒരു മറുപടിയും ഇല്ല കേട്ടോ)
ഒരു ശുപാര്‍ശ പോലും നടപ്പിലാക്കാത്ത ഭരണ പരിഷ്ക്കാര കമ്മീഷന്‍റെ 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ.
യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ. കാറും മറ്റു ആനുകൂല്യങ്ങളും പുറമേ.
മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ഇവര്‍ക്കു പുറമേ കാബിനറ്റ് പദവിയോടെ ആര്‍ ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.
മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തില്‍ ആദ്യമായി ആറ് ഉപദേശികള്‍. ഇവരില്‍ പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ്മയുടെ ശമ്പള സ്കെയില്‍ 93, 000 – 1,20,000. നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 – 1,15, 200. ഹൈക്കോടതിയില്‍ 150 ഗവ: പ്ലീഡര്‍മാര്‍ ഉളളപ്പോള്‍ ലൈസന്‍ ഓഫീസര്‍ വേലപ്പന്‍ നായര്‍ക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ. ഇതൊക്കെ ഉണ്ടായിട്ടും സ്പ്രിന്‍ക്ലറില്‍ വാദിക്കാന്‍ മുംബെ വക്കീല്‍ എന്‍ എസ് നിപ്പനായി. നല്‍കിയത് ലക്ഷങ്ങള്‍.
ആറ്റിങ്ങലില്‍ തോറ്റ മുന്‍ എം പി ഡോ സമ്പത്തിന് ഡല്‍ഹിയില്‍ നിയമനം. അലവന്‍സ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികള്‍. കാറുകള്‍ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം?
ഹെലിക്കോപ്റ്റര്‍ പ്രതിമാസ വാടക 1,64, 00000 + ജി എസ് റ്റി. ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് .കൂടുതല്‍ ആയാല്‍ മണിക്കൂറിന് 67, 926 രൂപ വച്ച് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകള്‍ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ…?

പ്രളയ ഫണ്ട് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഎം നേതാവ്
പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി! നിലവില്‍ നാല് എണ്ണം ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി പി എംകാരെ രക്ഷിക്കാന്‍ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സിപിഎം നേതാക്കള്‍ക്കെതിരാത സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ 45 ലക്ഷം രൂപ. അരിയില്‍ ഷുക്കൂറിന്‍റെ കേസ് അട്ടിമറിക്കാന്‍ ചിലവിട്ട ലക്ഷങ്ങള്‍ ഇതിന് പുറമേയാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ഇഷ്ടക്കാരെ തിരുകി കയറ്റുക വഴി ചിലവ് കോടികള്‍. കിഫ്ബി സി ഇ ഒ ഡോ. കെ എം എബ്രഹാം മാസശമ്പളം 3, 32, 750 രൂപ. പെന്‍ഷന് പുറമെ . ചീഫ് പ്രൊജക്റ്റ് എക്സാമിനര്‍ വിജയാനന്ദ് 2,78, 300 രൂപ.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനം. മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറം കരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. പുറമെ ജോലിക്കാര്‍ ഒന്‍പത് പേര്‍. മാസശമ്പളം ഒരാള്‍ക്ക് 54,014 രൂപ.
മന്ത്രിമാരുടെ ചികില്‍സാ ചിലവുകള്‍ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയ വക മരുന്ന് 20, 990 രൂപ, മുറി വാടക 79, 200 രൂപ, തോര്‍ത്ത് 195രൂപ, തലയണ 250രൂപ. ചിലര്‍ വാങ്ങിയ കണ്ണടയുടെ വിലയും, ഇന്നോവക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല. എ ഡി ബി യില്‍ നിന്നും പ്രളയാനന്തരം റീബില്‍ഡ് കേരളയ്ക്കായ് ലഭിച്ച 1,780 കോടി രൂപ വകമാറ്റി. കളമശ്ശേരിയില്‍ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 25 ലക്ഷം രൂപ. ഏരിയാ /ലോക്കല്‍ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ. സഖാക്കന്‍മാരുടെ കൊള്ള നിര്‍ബാധം അരങ്ങേറുമ്പോള്‍ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവര്‍ നിരവധി. പ്രളയ ഫണ്ടില്‍ ചിലവഴിച്ചത് 30% ത്തില്‍ താഴെ. ബാക്കി മുഴുവന്‍ വകമാറ്റി. ഓഖി ഫണ്ടിന്‍റെ കാര്യം തഥൈവ. പതിനാല് ജില്ലകളിലെയും സാംസ്ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്‍റെ 700 കോടിയും ലോക കേരള സഭാ ഹാളിന്‍റെ 17 കോടിയും, നവോത്ഥാന മതിലിന്‍റെ 50 കോടിയും വേറെ. രണ്ട് ഡിജിപി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡിജിപി പദവി.
ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ പി എസ് സിയില്‍ 20 അംഗങ്ങള്‍. അവര്‍ക്കൊക്കെ ലക്ഷങ്ങള്‍ ശമ്പളം. കാറ്, വീട്, മറ്റു അലവന്‍സുകളും. ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ടി’ന്‍റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്ക്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ.
ഡോ സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍ ബാലകൃഷ്ണപിള്ള (മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍), വിഎസ് അച്യുതാനന്ദന്‍ (ഭരണപരിഷ്കാര കമ്മീഷന്‍), കെ. രാജന്‍ (ചീഫ് വിപ്പ്), സി പി സുധാകര പ്രസാദ് (അഡ്വക്കറ്റ് ജനറല്‍ ) എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി എ, ഡി എ, ചികിത്സാ ചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്.
ഇതെല്ലാം കേവലം പുകമറയാണെന്നും മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് നടത്തുന്ന അപവാദപ്രചാരണമാണെന്നും പറഞ്ഞുകൊണ്ട് നടത്തുന്ന ന്യായീകരണങ്ങളുടെ ചില സാമ്പിളുകള്‍ താഴെ:
- ഹെലികോപ്റ്റര്‍
സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതാണല്ലോ മഹാഅപരാധം. ഇന്ത്യയിലെ ചെറിയവയടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങള്‍ക്കും ഈ സൗകര്യം ഇന്നുണ്ട് എന്നോര്‍ക്കണം. (കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 200 കോടി രൂപയ്ക്ക് മൂന്നാമതൊരു ജെറ്റ് വിമാനം കൂടി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു 09.01.2020).നിലവിലുള്ള രണ്ടെണ്ണത്തിന് പുറമേയാണിത്. അപ്പോള്‍ ഇതാണ് കാര്യം ഇവിടെ ഈ ഹെലികോപ്റ്റര്‍ ഇന്ന് വരെ പ്രവര്‍ത്തിക്കാതെ കിടക്കുന്നു. (അസത്യം പറയരുതല്ലോ ഇക്കഴിഞ്ഞ ദിവസം ഒരു രോഗിക്ക് ഹൃദയവുമായി കൊച്ചിക്കു ഈ വാഹനം പറന്നു വന്നു. നല്ലത്.) പക്ഷെ അതിനുള്ള ന്യായീകരണം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരും വാങ്ങി എന്നത് മാത്രം.
തുഛമായ ചെലവില്‍ ( ഒന്നരക്കോടി രൂപ എത്ര ജനങ്ങള്‍ക്ക് ജീവിതം നല്‍കും?) അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഇവിടെ ഒരു ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതാണോ ധൂര്‍ത്ത്?

എ സമ്പത്ത്
2. ഉപദേഷ്ടാക്കള്‍
രണ്ടു പേരൊഴികെ എല്ലാവരും പ്രതിഫലം പറ്റാത്തവര്‍. പ്രതിഫലം എന്നാല്‍ ശമ്പളം മാത്രമല്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇവര്‍ക്ക് വേണ്ടി മുടക്കുന്ന പണത്തിന്‍റെ കണക്കു കൃത്യമായി വന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ധനകാര്യ ഉപദേഷ്ടാവിനു ഒരു വട്ടം ഇവിടെ വന്നു പോകാന്‍ വേണ്ടി ചിലവാക്കിയ വിമാനടിക്കാറ്റിന്‍റെ മാത്രം ചെലവ് പന്ത്രണ്ട് ലക്ഷം രൂപ. ഹോട്ടല്‍ താമസവും മറ്റും വേറെ. മൊത്തം ചെലവ് പ്രസിദ്ധീകരിക്കുക.
“ധനമന്ത്രി കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയ വക
മരുന്ന് 20, 990 രൂപ, മുറി വാടക 79, 200 രൂപ, തോര്‍ത്ത് 195രൂപ, തലയണ 250രൂപ.
ചിലര്‍ വാങ്ങിയ കണ്ണടയുടെ വിലയും,
ഇന്നോവക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.”
3. കാബിനറ്റ് പദവി
പുതുതായി മൂന്ന് പേര്‍ക്ക് മാത്രം. സമ്പത്തിനു പദവി അനുവദിച്ചത് കേന്ദ്ര സര്‍ക്കാരില്‍ ഇടപെടാനും ഡല്‍ഹിയില്‍ മന്ത്രിമാര്‍, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരുടെ അപ്പോയിന്‍റ്മെന്‍റുകള്‍ കിട്ടാനുമൊക്കെയുള്ള സൗകര്യത്തിനു വേണ്ടി മാത്രം. (പക്ഷെ മലയാളികള്‍ക്ക് ഏറ്റവും ആവശ്യമുള്ള കോവിഡ് കാലത്തു അദ്ദേഹം എന്ത് ചെയ്തു? മറ്റെല്ലാ സംസ്ഥാനങ്ങളും കേരളത്തില്‍ നിന്ന് പോലും പ്രത്യേക തീവണ്ടി ഒരുക്കി സ്വന്തം നാട്ടുകാരെ കൊണ്ട് പോയി. കേരളത്തിന് വേണ്ടി എന്ത് ചെയ്തു? സ്വന്തം പണം മുടക്കി എങ്ങനെയെങ്കിലും വരുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞു ദുരിതത്തില്‍ ആഴ്ത്തുന്നതിനെ ന്യായീകരിക്കാന്‍ ഒരാള്‍ വേണോ?)
മൂന്ന് കാബിനറ്റ് പദവിയിലുള്ളവര്‍ക്കും കൂടി ആകെയുള്ളതിനേക്കാള്‍ പേഴ്സണല്‍ സ്റ്റാഫില്‍ 8 പേര്‍. (ഇതും വസ്തുതാപരമായി തെറ്റ്. സമ്പത്തിനുമാത്രം ഇത്ര ആളുണ്ട്) പ്രതിപക്ഷ നേതാവിന് അധികമുണ്ട്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളേക്കാളും കൂടുതലാണ് പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിന്‍റെ എണ്ണം. (അപ്പോള്‍ അതാണ് കാര്യം. അവര്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കും ആകാം)
4. പേഴ്സണല്‍ സ്റ്റാഫ്
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ ശമ്പളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രതിവര്‍ഷം 10 കോടി രൂപ കുറവാണ്. (വീണ്ടും അതെ ന്യായീകരണം)
5. കിഫ്ബിയിലെ ശമ്പളം
കിഫ്ബി സിഇഒ ആയ മുന്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളമാണ് വേറൊരു ആരോപണം. കേരളത്തില്‍ പല മാധ്യമപ്രമുഖര്‍ക്കും കിട്ടുന്നതിനേക്കാള്‍ കൂടുതലല്ലല്ലോ അദ്ദേഹത്തിന്‍റെ ശമ്പളം. (എന്താണ് ഇതിനര്‍ത്ഥം? മാധ്യമപ്രമുഖര്‍ക്കു ശമ്പളം കൊടുക്കുന്നത് ഖജനാവില്‍ നിന്നാണോ? പെന്‍ഷന്‍ ലക്ഷത്തിലധികം വാങ്ങുന്ന ഒരാള്‍ക്കാണ് ഈ ശമ്പളം.) സെബി പോലുള്ള സുപ്രധാന സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന അദ്ദേഹത്തിന്‍റെ വൈദഗ്ദ്ധ്യം കേരളം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. (സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഇത്തരം ലാവണങ്ങള്‍ നേടുന്നു. കേന്ദ്ര സര്‍ക്കാരില്‍ ഇങ്ങനെ പിരിയുന്ന ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷത്തേക്കെങ്കിലും മറ്റൊരു ജോലി സ്വീകരിക്കരുതെന്നു നിയമം കൊണ്ട് വരാന്‍ ശ്രമം നടന്നിരുന്നു. ഒന്നുമുണ്ടായില്ല. ഇപ്പോള്‍ ഉന്നത ജഡ്ജിമാര്‍ തന്നെ പിരിഞ്ഞ ഉടനെ ഇത്തരം പണികള്‍ക്ക് പോകുന്നു.)
“ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍
ധനമന്ത്രി പറയുന്ന ഒരു മാന്ത്രിക വാക്കാണ് കിഫ്ബി.
ഏതു മേഖലയിലെ പദ്ധതിയായാലും
ഉടനെ പറയും കിഫ്ബി എന്ന്.
അങ്ങനെ പറഞ്ഞാല്‍ പിന്നെ ചര്‍ച്ചയോ ഓഡിറ്റോ വേണ്ട.
പക്ഷെ ഇതിനായുള്ള പണം കൊടുക്കാന്‍ ജനങ്ങള്‍ക്ക് തന്നെയാണ് ബാധ്യത.
കിഫ്ബിയില്‍ 4000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായതില്‍ പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളിലുള്ളവയുമില്ലേ? കിഫ്ബി കൊള്ളില്ലെങ്കില്‍, അതില്‍ വിശ്വാസമില്ലെങ്കില്‍ കിഫ്ബി പദ്ധതി അവര്‍ വേണ്ടെന്നു വെക്കുന്നില്ലല്ലോ? (അതിവിചിത്രമായ വാദമാണിത്. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിയാണെന്നു പറഞ്ഞാല്‍ പിന്നെ ഒരു എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്തിന്‍റെ പണി വേണമെന്ന് പറയാന്‍ പാടില്ലേ?)
ഇത് ഊതിപ്പെരുപ്പിച്ച് കത്തിച്ചു നിര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് ഈ ദുരന്തകാലത്ത് 1.80 ലക്ഷം കോടി ഇന്ധന നികുതിയുടെ ഭാരം കേന്ദ്രം അടിച്ചേല്പിച്ചത് ചര്‍ച്ച ചെയ്യാന്‍ തോന്നാത്തതെന്തേ? തോര്‍ത്തും ടയറും വാങ്ങിയതില്‍ ധൂര്‍ത്ത് തിരയുന്നവര്‍ പുതിയ പാര്‍ലിമെന്‍റും പ്രധാനമന്ത്രിയുടെ പുതിയ വീടുമുണ്ടാക്കാന്‍ ഇരുപതിനായിരം കോടി പൊടിക്കുന്നത് അറിഞ്ഞമട്ട് നടിച്ചില്ലല്ലോ?(അവര്‍ തേങ്ങ ഉടയ്ക്കുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ഉടയ്ക്കണമല്ലോ അല്ലെ?). പ്രിയപ്പെട്ട മന്ത്രിയും പാര്‍ട്ടിയും അതിനെ പിന്തുണക്കുന്നവരും അറിയാന്‍. നിങ്ങള്‍ മറുപടി പറയേണ്ടത് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മാത്രമല്ല ജനങ്ങളോടും കൂടിയാണ്.