സിദ്ദിഖ് കാപ്പൻ ഭരണകൂട ഗൂഢാലോചനയുടെ ഇരയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
തിരുവനന്തപുരം: ദൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭരണകൂട ഗൂഢാലോച നയുടെ ഇരയാണെന്നു എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് നടയിൽ കാപ്പന്റെ കുടുംബം ചൊവ്വാഴ്ച്ച നടത്തിയ ധർണ ഉല്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ.
കാപ്പൻ ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയുടെ ബലാത്സംഗം സംബന്ധിച്ച വാർത്ത ശേഖരിക്കാൻ പോകുന്നതിനിടയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തുടക്കത്തിൽ ജാമ്യം കിട്ടാവുന്ന സാധാരണ വകുപ്പുമാത്രം ചുമത്തി കേസ് എടുത്ത പോലീസ് പിന്നീട് ഭരണനേതൃത്വത്തിൽ നിന്നുള്ള ഉത്തരവ് കാരണം യുഎപിഎ അടക്കമുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തു അദ്ദേഹത്തെ ദീർഘകാലം തടവിലിടാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതു സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനുള്ള ഭരണാധികാരികളുടെ നീക്കത്തിന്റെ ഭാഗമാണ്.അതിനെ ചെറുക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യസമൂഹം സിദ്ദിഖ് കാപ്പന് പൂർണപിന്തുണ നൽകണമെന്നു പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അദ്ദേഹത്തിന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കാപ്പനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ കേരളസർക്കാരും മുഖ്യമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ കാപ്പൻ സഹായകമ്മിറ്റി കൺവീനർ ശ്രീജ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ,സാംസ്കാരികപ്രവർത്തകൻ ആർ അജയൻ, കവയിത്രിഷെമിന ബീഗം, റെനി ഐലിൻ, കേരളപത്രപ്ര വർത്തകയൂണിയൻ പ്രസിഡണ്ട് കെ പി റെജി, ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന അധ്യക്ഷൻ വിളയോടി ശിവൻകുട്ടി തുടങ്ങി നിരവധി പേർ സംസാരിച്ചു. കാപ്പന്റെ ഭാര്യ കെ റൈഹാനത്ത് കാപ്പന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടു.