പുതിയ അമേരിക്ക പഴയ അമേരിക്ക

സി ഗൗരീദാസൻ നായർ


(ജനശക്തിയുടെ നവംബർ അവസാന ലക്കത്തിൽ സി ഗൗരീദാസൻ നായർ എഴുതിയ ലേഖനം അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയാണ്. )

ഇപ്പോൾ വൈറ്റ് ഹൗസിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പത്തുവർഷങ്ങൾക്കപ്പുറം എങ്ങിനെയാണ് ലോകമോർക്കുക? ഈ ചോദ്യത്തെ ‘അസംബന്ധം’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അയാളെ എത്രയും വേഗം അമേരിക്കക്കാരും ലോകവും മറക്കുമെന്ന് വേണമെങ്കിൽ പറയാം. കാരണം അത്ര രൂക്ഷമായ സാമൂഹികവിഭജനമാണ് ട്രംപ് അമേരിക്കൻ ജനതയ്ക്കിടയിലും ലോകസമൂഹത്തിലും കൊണ്ടുവന്നിട്ടുള്ളത്. ഏതാണ്ടെപ്പോഴും ഒരു കവലച്ചട്ടമ്പിയെപ്പോലെ പെരുമാറിവന്ന ട്രംപ്  രാഷ്ട്രത്തലവനെന്ന നിർവചനത്തെ എപ്പോഴും അട്ടിമറിക്കുന്ന ഒരാളായിരുന്നു. 
താൻ വിഭജിച്ച അമേരിക്കയുടെ ഏതാണ്ട് പകുതി തെരഞ്ഞെടുപ്പിൽ ട്രംപിനൊപ്പം നിന്നു, വോട്ടർമാരുടെ ഭൂരിപക്ഷം വരുന്ന മറ്റേ പാതി മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയുമായ ജോ ബൈഡനൊപ്പവും. അവർ തമ്മിലുള്ള പോരാട്ടത്തിൽ ബൈഡൻ ജയിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങളും ലോകവും നമ്മളും പറയുന്നു, ട്രംപ് മാത്രം അത് സമ്മതിക്കുന്നില്ല. ട്രംപ് സമ്മതിക്കാത്തത് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയും സമ്മതിക്കുന്നില്ല. അങ്ങിനെ ഒരു കാലത്തെ ‘ലോകപൊലീസുകാരൻ’ ലോകത്തിന്റെ മുന്നിലൊരു കോമാളിയായി നിൽക്കുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. അതും ട്രംപിന്റെ സംഭാവന തന്നെ. അപ്പോൾ എങ്ങനെ പത്തു വർഷം കഴിയുമ്പോൾ ട്രംപിനെ നാം ഓർക്കാതിരിക്കും?
ട്രംപിന്റെ (നാം കാണുന്ന) തോൽവിയുടെ അർത്ഥം അമേരിക്കൻ ഭരണകൂടം കഴിഞ്ഞ നാലുവർഷങ്ങളായി സഞ്ചരിച്ചിരുന്ന വഴിയിൽ നിന്ന് മാറി സഞ്ചരിക്കാൻ ഒരുമ്പെടുന്നുവെന്നാണ് ആ രാജ്യം തയ്യാറെടുക്കുന്നുവെന്നതാണ്. ട്രംപ് പിന്തുടർന്നുവന്ന ആഭ്യന്തര-വിദേശനയസമീപനങ്ങളിൽ നിന്നുള്ള വഴിമാറ്റത്തിന്റെ തുടക്കം മാത്രമാവില്ല അത്. അങ്ങിനെയെങ്കിൽ അത് വെറുമൊരു ഭരണമാറ്റം മാത്രമേ ആവുകയുള്ളൂ. അതിനുമപ്പുറം കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കൻ ഐക്യനാടുകളിൽ വീശിയടിച്ച ജനകീയ പ്രതിഷേധാഗ്നിയിൽ ഊതിക്കാച്ചിയെടുത്ത ഒരു ഭാവിയിലേക്കാവും അമേരിക്കക്ക് സഞ്ചരിക്കേണ്ടി വരുക. അതിനുള്ള ചേരുവകളെല്ലാം തന്നെ ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അമേരിക്കൻ കോൺഗ്രസിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലുമുണ്ട്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്തിന് ആദ്യം തീപിടിപ്പിച്ചത് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാന നോമിനേഷന് വേണ്ടി രംഗത്തിറങ്ങിയ വെർമോണ്ട് സംസ്ഥാനത്ത് നിന്നുള്ള സെനറ്റർ ബേണി സാൻഡേഴ്‌സാണ്. രാജ്യത്തെ തൊഴിലാളിവർഗത്തിന് വേണ്ടിയും തൊഴിൽരഹിതർക്ക് വേണ്ടിയും ശബ്ദമുയർത്തി രംഗത്ത് വന്ന സാൻഡേഴ്‌സിനെ ഡെമോക്രാറ്റിക്ക് പാർട്ടിയിലെ ‘എസ്റ്റാബ്ലിഷ്‌മെന്റ്’ ഒതുക്കുകയായിരുന്നു. ട്രംപിനെ പരാജയപ്പെടുത്തണമെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരുടേതടക്കം വോട്ടുകൾ വേണമെന്നും അവർക്കെതിരെ നിരന്തരം സംസാരിക്കുന്ന സാൻഡേഴ്‌സിന് അതിന് കഴിയില്ലെന്നുമായിരുന്നു ഡെമോക്രാറ്റിക്ക് നേതൃത്വത്തിന്റെ വാദം. ഒരു ഘട്ടത്തിൽ അവർ ബ്ലൂംബെർഗ് എന്ന വാർത്താശ്രുംഖലയുടെ ഉടമ കൂടെയായ ശതകോടീശ്വരൻ മൈക്കേൽ ബ്ലൂംബെർഗിനെ രംഗത്തിറക്കാനാലോചിച്ചു. ആ ചിന്ത ഉപേക്ഷിച്ചാണ് ഒടുവിൽ ജോ ബൈഡനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. 
ഇരുപത്തിയൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി 1975ൽ കോൺഗ്രസിലെത്തിയ ബൈഡൻ രാഷ്ട്രീയചേരികളുടെ ഇരുവശത്തും ദൃഢസുഹൃദ്ബന്ധങ്ങളുള്ള ആളാണ്. ട്രംപിന് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്ത റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രബലരടക്കമുള്ളവർക്ക് സ്വീകാര്യൻ. ബൈഡനെ രംഗത്ത് കൊണ്ടുവരുമ്പോൾ ഡെമോക്രാറ്റിക്ക് പാർട്ടി ലക്‌ഷ്യം വച്ചത് ഒരു കാര്യമാണ്: ട്രംപ് അട്ടിമറിച്ച വാഷിംഗ്‌ടൺ ഭരണ സ്റ്റാറ്റസ് ക്വോ മടക്കിക്കൊണ്ടുവരുക. ട്രംപിന്റെ സ്മരണ ഏറ്റവും വേഗം ഭരണരംഗത്ത് നിന്ന് തേയ്ച്ച് മായ്ച്ച് കളയണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നു. അവർക്ക് വേണ്ടത് 2016ന് മുൻപുള്ള അമേരിക്കൻ ഭരണക്രമത്തിലേക്കുള്ള മടക്കമാണ്. ബൈഡന്റെ വിജയത്തോടെ അത് (ഭാഗികമായി) സാധിച്ചിരിക്കുന്നു. അതിന്റെ അർത്ഥം വാഷിങ്ങ്ടണിൽ ഇനിയെല്ലാം പഴയതുപോലെയായിരിക്കുമെന്നാണ്–അമേരിക്കൻ പ്രോജക്ടിന് ഒരു തരത്തിലും കോട്ടം തട്ടാത്ത ഭരണം, അതിന് മൂക്കുകയറിടാനുള്ള ശക്തിയുടെ സെനറ്റിൽ റിപ്പബ്ളിക്കൻ പ്രതിപക്ഷം.
പക്ഷെ, ഇതിനെല്ലാമിടയിലാണ് അവർ ഒരുപക്ഷെ പ്രതീക്ഷിക്കാതിരുന്ന ഒരു കാര്യം സംഭവിച്ചത്: ജോർജ് ഫ്ളോയ്ഡിന്റെ ദാരുണ മരണവും അതുയർത്തിവിട്ട പ്രതിഷേക്കൊടുങ്കാറ്റും. ഒന്ന് മറ്റൊന്നിലേക്ക് നീങ്ങിയപ്പോൾ 2018ലെ സെനറ്റ് തെരഞ്ഞെടുപ്പുകൾ മുതൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് വന്ന ഒരുപറ്റം പുത്തൻകൂറ്റുകാർ ഡെമോക്രാറ്റിക്ക് നേതൃത്വത്തിന്റെ അജണ്ടകൾ അട്ടിമറിച്ചുകൊണ്ട് പെൺകരുത്തിന്റെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. അലക്സാണ്ട്ര ഒകെഷ്യോ കോർട്ടസ് (ന്യൂയോർക്ക്), ഇൽഹാൻ ഒമർ (മിനിസോട്ട), അയന്ന പ്രെസ്‌ലി (മാസച്ചുസെറ്റ്സ്), റഷീദ തലൈബ് എന്നിങ്ങനെ ‘ദ് സ്‌ക്വാഡ്’ എന്ന പേരിൽ അറിയപ്പെടുന്ന നാൽവർസംഘം ഈ പുതിയ പ്രസ്ഥാനത്തിന്റെ മുൻനിരപ്പോരാളികളായി. അവരുടെ കോൺഗ്രസിലും പുറത്തുമുള്ള ഇടപെടലുകൾ എസ്റ്റാബ്ലിഷ്‌മെന്റ് വക്താക്കളുടെ ഉറക്കം കെടുത്തുന്നവയായിരുന്നു. അങ്ങിനെ വംശീയതയുടെയും ലിംഗവൈവിദ്ധ്യത്തിന്റെയുമൊക്കെ വാദമുഖങ്ങൾ ഉയർന്നപ്പോഴാണ് കമല ഹാരിസ് എന്ന ജമൈക്കൻ-ഇന്ത്യൻ വംശീയ പാരമ്പര്യമുള്ള മുൻ അറ്റോണിയും സെനറ്ററും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബൈഡൻ തെരഞ്ഞെടുക്കുന്നത്. ശേഷം ചരിത്രം.
അമേരിക്കൻ രാഷ്ട്രീയത്തിന് ആഭ്യന്തരരംഗത്തെങ്കിലും ഇനി പഴയതിലേക്ക് മടങ്ങിപ്പോകാനാകുമെന്ന് തോന്നുന്നില്ല–വിദേശരംഗത്ത് അമേരിക്ക പഴയ അമേരിക്കയായേക്കാമെങ്കിലും. കാരണം അവിടെ പുതിയ രാഷ്ട്രീയശക്തികൾ ഉദയം ചെയ്തു കഴിഞ്ഞു. അവർ മുന്നോട്ട് വയ്ക്കുന്ന അജണ്ട ബരാക്ക് ഒബാമ മുന്നോട്ട് വച്ച പല പുരോഗമനപരമായ ആശയങ്ങളെയും തള്ളിക്കളഞ്ഞത് പോലെ തള്ളിക്കളയാനാവില്ല. അമേരിക്കൻ ജനപദങ്ങളിൽ കൂടുതൽ വൈവിധ്യവും ജനസംഖ്യയിൽ പുതുതലമുറയ്ക്ക് സമീപവർഷങ്ങളിൽ ലഭിക്കാനിരിക്കുന്ന മേൽക്കൈയുമെല്ലാം ഈ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനാണിട. അത് തീർച്ചയായും പഴയ ചില സംഘർഷങ്ങൾ മടക്കിക്കൊണ്ടുവരും. അതിൽ മുഖ്യം ട്രംപ് ഏതാണ്ട് മറയില്ലാതെ പിന്തുണ നൽകിയ വെളുത്തവരുടെ മേൽക്കോയ്മാ സങ്കല്പവുമായുള്ള സംഘർഷമാകും. തോക്കുകൾ ഇഷ്ടം പോലെ ലഭ്യമായ അമേരിക്കയിൽ അതെന്തൊക്കെ കെടുതികളാവും സൃഷ്ടിക്കുക എന്നത് കണ്ടറിയണം. 
ആഭ്യന്തരരംഗത്ത് ട്രംപ് വെല്ലുവിളികൾ നേരിട്ടെങ്കിലും വിദേശരംഗത്ത്–പ്രത്യേകിച്ച് വ്യാപാരബന്ധങ്ങളുടെ കാര്യത്തിൽ–ട്രംപ് സ്വീകരിച്ച നടപടികൾ അമേരിക്കക്കാർക്ക് പൊതുവിൽ സ്വീകാര്യമായിരുന്നു എന്നുകൂടെ ഓർക്കണം. കുടിയേറ്റത്തിൽ ട്രംപ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടേക്കാം, എന്നാൽ തീരുവകൾ ഉയർത്തിയും മറ്റും ട്രംപ് ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ പണം യുഎസ് ഖജനാവിലും കർഷകരുടെ കൈകളിലും എത്തിക്കാൻ നടത്തിയ ശ്രമം അതേരൂപത്തിലല്ലെങ്കിലും തുടരാനാണിട. അല്ലെങ്കിൽ പുതിയ ഭരണം ആഭ്യന്തരരംഗത്ത് വലിയ വെല്ലുവിളികൾ നേരിടും–പ്രത്യേകിച്ച് രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന വെളുത്തവർഗ്ഗക്കാരുടെ ഇടയിൽ നിന്ന്. കോവിഡ് തകർത്ത സമ്പദ്ഘടന പുനഃസംഘടിപ്പിക്കുക ബൈഡന് എളുപ്പമാകില്ല. അതിന് സാധ്യമാകണമെങ്കിൽ ബൈഡൻ ഭരണം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും–വിദേശരംഗത്തായാലും ആഭ്യന്തരരംഗത്തായാലും. അതിധനികരിൽ നിന്ന് അധികനികുതി പിരിക്കാതെ അത് നടക്കില്ല. അപ്പോൾ അത് പുതിയ സംഘർഷത്തിന് വഴി തുറക്കും.
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇപ്പോഴേ ലക്‌ഷ്യം വയ്ക്കുന്ന ട്രംപ് തന്റെ സാദൃശ്യത്തിൽ പൊളിച്ചു പണിത റിപ്പബ്ലിക്കൻ പാർട്ടിയെ ആക്രമണോൽസുകരായ ഒരു രാഷ്ട്രീയസേനയാക്കി മാറ്റിയിട്ടുണ്ട്. അവർ തീവ്രദേശീയതയുടെയും വർണധാവിത്തത്തിന്റെയും വക്താക്കളാണ്.  ഓരോ തിരിവിലും ചാടി വീഴാൻ തക്കം പാർത്ത് പതുങ്ങി നിൽപ്പുണ്ടാവും. ജോർജ് ഡബ്ലിയു ബുഷ് ആക്രമണമഴിച്ചുവിട്ടത്ത് ഇറാക്ക് എന്ന വിദേശരാജ്യത്തിനും അവിടുത്തെ ജനതയ്ക്കുമെതിരെയാണ്. ട്രംപ് എപ്പോഴും നോക്കിയത് അമേരിക്കയിലേക്ക് മാത്രമാണ്. ട്രംപിന്റെ യുദ്ധം ഒരർത്ഥത്തിൽ തന്റെ പാർട്ടിയിലേതടക്കം എസ്റ്റാബ്ലിഷ്‌മെന്റിനെതിരെയായിരുന്നു. ആ താരപരിവേഷമാണ് ട്രംപിന് വലിയ തോതിൽ ആരാധകരെ നൽകിയതും ഇത്രയേറെ വോട്ടുകൾ നേടിക്കൊടുത്തതും. സൗമ്യഭാഷിയായ ബൈഡൻ ട്രംപിന്റെ നേർ വിപരീതധ്രുവത്തിൽ നിൽക്കുന്ന നേതാവാണ്. അമേരിക്കയോടും ലോകത്തോടും ബൈഡൻ സംസാരിക്കുക ഏത് ഭാഷയിലാകുമെന്നത് ശ്രദ്ധേയമാകുന്നത് അദ്ദേഹം കയറി നില്ക്കാനൊരുമ്പെടുന്നത് ട്രംപ് ഒഴിയുന്ന ശബ്ദഘോഷങ്ങൾ നിറഞ്ഞുനിന്ന വേദിയിലാണ് എന്നത് കൊണ്ടുകൂടിയാണ്.

Leave a Reply