ട്രംപിനെ ഇമ്പീച്ച് ചെയ്യും; ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പിന്തുണയും
വാഷിങ്ങ്ടൻ ഡിസി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിനു ഒരാഴ്ച മാത്രമാവശേഷിക്കുന്ന അവസ്ഥയിൽ വീണ്ടും കുറ്റവിചാരണ (ഇമ്പീച്ച്മെന്റ്) നടത്താൻ അമേരിക്കൻ കോൺഗ്രസ്സിന്റെ അധോസഭയായ ജനപ്രതിനിധിസഭ തീരുമാനിച്ചു.
ഒരുദിവസം മുഴുവൻ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച വൈകി സഭ അതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തിനു ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പത്തു അംഗങ്ങളും പിന്തുണ നൽകി.
ജനുവരി ആറിന് നിയുക്ത പ്രസിഡണ്ട് ജോ ബൈഡനും എതിരാളി ഡൊണാൾഡ് ട്രംപിനും കിട്ടിയ എലെക്റ്ററൽ കോളേജ് വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന സുപ്രധാന ചടങ്ങു കോൺഗ്രസ്സിൽ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ അധ്യക്ഷതയിൽ നടക്കുന്ന അവസരത്തിൽ അതു തടയാനായി ട്രംപ് അനുകൂലികൾ ആയുധങ്ങളുമായി പാർലമെൻറിനുനേരെ നടത്തിയ ആക്രമണത്തെ തുടർന്നാണ് പുതിയ കുറ്റവിചാരണാ നടപടികൾക്കു സഭ തയ്യാറായത്. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡണ്ട് രണ്ടുതവണ ഇമ്പീച്ച്മെന്റ് നടപടികൾക്ക് വിധേയമാകുന്നത്. 2019ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിചാരണയിൽ ജനപ്രതിനിധി സഭ ട്രംപിനെതിരായി വോട്ടു ചെയ്‌തെങ്കിലും ഉപരിസഭയായ സെനറ്റിൽ പ്രമേയം പരാജയപ്പെട്ടു.
എന്നാൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞയാഴ്ച ജോർജിയയിൽ നടന്ന സെനറ്റ് ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടി നേടിയതോടെ രണ്ടു സഭകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുണ്ട്. മാത്രമല്ല സെനറ്റിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മക്കോണൽ അടക്കം അഞ്ചിലേറെ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാർ ഇത്തവണ ട്രംപിനെതിരെ ഡെമോക്രറ്റുകളുമായി യോജിച്ചു വോട്ടു ചെയ്യുമെന്നാണ് ചുണ്ടിക്കാട്ടപ്പെടുന്നത്. ട്രമ്പിനെ ഇമ്പീച്ച് ചെയ്യുന്നതു വഴി അദ്ദേഹം 2004ൽ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് പല റിപ്പബ്ലിക്കൻ സെനറ്റർമാരും ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കാനും അതു സൗകര്യപ്രദമാകുമെന്നു മക്കോണൽ അടക്കം പലർക്കും അഭിപ്രായമുണ്ട്. അതിനാൽ ട്രംപ് അധികാരത്തിൽ നിന്നു ഒഴിഞ്ഞശേഷവും കോൺഗ്രസ്സ് ഇമ്പീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുപോകാനാണ് സാധ്യതയുള്ളത്.