ട്രമ്പിനെ പുറത്താക്കാൻ നീക്കം ശക്തമായി; രാജിയില്ലെങ്കിൽ ഇമ്പീച്ച്മെന്റ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനു അധികാരത്തിൽ തുടരാൻ വെറും 12 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളുവെങ്കിലും അദ്ദേഹത്തെ ഉടൻ പുറത്താക്കാനുള്ള നീക്കങ്ങളുമായി ജനപ്രതിനിധിസഭയിലേയും സെനറ്റിലെയും പ്രമുഖ അംഗങ്ങൾ രംഗത്തിറങ്ങി.

തിങ്കളാഴ്ചയ്ക്കു മുമ്പ്  ട്രമ്പ് രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇമ്പീച്ചു ചെയ്യുന്നതിനുള്ള പ്രമേയം അന്നുതന്നെ സഭയിൽ അവതരിപ്പിക്കുമെന്നു ജനപ്രതിനിധിസഭയുടെ സ്പീക്കറും ഡെമോക്രറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസി അറിയിച്ചു. ജനുവരി അഞ്ചിനു  പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണി അംഗീകരിക്കുന്ന ഭരണഘടനാപരമായ ജോലി പൂർത്തിയാക്കാനായി കോൺഗ്രസ്സിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേരുന്ന വേളയിൽ വേദിയായ കാപിറ്റോൾ ഹില്ലിൽ ട്രമ്പ് അനുകൂലികൾ നടത്തിയ കടന്നാക്രമണത്തിന്റെ പേരിലാണ് ട്രംപിനെതിരെ നടപടിയെടുക്കാൻ സഭാംഗങ്ങൾ നീക്കം നടത്തുന്നത്. ആക്രമണകാരികളെ ട്രമ്പ് നേരിട്ടു പ്രോത്സാഹിപ്പിച്ചു എന്നു വിവിധ മാധ്യമങ്ങളും വാഷിംഗ്ടൺ ഡിസിയുടെ മേയറും ആരോപിക്കുകയുണ്ടായി. സഭയുടെ നേരെ നടന്ന ആക്രമണത്തിനു ട്രമ്പ് ഉത്തരവാദിയാണെന്നും അതു രാജ്യദ്രോഹ പ്രവർത്തനമാണെന്നും നിയുക്ത പ്രസിഡണ്ട് ജോ ബൈഡനും പ്രസ്താവിക്കുകയുണ്ടായി.

ട്രമ്പിനെതിരെ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നിരവധി അംഗങ്ങളും രംഗത്തു എത്തിയിട്ടുണ്ട്. മന്ത്രിസഭയിലെ ചില അംഗങ്ങളും പ്രധാന ഉദ്യോഗസ്ഥരും സംഭവങ്ങളിൽ പ്രതിഷേധിച്ചു രാജി സമർപ്പിച്ചു. എന്നാൽ താൻ രാജിവയ്ക്കാൻ ഒരുക്കമല്ല എന്നു ട്രമ്പ് അടുത്ത അനുയായികളെ അറിയിച്ചതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 20നു നടക്കുന്ന അധികാരകൈമാറ്റ ചടങ്ങിൽ താൻ പങ്കെടുക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും നിലവിലെ പ്രസിഡണ്ട് മാറിനിന്ന സംഭവം രണ്ടു നൂറ്റാണ്ടിനിടയിൽ മൂന്നു തവണ മാത്രമാണ് സംഭവിച്ചത്.  അതേസമയം, ട്രമ്പ്  പരിപാടിയിൽ  പങ്കെടുക്കുന്നില്ല എങ്കിൽ നന്നായി എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചത്.

ട്രമ്പിനെതിരെ  ഭരണഘടനയുടെ 25മത് ഭേദഗതി പ്രയോഗിച്ചു അദ്ദേഹത്തെ പുറത്താക്കാൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസും മന്ത്രിസഭയിലെ മറ്റു അംഗങ്ങളും തയ്യാറാകണം എന്നു വിവിധ നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡണ്ടിന് ആരോഗ്യപരമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ചുമതലകൾ നിർവഹിക്കാൻ സാധ്യമല്ല എന്നു ബോധ്യമാകുന്ന അവസ്ഥയിൽ അധികാരം വൈസ് പ്രസിഡണ്ട് ഏറ്ററെടുക്കുന്നതിനു അനുമതി നൽകുന്ന ഭരണഘടനാ ഭേദഗതിയാണിത്.

സ്ഥിതിഗതികൾ സങ്കീർണമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ട്രമ്പ് ഒരു ആണവയുദ്ധത്തിനു കോപ്പു കൂട്ടിയേക്കുമെന്ന ഭീതിയും ഉയർന്നിട്ടുണ്ട്. സ്പീക്കർ നാൻസി  പെലോസി ഇന്നലെ അതു സംബന്ധിച്ചു അമേരിക്കൻ സൈന്യങ്ങളുടെ സംയുക്ത കമ്മാണ്ടിന്റെ അധ്യക്ഷനുമായി സംസാരിച്ചതായി സേനാവൃത്തങ്ങൾ അറിയിച്ചു.  “മനസ്സിൻറെ നിലതെറ്റിയ” പ്രസിഡണ്ട് ട്രമ്പ് ആണവ ബട്ടൺ കൈകാര്യം ചെയ്യുന്നത് ഒരു കാരണവശാലും അ നുവദിക്കരുത് എന്നു സ്പീക്കർ സേനാതലവനോടു ആവശ്യപ്പെട്ടു.

Leave a Reply