പ്രകൃതിസൗഹൃദ ഇന്ധനത്തിലേക്കു മാറ്റം:ഗെയിൽ വാതകസ്റ്റേഷനുകൾ ഉയരുന്നു
കോഴിക്കോട്: അന്തരീക്ഷ താപനത്തിനും മലിനീകരണത്തിനും കാരണമാകുന്ന പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള നിർണായകമായ മാറ്റം പ്രഖ്യാപിച്ചുകൊണ്ടു കേരളത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ പ്രകൃതിവാതക ഇന്ധനവിതരണ കേന്ദ്രങ്ങൾ ഉയരുന്നു.
കൊച്ചിയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ഗെയിൽ വാതകക്കുഴലിൽ നിന്നുള്ള പ്രകൃതിവാതകം വാഹനങ്ങൾക്കും ഗാർഹിക-വ്യാവസായിക ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ധ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ വാഹനങ്ങൾക്കുള്ള ഇന്ധനവിതരണത്തിനായി നാലു അത്യാധുനിക സ്റ്റേഷനുകൾ വിതരണകമ്പനിയായ അദാനി കോർപറേഷൻ പൂർത്തിയാക്കി വരികയാണ്. നഗരത്തിൽ നടക്കാവ്, നഗരത്തിനു പുറത്തു ചേമഞ്ചേരി, ഉള്ളിയേരി, പറമ്പിൽ ബസാർ എന്നിവിടങ്ങളിൽ നിർമിക്കുന്ന വിതരണകേന്ദ്രങ്ങൾ അടുത്തമാസം തന്നെ പ്രവർത്തസജ്ജമാകുമെന്നു അധികൃതർ അറിയിച്ചു.
ഗ്രാമങ്ങളിലെ വീടുകളിൽപ്പോലും പ്രകൃതിവാതകം നേരിട്ടു എത്തിക്കാനായി വിവിധ പ്രദേശങ്ങളിൽ വിതരണപൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. അതു പൂർണമാകുന്നതോടെ അടുക്കളയിൽ ഗ്യാസിനു വേണ്ടി വീട്ടമ്മമാർ കാത്തിരിക്കേണ്ട ആവശ്യമില്ലാതാവും. ജലവിതരണം പോലെ വാതകവും പൈപ്പുവഴി അടുക്കളയിലെത്തും. കൊച്ചി മുതൽ കാസർഗോട് വരെ സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ പുതിയ വാതക വിതരണ സംവിധാനം അഭൂതപൂർവമായ മാറ്റമാണ് ജനജീവിതത്തിൽ കൊണ്ടുവരിക. ഇതു വികസനനേട്ടങ്ങൾ നേരിട്ടു വീടുകളിൽ എത്തിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്നു പൊതുവിൽ അംഗീകരിക്കപ്പെടുന്നുണ്ട്.
പാചകവാതക വിതരണ രംഗത്തു ഗാർഹിക ഉപഭോക്താക്കൾക്ക് നേരത്തേയുണ്ടായിരുന്ന പ്രയാസങ്ങൾ വിവരണാതീതമായിരുന്നു. അതിൽ നിന്നുള്ള പൂർണ വിമുക്തിയാണ് പുതിയ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. അതേപോലെ മലബാറിലെ വിവിധ ജില്ലകളിൽ കുടിവെള്ള വിതരണത്തിനുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ നേട്ടവും ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. നീണ്ടകാലം മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും ഉർജ്ജിതമാക്കിയത് അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിതരണ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി എൻ കെ പ്രേമചന്ദ്രനാണ്. ഇപ്പോൾ അതിന്റെ ഭാഗമായ വിതരണസംവിധാനം കോഴിക്കോട്ടു നഗരത്തിലും പരിസരങ്ങളിലും പൂർണമായും പ്രവർത്തനസജ്ജമായി. ഗാർഹിക ഉപഭോക്താക്കൾക്കു പുതിയ കുടിവെള്ളക്കുഴലുകൾ വഴി ജലവിതരണവും ആരംഭിച്ചിട്ടുണ്ട്.