അമേരിക്കന്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ നിയന്ത്രണം കയ്യടക്കുന്നു

വാഷിംഗ്ടൺ:  അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായി നിലനിന്ന തെക്കൻ സംസ്ഥാനങ്ങളിലൊന്നായ ജോർജിയയിൽ നടന്ന സെനറ്റ് ഉപതിരഞ്ഞെടുപ്പിൽ രണ്ടുസീറ്റിലും നിലവിലെ സെനറ്റർമാരായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥികൾ  വിജയത്തിലേക്ക്.

കടുത്ത മത്സരമാണ് ജോർജിയയിൽ നടന്നത്. ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന വോട്ടെണ്ണലിന്റെ അന്ത്യത്തിൽ ആദ്യമത്സരത്തിൽ റിപ്പബ്ലിക്കൻ സെനറ്റർ കെല്ലി ലോഫ്‌ളേറെ ഡെമോക്രാറ്റിക്‌  കക്ഷിയുടെ സ്ഥാനാർത്ഥിയും കറുത്ത വർഗക്കാരനുമായ റവ. റാഫേൽ വെർനോക്ക്  തോല്പിച്ചതായി പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 50.6 ശതമാനം റവ. വെർനോക്ക് നേടിയതായി സിഎൻഎൻ ചാനലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. 

ജോർജിയയിലെ രണ്ടാമത്തെ സെനറ്റ് സീറ്റും ഡെമോക്രാറ്റിക്‌ പാർട്ടി തന്നെ വിജയിക്കുമെന്നാണ് മാധ്യമങ്ങൾ പറയുന്നത്.  ഈ സീറ്റിൽ നിലവിലെ സെനറ്റ് അംഗം ഡേവിഡ് പർഡ്യു (റിപ്പബ്ലിക്കൻ) വിനെതിരെ മത്സരിക്കുന്ന ജോൺ ഒസോഫ് 13,000 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്.മൊത്തം വോട്ടുകളിൽ  50.19  ശതമാനം അദ്ദേഹം നേടിയതായാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. 

ഈ രണ്ടു സീറ്റും വിജയിക്കുന്നതോടെ 100അംഗ സെനറ്റിൽ  ഡെമോക്രാറ്റിക്‌ പാർട്ടി 51 അംഗങ്ങളുമായി ഭൂരിപക്ഷം നേടും. അതോടെ പ്രസിഡണ്ട് സ്ഥാനവും കോൺഗ്രസ്സിന്റെ രണ്ടു സഭകളുടെയും നിയന്ത്രണവും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും പുതിയ പ്രസിഡണ്ട്  ജോ ബൈഡന്റെ പാർട്ടിയായ ഡെമോക്രറ്റുകൾ പിടിച്ചെടുക്കും.

Leave a Reply