ഖത്തറിനെതിരായ ഉപരോധം നീക്കി;തോറ്റത് സൗദിയും സഖ്യ രാജ്യങ്ങളും

ദോഹ: മൂന്നുവർഷമായി ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയ കര -നാവിക -വ്യോമ ഉപരോധം ഏകപക്ഷീയമായി പിൻവലിച്ചതു ഗൾഫ്‌ മേഖലയിൽ ഖത്തറിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെയും  സൈനിക -സാമ്പത്തിക ശക്തിയുടെയും തെളിവ്.

സൗദി അറേബ്യയിലെ അൽ ഉല നഗരത്തിൽ ചൊവ്വാഴ്ച നടന്ന ഗൾഫ് സഹകരണ സംഘം ഉച്ചകോടിയിലാണ് സൗദിയും  സഖ്യരാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ ,കുവൈറ്റ്, ഈജിപ്ത് എന്നിവയും ഖത്തറുമായി സഹകരണ -സൗഹൃദ കരാറിൽ ഒപ്പുവെച്ചത്. അതോടെ 2017ൽ ഈ രാജ്യങ്ങൾ ഖത്തറിനെതിരെ ആരംഭിച്ച ഉപരോധം പൂർണമായും പിൻവലിക്കപ്പെട്ടു. ഖത്തറും അയൽരാജ്യങ്ങളുമായുള്ള  വ്യാപാര-യാത്രാ ബന്ധങ്ങൾക്ക്‌ ഉണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞു.

ഉപരോധം  അതിന്റെ ആദ്യവർഷത്തിൽ ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും കടുത്ത പ്രയാസങ്ങൾ സൃഷ്ടിച്ചെങ്കിലും അതിനെ മറികടക്കുന്നതിൽ രാജ്യം വിജയിച്ചു. ഉപരോധം ഖത്തറിനെക്കാൾ കൂടുതൽ  വിനയായിരിക്കുന്നതു തങ്ങൾക്കു തന്നെയാണെന്ന തിരിച്ചറിവോടെ ഐക്യം പുനഃസ്ഥാപിക്കാൻ മുൻകയ്യെടുത്തത് അയൽരാജ്യമായ  കുവൈത്തിലെ ഭരണാധികാരികളായിരുന്നു. ഖത്തറിൽ വലിയ ഒരു സൈനിക താവളവും മറ്റു തന്ത്രപ്രധാനമായ സ്ഥാപനങ്ങളുമുള്ള അമേരിക്കയും ഉപരോധത്തിൽ നിന്ന് പിൻവാങ്ങാൻ സൗദിയേയും സഖ്യരാജ്യങ്ങളെയും നിർബന്ധിച്ചിരുന്നു .

സൗദിയും മേഖലയിലെ മറ്റു സുന്നിരാജ്യങ്ങളും പിന്തുടരുന്ന ഇറാൻ വിരുദ്ധ നയം ഖത്തർ അംഗീകരിച്ചരുന്നില്ല. ശിയാ രാജ്യമായ ഇറാനെതിരെ അമേരിക്കൻ സ ഖ്യത്തിലെ പ്രമുഖ രാജ്യങ്ങളാണ് സൗദിയും യുഎഇ തുടങ്ങിയ മറ്റു രാജ്യങ്ങളും. ഗൾഫ് മേഖലയിലും മറ്റു  പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഖത്തർ പിന്തുണ നൽകുന്നതായും ഉപരോധത്തിനു കാരണമായി സൗദി അറേബ്യ പറഞ്ഞിരുന്നു.എന്നാൽ തങ്ങൾ എല്ലാ രാജ്യങ്ങളുമായും  സൗഹൃദം നിലനിർത്താനും ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കാനും ലക്‌ഷ്യം വെച്ചുള്ള സ്വതന്ത്രമായ ഒരു വിദേശനയമാണ് പിന്തുടരുന്നത് എന്നു ഖത്തർ വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നത്തിലും ഇറാൻ, തുർക്കി അടക്കമുള്ള രാജ്യങ്ങളുമായി സൗദിയുടെ തർക്കങ്ങളിലും തൊട്ട അയൽരാജ്യമായ സൗദിയുടെ നിലപാടുകളെ ഖത്തർ തള്ളിയിരുന്നു. അതാണ് ഖത്തറിനെ ഒരു പാഠം പഠിപ്പിക്കും എന്ന ലക്ഷ്യത്തോടെ പുതിയ ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ഉപരോധ നടപടികളിലേക്ക് സൗദി നീങ്ങാൻ കാരണമായത്. 

ഉപരോധം ഈ രാജ്യങ്ങളിലെ പൗരന്മാരെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരുന്നു. സുന്നി  മേധാവിത്വമുള്ള ഈ രാജ്യങ്ങളിലെ പൗരൻമാർ സ്ഥിരമായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയും കുടുംബ -വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.തലമുറകളായി നിലനിൽക്കുന്ന ഇത്തരം ബന്ധങ്ങൾ ഉപരോധം കാരണം താറുമാറായി . ഖത്തറിലെ പല കുടുംബങ്ങൾക്കും സൗദിയിലും മറ്റു രാജ്യങ്ങളിലുമുള്ള തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. അതിനാൽ സൗദിയുടെ നടപടി കാരണം ഉണ്ടായ  മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും എന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.  

Leave a Reply