കിഫ്‌ബി: ചോദ്യോത്തരങ്ങൾ (10)

 

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

ഗുണകാങ്കം എന്ന സാങ്കേതിക സംജ്ഞ ലളിതമായി വിശദീകരിച്ചതു നന്നായി. എന്നാൽ ഇംഗ്ലീഷ് വാക്കുകൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ അറിയാനായി ഇന്റർനെറ്റിൽ തെരയാമായിരുന്നു. എന്താണതിന്റെ ഇംഗ്ലീഷ് വാക്ക്?    

ഇന്റർനെറ്റിൽ ‘മൾട്ടിപ്ലയർ’ ,’മൾട്ടിപ്ലയർ  ഇഫക്ട്സ്’ , ‘കെയ്ൻസിയൻ മൾട്ടിപ്ലയർ’ എന്നീ തെരച്ചിൽ വാക്കുകൾ ഉപയോഗിക്കാം. ഗുണകാങ്കം പോലുള്ള അധികം പ്രചാരത്തിലില്ലാത്ത മലയാള സാങ്കേതികപദങ്ങൾക്കൊപ്പം ഇംഗ്ലീഷ് വാക്കുകൂടി പറയാൻ ഇനി ശ്രദ്ധിക്കാം. ഇക്കാര്യം  ഓർമിപ്പിച്ചതിനു നന്ദി. 

നമ്മുടെ പത്രമാധ്യമങ്ങൾ ചിത്രീകരിക്കുംവിധം അപകടകാരികളാണോ കേരളസർക്കാരിനു സാങ്കേതിക-സാമ്പത്തിക ഇടപാടുകളുള്ള  ലാവലിൻ, കെപിഎംജി, സിഡിപിക്യു തുടങ്ങിയ വിദേശകമ്പനികൾ? അവയുടെ പശ്ചാത്തലവും പ്രവർത്തനരീതികളും വിശദമാക്കാമോ?   

വിദേശകമ്പനികൾ എന്നതിനേക്കാൾ ബഹുരാഷ്ട്രകമ്പനികൾ അല്ലെങ്കിൽ ആഗോളകമ്പനികൾ എന്നീ പേരുകളാണ് അവയുടെ സ്വഭാവം വെളിവാക്കുക. വിപണിയിലെ  ആധിപത്യം കണക്കിലെടുത്ത് ബഹുരാഷ്ട്ര/ആഗോള കുത്തകകളെന്നും  അവയെ വിളിക്കാറുണ്ട്. ഇത്തരം കമ്പനികൾ ഒറ്റയാൻ സ്ഥാപനങ്ങളല്ല. ഏതെങ്കിലും വികസിതരാജ്യം ആസ്ഥാനമായ പ്രധാനകമ്പനിയും അവിടെത്തന്നെയോ പുറത്തോ ഉള്ള സഹോദരസ്ഥാപനങ്ങളും വ്യാപാരപങ്കാളികളും ലോകമെമ്പാടുമുള്ള കീഴ്ക്കമ്പനികളുമടങ്ങുന്നതും എല്ലായിടങ്ങളിലെയും സർക്കാരുകളും രാഷ്ട്രീയനേതൃത്വങ്ങളുമായി സന്ധിചേരുന്നതുമായ സമ്പദ് രാഷ്‌ട്രീയ ശ്രുംഖലയാണ് ഓരോ ബഹുരാഷ്ട്രകമ്പനിയും. ഇന്ത്യയടക്കമുള്ള അർദ്ധവികസിതരാജ്യങ്ങൾ ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനികൾ ചുരുക്കമായെങ്കിലും ഉണ്ട്. എന്നാൽ വികസിതരാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളുടേതിന് സമാനമായ വിപുലമായ ശ്രുംഖല അവയ്ക്കില്ല. 

പല ബഹുരാഷ്ട്രകമ്പനികളും വരുമാനം കൊണ്ട് അവികസിതരാജ്യങ്ങളേക്കാൾ പ്രബലങ്ങളായ സാമ്പത്തികശക്തികളാണ്. ബംഗ്ലാദേശിന്റെ ദേശീയവരുമാനം 35,000 കോടി ഡോളറാണ്. അമേരിക്ക ആസ്ഥാനമായ വാൾമാർട്ടിന്റെ വാർഷിക വിറ്റുവരവ് 50,000 കോടി ഡോളറിലേറെ വരും. ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, കമ്പോഡിയ എന്നീ നാലു ഏഷ്യൻ രാജ്യങ്ങളുടെ ആകെ ദേശീയവരുമാനം 20,000 കോടി ഡോളർ. എന്നാൽ ടൊയോട്ട (ജപ്പാൻ), ആമസോൺ, ആപ്പിൾ (അമേരിക്ക) എന്നീ കമ്പനികൾക്ക് ഓരോന്നിനും 25,000 കോടി ഡോളറിനുമേൽ വാർഷികവരുമാനമുണ്ട്. ഇതിന്റെ നാലിലൊന്നുപോലും വരില്ല ബഹുഭൂരിപക്ഷം ആഫ്രിക്കൻ രാജ്യങ്ങളുടെയും ദേശീയവരുമാനം (ക്രയശേഷി സമീകരിക്കാത്ത കണക്കുപ്രകാരം). അതുപോലെ, അവികസിതരാജ്യങ്ങളിലെ പൊതുമേഖലയെ കവച്ചുവെക്കുന്നതാണ് പല ബഹുരാഷ്ട്രകമ്പനികളുടെയും തൊഴിൽശക്തി. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയിൽ ആകെ ജീവനക്കാർ 14 ലക്ഷത്തോളമാണ്. ഇന്ത്യൻ സൈന്യത്തിന്റെ ആൾബലം 13 ലക്ഷവും. എന്നാൽ വിവിധരാജ്യങ്ങളിലായി വാൾമാർട്ടിൽ 21 ലക്ഷവും മക്ഡൊണാൾഡ്‌സിൽ 19 ലക്ഷവും ജീവനക്കാരുണ്ട്.  

അസാമാന്യവലുപ്പം മാത്രമല്ല അനുസ്യൂത വളർച്ചയും ബഹുരാഷ്ട്രകമ്പനികളുടെ സവിശേഷതയാണ്. അവികസിതനാടുകളിലെ അസംസ്കൃതവിഭവങ്ങളും അധ്വാനശക്തിയും ചുരുങ്ങിയ നിരക്കിൽ ഉപയോഗിക്കാൻ അവയ്ക്കു കഴിയുന്നുവെന്നതാണ് പ്രധാനകാരണം.  അന്നാടുകളിലെ സർക്കാരുകൾ തന്നെ അസംസ്കൃതവിഭവലഭ്യത ഉറപ്പു വരുത്തുന്നു. തദ്ദേശീയജനങ്ങളുടെ താല്പര്യത്തെ മാനിക്കാതെയും വേണ്ടിവന്നാൽ പ്രതിഷേധത്തെ സൈനികമായി അടിച്ചമർത്തിയും അത് ചെയ്യാറുണ്ട്. മാത്രമല്ല, അനേകം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ഏതെങ്കിലൊരു പ്രദേശത്തു അസംസ്കൃതവിഭവലഭ്യത കുറയുന്നതോ ഉല്പന്നവിപണിമാന്ദ്യം ഉണ്ടാകുന്നതോ ബഹുരാഷ്ട്രകമ്പനിയുടെ മൊത്തം ലാഭത്തെ സാരമായി ബാധിക്കുന്നില്ല. ബ്രിട്ടീഷ് ബഹുരാഷ്ട്രകമ്പനിയായ  വെദാന്തയുടെ ഒഡിഷയിലെ നിയാംഗിരി കുന്നുകളിലെ ബോക്സൈറ്റ് ഖനനത്തിന്റെ രണ്ടാംഘട്ട വികസനം ഡോംഗ്രിയ കോന്ത്  ആദിവാസി സമൂഹത്തിന്റെ പ്രതിഷേധത്തിന്റെയും തുടർന്നുണ്ടായ കോടതിവിധിയുടെയും ഫലമായി തടസ്സപ്പെട്ടു. എന്നാൽ ഛത്തീസ്ഗഡിലേക്കും മഹാരാഷ്‌ട്രയിലേക്കും ഖനനം വ്യാപിപ്പിച്ച് വെദാന്ത ഇതിനെ മറികടന്നു. കമ്പനിയുടെ അലുമിന ഉല്പാദനത്തിൽ കുറവു വന്നില്ലെന്നു മാത്രമല്ല, അഞ്ചിലൊന്ന് വർധിച്ചു 2020ൽ 1.8 ലക്ഷം ടൺ ആയി.   

വൈവിധ്യമാർന്നതും അനുദിനമെന്നോണം വികസിക്കുന്നതുമായ ഉല്പന്നനിരയും ബഹുരാഷ്ട്രകമ്പനികളുടെ അവിരാമമായ വളർച്ചയെ സഹായിക്കുന്നു. അലക്കുയന്ത്രം മുതൽ ആണവറിയാക്ടർ വരെ നീളുന്നതാണ് തോഷിബാ കമ്പനിയുടെ ഉല്പന്നനിര. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ചു പുതിയ ഉല്പന്നങ്ങളിലേക്കു എളുപ്പത്തിൽ തിരിയാനും ബഹുരാഷ്ട്രകമ്പനികൾക്കു കഴിയും. ഇലക്ട്രോണിക്-ഏറോസ്പേസ് രംഗത്തെ ഭീമനാണ് ഹണിവെൽ എന്ന അമേരിക്കൻ കമ്പനി. വിയറ്റ്നാം യുദ്ധകാലത്തു അവർ നാപാം ബോംബുകൾ ഉണ്ടാക്കി. ഇന്ന് കോവിഡ് പ്രതിരോധിക്കുന്നതിനുള്ള എൻ-95 മാസ്കുകളുടെ ഏറ്റവും വലിയ ഉല്പാദകരിലൊന്നാണ് ഹണിവെൽ.  

ഇതുവരെ പറഞ്ഞത് ബഹുരാഷ്ട്രകമ്പനികൾ സ്വന്തംനിലയ്ക്കു വളരുന്നതെങ്ങനെയെന്നാണ്. സമ്പദ്‌മിച്ചത്തിന്റെ നിരന്തര സമാഹരണവും പുനർനിക്ഷേപവും ആധാരമാക്കുന്ന സ്വയംവികാസ രീതിയാണിത്. രാഷ്‌ട്രീയ  സമ്പദ്‌ശാസ്ത്രത്തിൽ മൂലധനസാന്ദ്രീകരണം (കോൺസെൻട്രേഷൻ ഓഫ് ക്യാപിറ്റൽ) എന്നു വിളിക്കുന്ന പ്രക്രിയ. മൂലധനവികാസത്തിനു രണ്ടാമതൊരു രീതിയുണ്ട്. അന്യോന്യമത്സരം ഒഴിവാക്കി മറ്റു സംരംഭങ്ങളെ ഏറ്റെടുത്തും സംരംഭങ്ങൾ ലയിച്ചും വൻതോതിൽ വായ്പകളെ ആശ്രയിച്ചും വികസിക്കുന്നത്. ഇത് മൂലധനകേന്ദ്രീകരണം (സെൻട്രലൈസേഷൻ ഓഫ് ക്യാപിറ്റൽ).  

ചോദ്യത്തിൽ പരാമർശിക്കുന്നതടക്കമുള്ള ബഹുരാഷ്ട്രകമ്പനികളുടെ വളർച്ചയിൽ മൂലധനകേന്ദ്രീകരണത്തിനു വലിയ പങ്കുണ്ട്. കരാർ വിപണിയിലെ മത്സരം ഒഴിവാക്കുന്നതിനു പുറമെ  വൻപദ്ധതികൾ ഉടമ്പടിയേറ്റു നടത്തുന്നതിനു മൂലധനം ഒന്നിപ്പിക്കാനും ഏറ്റെടുക്കലും ലയനവും ഇത്തരം കമ്പനികളെ സഹായിക്കുന്നു. എസ്എൻസിയെന്നും  ലാവലിൻ എന്നും പേരായ രണ്ടു സംരംഭങ്ങൾ ഒന്നുചേർന്നാണ് 1991ൽ എസ്എൻസി ലാവലിൻ കമ്പനി ഉണ്ടായതുതന്നെ. കാനഡയിലെ മോൺട്രിയാളിൽ 1911ൽ ആർതർ സർവെയറുടെ ഒറ്റയാൾ സംരംഭമായിട്ടാണ് എസ്എൻസിയുടെ മൂലസംരംഭത്തിന്റെ തുടക്കം. വൈദ്യുതി ഉല്പാദന-വിതരണ പദ്ധതികളുടെ രൂപകല്പനയും നിർമാണനിർവഹണവുമായിരുന്നു പ്രധാന പ്രവർത്തനം.1912ൽ ഗ്രാൻഡ്‌ മെയ്‌ർ നഗരത്തിന്റെ വൈദ്യതിശ്രുംഖലയുടെ കരാർ ലഭിച്ചു. ഏറെ താമസിയാതെ കടലാസ് നിർമാണം, ഖനനം, ലോഹസംസ്കരണം എന്നീ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 1937ൽ നെന്നിവർ, സെവർട്ട് എന്നിവരെ കൂടെക്കൂട്ടി, മൂവരുടെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് എസ്എൻസി എന്ന പങ്കാളിത്തസംരംഭമായി; 1966ൽ  കൂട്ടുടമക്കമ്പനിയായി. 1980കളിൽ ഐവിഐ, കനേഡിയൻ ആർസെനൽസ് എന്നീ വെടിക്കോപ്പുനിർമാണ സംരംഭങ്ങൾ ഏറ്റെടുത്ത്  എസ്എൻസി പ്രതിരോധവ്യവസായത്തിലും പ്രവേശിച്ചു.       

എൻജിനീയറിങ് രംഗത്തു എസ്എൻസിയുടെ പ്രധാന എതിരാളിയായിരുന്നു മോൺട്രിയാൾ തന്നെ ആസ്ഥാനമായ ലാവലിൻ. 1936ൽ പ്രവർത്തനമാരംഭിച്ച ലാവലിൻ ഒട്ടേറെ എൻജിനീയറിങ് കമ്പനികൾ ഏറ്റെടുത്തു കാനഡയിലെ ഏറ്റവും വലിയ എൻജിനീയറിങ് സംരംഭമായി വളർന്നു.1980കളായപ്പോഴേക്കും പുസ്തകപ്രസാധനം, ആരോഗ്യരക്ഷ, ടെലിവിഷൻ  ചാനൽ, കെട്ടിടനിർമാണം തുടങ്ങി വിഭിന്ന മേഖലകളിലായി 70ൽ അധികം കമ്പനികൾ ലാവലിൻ നടത്തിയിരുന്നു. എന്നാൽ ഇവയിൽ പലതും നഷ്ടത്തിലായതോടെ   സാമ്പത്തികസ്ഥിതി തീർത്തും ദുർബലമായി. ഈയവസരത്തിൽ ലാവലിനെ എസ്എൻസി ഏറ്റെടുത്തു 1991ൽ എസ്എൻസി ലാവലിൻ എന്ന കമ്പനിക്കു രൂപംനൽകി. ആഗോളതലത്തിൽ ഏറ്റവും വലിയ അഞ്ചു എൻജിനിയറിങ് സംരംഭങ്ങളിലൊന്നായി അത് സ്ഥാനം നേടി. 

പുതിയ കമ്പനി അതിശയകരമാംവിധം വളർന്നു. 1990കളിൽ റെയിൽ-മെട്രോ രംഗത്തെ വമ്പൻമാരായ ബോംബഡിയർ ട്രാൻസ്പോർട്ടേഷനുമായി ചേർന്ന് മലേഷ്യയിൽ ഏറ്റെടുത്ത റെയിൽവേ കരാർ വിജയപ്രദമായി (ഇന്ന് എസ്എൻസി ലാവലിന്റെയും  ബോംബഡിയറിന്റെയും ഏറ്റവും വലിയ ഓഹരിയുടമ സിഡിപിക്യു കമ്പനിയാണ്). തുടർന്നുള്ള പതിറ്റാണ്ടുകളിൽ റോഡ്-റെയിൽ ഗതാഗതം, ഊർജോല്പാദനവും വിതരണവും,  ഖനനം, പ്രകൃതിവാതകം,  ആണവോർജം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഒട്ടേറെ വലിയ കരാറുകൾ കാനഡക്കകത്തും പുറത്തുമായി എസ്എൻസി ലാവലിൻ പൂർത്തിയാക്കി. ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങളെ ബ്രിട്ടൻ, അയർലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഏറ്റെടുത്തു. ഇന്ന് എസ്എൻസി ലാവലിന് 50 രാജ്യങ്ങളിൽ ശാഖകളുണ്ട്, 160 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്, 100 കീഴ്ക്കമ്പനികളുണ്ട്, 50,000ത്തിലേറെ ജീവനക്കാരുണ്ട്.   

ഇത്രതന്നെ ലളിതമല്ല കെപിഎംജി ചരിത്രം. ഓഡിറ്റിംഗ്, നികുതി ആസൂത്രണം, പദ്ധതിനിർവഹണ ഉപദേശം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ വേരുകൾ നീളുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേക്കും, തുടർന്ന് അമേരിക്ക, ജർമനി, നെതർലാൻഡ്‌സ്  എന്നീ രാജ്യങ്ങളിലേക്കുമാണ്. വളരെയേറെ കൂടിച്ചേരലുകൾക്കും പിരിയലുകൾക്കും ശേഷമാണ് ഇന്നത്തെ കെപിഎംജി ഉണ്ടായത്. കമ്പനിയുടെ ആസ്ഥാനം നെതർലാൻഡ്സ് ആണെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ളത് ബ്രിട്ടനിലാണ്. എന്നാൽ കമ്പനിക്കു ഏറ്റവും അടുപ്പം അമേരിക്കൻ ഗവണ്മെന്റുമായാണ്. അമേരിക്കയുടെ വ്യാപാരതാല്പര്യങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് ആൻഡ് ഡെവലപ്‌മെൻറ് ഏജൻസി (യുഎസ്ടിഡിഎ)യുടെ സഹയാത്രികനാണ് കെപിഎംജി.   

ഓഡിറ്റിംഗ് രംഗത്ത് നാലു ആഗോള വമ്പന്മാരുണ്ട്. അതിലൊന്നാണ് കെപിഎംജി. മറ്റു മൂന്നെണ്ണം ഏണസ്റ്റ് യങ്, ഡെലോയ്റ്റ്, പിഡബ്ലിയുസി (പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്‌സ്) എന്നിവയാണ്. ഇപ്പറഞ്ഞ നാൽവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വൻകിട കമ്പനികളുടെയും ഓഡിറ്റ് നിർവഹിക്കുന്നത്. രസകരമായ വസ്തുത ഇവർക്കാർക്കും  തന്നെ അതിനുള്ള നിയമപരമായ അർഹതയില്ല എന്നതാണ്.1949ലെ ചാർട്ടഡ് അക്കൗണ്ടന്റ്സ് ആക്ട് പ്രകാരം വിദേശ ഓഡിറ്റ് കമ്പനികൾ ഇന്ത്യയിലെ കമ്പനികളുടെ ഓഡിറ്റ് നടത്തുന്നതു വിലക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ പങ്കാളികളിലൂടെയാണ് ഇവ ഓഡിറ്റ് നടത്തുന്നത്. പങ്കാളികൾക്കു പ്രതിഫലം മാത്രമല്ല, പ്രവർത്തനത്തിന്  ആവശ്യമായ പലിശരഹിത വായ്പയും നൽകുന്നു. കെപിഎംജിക്കായി ഓഡിറ്റ് നിർവഹിക്കുന്നത് ബിഎസ്ആർ & കമ്പനിയാണ്. ഇന്നു കെപിഎംജിക്കു 145 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലേറെ ജീവനക്കാരുണ്ട്. ഇന്ത്യയിൽ കമ്പനി പ്രവർത്തനമാരംഭിച്ചത് 1993ലാണ്. ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനം, 14 നഗരങ്ങളിൽ ശാഖകൾ, 10,000ത്തിലേറെ ജീവനക്കാർ.  

സർക്കാരുകളും രാഷ്ട്രീയനേതൃത്വങ്ങളുമായി സന്ധിചേരുന്നതാണ് ഓരോ  ബഹുരാഷ്ട്രകമ്പനിയുമെന്ന്  ഈ സംഭാഷണത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ. മത്സരാധിഷ്ഠിത വിപണിയിൽ വിജയകരമായ പ്രവർത്തനത്തിന് നയകർത്താക്കളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ബഹുരാഷ്ട്രകമ്പനികളുടെ അദൃശ്യ മൂലധനമാണത്. വികസിതരാജ്യങ്ങളിൽ സ്വന്തം ഉദ്യോഗസ്ഥരെയും പുറത്തുള്ളവരെയും സർക്കാർ പിന്തുണ നേടുന്നതിനായി കമ്പനി നിയോഗിക്കാറുണ്ട്. അവരെ  ലോബ്ബിയിസ്റ്റ്സ്  എന്നു വിളിക്കുന്നു. നികുതിയിളവുകളും കരാറുകളും നേടുന്നതിനായി അവർ സർക്കാരിൽ സ്വാധീനം ചെലുത്തുന്നു.സുതാര്യത ഉണ്ടെങ്കിൽ തികച്ചും നിയമപരമാണ് അവരുടെ പ്രവർത്തനം.1989ൽ കാനഡ പ്രാബല്യത്തിൽ കൊണ്ടുവന്ന ലോബ്ബിയിങ് ആക്ട് പ്രകാരം ലോബ്ബിയിസ്റ്റുകൾ സർക്കാരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകളുടെ വിശദാംശമടങ്ങുന്ന റിപ്പോർട്ടുകൾ സർക്കാരിനു പതിവായി സമർപ്പിക്കുകയും വേണം. 

ആഭ്യന്തരകരാറുകൾക്കു മാത്രമല്ല വിദേശസഹായവുമായി ബന്ധപ്പെട്ട പുറംകരാറുകൾ നേടുന്നതിനും വികസിതരാജ്യങ്ങളിലെ ലോബ്ബിയിസ്റ്റുകളുടെ സേവനം ബഹുരാഷ്ട്രകമ്പനികൾ പ്രയോജനപ്പെടുത്താറുണ്ട്. കടംകൊടുക്കുന്ന രാജ്യങ്ങളിൽനിന്നു സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യണമെന്നത് പലപ്പോഴും അവികസിതരാജ്യങ്ങൾക്കുള്ള ധനസഹായത്തിന്റെ നിബന്ധനയാണ്. 1960കളുടെ അവസാനം കേരളത്തിന് ഇടുക്കി ജലവൈദ്യുതപദ്ധതിക്കായി കാനഡ പണമനുവദിച്ചപ്പോൾ സാങ്കേതികസഹായം നൽകിയത് എസ് എൻസി ആയിരുന്നു.  എസ്എൻസിയുടെ ആദ്യത്തെ വിദേശകരാറായിരുന്നു അത്.   

അവികസിതരാജ്യസർക്കാരുകളുമായി അടുത്തബന്ധം സ്ഥാപിക്കാനും ബഹുരാഷ്ട്രകമ്പനികൾ ശ്രദ്ധിക്കുന്നു. ബന്ധം ദൃഢമാവുന്നതോടെ വിപണിയുടെ വാതിലുകൾ ഓരോന്നായി താനെ തുറക്കും, ഒരു പദ്ധതിക്കു പിറകെ മറ്റൊന്ന് എന്ന രീതിയിൽ. ഓരോ വിദഗ്ധോപദേശപദ്ധതിയിലും ഒരു ശുപാർശ മറ്റൊരു പദ്ധതിക്കുള്ള നിർദേശമാവും. അതിന്റെ കരാറും തങ്ങൾക്കുതന്നെ കിട്ടുംവിധം അർഹതാമാനദണ്ഡം തന്ത്രപൂർവം നിശ്ചയിക്കും. ഭരണനിർവഹണത്തിന്റെ വിവിധ ശാഖകളിലേക്കു ഉപദേശക കമ്പനി പടർന്നുകയറും.     

ഇതിനു നിദർശനമാണ് കെപിഎംജിയുടെ കേരളത്തിലെ പ്രവർത്തനം. അത് ‘കുഞ്ഞിരാമന്റെ പൊടിക്കൈ’യെ ഓർമിപ്പിക്കുന്നു. 2018ലെ പ്രളയകാലത്തു പുനർനിർമാണത്തിന് സൗജന്യ ഉപദേശം നൽകാമെന്നു കെപിഎംജി വാഗ്ദാനം ചെയ്തു. ജീവനക്കാരുടെ സംഭാവനയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുകോടി രൂപയും നൽകി. എന്നാൽ 2020 ആയപ്പോഴേക്കും സംസ്ഥാനം ലോകബാങ്ക് വായ്പയോടെ നടപ്പാക്കുന്ന പ്രളയനാന്തര പുനർനിർമാണപദ്ധതിയിൽ  6.82 കോടി രൂപയുടെ നിർവഹണ മേൽനോട്ട കരാറുകാരനായി കെപിഎംജി മാറി. കൂടാതെ, വിദ്യുച്ഛക്തി ബോർഡിന്റെ സ്മാർട്ട് മീറ്ററിങ് (0.32 കോടിരൂപ), ഡാറ്റാ സെന്ററുകളുടെയും ഏരിയാസർവീസ്  നെറ്റ് വർക്കിന്റെയും തേർഡ് പാർട്ടി ഓഡിറ്റ് (6.79 കോടിരൂപ), നോർക്ക റൂട്സ്  വെബ്സൈറ്റ് (0.66 കോടി രൂപ) കരാറുകളും കെപിഎംജി നേടി. 2016ൽ ഏറ്റെടുത്ത ലോകബാങ്ക്- കേന്ദ്രസർക്കാർ-കെഎസ്‌ഐഡിസി നിർദേശമനുസരിച്ചുള്ള ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്‘ നിർണയപദ്ധതിയുടെ ഉപദേശക പ്രതിഫലം പ്രതിവർഷം 0.69 കോടി രൂപയിൽ നിന്ന് 1.34 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തു.     

സർക്കാരുകളും രാഷ്ട്രീയനേതൃത്വങ്ങളുമായുള്ള ഇഴയടുപ്പം പലപ്പോഴും അഴിമതിയിൽ അധിഷ്ഠിതമാണ്. കരാറുകൾ അനുവദിച്ചു കിട്ടുന്നതിന്, നികുതിയിളവും മറ്റു  സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന്, നിയമപ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ നിർണായകമാണ് ഈയൊരു ഇഴയടുപ്പം. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ പ്രധാനസ്ഥാനങ്ങളിൽ നിയമിക്കുന്നതിനും അനുകൂലമായ നയരൂപീകരണത്തിനും രാഷ്ട്രീയസംഘടനകൾക്കു നൽകുന്ന സംഭാവന, നേതാക്കന്മാർക്കും  ഉദ്യോഗസ്ഥർക്കുമുള്ള കൈക്കൂലി, അവരുടെ ബന്ധുക്കൾക്കു കമ്പനികളിൽ ഉദ്യോഗം എന്നിവയാണ് അഴിമതിയുടെ പ്രധാന രൂപങ്ങൾ. 

ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്പനികളാണ് കെപിഎംജിയും എസ്എൻസി ലാവലിനും. നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനു  ഒത്താശ ചെയ്തതിനും കണക്കുകളിൽ കൃത്രിമം കാണിച്ചതിനുമാണ് കെപിഎംജി പ്രതിക്കൂട്ടിലായത്. തങ്ങൾക്കു വേണ്ടപ്പെട്ടവരായ സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ഉദ്യോഗം നൽകി സഹായിച്ചുവെന്നതാണ് ഇന്ത്യയിൽ കെപിഎംജിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. രാഷ്‌ട്രീയനേതൃത്വങ്ങൾക്കുള്ള കൈക്കൂലി, നിർമാണപദ്ധതികളുടെ ഗുണനിലവാരമില്ലായ്മ എന്നിവയാണ് എസ്എൻസി ലാവലിനെതിരെ ആഗോളതലത്തിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ലാവലിൻ ഏറ്റെടുത്ത കേരളത്തിലെ  ജലവൈദ്യുത പദ്ധതി നവീകരണകരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസ് സുപ്രീംകോടതിയുടെ  പരിഗണനയിലാണല്ലോ. ആഗോളതലത്തിൽ ഒട്ടേറെ അഴിമതിക്കേസുകളിൽ എസ്എൻസി ലാവലിൻ കുറ്റക്കാരനെന്നു തെളിഞ്ഞിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതുമാത്രം സൂചിപ്പിക്കാം: 

(ഒന്ന്) 2001-2003: മോൺട്രിയാളിലെ ജാക്ക് കാർട്ടിയെർ പാലത്തിന്റെ പഴയ മേൽത്തട്ടു മാറ്റി പുതിയതു വെക്കുന്നതിനുള്ള 12.70 കോടി കനേഡിയൻ ഡോളറിനുള്ള കരാർ നേടുന്നതിനായി 2.3 കോടി കനേഡിയൻ ഡോളർ കൈക്കൂലി നൽകി; കൈക്കൂലി മേടിച്ച സർക്കാർ ഉദ്യോഗസ്ഥനു തടവുശിക്ഷ.    

(രണ്ട്) 2001-2011: ലിബറൽ പാർട്ടിക്കു ഒരുലക്ഷത്തിലേറെ കനേഡിയൻ ഡോളർ ജീവനക്കാരുടെ സംഭാവനയെന്ന വ്യാജേന കൈമാറി; കമ്പനി കുറ്റം സമ്മതിച്ചു പിഴയടച്ചു.

(മൂന്ന്) 2001-2014: ലിബിയയിലെ പ്രതിരോധ നിർമാണ കരാറുകൾക്കായി 4.8 കോടി ഡോളർ ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകുകയും വ്യത്യസ്ത സംഘടനകളെ 1.3 കോടി ഡോളർ വഞ്ചിക്കുകയും ചെയ്തു; കമ്പനിക്കു പിഴയും കമ്പനി ഉദ്യോഗസ്ഥർക്ക് തടവുശിക്ഷയും.

(നാല്) 2010-2011: മക്ഗിൽ സർവകലാശാലയിലെ 130 കോടി കനേഡിയൻ ഡോളർ അടങ്കലുള്ള ആരോഗ്യരക്ഷാസമുച്ചയ കെട്ടിടനിർമാണ കരാർ നേടുന്നതിനായി ആശുപത്രി അധികാരികൾക്കു 2.25 കോടി കനേഡിയൻ ഡോളർ കൈക്കൂലി നൽകി; കമ്പനി ഉദ്യോഗസ്ഥർക്കും ആശുപത്രി അധികാരികൾക്കും തടവുശിക്ഷ.

(അഞ്ച്) 2011: ബംഗ്ളാദേശിൽ പദ്മാനദിക്കു മേൽ റെയിൽവേ-റോഡ്  പാലം പണിയുന്നതിനുള്ള 300 കോടി ഡോളറിന്റെ പദ്ധതിയുടെ കരാർ നേടാനായി രാഷ്‌ട്രീയസംഘടനക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അഞ്ചുകോടി ഡോളർ കൈക്കൂലി; അഴിമതി ആരോപണത്തെ തുടർന്ന് അവാമിലീഗ് നേതാവായ സെയ്ദ് അബുൽ ഹുസൈൻ മന്ത്രിസ്ഥാനം രാജിവെച്ചു; കമ്പനി കുറ്റമേറ്റെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ സംശയാതീതമായ തെളിവില്ലെന്ന നിലപാട് കൈക്കൊണ്ട കാനഡ സർക്കാർ അവരെ ശിക്ഷയിൽ നിന്നൊഴിവാക്കി.  

ബഹുരാഷ്ട്രകമ്പനികൾ വിദേശ ഉദ്യോഗസ്ഥർക്ക് കോഴ നൽകുന്നത് വികസിതരാജ്യങ്ങളിൽ ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഴിമതിക്കെതിരെ അന്താരാഷ്ട്ര ഉടമ്പടികളുണ്ട്. അമേരിക്കയും കാനഡയും പ്രത്യേക നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പൊതുവിൽ ഇത്തരം അഴിമതിയോട്  വികസിതരാജ്യങ്ങളിലെ സർക്കാരുകൾ മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. ദേശീയവരുമാനവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിൽ അവയ്ക്കുള്ള പങ്കാണ് ഇതിനു പ്രധാനകാരണം. ഒപ്പം, ഇത്തരം കമ്പനികൾ അധികാരകേന്ദ്രങ്ങളിൽ ചെലുത്തുന്ന സ്വാധീനവും. ചില ഉദ്യോഗസ്ഥരെ ശിക്ഷിച്ചേക്കാമെന്നല്ലാതെ കമ്പനികളെ ശിക്ഷയിൽ നിന്ന് തീർത്തും ഒഴിവാക്കുകയോ കുറഞ്ഞപിഴ ചുമത്തുകയോ ആണ് പതിവ്. അതും കോടതിക്കു  പുറത്തുള്ള ഒത്തുതീർപ്പിലൂടെ. അവികസിതരാജ്യങ്ങളിലാകട്ടെ അഴിമതിക്കുമേലുള്ള അഴിമതിയിലൂടെയാണ്  ഒത്തുതീർപ്പ്. ന്യായാധിപന്മാർ തന്നെയും ഇതിൽ ഭാഗഭാക്കായേക്കാം.  

അവികസിതനാടുകളിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾക്ക് കൊടുക്കേണ്ടിവരുന്ന കോഴകൂടി ചേർത്താണ് ബഹുരാഷ്ട്രകമ്പനികൾ പദ്ധതിഅടങ്കൽ കണക്കാക്കുന്നത്. അതിനാൽ ഈ രാജ്യങ്ങളിലെ പൊതുധനകാര്യച്ചെലവ് കുത്തനെ ഉയരുകയും ജനങ്ങളുടെ നികുതിഭാരം വർധിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കോഴ പറ്റുന്ന ന്യൂനപക്ഷം പരിപോഷിക്കപ്പെടുന്നതിനാൽ സാമ്പത്തിക അസമത്വം വർധിക്കുന്നു. ഈ രാജ്യങ്ങളിൽ ബഹുരാഷ്ട്രകമ്പനികളുടെ  പ്രവർത്തനം പൊതുവിൽ സൃഷ്ടിക്കുന്ന സമ്പദ് ചോർച്ചയ്ക്കും സ്വാശ്രയ വികസന മുരടിപ്പിനും പുറമെയാണ് ഈ ദുഷ്ഫലങ്ങൾ. 

അഴിമതിയോട്  കുറെയെങ്കിലും കർക്കശമായ സമീപനം കൈക്കൊള്ളുന്നത് ആഗോളവികസന സംഘടനകളാണെന്നു പറയേണ്ടിയിരിക്കുന്നു. പദ്മാനദിപ്പാലവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചു അന്വേഷണം നടത്താൻ ലോകബാങ്ക് ബംഗ്ലാദേശ്  സർക്കാരിനോടു ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഭരണകക്ഷിയായ അവാമിലീഗ് തന്നെ പ്രതിക്കൂട്ടിലാവുമെന്നതിനാൽ കേവലമൊരു അന്വേഷണനാട്യമായിരുന്നു ബംഗ്ലാദേശ് സർക്കാരിന്റേത്. ഇതിൽ അസംതൃപ്തി പ്രകടിപ്പി ച്ച്  പാലംപണിക്കായി നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 130 കോടി ഡോളർ സഹായം ലോകബാങ്ക് പിൻവലിച്ചു. മാത്രമല്ല ലോകബാങ്ക് സഹായമുള്ള വികസനപദ്ധതി ലോകത്തെവിടെയും  ഏറ്ററെടുക്കുന്നതിൽ നിന്ന് എസ്എൻസി ലാവലിനെയും കീഴ്കമ്പനികളെയും 10 വർഷത്തേക്ക് വിലക്കുകയും ചെയ്തു. 2013ൽ ഏർപ്പെടുത്തിയ വിലക്ക് 2023 വരെ നീളും. തങ്ങൾ ഏതെങ്കിലും കമ്പനിക്കു ഇത്രയും ദൈർഘ്യമുള്ള വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ലോകബാങ്ക് എടുത്തുപറയുകയും ചെയ്തു (ലോകബാങ്കിന്റെ പത്രപ്രസ്താവന,17.04.2013).  

കിഫ്ബിയുടെ മസാലബോണ്ടുകൾ ഏതാണ്ടു മുഴുവനും തന്നെ വാങ്ങിയ സിഡിപിക്യു കമ്പനിയാണ് എസ്എൻസി ലാവലിന്റെ പ്രധാന ഓഹരിയുടമ എന്നതൊഴിച്ചുനിർത്തിയാൽ പ്രസ്‌തുത കമ്പനിയുമായി കേരള സർക്കാരിന് ഇപ്പോൾ ബന്ധമില്ല. എന്നാൽ കെപിഎംജിയുടെ കാര്യം അങ്ങനെയല്ല. പ്രളയാനന്തര പുനർനിർമാണ പദ്ധതിയായ ‘റീബിൽഡ്‌ കേരളാ  ഇനിഷ്യേറ്റിവ്’ൻറെ ചുക്കാൻ പിടിക്കുന്നത് കെപിഎംജിയാണ്. ഓഡിറ്റ്  രംഗത്തെ ആഗോള നാൽവരിൽ വിശ്വാസ്യത കൊണ്ട് ഏറ്റവും താഴെ നിൽക്കുന്ന സംരംഭം. 

വികസിതരാജ്യസർക്കാരുകൾ കോർപ്പറേറ്റ് തെറ്റുകളോട് പൊതുവെ മൃദുസമീപനം എടുക്കുന്നവരാണെങ്കിലും ഓഹരിയുടമകളുടെ താല്‌പര്യം സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. കമ്പനികളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചു നിക്ഷേപകർ അറിയുന്നത് കമ്പനി വാർഷികറിപ്പോർട്ടിൽ നിന്നും അതിൽ കൊടുത്തിട്ടുള്ള ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ കണക്കുകളിൽ നിന്നുമാണല്ലോ. പുതുതായി ഓഹരികൾ വാങ്ങണമോയെന്ന് അല്ലെങ്കിൽ ഇപ്പോഴുള്ള ഓഹരികൾ കയ്യൊഴിയണമോയെന്ന് തീരുമാനിക്കുന്നതിൽ ഈ രേഖകൾക്കു വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ അവിടത്തെ സർക്കാരുകൾ പൊതുവെ ഓഡിറ്റർമാരുടെ പിഴവും ചതിവും പൊറുക്കുകയോ പൊറുപ്പിക്കുകയോ ഇല്ല. എന്നാൽ ഓഡിറ്റർമാരാകട്ടെ കമ്പനികളെ കക്ഷികളാക്കി നിലനിർത്താനായി അവരുടെ ദുർനടത്തയ്ക്കു പലപ്പോഴും കൂട്ടുനിൽക്കുന്നു. 

കെപിഎംജി അമേരിക്കയിൽ നേരിട്ട ചില കേസുകൾ നോക്കാം:  

(ഒന്ന് ) 1996-2003: ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ ഓക്‌സ്‌ഫഡ്  ഹെൽത്ത് പ്ലാൻസിന്റെ വരിക്കാരുടെ എണ്ണം, പ്രീമിയം വരുമാനം, നഷ്ടത്തുക കൊടുത്തുതീർക്കുന്നതിലുള്ള വേഗത എന്നിവ  പെരുപ്പിച്ചുകാട്ടിയതിനെതിരെ ഓഹരിയുടമകളുടെ കേസ്; കെപിഎംജി 7.5 കോടി ഡോളർ നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീർപ്പാക്കി.

(രണ്ട് ) 1997-2003: റൈറ്റ് എയ്‌ഡ്‌ കോർപറേഷൻ എന്ന മരുന്നുകട ശ്രുംഖലയുടെ വാർഷികറിപ്പോർട്ടുകൾ, നിക്ഷേപകർക്കുള്ള  സന്ദേശങ്ങൾ എന്നിവയിൽ യഥാർത്ഥ സാമ്പത്തികസ്ഥിതി മറച്ചുവെക്കുകയും വരുമാനവും ലാഭവും പെരുപ്പിച്ചുകാട്ടുകയും ചെയ്തതിനെതിരെ ഓഹരിയുടമകളുടെ കേസ്; കെപിഎംജി 12.5 കോടി ഡോളർ അവർക്ക് നഷ്ടപരിഹാരം നൽകി. 

(മൂന്ന്) 1997-2005: ഓഫീസ് ഉപകരണ നിർമാതാക്കളായ സീറോക്സ് കോർപറേഷന്റെ വരുമാനവും ലാഭവും പെരുപ്പിച്ചുകാണിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) 2005ൽ കണ്ടെത്തി; കെപിഎംജി ഓഡിറ്റ് പ്രതിഫലമായി കൈപ്പറ്റിയ 0.98 കോടി ഡോളർ, അതിന്റെ പലിശ 0.27 കോടി ഡോളർ, പിഴ ഒരുകോടി ഡോളർ എന്നിവ ചേർത്ത് 2.25 കോടി എസ്ഇസിക്ക് ഒടുക്കി  ഒത്തുതീർപ്പാക്കി. 

(നാല്) 2013: ഈടുവായ്‌പ-നിക്ഷേപ സ്ഥാപനമായ ഫാനി മെയ് കമ്പനിയുടെ വരുമാനം 630 കോടി ഡോളർ അധികമായി സാക്ഷ്യപ്പെടുത്തി; കെപിഎംജി നിക്ഷേപകർക്ക് 13.5 കോടി ഡോളർ നഷ്ടപരിഹാരം നൽകി. 

(അഞ്ച്) 2015-2017: എണ്ണ-പ്രകൃതിവാതക കമ്പനിയായ മില്ലേഴ്‌സ് എനർജി റിസോഴ്‌സസ് അലാസ്‌കയിൽ പുതുതായി വാങ്ങിയ 2.25 കോടി ഡോളറിന്റെ ഖനനസൗകര്യം 4.8 കോടി എന്നു തെറ്റായി സാക്ഷ്യപ്പെടുത്തി; കെപിഎംജിക്ക് 0.62 കോടി ഡോളർ എസ്ഇസി പിഴയിട്ടു.   

“കണക്കപ്പിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും; കണക്കുനോക്കുമ്പോൾ   കരച്ചിലും പിഴിച്ചിലും” എന്ന് പഴമൊഴി. എന്നാൽ കെപിഎംജിയെ പോലുള്ള കോർപ്പറേറ്റ് കണക്കപ്പിള്ളമാർ ശക്തരാണ്. അവർക്കു കേരളമല്ലെങ്കിൽ   കർണാടകം. അതുമല്ലെങ്കിൽ കസാഖിസ്ഥാൻ. അവർ അവിടെ വറക്കലും പൊരിക്കലും തുടരും. കരച്ചിലും പിഴിച്ചിലും നമുക്ക് വിട്ടുതന്നുകൊണ്ട്. ഇത്തരം കമ്പനികളെ വികസനപങ്കാളികളാക്കുന്ന സർക്കാർനയം അങ്ങേയറ്റം അപകടകരമാണെന്നതിൽ ഒരു സംശയവും വേണ്ട.   

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)   

Leave a Reply